കഥയായാലും നോവലായാലും കവിതയായാലും അതിൻ്റെ പ്രാണൻ എന്ന് പറയുന്നത് ഭാഷയാണ്. ഭാഷ വ്യത്യസ്തമായിരിക്കുകയും നവീനമായിരിക്കുകയും വായനക്കാരൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തുകഴിഞ്ഞാൽ ആ കൃതി വ്യത്യസ്തമാവും, ശ്രദ്ധിക്കപ്പെടും അല്ലെങ്കിൽ വായിക്കപ്പെടും, വിലയിരുത്തപ്പെടും എന്നാണ് എൻ്റെ തോന്നൽ.
'കള്ളൻ കോമൻ മരിച്ചില്ല... ഏർക്കാനയിൽ കൊലയുടെയും കൊതിയുടെയും വിത്തുവിതച്ച് അയാൾ മായയായി അലയുന്നുണ്ട്.'
രമണി അങ്ങനെ വിശ്വസിക്കുന്നു.
‘അല്ലെങ്കിൽ ഏർക്കാന ഇങ്ങനെയായിപ്പോയതെങ്ങനെ!’
മരണവംശത്തിന്റെ തുടക്കത്തിൽ തന്നെയുണ്ട് ഏർക്കാന അങ്ങനെയായിപ്പോയതിന്റെ വ്യഥ. അത് രമണിയുടേത് മാത്രമല്ല, ആദ്യം എഴുത്തുകാരന്റെയും പിന്നീട് വായനക്കാരുടേതുമായ വ്യഥയാണ്. കൊടുംപകകളുടെയും കൊന്നുതീർക്കലുകളുടെയും ഏർക്കാന. അതിനിടയിൽ അതേ തീവ്രതയിൽ സ്നേഹിക്കുകയും ആനന്ദം കണ്ടെത്തുകയും ആസക്തിയിലെരിയുകയും ചെയ്യുന്ന മനുഷ്യരുണ്ട്.
'മരണവംശം' മനുഷ്യന് ഏതറ്റം വരെയും പോകാനാവുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. മനുഷ്യന്റെ ചോരയിലതുണ്ട്. ശരിക്കും, ശരിക്കും, ശരിക്കും ഒറ്റയ്ക്കിരിക്കുമ്പോൾ മനുഷ്യനിൽ നിന്നും വീണ്ടുമിറങ്ങിവരുന്നുണ്ട് അവനെയുപേക്ഷിച്ചു പോയിട്ടില്ലാത്ത പഴയൊരു മൃഗം. മൃഗത്തിന്റെ പകയ്ക്ക് കാരണങ്ങളുണ്ട്, ന്യായമുണ്ട്, പരിഷ്കരിക്കപ്പെട്ട മൃഗമായ മനുഷ്യനതില്ല. ഏർക്കാനയുടെ മണ്ണിൽ ശരികളും തെറ്റുകളും അവർ തന്നെയുണ്ടാക്കിയതാണ്. ഏർക്കാനയിലേക്ക് വായനയിലൂടെയിറങ്ങിച്ചെന്ന മനുഷ്യർക്കതറിയാം.
ആദ്യനോവലിന്റെ പേരിൽ തന്നെ മരണത്തെ ചേർത്ത എഴുത്തുകാരൻ. 'എന്തുകൊണ്ടിത്ര വയലൻസ്' എന്ന ചോദ്യത്തിന് എഴുത്തുകാരന് തന്നെ മറുപടിയുണ്ട്.
ഹിംസയിൽ നിന്നും അഹിംസയിലേക്ക്
കൃതികളിൽ വയലൻസ് വരിക എന്നത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ ഇതിഹാസ കൃതികളായിട്ടുള്ള 'മഹാഭാരത'വും 'രാമായണ'വും ആവിഷ്കരിക്കുന്നത് വയലൻസിനെയാണ്. യുദ്ധത്തെ പ്രശ്നവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് മഹാഭാരതവും രാമായണവും. യുദ്ധം കൊണ്ടൊന്നും നേടുന്നില്ല എന്നുകൂടി പറഞ്ഞു വെക്കുന്ന കൃതികളാണത്.
അതുപോലെ, ഹോമറിന്റെ 'ഇലിയഡ്' ആയാലും 'ഒഡീസി' ആയാലും എത്രയോ ക്ലാസിക് കൃതികളൊക്കെത്തന്നെ യുദ്ധങ്ങളും കലാപങ്ങളും ഒക്കെ ആഖ്യാനിക്കാൻ ശ്രമിക്കുന്ന കൃതികളാണ്. എല്ലാ കാലത്തും അതുണ്ടായിട്ടുണ്ട്. അത് സാഹിത്യത്തിൽ മാത്രമല്ല, സിനിമയിലുമുണ്ട്. ഹിംസയെ പ്രശ്നവൽക്കരിക്കുമ്പോഴാണ് നമ്മൾ അഹിംസയിലേക്കുള്ള വഴികൾ കാണാനും അനുഭവിപ്പിക്കാനും പറ്റുക എന്നാണ് ഞാൻ വിചാരിക്കുന്നത്.
വയലൻസ് കൃതികളിൽ വരുന്നതിൽ ഒരു നല്ല കൃതി വയലൻസിൽ നിന്ന് നോൺ-വയലൻസിലേക്കുള്ള ഒരു യാത്ര വായനക്കാരിൽ ഉണ്ടാക്കും. മഹാഭാരതം വായിച്ചു കഴിഞ്ഞാൽ 'എന്തിനാണ് യുദ്ധം' എന്നുള്ള ഒരു തോന്നൽ ഉണ്ടാക്കുന്നതുപോലെ, മരണവംശം വായിച്ചു കഴിഞ്ഞാൽ 'എന്തിനാണ് മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുന്നത്' എന്നുള്ള സങ്കടപൂർണ്ണമായിട്ടുള്ള ഒരു തോന്നൽ ഉളവാക്കിയിട്ടുണ്ടെങ്കിൽ ആ കൃതി വിജയിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
എഴുത്തിന്റെ ഭാഷ
കാസർകോടിന്റെ ഭാഷ പിടിച്ചെടുക്കാൻ മറ്റുള്ളവർക്ക് ഒരല്പം പാടാണ്. ചിലപ്പോൾ തുളുവോ, കന്നഡയോ, മറ്റേതെങ്കിലും ഭാഷയോ അതോ മലയാളം തന്നെയോ എന്നൊരു തോന്നലുണ്ടാകും. എല്ലാ മനുഷ്യനും മനസിലാവുന്ന ഭാഷയാണോ സാഹിത്യത്തിന്റേത്? പ്രത്യേകിച്ച് ഫിക്ഷന്റേത്? അല്ല. കഥ നടക്കുന്ന ഭൂമികയുടെ ഭാഷ കൂടിയാണത്. ഭാഷയും കൂടിച്ചേർന്നതാണ് മനുഷ്യൻ. പറയുന്ന കഥയുടെ ജൈവികതയും അതാണ്. ഈ 'വായിച്ചിട്ടൊന്നും മനസിലാവുന്നില്ല' എന്ന പരാതി നേരത്തെയും കേട്ടിട്ടുണ്ടെന്ന് പറയുന്നു ഷാജികുമാർ.
23 -ാം വയസ്സിലാണ് എന്റെ 'ജനം' എന്ന പുസ്തകം വരുന്നത്. ആ കഥകളിൽ കാസർകോടൻ ഭാഷയും ശൈലികളും കാസർകോടൻ ജീവിതവും ആയിരുന്നു മുഖ്യമായും കടന്നുവന്നിട്ടുള്ളത്. അന്നും പലരും പറഞ്ഞു, ഞങ്ങൾക്കിതിൽ പലതും വായിച്ചിട്ട് മനസിലാവുന്നില്ല എന്ന്. പല വാക്കുകളും പിടികിട്ടുന്നില്ലെന്ന്. അന്നുതൊട്ടേ അതങ്ങനെയാണ്. പക്ഷേ, ഞാനത് കാര്യമായിട്ടെടുത്തില്ല. കാരണം, അത്തരത്തിലുള്ളൊരു കഥാപരിസരം ആഖ്യാനിക്കുമ്പോൾ അത്തരം സംഭാഷണങ്ങളും വാക്കുകളും പ്രയോഗങ്ങളും മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

വായനക്കാരത് വായിച്ച് പിടിച്ചെടുക്കണം എന്ന് തന്നെയാണ് എഴുത്തുകാരനെന്ന നിലയിൽ ഞാനാഗ്രഹിക്കുന്നത്. വെറുതെ ഇരുന്ന് സമയം കളയാനുള്ള ഒരു പരിപാടി മാത്രമല്ല വായന. വായന എന്ന് പറയുന്നതിൽ ഒരു ശ്രദ്ധയുണ്ട്, സൂക്ഷ്മതയുണ്ട്, നിരീക്ഷണമുണ്ട്, പലതരത്തിലുള്ള തോട്ട് പ്രോസസ്സുണ്ട്, ഒരു നല്ല പുസ്തകം വായിക്കുമ്പോൾ ഇതെല്ലാം സംഭവിക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.
തിരുവനന്തപുരം പോലെ, മറ്റ് സ്ഥലങ്ങളിലെ ശൈലികളും വാക്കുകളുമൊക്കെ വരുമ്പോൾ പ്രശ്നമില്ലാതിരിക്കുകയും വടക്കേ മലബാറിലെ വാക്കുകൾ വരുമ്പോൾ പ്രശ്നമായിത്തോന്നുകയും ചെയ്യുന്നു എന്നതിനോടും എനിക്ക് യോജിപ്പില്ല.
വായനക്കാർ വായിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് എഴുതുന്നത്. 'മരണവംശം' ഇപ്പോൾ 39 -ാം പതിപ്പിൽ എത്തിനിൽക്കുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും ഭാഷാപ്രയോഗങ്ങളും കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ഭാഷയാണ് എഴുത്തിന്റെ പ്രാണൻ
എഴുത്തിലെ ഭാഷ എന്നത് പല അടരുകളുള്ളൊരു വാക്കാണ്. അത് അതിലെ കഥാപാത്രങ്ങളുടെ സംസാരത്തിൽ പ്രയോഗിക്കുന്ന ഭാഷ മാത്രമല്ല. മൊത്തത്തിലൊരു കൃതിയെ നിർണയിക്കുന്ന ഒന്നുകൂടിയാണ്. എഴുത്തുകാരൻ സൃഷ്ടിച്ചെടുത്ത കഥയിലേക്ക് മനുഷ്യരെ പിടിച്ചിരുത്തുന്നത് അതിലെ ഭാഷയാണ്.
‘അന്തിനിലാവ് കുടിച്ചുകെടക്കുന്ന
ചുട്ടച്ചിക്കണ്ണുള്ള കുഞ്ഞിപ്പെണ്ണേ.
നെഞ്ചിന്റകത്ത് തുള്ളിക്കളിക്കുന്ന
നെഞ്ചുംവിരിച്ചുള്ള ചെക്കനേടേ...’
അവൻ ഒച്ചയില്ലാതെ ചോദിച്ചു.
പീരാംകുടുക്കകൾ നിശ്ശബ്ദരായി.
നിലാവ് ചെവികൂർപ്പിച്ചു.
നളിനി മിണ്ടിയില്ല.
‘റാക്കും കുടിച്ചിറ്റ്
ഓനൊന്ന് ബന്നിറ്റ്
ഓരോന്ന് തോന്നീറ്റ്
കുറ്റൊന്നുമില്ലാതെ
ചുറ്റിപ്പിടിച്ചപ്പോ
നിന്റെ ഉള്ളംപിടഞ്ഞതെന്തേ
നീ നെഞ്ചം കലങ്ങിക്കരഞ്ഞതെന്തേ..'
ഭാസ്കരൻ തന്നെ സ്വയം ഉത്തരം പറഞ്ഞപ്പോൾ ഗുഹയിലേക്ക് ഒളിഞ്ഞു നോക്കിയ നിലാവു കാണാതിരിക്കാൻ മാറിടങ്ങൾ പൊത്തിപ്പിടിച്ച് നളിനി കരഞ്ഞു.
ഭാഷ കവിത കൂടിയാണ് അല്ലേ?
കഥയായാലും നോവലായാലും കവിതയായാലും അതിൻ്റെ പ്രാണൻ എന്ന് പറയുന്നത് ഭാഷയാണ്. ഭാഷ വ്യത്യസ്തമായിരിക്കുകയും നവീനമായിരിക്കുകയും വായനക്കാരൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തുകഴിഞ്ഞാൽ ആ കൃതി വ്യത്യസ്തമാവും, ശ്രദ്ധിക്കപ്പെടും അല്ലെങ്കിൽ വായിക്കപ്പെടും, വിലയിരുത്തപ്പെടും എന്നാണ് എൻ്റെ തോന്നൽ.
'ഖസാക്കിൻ്റെ ഇതിഹാസം' എപ്പോഴും നമുക്കൊരു ഭയങ്കര ലഹരി പോലെ വായിക്കാൻ തോന്നുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അതിൻ്റെ ഭാഷയാണ്.
അതുപോലെ ഗബ്രിയേൽ ഗാർസിയ മാർക്വേസിൻ്റെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ആയാലും, 'സുന്ദരികളും സുന്ദരന്മാരും' ആയാലും, 'എമിലിയാനോ സപാറ്റ' ആയാലും, കൃഷ്ണകുമാറിൻ്റെ 'ഭാരതപര്യടനം' ആയാലും, സുഭാഷ് ചന്ദ്രൻ്റെ 'മനുഷ്യന് ഒരു ആമുഖം' ആയാലും ഒക്കെ വ്യത്യസ്തമായി നിൽക്കുന്നത് അതിൻ്റെ ഭാഷയിലുള്ള അസാധാരണമായ ഇടപെടൽ കൊണ്ടാണ്.
കാടുകയറുകയാണോ മലയാള സാഹിത്യം?
ഇതുവരെയില്ലാത്ത വിധം അപരിചിത ദേശങ്ങളും മനുഷ്യരും കാടും മൃഗവും എഴുത്തിൽ കടന്നുകൂടിയിട്ടുണ്ടോ? ഇവയെല്ലാം പണ്ടുപണ്ടേക്കേ ഇവിടെയുള്ളതാണ്. അവയെ ഉൾപ്പെടുത്തി എന്നതാണ് ഈ പുതുഎഴുത്തുകൾ ചെയ്തത് എന്നാണ് ഷാജികുമാർ പറയുന്നത്.
എഴുത്ത് എന്ന് പറയുന്നത് വായനക്കാർക്ക് അപരിചിതമായിട്ടുള്ള ഭൂമിയെ, അപരിചിതമായിട്ടുള്ള കഥാസന്ദർഭങ്ങളെ, അപരിചിതമായിട്ടുള്ള കഥാപാത്രങ്ങളെ കൊണ്ടുവരിക കൂടിയാണല്ലോ. പല കാലങ്ങളിൽ ഒഴിവാക്കപ്പെട്ട പലതരം ജീവിതങ്ങൾ കടന്നുവരുന്ന ഒരു മേഖല കൂടിയാണ് സാഹിത്യം. ഒഴിവാക്കപ്പെട്ട മനുഷ്യർ, ഒഴിവാക്കപ്പെട്ട ഭാഷ, ഒഴിവാക്കപ്പെട്ട പ്രകൃതി, ഒഴിവാക്കപ്പെട്ട ജീവജാലങ്ങൾ, ഒഴിവാക്കപ്പെട്ട ദൈവങ്ങൾ ഒക്കെത്തന്നെ കൃതികളിൽ കടന്നുവരുന്നുണ്ട്. അത് കുറച്ചുകൂടി പുതിയ തലമുറയിലെ എഴുത്തുകാർ കൊണ്ടുവരാൻ താല്പര്യവും ശ്രദ്ധയും കാണിക്കുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടായിരിക്കാം ഈ കാടും കാട്ടിലെ മനുഷ്യരും അവരുടെ ജീവിതവുമെല്ലാം കടന്നുവരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അത് പൊളിറ്റിക്കലായിട്ടുള്ള ഒരു മാറ്റം കൂടിയാണ്.

ഒരു ഭൂപ്രകൃതിയെ നമ്മൾ കഥയിലേക്ക് കൊണ്ടുവരുമ്പോൾ തീർച്ചയായിട്ടും ആ ഭൂപ്രകൃതി ആ എഴുത്തുകാരനെ സ്വാധീനിക്കും. 'മരണവംശത്തെ' അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ ഞാനത് എഴുതുന്ന സമയത്ത് എൻ്റെ മനസ്സിൽ ഒരു ഏറനാടുണ്ട്.
കുന്നുകൾ നിറഞ്ഞ, പാറക്കെട്ടുകളുള്ള, കാടുള്ള, പുഴയുള്ള, അതിൻ്റെ ഇടയിൽ 'ഡാർക്ക്' ആയിട്ടുള്ള ജീവിതം നയിക്കുന്ന മനുഷ്യർ, ദുരന്തപൂർണ്ണമായ ജീവിതം നയിക്കുന്ന മനുഷ്യർ, നിസ്സഹായരായ മനുഷ്യർ, അതിനോട് ചേർന്നുനിൽക്കുന്ന നിസ്സഹായനായ ദൈവം, ആ പ്രകൃതി, ഒക്കെ കൂടിച്ചേർന്ന് നിൽക്കുന്ന ഒരു ആവാസവ്യൂഹം എൻ്റെ ഉള്ളിലുണ്ട്.
അത് എഴുതി തുടങ്ങുമ്പോൾ ഞാൻ അതിനുള്ളിലേക്ക് പ്രവേശിക്കപ്പെട്ടിരിക്കും. അപ്പോൾ സ്വാഭാവികമായിട്ടും അവരുടെ മാനസിക വ്യവഹാരങ്ങൾ, അവരുടെ ജീവിതയാത്രകൾ, ഒക്കെ എൻ്റെ ഉള്ളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയും ചില നേരങ്ങളിൽ അവരിലൊരാളായി ഞാൻ മാറുകയും ചെയ്യും. അത് എഴുതുന്ന ഏതൊരാൾക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. അവരുടെ ഇമോഷൻസ് നമ്മളുടെ ഉള്ളിലേക്ക് എത്രമാത്രം തീവ്രമായി വരുന്നുവോ അത്രമാത്രം തീവ്രമായി ആ കൃതിയും മാറുമെന്നാണ് എനിക്ക് തോന്നുന്നത്. ഭാഷ, ഭൂപ്രകൃതി, കഥാപാത്രങ്ങൾ, അവരുടെ ആചാരങ്ങൾ, ഒക്കെ എഴുത്തിനെ തീർച്ചയായും സ്വാധീനിക്കും.
എഴുത്തെന്ന ട്രപ്പീസ് കളി
എഴുത്തുകാരന് രണ്ടു ജീവിതം വേണ്ടതുണ്ട്. ഒന്നയാളുടെ യഥാർത്ഥജീവിതം. മറ്റൊന്ന് അതിരുകളൊന്നുമില്ലാത്തൊരു സങ്കല്പജീവിതം. ഈ പകുതി ബോധവും പകുതി ഭ്രാന്തുമുണ്ടെങ്കിൽ അത് എഴുത്തിലുമുണ്ടാകുമെന്നാണ് ഷാജികുമാറിന്റെ അഭിപ്രായം.
യാഥാർത്ഥ്യത്തിൽ നിന്ന് സങ്കല്പത്തിലേക്കും, സങ്കല്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുമുള്ള ട്രപ്പീസ് കളിയാണ് വാസ്തവത്തിൽ എഴുത്ത്. എഴുത്തുകാരന് എപ്പോഴും ഒരു അൺറിയൽ ആയിട്ടുള്ള മാനസികാവസ്ഥ ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നെനിക്ക് തോന്നുന്നു. സ്വപ്നജീവി എന്ന വിശേഷണം ചാർത്തപ്പെട്ട എഴുത്തുകാരുണ്ട് കുറെ.
പി. കുഞ്ഞിരാമൻ നായർ, കമലാ സുരയ്യ (മാധവിക്കുട്ടി) ഒക്കെ ഉദാഹരണമാണ്. സ്വപ്നലോകത്ത് അല്ലെങ്കിൽ സങ്കല്പലോകത്ത് ജീവിക്കുന്നവർ. ഒരു മനസ്സിന്റെ അർദ്ധപകുതി സ്വപ്നലോകത്തും ബാക്കി റിയലിലും നിൽക്കുകയാണെങ്കിൽ എഴുത്തിൽ അത് ഭയങ്കര രസമായിവരും. അത് വളരെ ഈസിയായി, വളരെ സ്വാഭാവികമായി അതിൽ ഉൾച്ചേരും.
മരണവംശത്തിലായാലും എൻ്റെ കഥകളിലായാലും അത്തരത്തിലുള്ള ഒരു ആഖ്യാന രീതി എനിക്കുണ്ടാവാൻ കാരണം ഞാൻ ഈ രണ്ട് വേൾഡിൽ ജീവിക്കുന്നത് കൊണ്ടാണ്. അത് സ്വാഭാവികമായി സംഭവിക്കുമ്പോൾ അതിൻ്റെ തീവ്രത കൂടും.
കൊന്നാലും ചാവാത്ത കുഞ്ഞമ്മാർ
ഒരു നോവലെഴുതി അവസാനിപ്പിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ എങ്ങോട്ട് പോകും? എഴുത്തുകാരനെഴുതിയവശേഷിപ്പിച്ച സ്ഥലത്ത് നിന്നും അവർ ജീവിച്ച് തുടങ്ങുകയാണോ? അതോ, അവിടെ തന്നെയാണോ അവരുടെ മരണവും? ഏതെങ്കിലും കഥാപാത്രത്തിന് എഴുത്തുകാരന്റെ ഭാവനയ്ക്കപ്പുറത്തേക്ക് കുതറി പുതിയൊരു ജീവിതത്തിനുള്ള സാധ്യതയുണ്ടോ? ഉണ്ടെന്നാണ് ഷാജികുമാർ പറയുന്നത്.
നമ്മളൊരു കഥ എഴുതുമ്പോൾ അതില് പല കഥാപാത്രങ്ങളുമുണ്ടാകും. മുഖ്യ കഥാപാത്രം ഉണ്ടാകും, സൈഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ഉണ്ടാകും. അവരൊക്കെ നമ്മുടെ ഉള്ളിലും ഉണ്ടാകും. ചില കഥാപാത്രങ്ങൾ നമ്മൾ ആലോചിച്ച രീതിയിൽ തന്നെ പോയെന്ന് വരും. പക്ഷേ, ചില കഥാപാത്രങ്ങളൊക്കെ നമ്മുടെ പിടിവിട്ട് പോകും. ചില സവിശേഷ സന്ദർഭങ്ങളിൽ കഥാകൃത്ത് വിചാരിക്കുന്നതിനേക്കാളും, അല്ലെങ്കിൽ നിശ്ചയിച്ചതിനേക്കാളും മുകളിൽ കഥാപാത്രങ്ങൾ വളർന്നു വരികയും അവരുടേതായിട്ടുള്ള രീതിയിലൂടെ പോവുകയും ചെയ്യും.
ഉദാഹരണത്തിന് 'മരണവംശം' എന്ന നോവലിലെ കുഞ്ഞമ്മാർ എന്ന കഥാപാത്രം നാലാം അധ്യായത്തിൽ മരണപ്പെടണം എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, രോഗബാധിതയായി മരണത്തിലേക്ക് പോകുന്ന കുഞ്ഞമ്മാർ ആയിരുന്നു എഴുതുമ്പോൾ എൻ്റെ മനസ്സിൽ. പക്ഷേ അവർ, "കൊന്നാലും ഞാൻ ചാവൂല" എന്ന് തീരുമാനിക്കുകയും നോവൽ അവസാനിക്കും വരെ അവർ മരിക്കാതെ നിൽക്കുകയും ചെയ്തു എന്നുള്ളതാണ് അതിൻ്റെ ഏറ്റവും വലിയ രസം. എന്നെക്കാളും മുകളിൽ കുഞ്ഞമ്മാർ വളർന്നു. അങ്ങനെയും സംഭവിക്കും.
വൈകി സംഭവിച്ച നോവല്
ഒരെഴുത്തുകാരന്റെയുള്ളിൽ നോവലുണ്ടെങ്കിൽ അതയാൾ എഴുതുക തന്നെ ചെയ്യും. എത്ര വൈകിയാണെങ്കിലും അത് സംഭവിച്ചിരിക്കും. ഷാജികുമാറിന്റെ കാര്യത്തിലും അത് ശരിയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യനോവൽ തന്നെ 39 -ാം പതിപ്പിലെത്തി നിൽക്കുന്നത്.
'മരണവംശം' എന്ന നോവൽ എഴുതുന്നതിന് വളരെ വളരെ കാലം മുമ്പ് തന്നെ, ഒരുപക്ഷേ എന്റെ കുട്ടിക്കാലം തൊട്ടേ നോവൽ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നൊരാളാണ് ഞാൻ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എം. മുകുന്ദനെഴുതിയ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവൽ വായിച്ചതിൻ്റെ ആവേശത്തിൽ ഞാനുമൊരു നോവലെഴുതാനുള്ള സാഹസത്തിന് മുതിർന്നു.
വീടിൻ്റെ മുന്നിൽ ഒരു കള്ളിച്ചര പുഴയുണ്ട്. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' പോലെ 'കണ്ണിച്ചിറപ്പുഴയുടെ തീരങ്ങളിൽ' എന്ന തലക്കെട്ടിട്ട് നോവലെഴുത്ത് തുടങ്ങി. രണ്ടോ മൂന്നോ അധ്യായങ്ങളെഴുതിക്കഴിഞ്ഞപ്പോൾ ഞാൻ തന്നെ ബോറടിച്ച് അവസാനിപ്പിക്കുകയും ചെയ്ത ഒരു 'എഴുത്തുകളി'യായിരുന്നു അത്.
നോവൽ എഴുതാനുള്ള സാവകാശമോ ക്ഷമയൊ ഒന്നുമില്ലാത്തയാളാണ് ഞാൻ. അതുകൊണ്ട് നോവൽ എഴുത്ത് വൈകിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്. എൻ്റെ പല കഥകളും വായിക്കുമ്പോൾ അതിലൊരു നോവലിൻ്റെ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. പാകിസ്ഥാനിലേക്ക് സ്ഥലമന്വേഷിച്ചു പോകുന്ന രമേശിൻ്റെ കഥ പറയുന്ന 'സ്ഥലം', ഇറാഖിൽ അമേരിക്കൻ പട്ടാളത്തിന് വേണ്ടി ജോലി ചെയ്യുന്ന നാട്ടുകാരായിട്ടുള്ള ചെറുപ്പക്കാരുടെ അനുഭവം പറയുന്ന 'ആനന്ദം', ആണുങ്ങൾക്ക് വേണ്ടി ഔഷധം നിർമ്മിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന 'സുഖം', അതിലൊക്കെ കുറച്ചുകൂടി വർക്ക് ചെയ്താൽ അതൊരു നല്ല നോവലായി മാറിയേനെ എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ എന്നോ നോവലിലേക്ക് മാറ്റാമായിരുന്നു. അത് ചെയ്യാത്തതിനുള്ള പ്രധാന കാരണം അങ്ങനെ ഇരിക്കാനുള്ള മടികൊണ്ടാണ്.
അങ്ങനെ ഒരു ഘട്ടത്തിൽ മടിപിടിച്ചിരിക്കാൻ പറ്റാത്തവണ്ണം എഴുതാൻ തോന്നിയപ്പോൾ സംഭവിച്ചിട്ടുള്ള എഴുത്താണ് 'മരണവംശം'. നോവലെഴുതാൻ ഞാനായി വൈകി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നോവൽ എഴുതുമ്പോൾ കിട്ടുന്ന ഒരു ഗുണം നമുക്ക് ഒരുപാട് കഥകൾ ഒരു ആശയത്തിൽ പറയാൻ പറ്റും എന്നതാണ്. ഒരുപാട് ജീവിതങ്ങൾ ആഖ്യാനിക്കാൻ പറ്റും. ഒരുപാട് ദർശനങ്ങൾ കൊണ്ടുവരാൻ പറ്റും. ഇതൊക്കെയാണ് നോവൽ എഴുത്തിൻ്റെ ഏറ്റവും വിശാലാർത്ഥത്തിലുള്ള പ്രത്യേകത.












