Asianet News MalayalamAsianet News Malayalam

ടിയാനൻമെൻ സ്‌ക്വയറിലെ മഞ്ഞുപുതച്ച ആ മരണരാത്രിക്ക് ഇന്നേക്ക് മുപ്പതാണ്ട്..!

എന്താണ് അന്ന് ടിയാനൻമെൻ സ്‌ക്വയറിൽ നടന്നത്? അന്ന് 1989  ജൂൺ മാസം ചൈനയിൽ ഉണ്ടായിരുന്ന  ആർതർ കെന്റ് എന്ന കനേഡിയൻ ജേർണലിസ്റ്റ്  ഈയിടെ ഡിജിറ്റലി റിസ്റ്റോർ ചെയ്തെടുത്ത  അന്നത്തെ ഒറിജിനൽ വീഡിയോ ഫൂട്ടേജിലൂടെ നമ്മളെ കൈപിടിച്ചുകൊണ്ടു പോവുന്നത് ആ ദുരന്തത്തിന്റെ വീർപ്പുമുട്ടലുകളിലേക്കാണ്. 

1989 Tiananmen Square protests
Author
Thiruvananthapuram, First Published Jun 4, 2019, 12:07 PM IST

ഇന്ന് ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ മുപ്പതാം വാർഷികദിനം. നാട്ടിൽ നടമാടിക്കൊണ്ടിരുന്ന ജനാധിപത്യ ധ്വംസനങ്ങളോടും അഴിമതിയോടുമുള്ള പ്രതിഷേധ സൂചകമായി ചൈനയിലെ വിദ്യാർത്ഥി സംഘടനകൾ ബെയ്ജിങ്ങിലെ ടിയാനൻമെൻ സ്‌ക്വയർ എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രകടനം സർക്കാർ തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടിയ ടിയാനൻമെൻ സ്‌ക്വയറിലെ ആ രാത്രിയിലേക്ക് ടാങ്കുകളും യന്ത്രത്തോക്കുകളും ഒക്കെയായി മാർച്ചുചെയ്ത ചൈനീസ് പട്ടാളം മെഗാഫോണുകളിലൂടെ അവരോട് ആ നിമിഷം അവിടെ നിന്നും പിരിഞ്ഞുപോവാൻ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. "ജനാധിപത്യം, അല്ലെങ്കിൽ മരണം..." എന്ന് പ്ലക്കാർഡെഴുതി കയ്യിൽ പിടിച്ചുകൊണ്ട്  വീടുകളിൽ നിന്നും ഇറങ്ങി വന്ന ആ കുട്ടികൾ പട്ടാളത്തിന്റെ ഭീഷണി വകവെക്കാതെ അവിടെത്തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

1989 Tiananmen Square protestsഅതിനിടെ പട്ടാളക്കാരും വിദ്യാർത്ഥികളും തമ്മിൽ ചില്ലറ സംഘർഷങ്ങളൊക്കെ ഉണ്ടായി. പിന്നെ അവിടെ നടന്നത് പട്ടാളക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു. നിരായുധരും ഏറെക്കുറെ ശാന്തരുമായിരുന്ന ആ വിദ്യാർത്ഥികൾക്കെതിരെ അവർ നിർദ്ദയം നിറയൊഴിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 300 വിദ്യാർഥികൾ മാത്രമായിരുന്നു എങ്കിൽ, "ടിയാനൻമെൻ അമ്മമാർ" പോലുള്ള സംഘടനകളുടെ കണക്കു പ്രകാരം അന്നവിടെ പൊലിഞ്ഞത് 8000 -നും 10,000 -നും ഇടയ്ക്ക് നിഷ്കളങ്കരായ വിദ്യാർത്ഥികളുടെ പ്രാണനാണ്. 

അതൊക്കെ തികച്ചും ന്യായീകരിക്കത്തക്കതാണ് എന്ന് വിശ്വസിക്കുന്ന ഒരു സർക്കാരാണ് ഇന്നും ചൈന ഭരിക്കുന്നത് എന്നതാവും ഒരു പക്ഷേ, യഥാർത്ഥത്തിലുള്ള ട്രാജഡി. കാലാതിവർത്തിയായ ദുരന്തം. ചൈനീസ് വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന ഒരു ഉച്ചകോടിക്കിടെ പറഞ്ഞുവെച്ചത്  ടിയാനൻമെൻ സ്‌ക്വയറിൽ അന്ന് നടന്ന വിദ്രോഹ പ്രവർത്തനങ്ങളെ അടിച്ചമർത്തിയ സർക്കാർ നടപടി രാജ്യത്തിൻറെ താത്പര്യങ്ങൾക്ക് അനുസൃതമായിരുന്നു, അന്നങ്ങനെ ചെയ്തതാണ് ഇന്ന് ചൈന ഒറ്റക്കെട്ടായി പുരോഗതിയിലേക്ക് കുതിക്കുന്നതിനു കാരണം എന്നാണ്. സ്വന്തം പൗരന്മാരായ കോളേജ് വിദ്യാർത്ഥികളെ നിഷ്കരുണം വെടിവെച്ചിട്ട നടപടിയെയാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു സങ്കോചവുമില്ലാതെ അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നിൽ ഇരുന്നു ന്യായീകരിച്ചു കൊണ്ടിരിക്കുന്നത് എന്നത് എത്ര അതിശയകരമാണ്. 

1989 Tiananmen Square protests

എന്താണ് അന്ന് ടിയാനൻമെൻ സ്‌ക്വയറിൽ നടന്നത്? അന്ന് 1989  ജൂൺ മാസം ചൈനയിൽ ഉണ്ടായിരുന്ന  ആർതർ കെന്റ് എന്ന കനേഡിയൻ ജേർണലിസ്റ്റ്  ഈയിടെ ഡിജിറ്റലി റിസ്റ്റോർ ചെയ്തെടുത്ത  അന്നത്തെ ഒറിജിനൽ വീഡിയോ ഫൂട്ടേജിലൂടെ നമ്മളെ കൈപിടിച്ചുകൊണ്ടു പോവുന്നത് ആ ദുരന്തത്തിന്റെ വീർപ്പുമുട്ടലുകളിലേക്കാണ്. "എ ബ്ലാക്ക് നൈറ്റ് ഇൻ ജൂൺ " എന്ന അദ്ദേഹത്തിന്റെ 13  മിനിറ്റുമാത്രം ദൈർഘ്യം വരുന്ന ഡോക്കുമെന്ററിയിലെ ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്നത് ജനാധിപത്യം കൈക്കുടന്നയിലൂടെ പൂഴിമണ്ണെന്നപോലെ ചോർന്നുപോവുന്നത് തിരിച്ചറിഞ്ഞ ഒരു ജനതയുടെ നെടുവീർപ്പുകളാണ്. ശ്വാസമടക്കിപ്പിടിച്ചുകൊണ്ടല്ലാതെ കണ്ടിരിക്കാനാവില്ല നിങ്ങൾക്കീ നേർസാക്ഷ്യം. 

സാവോ സിയാങ്ങ്, ചൈനയിലെ ജനപ്രിയനായ ഒരു നേതാവായിരുന്നു. 1989 ജനുവരി ഒന്നാം തീയതി, വൈറ്റ് ഹൗസിൽ നിന്നും പ്രസിഡന്റ് റൊണാൾഡ് റീഗനുമൊത്ത് കൈകോർത്തു പിടിച്ചുകൊണ്ട് പുറത്തുവന്ന  സാവോ സിയാങ്ങിന്റെ കണ്ണിൽ ചൈനയുടെ വികസനത്തിന്റെ വ്യക്തമായ സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ഏറെ ജനപ്രിയനായിരുന്ന അദ്ദേഹം താമസിയാതെ സ്വന്തം പാര്‍ട്ടിക്ക് തന്നെ അനഭിമതനാകുന്നു. ആറുമാസങ്ങൾക്കപ്പുറം അദ്ദേഹം സ്വന്തം നാട്ടിൽ അഴികൾക്കുള്ളിലായി. നാട്ടിൽ നടമാടുന്ന അഴിമതിക്കും, ജനാധിപത്യധ്വംസനങ്ങൾക്കും എതിരെ ബഹുജന പ്രക്ഷോഭങ്ങൾ അലയടിച്ചു. അതിനും മുമ്പ് 1986 -ൽ അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ പ്രൊഫസർ ഉദ്യോഗം വെടിഞ്ഞ് ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ സന്ദേശവുമായി ചൈനയിലെ യൂണിവേഴ്‌സിറ്റികൾ തോറും നടന്നു പ്രസംഗിച്ച ഡോ. ഫാങ് ലിഴി  ആയിരുന്നു ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ചൈനയുടെ വിദ്യാർത്ഥി മനസ്സിലേക്ക് കുടഞ്ഞിട്ടുകൊടുത്തത്. ഈ വിദ്യാർത്ഥി പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്ത ഹു യോബാങ്ങിനെ പൊതുപ്രവർത്തനം നിർത്താൻ സർക്കാർ നിർബന്ധിതനാക്കിയതും അതിനു പിന്നാലെ ഒരു ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തതും വിദ്യാർത്ഥികളുടെ പ്രതിഷേധം കടുപ്പിച്ചു. 

എഴ് ആവശ്യങ്ങൾ  അടങ്ങിയ ഒരു ചാർട്ടർ  മുന്നോട്ടുവെച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ഹു യോബാങ്ങിന്റെ നയങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കണം, പൊതുസ്വാതന്ത്ര്യത്തിനെതിരെയുള്ള സർക്കാർ നടപടികൾ നിർത്തണം, ഭരിക്കുന്ന പാർട്ടി അംഗങ്ങളുടെ വരുമാനവിവരങ്ങൾ പരസ്യപ്പെടുത്തണം, പത്രങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം, പാർട്ടി സെൻസർഷിപ്പ് അവസാനിപ്പിക്കണം, വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വർധിപ്പിക്കണം, പഠിപ്പിക്കുന്നവരുടെ ശമ്പളം മെച്ചപ്പെടുത്തണം, ബെയ്ജിങ്ങിൽ പ്രകടനങ്ങൾക്കുള്ള വിലക്ക് നീക്കണം, മീഡിയയിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കും കവറേജ് ലഭ്യമാക്കണം എന്നിങ്ങനെ തീർത്തും ന്യായമെന്ന് തന്നെ പറയാവുന്ന ഏഴ് ആവശ്യങ്ങൾ. 

1989   ജൂൺ 3-4  ദിനങ്ങളിൽ കെന്റ്, ബെയ്ജിങിലുണ്ടായിരുന്നു. ഒരു സ്വതന്ത്രമാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹത്തെ 'ഒബ്സർവർ' പത്രമാണ് പ്രതിഷേധങ്ങളുടെ നേരിട്ടുളള റിപ്പോർട്ടിങ്ങിനായി ചൈനയിലേക്ക് അയക്കുന്നത്. കയ്യിൽ രണ്ട് NP1 ബാറ്ററികളും, 20  മിനിറ്റ് ദൈർഘ്യം വരുന്ന രണ്ട്  Beta SP കാസറ്റുകളുമായി ആ രാത്രിയിൽ ബെയ്ജിങിന്റെ തെരുവുകളിലേക്ക് നടന്നിറങ്ങിയ കെന്റിനറിയില്ലായിരുന്നു ചരിത്രത്തിൽ ആഴത്തിൽ രേഖപ്പെടുത്താൻ പോവുന്ന ഒരു വലിയ മുറിവിന്റെ ചാലുകളിലൂടെയാണ് താൻ സഞ്ചരിക്കാൻ പോവുന്നത് എന്ന സത്യം. അന്ന് കെന്റിന്റെ കാമറയിൽ പതിഞ്ഞ പലതും ചരിത്രത്തിൽ മറ്റാർക്കും കിട്ടിയിട്ടില്ലാത്ത വിവരങ്ങളാണ്. അന്നവിടെ തടിച്ചു കൂടിയ കോളേജ് വിദ്യാർത്ഥികൾ മുഴക്കിയ മുദ്രാവാക്യങ്ങൾ, അവർ തമ്മിൽ പറഞ്ഞ കാര്യങ്ങൾ, ടാങ്കുകളിൽ വന്ന പീപ്പിൾസ് ലിബറേഷൻ ആർമിക്കാർ  ഉച്ചത്തിൽ മുഴക്കിയ ഭീഷണികൾ.. എല്ലാം ശബ്ദങ്ങൾ സഹിതം അന്ന് കെന്റിന്റെ കാമറ ഒപ്പിയെടുത്തു. അന്ന് കെന്റ് എടുത്ത വിഷ്വൽസ് ചൈനയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പ്രക്ഷേപണം ചെയ്തു. 

Tiananmen Square Massacre: Black Night In June (2019) - ഡോക്യുമെന്‍ററി കാണാം:
 
1989 -ൽ ഈ വിദ്യാർത്ഥി പ്രക്ഷോഭത്തെ നിർദയം അടിച്ചമർത്താനുള്ള ഉത്തരവിറക്കുന്നത് ഡെൻ സിയാവോ പിങ്ങ് എന്ന പ്രസിദ്ധനായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവാണ്.  വിദ്യാർത്ഥി പ്രക്ഷോഭത്തെ  നിയമ വിരുദ്ധമെന്ന് വിധിച്ച അദ്ദേഹവും ലീ പെങ്ങും ചേർന്നാണ് മെയ് 20 -ന്  രാജ്യത്ത് പട്ടാള ഭരണത്തിന് ഉത്തരവിട്ടത്. വിദ്യാർത്ഥികളെ അടിച്ചമർത്താനായി അന്ന് വിന്യസിക്കപ്പെട്ടത് മൂന്നുലക്ഷത്തിലധികം സായുധഭടന്മാരാണ്. ഈ സൈന്യം ജൂൺ നാലിന് പുലർച്ചെ നാലുമണിയോടെ തുടങ്ങിയ സായുധ അതിക്രമത്തിൽ, നിരായുധരായ വിദ്യാർത്ഥികളെ ആദ്യം ലാത്തിച്ചാർജ് ചെയ്തു. എന്നിട്ടും പോകാഞ്ഞവരുടെ പള്ളയ്ക്ക് ബയണറ്റിനു കുത്തി. ശേഷിച്ചവർക്ക് നേരെ നിഷ്കരുണം വെടിയുതിർത്തു. ഇത്രയുമായതോടെ ഭയന്നുപോയ വിദ്യാർഥികൾ കൂട്ടത്തോടെ ടിയാനൻമെൻ സ്‌ക്വയർ വിട്ടു പോയിത്തുടങ്ങി. 

1989 Tiananmen Square protests

ഈ ഫൂട്ടേജുകളിൽ പരിക്കേറ്റ കൂട്ടുകാരുമായി ഓടിപ്പോവുന്ന കോളേജ് വിദ്യാർത്ഥികളുടെ നിസ്സഹായത ദൃശ്യമാണ്. ആളെയും എടുത്ത് ഓടുന്നതിനിടെ കൈ കഴച്ച്  ഇടക്ക് കൈകൾ  മാറിപ്പിടിക്കുന്നുണ്ട് അവർ. എങ്കിലും അവരുടെ വീര്യം കെട്ടുപോവുന്നില്ല. പട്ടാള ടാങ്കുകളിൽ നിന്നും ഒരേ സന്ദേശം തന്നെ നിരന്തരം വന്നുകൊണ്ടിരുന്നു, "രാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാർ ഒരിക്കലും അതിനെ ഒരു കലാപത്തിലേക്ക് തള്ളിവിടില്ല. ബെയ്ജിങ്ങിൽ പട്ടാളഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു കാരണമായത് കലാപം നടത്തുന്ന  ദേശദ്രോഹികളാണ്. അവർ നിരത്തുകളിൽ ബാരിക്കേഡുകൾ തീർത്ത് പട്ടാള ടാങ്കുകൾക്ക് തീവെക്കുകയും, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഭടന്മാരെ തട്ടിക്കൊണ്ടുപോയി വധിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഇനിയും ടിയാനൻമെൻ സ്‌ക്വയറിൽ തുടർന്നാൽ നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പു തരാനാവില്ല. ഇവിടെ തുടർന്നാൽ പിന്നെ നടക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമായിരിക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് ചത്വരം വിട്ടുപോവണം.. ഇത് അവസാനത്തെ അറിയിപ്പാണ്..." 

1989 Tiananmen Square protests

ആരും പോയില്ല. തീ തുപ്പുന്ന തോക്കുകളുമായി ആയിരക്കണക്കിന് ഭടന്മാർ മാർച്ചു ചെയ്യുന്നത് കണ്ടിട്ടും, മരണം ഏത് നിമിഷവും തങ്ങളെ തേടിവരാം എന്ന് തിരിച്ചറിഞ്ഞിട്ടും അവർ അവിടെ നിന്നും ഒരിഞ്ച്  അനങ്ങിയില്ല. ചില വിദ്യാർത്ഥികൾ ഹൗസ്‌ സർജന്മാരായിരുന്നു, പ്രതിഷേധിക്കാൻ കൂടിയവരിൽ പലരും ബെയ്ജിങ്ങിലെ ആശുപത്രികളിലെ ഡോക്ടർമാരും. അവർ വെടിയേറ്റു മരണത്തോട് മല്ലടിച്ചവർക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പരിക്കുകൾ ഗുരുതരമായിരുന്നു. പലരും മരണത്തിനു കീഴടങ്ങി. 

ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, "എന്താണ് പറ്റിയത്..? ടാങ്ക് കേറിയിറങ്ങിയതാണോ..? അതോ വെടി കൊണ്ടതോ..? ജീവനുണ്ടോ ഇപ്പോഴും..? " 

പുറത്ത് വിഷണ്ണനായി നിന്ന ചിലർ കെന്റിനോട് നിസ്സഹായരായി പറഞ്ഞു, "നോക്കൂ.. ഞങ്ങൾ ഒരാൾക്കും ഉപദ്രവമുണ്ടാക്കാതെ അവിടെ ശാന്തമായി പ്രതിഷേധിക്കുകയായിരുന്നു. ചർച്ചകൾ മാത്രമാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത്. എന്നിട്ടിപ്പോൾ എന്തായി എന്ന് നോക്കൂ..!" 

അതിനിടയിൽ ഒരു സ്ത്രീ ശബ്ദം, "അത് പട്ടാളമാണ്.. അവരോട് ഇങ്ങനെ ഏറ്റുമുട്ടിയിട്ട് എന്ത് പ്രയോജനം. നമ്മൾ അവരോട് ചർച്ച ചെയ്യണം.. അതുമാത്രമേയുള്ളു പോംവഴി.." 

"സർക്കാർ നമുക്ക് പറയാനുള്ളതിന് ചെവി തരും എന്ന് നിങ്ങൾ ഇനിയും കരുതുന്നുണ്ടോ.." എന്ന് മറ്റൊരാൾ ചിലമ്പിയ ശബ്ദത്തോടെ അവരോട് ചോദിക്കുമ്പോൾ പശ്ചാത്തലത്തിൽ യന്ത്രത്തോക്കുകളും കയ്യിലേന്തി ഒരു പുഴപോലെ ഒഴുകിവരുന്ന പട്ടാളത്തെ കാണാം. ഇടയ്ക്കിടെ രാത്രിയുടെ ഇരുട്ടിൽ മിന്നുന്ന വെടിയുണ്ടകളുടെ തീപ്പൊരികൾ കാണാം. "വിപ്ലവം തോക്കിൻ കുഴലിലൂടെ.." എന്ന് പറഞ്ഞ കമ്യൂണിസ്റ്റ് പ്രവാചകൻ മാവോ സെ തൂങ്ങിന്റെ വലിയൊരു ചിത്രം ആ തെരുവിൽ പട്ടാളക്കാരുടെ മാർച്ചിന് പശ്ചാത്തല ഭംഗി പകർന്നു.  

1989 Tiananmen Square protests

പട്ടാളം ആക്രമണം കടുപ്പിച്ചതോടെ വിദ്യാർത്ഥി പ്രക്ഷോഭകർ ടിയാനൻമെൻ സ്‌ക്വയറിന്റെ നടുവിലേക്ക് ചുരുങ്ങി. രക്തസാക്ഷി സ്മാരകത്തിന് ചുറ്റും അവർ ഇരിപ്പുറപ്പിച്ചു. മെഗാഫോണുകളിൽ വിദ്യാർഥി നേതാക്കൾ തങ്ങളുടെ അണികൾക്കുള്ള നിർദ്ദേശങ്ങൾ വിളിച്ചുപറഞ്ഞു, "എല്ലാവരും കയ്യിലുള്ള വടികളും മറ്റും ഉപേക്ഷിക്കുക. നമ്മൾ ഇനി ഇവിടെ തീർത്തും നിരായുധരായി ഇരിക്കും. പട്ടാളം നമുക്കുനേരെ വരുമായിരിക്കും. അവരെ നമ്മൾ വാക്കുകൾ കൊണ്ടുമാത്രം നേരിടും. അത് മാത്രമാണ് നമ്മൾ എന്നും ചെയ്തിട്ടുള്ളതും.. ഇനിയും നമ്മൾ അതുമാത്രമേ ചെയ്യാവൂ.. " 

കെന്റിന്റെ കാമറയിലെ ഫിലിം തീരാറായി. തങ്ങളുടെ അവസാനത്തെ ആക്രമണത്തിനായി സൈന്യം രക്തസാക്ഷി മണ്ഡപം ലക്ഷ്യമാക്കി അങ്ങ് ദൂരെ നിന്നും നടന്നടുക്കുന്ന ശബ്ദം അയാളുടെ കാതിൽ വീണു. ഇനി അവിടെ നിന്നാൽ ചിലപ്പോൾ അതുവരെ റിക്കോർഡ് ചെയ്ത ഫൂട്ടേജ് മുഴുവൻ പട്ടാളം അപഹരിക്കും. ഇതൊന്നും പുറംലോകം കണ്ടെന്നുപോലും വരില്ല. വ്യൂ ഫൈൻഡറിലൂടെ കണ്ട ഒരു യുവതിയും യുവാവും കെന്റിനെ വല്ലാതെ അസ്വസ്ഥനാക്കി. ജീവിതം ആസ്വദിച്ചു തുടങ്ങുന്ന പ്രായമാണ് അവരുടേത്. മരണത്തിന്റെ മുന്നിൽ നിസ്സഹായരായി പരസ്പരം ചേർത്ത് പിടിച്ചുകൊണ്ട് ആ രാക്ഷസാക്ഷി സ്മാരകത്തിന്റെ പടവുകളിൽ ചേർന്നിരുന്ന അവരുടെ കണ്ണുകളിൽ അപ്പോഴും ജീവിതാസക്തി നിഴലിച്ചു നിന്നിരുന്നു. എന്നാലും, രാജ്യം തീയിൽ എരിയുമ്പോൾ തങ്ങളുടെ കമ്പിളിപ്പുതപ്പുകൾക്കുള്ളിൽ സുഖിച്ചു കിടന്നുറങ്ങാതെ ജനാധിപത്യത്തെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു വന്നതാണാ ദമ്പതികൾ.  

1989 Tiananmen Square protests

സംശയം നിറഞ്ഞ കണ്ണുകളോടെ അപ്പോൾ ആ സ്ത്രീ കെന്റിനെ ഒന്നു നോക്കുന്നുണ്ട്..  നിങ്ങൾ ഗവണ്മെന്റിന്റെ ചാരനാണോ എന്ന മട്ടിൽ. അപ്പോൾ കെന്റ് വ്യൂഫൈൻഡറിൽ നിന്നും തലയെടുത്ത് താൻ ഒരു വിദേശ ജേർണലിസ്റ്റാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അവരെപ്പോലെ എത്രയോ പേരുണ്ടായിരുന്നു അവിടെ. അവരെ ആ പുലർച്ചയ്ക്ക് അവിടെ ഒറ്റയ്ക്കാക്കി കെന്റ് തിരിച്ചുപോന്നു. മനസില്ലാ മനസ്സോടെ പോരേണ്ടി വന്നു എന്നതാണ് സത്യം. അതുകൊണ്ട്, ഇന്നീ ദൃശ്യങ്ങൾ നമ്മളെ കാണിച്ച് നമ്മോട് ഈ സത്യങ്ങളുടെ നേർസാക്ഷ്യങ്ങൾ വിളിച്ചു പറയാൻ കെന്റ് അവശേഷിച്ചു. ഒരു പക്ഷേ, അത് തന്നെയാവും അയാളുടെ ചരിത്ര നിയോഗവും.

അന്ന് കെന്റ് പിന്നിൽ വിട്ടുപോന്ന ആ ദമ്പതികളെപ്പോലെ പലരും അടുത്ത പുലരി കണ്ടില്ല..!  ഒരു ചൈനീസ് വ്യാളിയെപ്പോലെ തീതുപ്പിക്കൊണ്ട് അവർക്കുനേരെ കടന്നുവന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഭടന്മാർക്കു മുന്നിൽ അവരുടെ നിരായുധ പ്രതിഷേധം വിലപ്പോയില്ല. പട്ടാളത്തിന് സമാധാനത്തിന്റെ ഭാഷ വശമില്ലായിരുന്നു. തങ്ങളുടെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് അവിടെ നിന്നും എഴുന്നേറ്റുമാറാതിരുന്ന എല്ലാവരെയും അവർ അവിടെ വെടിവെച്ചുവീഴ്ത്തി. ശവങ്ങൾ നീക്കി, ടിയാനൻമെൻ സ്‌ക്വയർ വൃത്തിയാക്കി. ചോരപ്പാടുകൾ ആ ചത്വരത്തിൽ നിന്നും തുടച്ചുനീക്കി.  

1989 Tiananmen Square protests

അടുത്ത ദിവസം രാവിലെയായപ്പോഴേക്കും രാത്രി പ്രകടനത്തിനെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയ മക്കളെത്തിരഞ്ഞ് കുറെയധികം രക്ഷിതാക്കൾ മറ്റൊരു വഴിയിലൂടെ വന്നുകേറി ടിയാനൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടിയിരുന്നു. തലേന്ന് രാത്രിയിൽ നടന്ന പോരാട്ടത്തിനോടുള്ള ദേഷ്യത്തില്‍  അവരോട് ഒരക്ഷരം സംസാരിക്കാൻ നിൽക്കാതെ നേരെ വെടിപൊട്ടിച്ചു പട്ടാളം. ആ വെടിവെപ്പിൽ നിരവധി രക്ഷിതാക്കൾക്ക് പ്രാണൻ നഷ്ടമായി. അന്ന് അവിടെ ആയിരങ്ങളെ കൊന്നു തള്ളിയതിന് പുറമെ ചൈനയിൽ അങ്ങോളമിങ്ങോളം പതിനായിരക്കണക്കിന് ആളുകളെ ഗവണ്മെന്റ് അറസ്റ്റുചെയ്തു. ഈ കൂട്ടക്കൊലയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാൻ സർക്കാർ ആരെയും അനുവദിച്ചില്ല. ഗവൺമെന്റിനോട് കാണിക്കുന്ന അനുസരണക്കേടിന് സ്വാഭാവികമായുണ്ടാവുന്ന തിരിച്ചടി എന്ന് ഈ കൂട്ടക്കൊലയെ അവർ വിധിയെഴുതുകയായിരുന്നു. ഒരർത്ഥത്തിൽ അതിനെ ന്യായീകരിക്കുകയും. സമരങ്ങൾക്കിടെ പ്രതിഷേധ സൂചകമായി ചൈനീസ് ആർട്ട് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളുണ്ടാക്കിയ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഒരു ചൈനീസ് പതിപ്പ് സമരക്കാരെ പിരിച്ചു വിട്ടയുടൻ തന്നെ പട്ടാളം  ടാങ്കു കൊണ്ട് വെടിയുതിർത്ത് തകർത്തുകളഞ്ഞു.

എന്നാൽ, തങ്ങൾക്കു നഷ്‌ടമായ മക്കളുടെ ചോരയും, നീരും, ഹൃദയമിടിപ്പുകളും നെഞ്ചേറ്റിയ 'ടിയാനൻമെൻ അമ്മമാർ' എന്ന സംഘടന ഇന്നും  തങ്ങൾക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയ്ക്കായുള്ള പോരാട്ടം തുടരുന്നുണ്ട്. ഒരു പക്ഷേ, അവർക്ക് ഒരിക്കലും നീതി കിട്ടില്ലായിരിക്കും.. എന്നാലും, പോരാട്ടങ്ങൾ ഇനിയും അവർ തുടരും.. തങ്ങളുടെ, മക്കളെക്കരുതിയെങ്കിലും അവർക്കത് തുടർന്നേ പറ്റൂ..!
 

Follow Us:
Download App:
  • android
  • ios