ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ യുവതി മനോഹരമായി പഞ്ചാബി സംസാരിക്കുന്നത് കേട്ട് അമ്പരന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ദക്ഷിണ കൊറിയ സന്ദർശനത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് അപൂർവമായ ഒരു അനുഭവമുണ്ടായി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു കൊറിയൻ സ്ത്രീ നന്നായി പഞ്ചാബി സംസാരിക്കുന്നത് കേട്ട് ആകെ അമ്പരന്നുപോയി പഞ്ചാബിന്റെ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ. കൂപ്പുകൈകളോടെയാണ് യുവതി മന്ത്രിയോട് സംസാരിക്കുന്നത്. പഞ്ചാബിയിൽ സ്വയം പരിചയപ്പെടുത്തുന്നതും കാണാം “ഞാൻ സിമ്രാൻ കൗർ, പഞ്ചാബിന്റെ മരുമകൾ. ഞാൻ കൊറിയൻ പഞ്ചാബിയാണ്, എന്റെ ഭർത്താവ് ഒരു പഞ്ചാബിയാണ്” എന്നാണ് അവർ പറയുന്നത്.
"വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി. കൊറിയയിൽ വെച്ച് നിങ്ങളെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു" എന്ന് സിമ്രാന്റെ ഭർത്താവ് പറയുന്നതും കേൾക്കാം. സിമ്രാൻ ഹിന്ദി പറഞ്ഞത് കേട്ട് മതിപ്പു തോന്നിയ ഭഗവന്ത് മൻ എങ്ങനെയാണ് അവൾ പഞ്ചാബി പഠിച്ചെടുത്തത് എന്നും ചോദിക്കുന്നുണ്ട്. തന്റെ ഭർത്താവിന്റെ വീട്ടുകാരാണ് തന്നെ പഞ്ചാബി പഠിപ്പിച്ചത് എന്നാണ് അവൾ പറയുന്നത്. "നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്" എന്നും സിമ്രാൻ മന്ത്രിയോട് പറയുന്നത് കേൾക്കാം.
ഇൻസ്റ്റാഗ്രാമിലാണ് യുവതിയെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് ഭഗവന്ത് മൻ ഷെയർ ചെയ്തിരിക്കുന്നത്. യുവതിയുമായുള്ള സംഭാഷണത്തിന്റെ വീഡിയോയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ മാതൃഭാഷയായ പഞ്ചാബി, ഞങ്ങൾക്ക് വെറുമൊരു ഭാഷ മാത്രമല്ല... അത് ഞങ്ങളുടെ സ്വത്വം കൂടിയാണ്' എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. 'ദക്ഷിണ കൊറിയ സന്ദർശിക്കുന്ന വേളയിൽ ഈ ദമ്പതികളെ കാണാൻ എനിക്ക് അവസരം കിട്ടി... കൊറിയയിൽ ജനിച്ച ഒരു മകളുടെ വായിൽ നിന്ന് നമ്മുടെ മാതൃഭാഷയായ പഞ്ചാബിയെക്കുറിച്ച് കേൾക്കുക എന്നത് വളരെ സന്തോഷകരമായ കാര്യമായിരുന്നു' എന്നും അദ്ദേഹം കുറിക്കുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതിമനോഹരമായി ഹിന്ദിയിൽ സംസാരിക്കുന്നതിന് സിമ്രാനെ ഒരുപാടുപേർ അഭിനന്ദിച്ചിട്ടുണ്ട്.


