ലോസ് ആഞ്ചെലസിലെ സ്ട്രീറ്റില്‍ തെളിഞ്ഞ ചിരിയോടെ ചായ വില്‍ക്കുന്നൊരു ബിഹാറുകാരന്‍ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഹിന്ദിയിലാണ് പലപ്പോഴും സംസാരം.
ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിൽ ഒരു ബിഹാറുകാരൻ യുവാവ് നടത്തുന്ന ചായവില്പനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. നാട്ടിൽ നിന്നും വളരെ ദൂരത്തായിരിക്കുമ്പോഴും നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് കാശ് സമ്പാദിക്കുന്നത്. യുവാവ് എന്ത് വിൽക്കുന്നു എന്നതിനും അപ്പുറം അത് എങ്ങനെ വിൽക്കുന്നു എന്നത് കൂടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആത്മവിശ്വാസത്തോടെ ഹിന്ദിയിലാണ് യുവാവിന്റെ സംസാരം. ഇത് കൂടിയാണ് ആളുകളെ ആ ചായക്കടയിലേക്ക് ആകർഷിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോസ് ഏഞ്ചൽസ് പോലുള്ള ഒരു നഗരത്തിൽ, അതിജീവിക്കുക എന്നത് വലിയ ചിലവ് വരുന്ന ഒരു കാര്യം തന്നെയാണ്. ഏകദേശം $8.68 (782 രൂപ) ആണ് ഒരു കപ്പ് ചായയുടെ വില. ഏകദേശം $16.8 (1,512 രൂപ) ആണ് ഒരു പ്ലേറ്റ് പോഹയുടെ വില. എന്നാൽ, ലോസ് എഞ്ചൽസിലെ ജീവിത നിലവാരവും സാധനങ്ങളുടെ വിലയും വച്ച് നോക്കുമ്പോൾ ഇതൊരു വലിയ വിലയാണ് എന്ന് പറയാനാവില്ല. 2026 ജനുവരി ആദ്യം മുതൽ തന്നെ യുവാവിന്റെ ചായവിൽപ്പനയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ബിഹാറിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും ചായ വിറ്റും ഹിന്ദി പറഞ്ഞും യുവാവ് എങ്ങനെ തന്റെ നാടിനെ ചേർത്തുപിടിക്കുന്നു എന്നതാണ് പലർക്കും കൗതുകമായത്. നിരവധിപ്പേരാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വീഡിയോകൾക്ക് കമന്റുകളുമായി വരുന്നത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റുകൾ നൽകിയിരിക്കുന്നത്. അതുപോലെ, രസകരമായ കമന്റുകളും പലരും നൽകിയിട്ടുണ്ട്. ഗ്ലാസ് താൻ കഴുകിക്കോളാം തനിക്കൊരു വിസ ഒപ്പിച്ച് തരാമോ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
