മോസ്കോ വിമാനത്താവളത്തിൽ ബോർഡിംഗ് സമയം കഴിഞ്ഞതിനെ തുടർന്ന് രണ്ട് വനിതാ യാത്രക്കാർ വിമാനം പിടിക്കാനായി റൺവേയിലേക്ക് ഓടിക്കയറി. സുരക്ഷാ ജീവനക്കാർ ഇവരെ തടയുകയും വിമാനം സമയത്തിന് പുറപ്പെടുകയും ചെയ്തു. സുരക്ഷാവീഴ്ച വരുത്തിയ ഇവർക്ക് വലിയ തുക പിഴ ചുമത്താൻ സാധ്യതയുണ്ട്.

മയം വൈകിയതിനെ തുടർന്ന് ബോർഡിംഗ് തടസ്സപ്പെട്ട രണ്ട് യാത്രക്കാർ വിമാനത്തിയ കയറാനായി എയർപോർട്ട് ടാക്സിവേയിലൂടെ ഓടുന്നതിന്‍റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ മോസ്കോ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന എയറോഫ്ലോട്ട് വിമാനത്തിന് സമീപത്തേക്ക് രണ്ട് വനിതാ യാത്രക്കാർ കൈയ്യിലെ ലഗേജുകളുമായി പരിഭ്രാന്തരായി ഓടിയെത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പൈലറ്റിന്‍റെ ശ്രദ്ധ ക്ഷണിക്കാൻ ഇരുവരും വിമാനത്തിന്‍റെ കോക്പിറ്റിന് നേരെ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം.

സുരക്ഷാവീഴ്ചയും റൺവേയിലെ നാടകീയ സംഭവങ്ങളും

നിയമപ്രകാരമുള്ള ബോർഡിംഗ് സമയം അവസാനിച്ചിട്ടും വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇരുവരും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് റൺവേയിലേക്ക് ഓടിക്കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടാക്സിവേയിൽ ഉണ്ടായിരുന്ന വിമാനത്താവള ജീവനക്കാരോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവർക്ക് വഴങ്ങാതെ ജീവനക്കാരൻ ഉടൻ തന്നെ വാക്കി - ടോക്കി വഴി സുരക്ഷാ വിഭാഗത്തിന് സന്ദേശം കൈമാറി. പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഇരുവരേയും റൺവേയിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെ കാത്തുനിൽക്കാതെ വിമാനം സമയബന്ധിതമായി യാത്ര തുടർന്നെന്നും യുവതികൾക്ക് പിന്നീട് മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Scroll to load tweet…

വലിയ തുക പിഴ ഈടാക്കിയേക്കും

സുരക്ഷാവീഴ്ച വരുത്തിയ ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ നിയമപ്രകാരം പ്രാഥമികമായി 45 പൗണ്ട് (ഏകദേശം 5,000 രൂപ) പിഴ ഈടാക്കാം. എന്നാൽ, അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ പിഴ 260 പൗണ്ട് (ഏകദേശം 28,000 രൂപ) വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും റഷ്യയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ബോർഡിംഗ് നഷ്ടപ്പെട്ട ഒരു യാത്രക്കാരൻ റൺവേയിലേക്ക് ഓടികയറി വിമാനം തടയാൻ ശ്രമിക്കുകയും, തുടർന്ന് ഇയാൾക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു.