തായ്‍ലൻഡിൽ പ്ലായ് ബിയാങ് ലെക് എന്ന പ്രശസ്തനായ കാട്ടാന വിശന്നപ്പോൾ ഒരു കൺവീനിയൻസ് സ്റ്റോറിലേക്ക് കയറിച്ചെന്നു. കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ ഭക്ഷണം തിരഞ്ഞ ശേഷം ആന തിരികെ പോയെങ്കിലും, ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി വലിയ ചർച്ചകൾക്ക് വഴിവച്ചു.

വിശന്നാൽ നമ്മളെന്ത് ചെയ്യും ? ഒന്നെങ്കിൽ വീട്ടിൽ ചെന്ന് അവിടെ എന്താണ് ഉള്ളതെന്ന് വച്ചാൽ അത് കഴിക്കും. അതല്ലെങ്കിൽ വല്ല ഹോട്ടലിലോ പോയി കഴിക്കും. എന്നാൽ ഒരു കാട്ടാന വിശന്നാലെന്ത് ചെയ്യും? കാട്ടിൽ കയറി ഭക്ഷണം കഴിക്കും എന്നാണ് നിങ്ങളുടെ ഉത്തമെങ്കിൽ തെറ്റി. സൂപ്പർ മാർക്കറ്റിൽ കയറി ഭക്ഷണം അന്വേഷിക്കുന്ന കാട്ടാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളെ വീണ്ടും കീഴടക്കിയിരിക്കുകയാണ്. അങ്ങ് തായ്‍ലന്‍റിലാണ് സംഭവം.

പതിവ് സന്ദർശകനെ പോലെ

നമ്മുടെ അരിക്കൊമ്പനെ പോലെ തായ്‍ലൻഡിൽ പ്രശസ്തനാണ് പ്ലായ് ബിയാങ് ലെക് എന്ന കാട്ടാന. ചില്ലറ പ്രശ്നക്കാരനാണ് ആൾ. അവന് വിശന്നപ്പോൾ നേരെ കയറി ചെന്നത് ഒരു കൺവീനിയൻസ് സ്റ്റോറിലേക്ക്. അകത്ത് കയറിയപ്പോൾ അവന്‍ മുതുക് കടയുടെ സീലിങ്ങിൽ മുട്ടി. എങ്കിലും ഒരു പതിവ് സന്ദർശകനെ പോലെ പതിയ നടന്ന് അവൻ കൂടുതൽ ഉള്ളിലേക്ക് കയറുകയും തനിക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. പിന്നെ പതിയെ പുറത്തേക്ക് ഇറങ്ങി തന്‍റെ പാട്ടിന് പോയി. കൂറ്റൻ കാട്ടാന കയറിയാലെന്ത് സംഭവിക്കും. 

Scroll to load tweet…

ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. വെറും 25 ഡോളറിന്‍റെ (ഏതാണ്ട് 2,300 രൂപ) നാശനഷ്ടം മാത്രമാണ് പ്ലായ് ബിയാങ് ലെക് ആ കടയ്ക്ക് വരുത്തി വച്ചത്. സംഗതി എന്താണെങ്കിലും പ്ലായ് ബിയാങ് ലെക് ഭക്ഷണം അന്വേഷിച്ച് കടയിൽ കയറി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ മനുഷ്യ - വന്യജീവി അക്രമണങ്ങളെ കുറിച്ചും ലോകത്ത് ചൂട് കുടുന്നതോടെ വന്യജീവികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ച തന്നെ നടന്നു.

ചിരിപ്പൂരമായി കുറിപ്പുകളും

യഥാർത്ഥത്തിൽ ഈ സംഭവം 2025 ജൂണിലേതാണ്. കഴിഞ്ഞ ദിവസം സംഭവത്തിന്‍റെ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും പിന്നാലെ വീണ്ടും വൈറലാവുകയുമായിരുന്നു. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയുടെ താഴെ തമാശക്കുറിപ്പുകളുമായെത്തി. പുറത്തിറങ്ങുമ്പോൾ കൂടുതൽ സാധനങ്ങൾ വാരിയെടുക്കാമായിരുന്നു എന്നായിരുന്നു ഒരു കുറിപ്പ്. ഇൻഷുറന്‍സ് പോളിസിയിൽ "ജംബോ ആക്‌സിഡന്റ് ക്ലോസ്" എന്ന ഓപ്ഷനുണ്ടോയെന്നായിരുന്നു ചിലരുടെ അന്വേഷണം. അത് പ്ലായ് ബിയാങ് ലെക് ആണെന്ന് ചിലർ തിരിച്ചറിഞ്ഞു. ആനയ്ക്ക് എവിടെ എന്തൊക്കെ ഇരിക്കുന്നെന്ന് കൃത്യമായി അറിയാമെന്ന് ചിലർ എഴുതി. ആന പ്ലാസ്റ്റിക് കഴിക്കുന്നതിനെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ ആശങ്ക.