ഹാർവാർഡ് സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ അമ്മയ്ക്കുവേണ്ടി ആവേശത്തോടെ ആർപ്പുവിളിക്കുന്ന മകന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ. ഏതൊരമ്മയും അര്‍ഹിക്കുന്ന സ്നേഹമെന്ന് നെറ്റിസണ്‍സ്.

സാധാരണ മക്കളുടെ ബിരുദദാനച്ചടങ്ങിൽ ഏറെ ആവേശത്തോടെ അവർക്കുവേണ്ടി ആർത്തുവിളിക്കുന്ന അച്ഛനമ്മമാരെ നാം കാണാറുണ്ട്. എന്നാൽ, അതിൽ നിന്നും ഏറെ വ്യത്യസ്തമായി തന്റെ അമ്മയ്ക്കുവേണ്ടി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഒരു മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് ഈ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. എഡ്ഡി ലൂ എന്ന യുവാവ് പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ശരിക്കും നമ്മുടെ മനം കവരുന്നത് തന്നെയാണ്.

Add Asianetnews as a Preferred SourcegooglePreferred

ബിരുദം സ്വീകരിക്കാനായി തന്റെ അമ്മ സ്റ്റേജിലേക്ക് നടന്നു വരുമ്പോൾ കാണികൾക്കിടയിൽ ഇരിക്കുകയായിരുന്ന എഡ്ഡി സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് ഉറക്കെ ആർപ്പുവിളിക്കുന്നത് വീഡിയോയിൽ കാണാം. മകന്റെ ആവേശവും അഭിമാനവും നിറഞ്ഞ ഈ പ്രതികരണം അടുത്തുണ്ടായിരുന്നവരുടെ ശ്രദ്ധയും പിടിച്ചുപറ്റി. 'My throat hurts' എന്ന ക്യാപ്ഷനോടെയാണ് എഡ്ഡി ഈ വീഡിയോ പങ്കുവെച്ചത്.

View post on Instagram

അമ്മയുടെ വിജയത്തിൽ അഭിമാനിക്കുന്ന മകനെ അഭിനന്ദിച്ച് നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഓരോ അമ്മയും അർഹിക്കുന്ന സ്നേഹം' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'അവന്റെ ശബ്ദത്തിൽ തന്നെ ആ അഭിമാനം പ്രകടമാണ്. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'ഈ നിമിഷത്തിന് വേണ്ടി അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാകും, മകന്റെ ഈ പ്രതികരണത്തിൽ നിന്നുതന്നെ അത് മനസിലാവും' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. 'ജീവിതകാലം മുഴുവനും മക്കൾക്ക് വേണ്ടി കയ്യടിക്കുന്നവരാണ് അച്ഛനമ്മമാർ, ഇന്ന് ആ മകൻ തന്റെ അമ്മയ്ക്ക് വേണ്ടി കയ്യടിക്കുന്നു, ഇതൊരു അപൂർവ നിമിഷമാണ്' എന്നാണ് മറ്റൊരാൾ പറഞ്ഞത്.