മധ്യപ്രദേശിലെ അജ്നാർ പുഴ മാലിന്യമുക്തമാക്കാൻ ശ്രമിക്കുന്ന പരിസ്ഥിതി പ്രവർത്തകനാണ് ബിട്ടു തബാഹി. പുഴയോരത്ത് അദ്ദേഹം സ്ഥാപിച്ച ചവറ്റുകുട്ടകൾ മോഷണം പോയെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറല്ല. വീണ്ടും പുഴയിലിറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഈ യുവാവിന്റെ തീരുമാനം.
പുഴ വൃത്തിയാക്കുകയെന്നത് പുഴയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയുകയും വേണം. എങ്കിലേ പുഴ പൂർണമായും വൃത്തിയാകുകയൊള്ളൂ. മധ്യപ്രദേശിൽ അജ്നാർ പുഴയെ മാലിന്യമുക്തമാക്കാൻ ശ്രമിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി ഇതിനായി പുഴയോരങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, അവ മോഷണം പോയതോടെ 20 -കാരനായ യുവാവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
ചവറ്റുകൂട്ടപോലും മോഷ്ടിക്കുന്നു!
രാജ്ഗഢ് ജില്ലയിലൂടെ ഒഴുകുന്ന അജ്നാർ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ ബിട്ടു കഴിഞ്ഞ വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഏതാണ്ട് എട്ടുമാസത്തോളം പരിശ്രമിച്ച് പുഴ വൃത്തിയാക്കിയെങ്കിലും പുഴയോരങ്ങളിൽ വീണ്ടും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും കുന്നുകൂടിത്തുടങ്ങിയിരിക്കുകയാണ്. പുഴയോരത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാനും ആളുകൾക്ക് അവ ശരിയായ രീതിയിൽ നിക്ഷേപിക്കാനും വേണ്ടിയാണ് രണ്ട് ചവറ്റുകുട്ടകൾ സ്ഥാപിച്ചതെന്ന് വിഡിയോയിൽ ബിട്ടു വിശദീകരിച്ചു. എന്നാൽ, പിന്നീട് സ്ഥലത്തെത്തിയപ്പോൾ അതിലൊന്ന് കാണാനില്ലായിരുന്നു.
പക്ഷേ, പിന്മാറില്ലെന്ന് ബിട്ടു
ചവറ്റുകുട്ടകൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനായിരുന്നില്ലെന്നും പൊതുജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി പുഴ വീണ്ടും മലിനമാകുന്നത് തടയാനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ സൗകര്യത്തിനായി സ്ഥാപിച്ച ഡ്രമ്മുകളും മോഷണം പോയെന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ബിട്ടു അറിയിച്ചത്.
പിന്തുണയുമായി നെറ്റിസെൺസ്
മാസങ്ങൾ നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷവും പുഴ വീണ്ടും മലിനമാകുന്നതിൽ നിരാശ പ്രകടിപ്പിച്ച് ബിട്ടു മറ്റൊരു വിഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ഈ സംഭവം. പുഴയുടെ അവസ്ഥ അദ്ദേഹത്തെ നിരാശനാക്കിയെങ്കിലും ശുചീകരണ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറാൻ ബിട്ടു തയ്യാറായില്ല. വീണ്ടും പുഴയിലിറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ബിട്ടുവിന്റെ തീരുമാനം. ബിട്ടുവിന്റെ വിഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. “ഈ ഘട്ടത്തിൽ അദ്ദേഹത്തോട് ശരിക്കും സഹതാപം തോന്നിത്തുടങ്ങിയിരിക്കുന്നു,” എന്നായിരുന്നു ഒരാളുടെ പ്രതികരണം. “സഹോദരാ, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു,” എന്ന് മറ്റൊരാൾ കുറിച്ചു.


