ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും നോക്കുമ്പോൾ, ബെംഗളൂരുവിന്റെ സുഖകരമായ കാലാവസ്ഥയ്ക്ക് പകരമാകാൻ മറ്റൊന്നിനും കഴിയില്ല-റഷ്യൻ യുവതി
ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും പ്രിയപ്പെട്ട നഗരം ബെംഗളൂരുവാണെന്ന് റഷ്യൻ യുവതി. ഇൻസ്റ്റഗ്രാമിലാണ് യൂലിയ എന്ന റഷ്യൻ യുവതി ഇക്കാര്യം പറഞ്ഞത്. ബെംഗളൂരുവിന്റെ തെരുവുകളിലൂടെ നടക്കുമ്പോൾ നഗരത്തെയുംകാലാവസ്ഥയെയും പ്രശംസിക്കാതിരിക്കാൻ കഴിയില്ല. ഇന്ത്യയിൽ താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്ന നഗരം ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ബെംഗളൂരുഎന്നാകുമെന്നും അവർ എഴുതി.
ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും നോക്കുമ്പോൾ, ബെംഗളൂരുവിന്റെ സുഖകരമായ കാലാവസ്ഥയ്ക്ക് പകരമാകാൻ മറ്റൊന്നിനും കഴിയില്ല. ഡൽഹിയിലും ജയ്പൂരിലും ശൈത്യകാലത്ത് അതിശക്തമായ തണുപ്പായിരിക്കും. ചെന്നൈയും മുംബൈയുമാണെങ്കിൽ വളരെ ചൂടേറിയതും. എന്നാൽ ബെംഗളൂരു മിതമായ കാലാവസ്ഥയാണെന്നും ഹരിതാഭയാണെന്നും അവർ പറഞ്ഞു. വർഷങ്ങളായി നഗരത്തിലെ കാലാവസ്ഥയിൽ വന്ന മാറ്റവും യൂലിയ പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് എയർ കണ്ടീഷണറുകൾ അത്ര ആവശ്യമില്ലായിരുന്നു.
എന്നാൽ ഇപ്പോൾ അവ സാധാരണമായി. എന്നിരുന്നാലും, ബെംഗളൂരു കാലാവസ്ഥ സുന്ദരമാണെന്നും അവർ പറഞ്ഞു. ശൈത്യകാലം മൈനസ് 50°C വരെ താഴുന്ന സൈബീരിയയിലാണ് യൂലിയ ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ ഇന്ത്യൻ കാലാവസ്ഥയെക്കുറിച്ച് പരാതിപ്പെടാൻ തനിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. സുഖസൗകര്യങ്ങൾക്കപ്പുറം, നഗരത്തിന്റെ സംസ്കാരവും രാത്രി ജീവിതവും മനോഹരമാണെന്നും അവർ പറയുന്നു. നിരവധിപേരാണ് യുവതിയുടെ വീഡിയോക്ക് കമന്റുമായെത്തിയത്.


