റിപ്പോർട്ടുകൾ പ്രകാരം ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു സ്ത്രീ പ്രകോപിതയാവുകയും ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.
സാൻ അന്റോണിയോയിൽ യുവതിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ കൊച്ചുകുട്ടിയടക്കം ഇന്ത്യൻ കുടുംബത്തിൽ പെട്ടവർക്ക് പരിക്ക്. വാരാന്ത്യത്തിൽ സാൻ അന്റോണിയോ റിവർ വാക്ക് ബോട്ടിലാണ് അപ്രതീക്ഷിതമായി യുവതിയുടെ പെപ്പർ സ്പ്രേ അക്രമണം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പിന്നീട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയിൽ പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന് തൊട്ടുമുമ്പായി യുവതി എല്ലാവരോടും അക്രോശിക്കുന്നതും കാണാം. നവംബർ 15 ശനിയാഴ്ച വൈകുന്നേരമാണ് ടെക്സസിലെ സാൻ അന്റോണിയോയിൽ ഗോ റിയോ ബോട്ട് ടൂറിനിടെ അസ്വസ്ഥാജനകമായ സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു സ്ത്രീ പ്രകോപിതയാവുകയും ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. സാൻ അന്റോണിയോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, ബോട്ട് ഓപ്പറേറ്റർ സ്ത്രീയോട് ഫോൺ ഓഫാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ അവരെ ബോട്ടിൽ നിന്നും ഇറങ്ങാൻ അനുവദിക്കുകയായിരുന്നു. എന്നാൽ ഇറങ്ങിയ ശേഷം, സ്ത്രീ യാത്രക്കാർക്ക് നേരെ അക്രോശിക്കുകയും അവരെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ഒരു കൊച്ചുകുട്ടി ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്നവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബോട്ടിലുണ്ടായിരുന്ന കുട്ടിയടക്കം എട്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റു.
ബോട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സ്ത്രീ അടുത്തുള്ള പാലത്തിലേക്ക് നടന്നു നീങ്ങുകയും ശേഷം ബാഗിൽ നിന്നും പെപ്പർ സ്പ്രേ എടുത്ത് യാത്രക്കാർക്ക് നേരെ പ്രയോഗിച്ചുവെന്നും യാത്രക്കാരെ ഉപദ്രവിച്ചുവെന്നും ദൃക്‌സാക്ഷികൾ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്ത്രീ അപ്പോൾ തന്നെ അവിടെ നിന്നും പോവുകയും ചെയ്തു. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


