രാജധാനി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി യുവതി. സീറ്റുകള്‍ക്കിടയില്‍ നൃത്തം ചെയ്ത സ്ത്രീകളെ കുറിച്ചാണ് യുവതി പറയുന്നത്. ‘സീറോ സിവിക് സെന്‍സ്’ എന്നും യുവതി.
'സീറോ സിവിക് സെൻസ്' ഇത് നമ്മൾ സ്ഥിരം കേൾക്കാറുള്ളതാണ്. യാതൊരു പൗരബോധവുമില്ലാതെ പെരുമാറുന്ന ആളുകളെ കുറിച്ച് പലരും ഇങ്ങനെ പറയാറുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ നിന്നും അതുപോലൊരു അനുഭവമുണ്ടായതിനെ കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കയാണ് ഒരു യുവതി. പ്രീമിയം ട്രെയിനായ രാജധാനി എക്സ്പ്രസ്സിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരുകൂട്ടം സ്ത്രീകൾ നൃത്തം ചെയ്തതിനെ കുറിച്ചാണ് യുവതി വിവരിക്കുന്നത്.

സുദീപ്ത ദേബ് എന്ന യുവതിയാണ് തന്റെ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. തന്റെ ആദ്യത്തെ രാജധാനി യാത്ര ഇത്രയും മോശമാകുമെന്ന് കരുതിയില്ലെന്ന് സുദീപ്ത പറയുന്നു. സുദീപ്ത തന്റെ സീറ്റിലിരിക്കുമ്പോൾ പിന്നിലെ സീറ്റുകളിലുണ്ടായിരുന്ന ഒരു സംഘം സ്ത്രീകൾ എഴുന്നേറ്റു നിന്ന് നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു. പിന്നീട് ഇവർ സീറ്റുകൾക്കിടയിലുള്ള സ്ഥലത്തേക്ക് ഇറങ്ങുകയും സുദീപ്തയുടെ സീറ്റിന് തൊട്ടടുത്ത് നിന്ന് നൃത്തം തുടരുകയും ചെയ്തു.
യാത്രക്കാരുടെ ഈ പെരുമാറ്റത്തിൽ അസ്വസ്ഥയായ സുദീപ്ത, 'സീറോ സിവിക് സെൻസ്' എന്നാണ് വീഡിയോയിൽ പ്രതികരിച്ചത്. 'പൊതു ട്രെയിൻ സ്വകാര്യ സ്വത്താണെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം' എന്ന് വീഡിയോയിലെ കുറിപ്പിൽ സുദീപ്ത പറയുന്നു. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഭൂരിഭാഗം ആളുകളും സുദീപ്തയെ പിന്തുണച്ചാണ് രംഗത്തെത്തിയത്. ട്രെയിനുകൾ പൊതു ഇടങ്ങളാണെന്നും അല്ലാതെ സ്വന്തം സ്ഥലം പോലെ ഉപയോഗിക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.
വലിയ തുക നൽകി പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് സമാധാനം ആഗ്രഹിച്ചാണെന്നും, ഇത്തരം പ്രവൃത്തികൾ മറ്റുള്ളവരുടെ സ്വകാര്യതയെയും വിശ്രമത്തെയും ബാധിക്കുമെന്നും മറ്റ് പലരും അഭിപ്രായപ്പെട്ടു. അതേസമയം, ആ സ്ത്രീകൾ യാത്ര ഒരല്പം ആഘോഷമാക്കിയതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചവരുമുണ്ട്. എങ്കിലും, പൊതുസ്ഥലത്തായിരിക്കുമ്പോൾ മറ്റുള്ളവരെ കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ് പലരും പ്രതികരിച്ചത്.
