മൂന്നാം ലോകമഹായുദ്ധത്തിന്‍റെ വക്കിൽ നിൽക്കെ, ബ്രിട്ടീഷ് പാർലമെന്‍റിൽ നാൽപ്പതോളം എംപിമാർ നൃത്തം ചെയ്തത് വലിയ വിവാദമായി. നൃത്തത്തിന്‍റെ നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു പരിപാടിയെങ്കിലും, ആഗോള സംഘർഷങ്ങൾക്കിടയിലെ ഈ ആഘോഷം വിവാദമായി.
മൂന്നാം ലോകമഹായുദ്ധത്തിന്‍റെ വക്കിൽ ലോകം നിൽക്കെ, ബ്രിട്ടീഷ് പാർലമെന്‍റിനുള്ളിൽ നാൽപ്പതോളം എംപിമാർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രശസ്ത ടെലിവിഷൻ പരിപാടിയായ 'സ്ട്രിക്റ്റ്‌ലി കം ഡാൻസിംഗിലെ' താരങ്ങൾക്കൊപ്പം ജനപ്രതിനിധികൾ ചുവടുവെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നൃത്തത്തിന്‍റെ നല്ല സ്വാധീനം
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നൃത്തം ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച പാർലമെന്‍റ് സമുച്ചയത്തിലെ 'പോർട്ട്‌കള്ളീസ് ഹൗസിൽ' ഈ പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണൽ കൊറിയോഗ്രാഫർ കായ് വിഡ്രിംഗ്ടണിന്‍റെ നിർദ്ദേശാനുസരണം എംപിമാർ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഗ്രീൻ പാർട്ടി എംപി ഹന്ന സ്പെൻസർ, കൺസർവേറ്റീവ് എംപി കരോലിൻ നോക്സ്, ലേബർ പാർട്ടിയുടെ കിം ലീഡ്‌ബീറ്റർ തുടങ്ങി വിവിധ പാർട്ടികളിലെ പ്രമുഖർ ഇതിൽ പങ്കെടുത്തു.
വിമർശനം, വിവാദം
മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ആഘോഷം നടത്തിയത് ഒട്ടും അനുചിതമാമായില്ലന്ന് പല ജനപ്രതിനിധികളും അഭിപ്രായപ്പെട്ടു. പിന്നാലെ ലേബർ പാർട്ടി എംപി സറ സുൽത്താന ഇതിനെതിരെ രംഗത്ത് വന്നു. "ലോകം യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ എംപിമാർ നൃത്തം ചെയ്യുന്നത് വെസ്റ്റ്മിൻസ്റ്ററിന്‍റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നത്," എന്ന് അവർ എക്സിൽ കുറിച്ചു. മുൻ മന്ത്രി നദീം സഹാവിയും ഇതിനെ രൂക്ഷമായി വിമർശിച്ചു. ബ്രിട്ടന്‍റെ സുരക്ഷയെപ്പോലും ബാധിക്കുന്ന ആണവായുധ ഭീഷണി നിലനിൽക്കുമ്പോൾ പാർലമെന്‍റിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ വളരെ മോശമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പർഹിക്കാത്ത കുറ്റം
സമൂഹ മാധ്യമങ്ങളിൽ സാധാരണക്കാരായ ജനങ്ങളും ഇതിനെ വിമർശിച്ചു. "രാജ്യം ആഗോള അടിയന്തരാവസ്ഥ നേരിടുമ്പോൾ നമ്മുടെ എംപിമാർ ബോൾറൂം ഡാൻസ് കളിക്കുകയാണ്," എന്നാണ് ഒരു ഉപയോക്താവ് പരിഹസിച്ചത്. ചൈനീസ് ചാരന്മാർ, സാമ്പത്തിക പ്രതിസന്ധി, നാവികസേനയുടെ അഭാവം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ നികുതിപ്പണം കൊണ്ട് രാഷ്ട്രീയ വരേണ്യവർഗം ആഘോഷം നടത്തുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും പലരും കുറ്റപ്പെടുത്തി.


