സോഷ്യൽ മീഡിയ കണ്ട് കോർപ്പറേറ്റ് ജോലി അന്ധമായി രാജിവെക്കരുതെന്ന് മുൻ ജീവനക്കാരിയായ മാൻസി ഖണ്ഡേൽവാൾ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ സാമ്പത്തിക ആസൂത്രണവും സമ്പാദ്യവും ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്നാണ് ഇവരുടെ ഉപദേശം.
സോഷ്യൽ മീഡിയയിലെ ആകർഷകമായ പോസ്റ്റുകൾ കണ്ട് പ്രചോദിതരായി ആളുകൾ കോർപ്പറേറ്റ് ജോലികൾ അന്ധമായി ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി മുൻ കോർപ്പറേറ്റ് ജീവനക്കാരി. സ്വന്തമായി ബിസിനസ്സോ മറ്റ് കാര്യങ്ങളോ തുടങ്ങാൻ ആഗ്രഹിച്ച് ഉയർന്ന ജോലി രാജിവെച്ച മാൻസി ഖണ്ഡേൽവാൾ എന്ന യുവതിയാണ് തന്‍റെ അനുഭവം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.
'ഒരിക്കലും ജോലി ഉപേക്ഷിക്കരുത്'
തന്‍റെ പഴയ പോസ്റ്റുകൾ കണ്ട് നിരവധി പേർ ജോലി രാജിവെക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് മാൻസി വ്യക്തമാക്കുന്നു. എന്നാൽ അത്തരം തീരുമാനങ്ങളിലേക്ക് ചാടിവീഴരുതെന്നും "ഒരിക്കലും ജോലി ഉപേക്ഷിക്കരുത്" എന്നുമാണ് ഇവർക്ക് നൽകാനുള്ള ലളിതമായ മറുപടിയെന്നും മാൻസി പറയുന്നു. ആവേശത്തിന്‍റെ പുറത്തോ ധൈര്യം കാണിക്കാനോ അല്ല താൻ ജോലി ഉപേക്ഷിച്ചതെന്നും മാൻസി കൂട്ടിച്ചേർക്കുന്നു. ദീർഘകാലത്തേക്ക് വരുമാനമൊന്നുമില്ലെങ്കിലും നിലവിലെ ജീവിതശൈലി അതേപടി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമോയെന്ന് കൃത്യമായി കണക്കുകൂട്ടിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
'ആദ്യം സ്വയം തീരുമാനിക്കുക'
"സ്വന്തമായി ഒരു കാര്യം തുടങ്ങിയ ശേഷം ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തേക്ക് പുതിയ ക്ലയന്‍റുകളെയോ ജോലിയോ ലഭിച്ചില്ലെങ്കിൽ എന്‍റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് ഞാൻ ചിന്തിച്ചു. ഫ്ലാറ്റ് മാറേണ്ടി വരുമോ, യാത്രകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമോ എന്നൊക്കെ സ്വയം ചോദിച്ചു. ഇവയ്ക്കൊക്കെ 'ഇല്ല' എന്ന ഉത്തരമാണ് ലഭിച്ചത്. ഈ സാമ്പത്തിക ഭദ്രതയാണ് ആ തീരുമാനമെടുക്കാൻ എനിക്ക് മാനസികമായി കരുത്ത് നൽകിയത്," മാൻസി വീഡിയോയിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് പിന്നിലെ സാമ്പത്തിക തയ്യാറെടുപ്പുകൾ ആളുകൾ തിരിച്ചറിയാറില്ലെന്നും ആറര വർഷത്തോളം ജോലി ചെയ്ത് സമ്പാദിച്ച ശേഷമാണ് താൻ ജോലി രാജിവെച്ചതെന്നും എന്നാൽ ആ വശം പലരും തുറന്നുപറയാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'വേണം ഒരു കണക്കുക്കൂട്ടൽ'
മോശമായ തൊഴിൽ സാഹചര്യങ്ങൾ കാരണം ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഇതേ സാമ്പത്തിക വിശകലനം നടത്തണമെന്ന് മാൻസി അഭ്യർത്ഥിക്കുന്നു. "ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേഷൻ ആരംഭിക്കൂ' എന്ന് പറയുന്ന ഓൺലൈൻ ഇൻഫ്ലുവൻസർമാരുടെ വാക്കുകളിൽ അന്ധമായി വീണുപോകരുത്. കൃത്യമായ സാമ്പത്തിക കണക്കുകൂട്ടലുകൾ കൈയ്യിലുണ്ടെങ്കിൽ മാത്രം ഇത്തരം തീരുമാനങ്ങൾ എടുക്കുക," മാൻസി കൂട്ടിച്ചേർത്തു.


