ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഡോക്ടറും രോഗിയും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡോക്ടർ രംഗത്ത്. രോഗി അധിക്ഷേപിക്കുകയും ഐവി സ്റ്റാൻഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് ഡോക്ടർ.
ആശുപത്രിയിൽ ഡോക്ടറും രോഗിയും തമ്മിൽ ഏറ്റുമുട്ടുന്നത് ഇപ്പോൾ ഇന്ത്യയിൽ ഒരു പുതിയ വാർത്തയല്ലാതായിരിക്കുന്നു. ഈ മാസം 22 -ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഡോക്ടറും രോഗിയുമായിയുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടർ.
ആക്രമണം സ്വയം രക്ഷയ്ക്ക്
പ്ലാസ്റ്റർ ഇട്ട കൈയ്യുമായി വീഡിയോ പങ്കുവെച്ചാണ് ഡോക്ടർ രാഘവ് നരുല തന്‍റെ ഭാഗം വിശദമാക്കിയത്. അങ്ങേയറ്റം മോശമായ രീതിയിലുള്ള തെറിവിളികളോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും രോഗി തന്നെ അധിക്ഷേപിക്കുകയും കുടുംബത്തെപ്പോലും മോശമായി പറയുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. തുടർന്ന് രോഗി ഐവി സ്റ്റാൻഡ് എടുത്ത് തന്നെ ശാരീരികമായി ആക്രമിച്ചു. ആ ഘട്ടത്തിൽ സ്വയം പ്രതിരോധിക്കാൻ താൻ നിർബന്ധിതനായിയെന്നും ഡോക്ടർ രാഘവ് നരുല അവകാശപ്പെട്ടു. ആക്രമണത്തിൽ തന്‍റെ കൈയ്ക്ക് ഒടിവ് പറ്റിയെന്നും നടുവേദന അനുഭവപ്പെടുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
എട്ടു വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആയിരക്കണക്കിന് രോഗികളെ ചികിൽസിച്ചിട്ടുണ്ടെന്നും ഇതുവരെ തനിക്കെതിരെ പരാതികൾ ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ആശുപത്രിയിൽ നിന്ന് ആദ്യം പുറത്തുവന്ന ദൃശ്യങ്ങളിൽ ഡോക്ടറും രോഗിയും തമ്മിൽ വാർഡിനുള്ളിൽ ഏറ്റുമുട്ടുന്നത് കാണാം. മറ്റുള്ളവർ ഇടപെട്ട് ഇവരെ മാറ്റുന്നതിന് മുൻപ് രോഗി ഡോക്ടറെ ചവിട്ടുന്നതും ഡോക്ടർ തിരിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അന്വേഷണവുമായി ആശുപത്രി
സംഭവത്തിൽ ആശുപത്രി അധികൃതർ മൂന്നംഗ അന്വേഷണസമിതി നിയോഗിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ വിധേയമായി ഡോക്ടറെ സസ്പെൻഡ് ചെയ്തു. പോലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഡോക്ടറുടെ നടപടിയെ ചിലർ അപലപിച്ചപ്പോൾ, വീഡിയോയിൽ കാണുന്നതിനേക്കാൾ വലിയ പ്രകോപനം അവിടെ ഉണ്ടായിട്ടുണ്ടാകുമെന്നും ചിലർ വാദിച്ചു. ആശുപത്രി വാർഡിനുള്ളിൽ നടന്ന ഈ കൈയേറ്റം രോഗിയും ഡോക്ടറുമായുള്ള ബന്ധത്തെക്കുറിച്ചും സുരക്ഷയെ കുറിച്ചുമൊക്കെയുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു.


