തമിഴകത്ത് ചുവടുവയ്ക്കാനുള്ള ആദ്യ പടിയായി ബിജെപി രജനിയെ കണ്ടത് രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ്. എങ്ങനെയെങ്കിലും ഡിഎംകെ അധികാരത്തില്‍ എത്തുന്നത് തടയുക. അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം നിന്ന് ശശികലയുടെ വരവോടെ പാര്‍ട്ടിയെ പിളര്‍ത്തി ഇല്ലാതാക്കുക. ദ്രാവിഡ പാര്‍ട്ടികളുടെ പതനം പൂര്‍ണമാകാതെ തമിഴകത്ത് ചുവടുവയ്ക്കാനാകില്ലെന്ന കൃത്യമായ ധാരണയിലാണ് ബിജെപി. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ ബിജെപി നേതാക്കള്‍ മടിച്ചതും ഇതിനാല്‍ തന്നെ. സൂപ്പര്‍താര ഇമേജുള്ള രജനിയെ മുന്‍നിര്‍ത്തി ഡിഎംകെയുടെ അധികാര സ്വപ്നം നിഷ്പ്രഭമാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ താരത്തിന്റെ പിന്‍മാറ്റത്തോടെ പുതിയ കരുനീക്കങ്ങളിലാണ് ബി.ജെ.പി.

 


 

 

തമിഴകത്ത് വീണ്ടും കളംപിടിച്ചു തുടങ്ങിയിരുന്ന താരകേന്ദ്രീകൃത രാഷ്ട്രീയത്തിന് തിരശീല വീഴുകയാണോ? ആരോഗ്യ പ്രശ്‌നം കാരണം രാഷ്ട്രീയത്തിലേക്കില്ലെന്ന സൂപ്പര്‍ താരം രജനീകാന്തിന്റെ പ്രഖ്യാപനം തമിഴ് രാഷ്ട്രീയത്തെ പുതിയ പ്രതിസന്ധിയുടെ മുറ്റത്ത് നിര്‍ത്തിയിരിക്കുകയാണ്. ഈ തീരുമാനം കേട്ട് രജനി ആരാധകരേക്കാള്‍ വേദനിക്കുന്നത് ബിജെപിയാകും. ആശ്വസിക്കുന്നത് രണ്ട് ദ്രാവിഡ പാര്‍ട്ടികളും.

രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന തമിഴക രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നതായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണെന്ന രജനിയുടെ പ്രഖ്യാപനം. മറ്റൊരു സൂപ്പര്‍ താരം കമല്‍ഹാസനും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഇറങ്ങിയതോടെ, തമിഴ്‌നാട് വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ് എന്ന അവസ്ഥ വന്നിരുന്നു. ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്തേക്ക് താരസാന്നിധ്യം നിറയുകയും, ദ്രാവിഡ രാഷ്ട്രീയത്തെ പിളര്‍ത്തി തമിഴകത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതിനിടയിലാണ്, സിനിമാറ്റിക് രീതിയില്‍ രജനിയുടെ പിന്‍മാറ്റം. 

 

........................................................

Read more: ആരോ​ഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പ്; രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപന പിന്മാറ്റത്തിന്‍റ കാരണം

 

രജനിയുടെ പിന്‍മാറ്റം

സമാധാനപരമായ ജീവിതത്തിന് എന്നും പ്രാധാന്യം നല്‍കിയിരുന്ന രജനികാന്ത് പ്രസ്താവനകള്‍ക്കപ്പുറം പ്രയോഗിക രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എപ്പോഴും മടിച്ചിരുന്നു. ആര്‍എസ്എസിന്റെ വലിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് മടിച്ചാണെങ്കിലും രാഷ്ട്രീയ പ്രവേശനത്തിന് സൂപ്പര്‍താരം സമ്മതം മൂളിയത്. പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ രജനി വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും അതോടൊപ്പം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രഖ്യാപന തീയതി അടുത്തിരിക്കേ അദ്ദേഹം അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. 

കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ 'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, അദ്ദേഹത്തിന്റെ പിന്‍മാറ്റ പ്രസ്താവന വരുന്നത്. ''ദൈവം നല്‍കിയ മുന്നറിയിപ്പായാണ് ഞാന്‍ ഇതിനെ കാണുന്നത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രം പ്രചരണം നടത്തിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനോ വലിയ വിജയം നേടാനോ കഴിയില്ല. രാഷ്ട്രീയാനുഭവം ഉള്ള ആരും ഈ യാഥാര്‍ത്ഥ്യം തള്ളിക്കളയില്ല'' - എന്നാണ്  ട്വീറ്റ് ചെയ്തത്. 

ആത്മീയരാഷ്ട്രീയം എന്നതായിരുന്നു രജനിയുടെ ബ്രാന്‍ഡ്. സുതാര്യതയിലൂന്നിയ രാഷ്ട്രീയം എന്നതാണ് ഇതിനര്‍ത്ഥമെന്ന് രജനീകാന്ത് പിന്നീട് വിശദീകരിക്കുകയും ചെയ്തു. ഹിന്ദുത്വരാഷ്ട്രീയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ എത്രത്തോളം ചലനമുണ്ടാക്കാനാകും എന്നതില്‍ രാഷ്ട്രീയനിരീക്ഷകര്‍ തന്നെ സംശയം പ്രകടിപ്പിച്ചതാണ്. ഓട്ടോറിക്ഷയാകും ചിഹ്നം, മക്കള്‍ സേവൈ കക്ഷിയെന്ന് പേരിട്ടേക്കുമെന്നെല്ലാം അഭ്യൂഹങ്ങള്‍ ഉയര്‍ന്ന, മാധ്യമങ്ങള്‍ വലിയ രീതിയില്‍ കാത്തിരുന്ന രാഷ്ട്രീയപ്രഖ്യാപനമാണ് ആന്റിക്ലൈമാക്‌സിലെത്തിയത്. 
                   
കമല്‍ഹാസനൊപ്പം മൂന്നാം മുന്നണിയായി വോട്ടുചോദിച്ച്, ശക്തിപ്രകടനം നടത്തിയശേഷം, തിരഞ്ഞെടുപ്പാനന്തരം ബിജെപിയുമായി സഹകരണം ആണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹൈദരാബാദ് അപ്പോളോയിലെ ചികിത്സ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. 'അണ്ണാത്തെ' സിനിമയുടെ ലൊക്കേഷനില്‍ കൊവിഡ് സ്ഥിരീകരിച്ചതും, ഡോക്ടര്‍മാരുടെ നിര്‍ദേശവും ദൈവത്തിന്റെ മുന്നറിയിപ്പായാണ് താരം വിശേഷിപ്പിച്ചത്. 


.......................................

Read more: അമിത് ഷാ നേരിട്ടെത്തിയുള്ള മാരത്തണ്‍ ചര്‍ച്ചകള്‍, വഴങ്ങാതെ രജനീകാന്ത്; തമിഴകം പിടിക്കാന്‍ നിര്‍ണായക നീക്കം


 

ബി.ജെ.പിയുടെ പുതുതന്ത്രങ്ങള്‍

തമിഴ്കത്തിന്റെ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ച നിര്‍ണായക ശക്തിയായ ദ്രാവിഡ രാഷട്രീയത്തിന്റെ തകര്‍ച്ചയുടെ തുടക്കമായാണ് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ വിലയിരുത്തിയിരുന്നത്. ആരാധകരുടെ പിന്‍ബലത്തിനൊപ്പം യുവവോട്ടര്‍മാര്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ പിന്തുണയും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഡിഎംകെയുടെ വോട്ടുചോര്‍ച്ചയായിരുന്നു ഇതിനാധാരമായ പ്രധാന വസ്തുത. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളുമായി രജനി കളം നിറയുമെന്ന് മുഖ്യമന്ത്രി പളനിസ്വാമിയും ആശങ്കപ്പെട്ടിരുന്നു. 

തമിഴകത്ത് ചുവടുവയ്ക്കാനുള്ള ആദ്യ പടിയായി ബിജെപി രജനിയെ കണ്ടത് രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ്. എങ്ങനെയെങ്കിലും ഡിഎംകെ അധികാരത്തില്‍ എത്തുന്നത് തടയുക. അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം നിന്ന് ശശികലയുടെ വരവോടെ പാര്‍ട്ടിയെ പിളര്‍ത്തി ഇല്ലാതാക്കുക. ദ്രാവിഡ പാര്‍ട്ടികളുടെ പതനം പൂര്‍ണമാകാതെ തമിഴകത്ത് ചുവടുവയ്ക്കാനാകില്ലെന്ന കൃത്യമായ ധാരണയിലാണ് ബിജെപി. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ ബിജെപി നേതാക്കള്‍ മടിച്ചതും ഇതിനാല്‍ തന്നെ. സൂപ്പര്‍താര ഇമേജുള്ള രജനിയെ മുന്‍നിര്‍ത്തി ഡിഎംകെയുടെ അധികാര സ്വപ്നം നിഷ്പ്രഭമാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ താരത്തിന്റെ പിന്‍മാറ്റത്തോടെ പുതിയ കരുനീക്കങ്ങളിലാണ് ബി.ജെ.പി.

ജനുവരി 27ന് ശശികല ജയില്‍മോചിതയാകും. അമ്മ മക്കള്‍ മുന്നേറ്റ കഴകം ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല. പാര്‍ട്ടിയില്‍ അസംതൃപ്തനായ ഒ പനീര്‍സെല്‍വത്തെ ഒപ്പമെത്തിച്ച് ഡിഎംകെയെ പിളര്‍ത്താമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ദിനകരന് അര്‍ഹമായ പ്രാധാന്യം നല്‍കി പുതിയ പാര്‍ട്ടിയും അതുവഴി അണ്ണാ ഡിഎംകെ വോട്ട് ബാങ്കുകളുടെ ചോര്‍ച്ചയും പതനവുമായിരുന്നു ബിജെപി ലക്ഷ്യം. വെച്ചത്. എന്നാല്‍ രജനികാന്ത് പിന്‍മാറിയതോടെ ഈ നീക്കങ്ങള്‍ നിലയ്ക്കുകയാണ്. 

എന്നാലും, ഡിഎംകെയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യം പുതിയ മാര്‍ഗങ്ങളിലൂടെ കൈവരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കമല്‍ഹാസന്റെ പ്രചാരണം ഡിഎംകെയുടെ വോട്ടുചോര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ശശികല പക്ഷത്തെ ഒരുമിച്ച് നിര്‍ത്തി അണ്ണാഡിഎംകെയിലെ ഭിന്നത പരിഹരിക്കാനാണ് പുതിയ ആലോചന. അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിന്ന് വളര്‍ന്ന് പിന്നീട് പാര്‍ട്ടിയെ തളര്‍ത്താമെന്നും ബിജെപി ലക്ഷ്യമിടുന്നു.