പൂത്തിരി കത്തിച്ച തോക്കുമായി അരയന്ന രൂപത്തിലുള്ള വേദിയിലൂടെ എത്തുന്ന വധൂവരന്മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 'മഹാഭാരതി'ന്‍റെ പശ്ചാത്തല സംഗീതത്തോടെയുള്ള ഈ ആഡംബരപൂർണ്ണമായ എന്‍ട്രിയ്ക്ക് രൂക്ഷവും രസകരവുമായ പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ ഇന്ന് പലപ്പോഴും ഒരു സ്റ്റേജ് ഷോയെ അനുകരിക്കുന്നു. മറ്റ് വിവാഹങ്ങളിൽ നിന്നും സ്വന്തം വിവാഹം എങ്ങനെ ആർഭാടവും വ്യത്യസ്തവുമാക്കാമെന്നാണ് ഒരോരുത്തരും അന്വേഷിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലും വൈറലാണ്. പഴയ ഹിന്ദി ടിവി സീരിയലായ 'മഹാഭാരതി'ന്‍റെ പശ്ചാത്തല സംഗീതത്തോടെ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പൂത്തിരി കത്തിച്ച തോക്കുമായി വിവാഹ വേദിയിലേക്ക് എത്തുന്ന വധൂവരന്മാരുടെ വീഡിയോയായിരുന്നു അത്.
വധൂവരന്മാരുടെ അമ്പരപ്പിക്കുന്ന എന്‍ട്രി
അരയന്നങ്ങളുടെ രൂപ സാദൃശ്യമുള്ള ഒരു രൂപത്തിലാണ് വരനും വരനും വിവാഹ വേദിയിലേക്ക് എത്തിയത്. വധൂവരന്മാര്‍ നിന്നിരുന്ന അരയന്ന രൂപം ഒരു താത്കാലിക റെയിൽ പാളത്തിലൂടെ ഉരുണ്ടാണ് വിവാഹ വേദിയിലേക്ക് എത്തിയത്. ഈ സമയം വരനും വധുവും ഒരോ തോക്കുകൾ പിടിച്ചിരുന്നു. തോക്കുകളിൽ നിന്നും പൂക്കിറ്റിയിലേത് പോലെ തീപ്പൊരികൾ തെറിച്ച് കൊണ്ടിരുന്നു. വധൂവരന്മാര്‍ ഇരുവശത്ത് നിന്നും ഒരേ പോലെ കടന്ന് വരുന്നതും വീഡിയോയിൽ കാണാം. അരയന്നങ്ങൾ അടുത്ത് വരുന്നതോടെ അതിനൊരു പ്രണയചിഹ്നത്തിന്‍റെ രൂപം ലഭിക്കുന്നതും വീഡിയോയിൽ കാണാം.
രൂക്ഷമായ പ്രതികരണം
ദമ്പതികളുടെ ആഡംബരപൂർണ്ണമായ എന്‍ട്രിയെ കളിയാക്കാതിരിക്കാൻ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ആയില്ലെന്ന് വേണം കരുതാൻ. അവർ വിവാഹ പാര്‍ട്ടിയെ കണക്കറ്റ് കളിയാക്കി. വിവാഹം കഴിഞ്ഞാലും അങ്കം തുടരുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. വിവാഹത്തിന് ശേഷമുള്ള ജീവിതത്തിന്‍റെ യാഥാർത്ഥ്യമെന്നായിരുന്നു മറ്റൊരു കുറിപ്പ്. പലപ്പോഴും ഷോഓഫുകൾ പരിഹാസത്തിന് കാരണമാകുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. വിവാഹ ആഘോഷങ്ങളുടെ സർഗാത്മകത അതിരുകടക്കുന്നവെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.


