ബെംഗളൂരു സ്വദേശിയായ 22-കാരൻ, തന്‍റെ ജോലി വിരസമാണെന്നും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ് ഉപേക്ഷിക്കാൻ തീരുമാനിച്ചതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഈ വീഡിയോ വൈറലായി. പിന്നാലെ സമ്മിശ്ര പ്രതികരണവുമായി നെറ്റിസെന്‍സും രംഗത്തെത്തി.
മോശമായ തൊഴിൽ സാഹചര്യങ്ങളിൽ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. സാമ്പത്തിക ബുദ്ധിമുട്ടുകളോ ജീവിത സാഹചര്യങ്ങളോ ഒക്കെയാവാം അതിന് നമ്മളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ, താൻ ജോലി ഉപേക്ഷിക്കാൻ പോവുകയാണെന്ന ഒരു ജെൻസി യുവാവിന്‍റെ വീഡിയോയാണ് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. 22 വയസ്സുള്ള ബെംഗളൂരു നിവാസിയും ഉള്ളടക്ക സൃഷ്ടാവുമായ ആൻഷുൽ ഉത്തയ്യ എന്ന യുവാവാണ് ജോലി വേണ്ടെന്ന് വയ്ക്കാനുള്ള തന്‍റെ കാരണങ്ങൾ നിരക്കിക്കൊണ്ട് വീഡിയോ പങ്കുവച്ചത്.
ബോറിംഗ്, ജോലി ഉപേക്ഷിക്കുന്നു
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അടുത്ത ദിവസം തന്‍റെ മുഴുവൻ സമയ ജോലി ഉപേക്ഷിക്കാൻ പോകുകയാണെന്ന് ഉത്തയ്യ പറയുന്നു. ജോലി വളരെ വിരസമാണ്, അത് തന്‍റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലെ രണ്ട് സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ചിട്ടും അത് വേണ്ടെന്ന് വെച്ചതായും ആൻഷുൽ വെളിപ്പെടുത്തി. തനിക്ക് ഇനിയും പഠനത്തിലേക്ക് തിരിച്ചുപോകാൻ താത്പര്യമില്ലെന്നാണ് ഇതിന് കാരണമായി അവൻ പറയുന്നത്. ഞാൻ നാളെ എന്‍റെ ജോലി ഉപേക്ഷിക്കുകയാണ്. ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് യാതൊരു ഊഹവുമില്ല. തന്‍റെ നിലവിലെ ജീവിത സാഹചര്യം സംതൃപ്തിയില്ലാത്തതും ഊർജ്ജം ചോർത്തുന്നതുമാണ് എന്നാണ് ആൻഷുൽ പറയുന്നത്.
വീഡിയോയ്ക്ക് വന്‍ റീച്ച്
വീഡിയോ പങ്കുവയ്ക്കുമ്പോൾ ഉത്തയ്യയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10,000 ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. എന്നാൽ, വീഡിയോ വൈറലായതോടെ, വെറും രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഫോളോവർമാരുടെ എണ്ണം ഇരട്ടിയാകുകയും വീഡിയോയ്ക്ക് രണ്ട് മില്യണിലധികം കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തു.
നിരവധി യുവാക്കൾ നിരാശയും മടുപ്പും ബാധിച്ച ജോലി ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചു. എന്തായാലും സംഭവം കോർപ്പറേറ്റ് ജോലികളിൽ യുവതീയുവാക്കൾ നേരിടുന്ന സമ്മർദ്ദം മാനസികാരോഗ്യം എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ചിലർ ആൻഷുലിന്‍റെ പ്രവർത്തിയെ സ്വയം കണ്ടെത്താനുള്ള ധീരമായ നീക്കമായി വിശേഷിപ്പിച്ചപ്പോൾ മറ്റു ചിലർ എടുത്തുചാടിയുള്ള തീരുമാനമെന്നും വിമർശിച്ചു.


