ഇവർ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടിയില്ല, അന്വേഷണം വൈകുന്നു എന്നതിൽ രോഷം കൊണ്ടാണ് ഇവർ ഇങ്ങനെ ഹാസ്യാത്മകരൂപത്തിൽ പ്രതികരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പൊലീസ് സ്റ്റേഷനിൽ ചെന്ന് പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതിയും കുടുംബവും. താൻ കൊടുത്ത പരാതിയിൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ രോഷം കൊണ്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പൊലീസ് ഓഫീസറെ ആരതിയുഴിഞ്ഞത്. 

സംഭവം നടന്നത് മധ്യപ്രദേശിലെ രേവയിലാണ്. വീഡിയോയിൽ ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനെ ആരതിയുഴിയുന്നത് കാണാം. അനുരാധ സോണി എന്ന യുവതിയും അവരുടെ ഭർത്താവും രണ്ട് കുട്ടികളുമാണ് ആരതിയുഴിയുവാൻ താലവുമായി സ്റ്റേഷനിൽ എത്തിയത്. ഒരു മിനിറ്റ് 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് യുവതിയും കുട്ടികളടങ്ങുന്ന കുടുംബവും പൊലീസ് സ്റ്റേഷനിലേക്ക് കയറുന്നതാണ്. 

പിന്നാലെ, യുവതി പൊലീസ് ഓഫീസറുടെ അടുത്തേക്ക് എത്തുന്നു. താലവുമായി എത്തിയ യുവതിയെ കണ്ട് അയാൾ അമ്പരന്ന് എഴുന്നേൽക്കുന്നു. ആ സമയത്ത് യുവതി പൊലീസ് ഓഫീസറെ ആരതിയുഴിയുന്നത് കാണാം. പൊലീസ് ഓഫീസർ അത് തടയാൻ വേണ്ടി എന്തോ പറയുന്നുണ്ട്. ആ സമയത്ത് യുവതിയുടെ ഭർത്താവും പ്രതികരിക്കുന്നുണ്ട്. 

ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഇവർ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടിയില്ല, അന്വേഷണം വൈകുന്നു എന്നതിൽ രോഷം കൊണ്ടാണ് ഇവർ ഇങ്ങനെ ഹാസ്യാത്മകരൂപത്തിൽ പ്രതികരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എഫ്‍ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതായും യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. 

Scroll to load tweet…

കോട്‍വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. യുവതിയും കുടുംബവും പൊലീസുകാരുടെ നിസ്സം​ഗതയോട് പ്രതികരിച്ച രീതിയെ മിക്കവരും അഭിനന്ദിച്ചു. ചിലർ ഈ സംഭവത്തോട് രസകരമായിട്ടാണ് പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം