മൂ ഡെംഗ് എന്ന് പേരിട്ടിരിക്കുന്ന പിഗ്മി ഇനത്തിലെ ഹിപ്പൊപ്പൊട്ടാമസ് ജനിച്ച ജൂലൈ മാസം മുതലാണ് മൃഗശാലയിലേക്ക് സന്ദർശകർ തള്ളിക്കയറാൻ തുടങ്ങിയത്. വെറും രണ്ട് മാസം പ്രായമുള്ള ഹിപ്പോയ്ക്ക് നേരെ വെള്ളവും കക്കകളും അടക്കം ആളുകൾ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.
പട്ടായ: വൈറലായ കുള്ളൻ ഹിപ്പൊപ്പൊട്ടാമസിനെ കാണാനെത്തുന്നത് ആയിരങ്ങൾ. വെള്ളക്കുപ്പികളും കക്കകളും കൂട്ടിലേക്ക് എറിഞ്ഞ സന്ദർശകരോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശവുമായി മൃഗശാല അധികൃതർ. വളരെ അപൂർവ്വമായാണ് കുള്ളൻ ഹിപ്പൊപ്പൊട്ടാമസുകളുടെ ജനനം എന്നതാണ് ആളുകളെ മൃഗശാലയിലേക്ക് തള്ളിക്കയറാൻ പ്രേരിപ്പിക്കുന്നത്. തായ്ലാൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാല അധികൃതരാണ് സന്ദർശകരേക്കൊണ്ട് വലഞ്ഞിരിക്കുന്നത്.
മൂ ഡെംഗ് എന്ന് പേരിട്ടിരിക്കുന്ന പിഗ്മി ഇനത്തിലെ ഹിപ്പൊപ്പൊട്ടാമസ് ജനിച്ച ജൂലൈ മാസം മുതലാണ് മൃഗശാലയിലേക്ക് സന്ദർശകർ തള്ളിക്കയറാൻ തുടങ്ങിയത്. വെറും രണ്ട് മാസം പ്രായമുള്ള ഹിപ്പോയ്ക്ക് നേരെ വെള്ളവും കക്കകളും അടക്കം ആളുകൾ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സന്ദർശകരോട് കടുത്ത നിലപാട് സ്വീകരിക്കാൻ മൃഗശാല അധികൃതർ ഒരുങ്ങുന്നത്.
നിലവിലെ സന്ദർശകരുടെ നിലപാട് ക്രൂരവും അപകടകരവുമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായിരിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. റീലിനും വൈറലാവാനുമുള്ള ആളുകളുടെ ക്രൂരമായ തമാശകൾ കണ്ടെത്താൻ മൂ ഡെംഗിന്റെ കൂടിന് ചുറ്റും സിസിടിവി അടക്കം കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളാണ് മൃഗശാല അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
