ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് സുഹൃത്തുക്കൾ തങ്ങളുടെ എസ്‌യുവികൾ പരസ്പരം ഇടിപ്പിച്ച് തകർക്കുന്നതിന്റെ വീഡിയോ വൈറലായി. തർക്കത്തെ തുടർന്നുണ്ടായ ഈ റോഡ് കലിപ്പ് സംഭവം പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും, പൊതുജനങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത ഈ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ധൻവാപൂരിൽ രണ്ട് യുവാക്കൾ തങ്ങളുടെ എസ്‌യുവികൾ (SUV) പരസ്പരം ഇടിപ്പിച്ചു തകർക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പകൽ വെളിച്ചത്തിൽ നടന്ന ഈ അക്രമാസക്തമായ 'റോഡ് കലിപ്പി'ന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുൻപരിചയമുള്ള രണ്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
സുഹൃത്തുക്കളുടെ കലിപ്പ്
റോഡിൽ രണ്ട് മഹീന്ദ്ര സ്കോർപ്പിയോ കാറുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ അതിവേഗത്തിൽ പിന്നോട്ടും മുന്നോട്ടും എടുത്ത് പലതവണ ആഞ്ഞടിച്ചു. ഒരു ഘട്ടത്തിൽ ഒരാൾ വാഹനത്തിൽ നിന്നിറങ്ങി കല്ലുമായി മറ്റേയാളെ പിന്തുടരുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതിനെത്തുടർന്ന് പോലീസ് ഇടപെടുകയും രണ്ട് യുവാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. പ്രാദേശിക വാർഡ് കൗൺസിലർ ദിനേഷ് ദഹിയ ഇവർ സുഹൃത്തുക്കളാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഇരുവിഭാഗവും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായില്ല. ഒടുവിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രേഖാമൂലം ഒത്തുതീർപ്പ് കരാർ ഒപ്പിടുകയും ഇരുവരും പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തതോടെ കേസ് രജിസ്റ്റർ ചെയ്യാതെ അധികൃതർ വിട്ടയച്ചു.
നടപടി ആവശ്യപ്പെട്ട് നെറ്റിസെന്‍സ്
സംഭവം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതിനെ പലരും വിമർശിച്ചു. "ഈഗോ കാരണമാണ് ഇവർ സ്വന്തം വാഹനങ്ങൾ തകർത്തത്," എന്ന് ഒരാൾ പരിഹസിച്ചപ്പോൾ, "പെട്ടെന്ന് പണക്കാരായവർക്ക് വിവേകമില്ലാതെ പെരുമാറുന്ന രീതിയാണ് ഇവിടെയുള്ളത്," എന്ന് മറ്റൊരു ഉപയോക്താവ് രൂക്ഷമായി കുറിച്ചു. ഗുരുഗ്രാം ട്രാഫിക് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് പലരും ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


