ജയ്പൂരിൽ വാഹനങ്ങൾ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ, ഒരു യുവതി യുവാവിന്‍റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് തകർത്തു. പോലീസ് നോക്കിനിൽക്കെ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിവെച്ചു, എങ്കിലും പിന്നീട് ഇരുവരും പരാതിയില്ലാതെ പ്രശ്നം പരിഹരിച്ചു.
രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് വാഹനങ്ങൾ തമ്മിൽ നേരിയ രീതിയിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. സ്കൂട്ടർ യാത്രക്കാരിയായ യുവതിയും ബൈക്ക് യാത്രക്കാരനായ യുവാവും തമ്മിലുണ്ടായ നാടകീയ രംഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊതുസ്ഥലത്തെ പെരുമാറ്റത്തെയും നിയമപാലകരുടെ നിസ്സംഗതയെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ബുള്ളറ്റ് തകർത്ത് യുവതി
ജയ്പൂർ സൗത്തിലെ സോഡാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരക്കേറിയ റോഡിലായിരുന്നു സംഭവം. വാഹനങ്ങൾ തമ്മിൽ നേരിയ രീതിയിൽ തട്ടിയതിന് പിന്നാലെ പ്രകോപിതയായ യുവതി യുവാവിന്‍റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം തന്‍റെ ഹെൽമറ്റ് ഉപയോഗിച്ച് ബൈക്കിന്‍റെ പിൻഭാഗം തകർക്കാൻ ശ്രമിച്ച യുവതി, പിന്നീട് ബൈക്കിന്‍റെ മിററുകൾ തല്ലിത്തകർത്തു. തുടർന്ന് റോഡരികിൽ നിന്നും വലിയൊരു ഇഷ്ടിക പൊക്കിക്കൊണ്ട് വന്ന് ബൈക്കിൽ പലതവണ ഇടിക്കുകയും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
കലിപ്പ് ഡാ
യുവതി പ്രകോപിതയായി ബൈക്ക് തകർക്കുമ്പോഴും യുവാവ് ശാന്തനായി ഈ ദൃശ്യങ്ങൾ തന്‍റെ മൊബൈൽ പകർത്തുകയായിരുന്നു. അപകടത്തിൽ യുവതിയുടെ സ്കൂട്ടറിന് ഏകദേശം 1,700 രൂപയുടെ കേടുപാടുകൾ പറ്റിയിട്ടുണ്ടാകാമെന്നും എന്നാൽ, അവർ ഇപ്പോൾ വരുത്തിവെക്കുന്ന നഷ്ടം അതിനേക്കാൾ വലുതാണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. "നിങ്ങളുടെ 1,700 രൂപയുടെ നഷ്ടത്തിന് തുല്യമായത് ഇപ്പോൾ തന്നെ സംഭവിച്ചു കഴിഞ്ഞു, ഇനി ബൈക്കിനെ വെറുതെ വിടൂ" എന്ന് യുവാവ് പറഞ്ഞെങ്കിലും, "ഇല്ല, ഞാൻ എന്തിനാണ് വെറുതെ വിടുന്നത്?" എന്ന് ആക്രോശിച്ച് കൊണ്ട് യുവതി ബുള്ളക്ക് തകർക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
കാഴ്ചക്കാരായ പോലീസ്
സംഭവ സമയത്ത് പോലീസുകാരും നിരവധി നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തന്നെ യുവതിയെ തടയാൻ ശ്രമിച്ചില്ലെന്നത് വലിയ വിമർശനത്തിന് ഇടയാക്കി. താൻ കേസ് നൽകുമെന്ന് യുവാവ് പറഞ്ഞപ്പോൾ, "നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല" എന്നായിരുന്നു യുവതിയുടെ വെല്ലുവിളി നിറഞ്ഞ മറുപടി. സമൂഹ മാധ്യമത്തിൽ വീഡിയോ വൈറലായതോടെ യുവതിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു. നിയമം കൈയ്യിലെടുക്കുന്ന ഇത്തരം പ്രവണതകൾ അപകടകരമാണെന്നും പോലീസുകാർ കാഴ്ചക്കാരായി നിന്നത് ശരിയായില്ലെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു. സംഭവം വിവാദമായതോടെ ജയ്പൂർ പോലീസ് രംഗത്തെത്തി. ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നും ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും ജയ്പൂർ സൗത്ത് ഡിസിപി അറിയിച്ചു. നിലവിൽ ഈ വിഷയത്തിൽ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.


