Asianet News MalayalamAsianet News Malayalam

പക്ഷികളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു മനുഷ്യനുണ്ട്, ബാല്‍ പാണ്ഡ്യന്‍!

യുഎഇയില്‍ ജോലി ചെയ്യുന്ന, സിറ്റിസൺ സയൻസിന്‍റെ പ്രചാരകനും ഒപ്പം സാമൂഹിക മാധ്യമങ്ങളില്‍ പരിസ്ഥിതിയെ കുറിച്ചും ജീവജാലങ്ങളെ കുറിച്ചും കുറിപ്പുകളെഴുതുന്ന കിരണ്‍ കണ്ണന്‍, ബാൽ പാണ്ഡ്യനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം. 

Bal pandian the man in Tamil Nadu who loves birds like his children writeup by kiran kannan bkg
Author
First Published Oct 17, 2023, 6:22 PM IST

ന്ത്യന്‍ ഉപഭൂഖണ്ഡം ഏറെ വൈവിധ്യം നിറഞ്ഞ ഒന്നാണ്. ഈ വൈവിധ്യത്തിലേക്ക് അങ്ങ് സൈബീരിയില്‍ നിന്ന് വരെ പക്ഷികള്‍ പറന്നെത്തുന്നു. അതിഥികളെ സത്ക്കരിക്കുന്നത് സംസ്കാരത്തിന്‍റെ ഭാഗമാക്കിയ ജനത പക്ഷികളെയും സ്വീകരിച്ചു. അവയെ തന്‍റെ മക്കളെ പോലെ വളര്‍ത്തിയ ഒരു മനുഷ്യനുണ്ട്, ഇങ്ങ് ദക്ഷിണ തമിഴ്‌നാട്ടിൽ കൂന്തങ്കുളം പക്ഷി സങ്കേതത്തിന് സമീപത്ത്, പേര് ബാൽപാണ്ഡ്യൻ. യുഎഇയില്‍ ജോലി ചെയ്യുന്ന, സിറ്റിസൺ സയൻസിന്‍റെ പ്രചാരകനും ഒപ്പം സാമൂഹിക മാധ്യമങ്ങളില്‍ പരിസ്ഥിതിയെ കുറിച്ചും ജീവജാലങ്ങളെ കുറിച്ചും കുറിപ്പുകളെഴുതുന്ന കിരണ്‍ കണ്ണന്‍, ബാൽ പാണ്ഡ്യനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം. 

Bal pandian the man in Tamil Nadu who loves birds like his children writeup by kiran kannan bkgBal pandian the man in Tamil Nadu who loves birds like his children writeup by kiran kannan bkg

(കൂന്തങ്കുളം പക്ഷി സാങ്കേതത്തില്‍ നിന്നുള്ള ചിത്രം. ഫോട്ടോഗ്രാഫര്‍: ജിമ്മി കമ്പല്ലൂര്‍)

കിളിയച്ഛൻ ! 

ബാൽ പാണ്ഡ്യൻ എന്ന ഈ മനുഷ്യനെ അറിയാമോ??? 
വള്ളിത്തായ് എന്ന കിളിയമ്മയെ...??
ദക്ഷിണ തമിഴ്‌നാട്ടിൽ, നമ്മുടെ സഹ്യപർവതവും കഴിഞ്ഞ് സദാ കാറ്റ് വീശുന്ന നാഗർകോവിൽ ജില്ലയിൽ ദേശാടകരായ ജലപ്പക്ഷികളുടെ ഒരു വലിയ സങ്കേതമുണ്ട്.
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ജലപക്ഷികൾ പ്രജനനത്തിനായി എത്തുന്ന പ്രദേശമാണ് കൂന്തങ്കുളം പക്ഷി സങ്കേതം! 
നാഗർകോവിലിൽ മഴക്കാലം തുടങ്ങുന്നത് നവംബർ അവസാനം മുതലാണ്. ഡിസംബർ മുതൽ ജൂൺ വരെ കൂന്തങ്കുളം ഗ്രാമത്തിലെ ഒരു ചതുരശ്ര കിലോമീറ്ററോളം പോന്ന, പതിഞ്ഞ ഭൂമേഖലയിൽ വെള്ളം കെട്ടി നിൽക്കും.
ചെറിയ തുരുത്തുകളും മരങ്ങളും കുറ്റിച്ചെടികളുമെല്ലാം അന്നേരം ദേശാടനപക്ഷികൾ കയ്യടക്കും.
ഇരുന്നൂറ് കൊല്ലമെങ്കിലുമായി ഇന്നാട്ടിലിങ്ങനെ ദേശാടന പക്ഷികൾ വിരുന്ന് വരാൻ തുടങ്ങിയിട്ട്. മഴയോടൊപ്പമാണ് ദേശാടനക്കിളികളുടെ വരവ്, പൊതുവെ മഴ കുറവായ നാട്ടിൽ മഴയോടൊപ്പം വരുന്ന കിളികളെ ഗ്രാമീണർ ഭാഗ്യചിഹ്നങ്ങളായി കരുതി.
ദശാബ്ദങ്ങൾക്ക് മുൻപേ നാട്ടുകാരനായ ബാൽപാണ്ഡ്യനും അദ്ദേഹത്തിന്‍റെ ഭാര്യ വള്ളിത്തായും കിളികൾക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി തുടങ്ങി.
കൂട്ടിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന കിളിക്കുഞ്ഞുങ്ങളെ വീട്ടിൽ കൊണ്ടുപോയി വളർത്തി വലുതാക്കി പറത്തിവിട്ടു, കയ്യിൽ നിന്ന് പണം മുടക്കി മീൻ വാങ്ങി കൊടുത്തു...  നാട്ടുകാരെയും സർക്കാരിനെയും കൂന്തങ്കുളം ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിക്കേണ്ടതിന്‍റെ ആവശ്യം ബോധിപ്പിച്ചു. 
പക്ഷിവേട്ടക്കാരെ നാട്ടുകാരോടൊപ്പം ചേർന്ന് ഓടിച്ചു വിട്ടു.
കുഞ്ഞുനാൾ മുതലേ തന്‍റെ അച്ഛനൊപ്പം മീൻ പിടിക്കാൻ പോയി, വെള്ളചതുപ്പുകളിൽ കിളികളെ കണ്ട് കൊതിച്ചു സ്നേഹിച്ചു വളർന്നതാണ് ബാൽപാണ്ഡ്യന്‍റെ മനസ്സ്.  
പലനാടുകളിൽ നിന്നും വിഖ്യാതരായ പക്ഷി നിരീക്ഷകർ മേഖലയിൽ വരുമായിരുന്നു. ബാൽ പാണ്ഡ്യൻ അവരുടെയൊക്കെ പുറകെ നടന്നു.
സാക്ഷാൽ സലിം ആലിയാണ് ബാൽ പാണ്ഡ്യന് ആദ്യമായി കിളികളെയൊക്കെ പറഞ്ഞു കൊടുക്കുന്നത്.  
ഔപചാരികമായ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്നിട്ടും അദ്ദേഹം കൂന്തങ്കുളം ഗ്രാമത്തിൽ വരുന്ന ഓരോ പക്ഷികളുടെയും പേരുകൾ പഠിച്ചെടുത്തു.   
1994 -ൽ തമിഴ്‌നാട് സർക്കാർ കൂന്തങ്കുളം പക്ഷിസാങ്കേതമായി പ്രഖ്യാപിച്ചത് മുതൽ ബാൽപാണ്ഡ്യൻ പക്ഷിസങ്കേതത്തിലെ വാച്ചറായി ജോലി ചെയ്യുന്നു.   
അറുപതും എൺപതുമെല്ലാം എണ്ണം കൂട്ടിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന കിളിക്കുഞ്ഞുങ്ങളും പരസ്പരം കലഹിച്ച് പരിക്ക് പറ്റിയ കിളികളും സീസണായാൽ ബാൽപാണ്ഡ്യന്‍റെയും ഭാര്യ വള്ളിത്തായുടെയും വീട്ടിൽ ചികിത്സയ്ക്കുണ്ടാവും. 
കിളികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ പോറ്റി പറത്തിവിടുന്ന നാല് കൈകള്‍.  
പക്ഷിനിരീക്ഷകരായി കൂടുതൽ ടൂറിസ്റ്റുകൾ വന്നു തുടങ്ങിയതോടെ കൂന്തക്കുളം എന്ന കുഗ്രാമം ഇന്ത്യയിലെ പാരിസ്ഥിതിക ഭൂപടത്തിലെ ഒരു പ്രധാന ഇടമായി മാറി.
പക്ഷി സംരക്ഷണത്തിനോടൊപ്പം വള്ളിത്തായ്, കൂന്തങ്കുളം ഗ്രാമത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പല പദ്ധതികൾക്കും നേതൃത്വം നൽകി.    
ഇന്ന് 19 ഇനം വിദേശ പക്ഷിയിനങ്ങളും 173 ഇനം ഇന്ത്യൻ ജലപക്ഷികളും ബ്രീഡിംഗ് സീസണിൽ മുടങ്ങാതെയെത്തുന്ന ഇടമാണ് ഈ കുഞ്ഞു ഗ്രാമം.  
2008 ജൂലൈ 17 -ന്  ഹൃദ്രോഗത്തെ തുടർന്ന് ബാൽപാണ്ഡ്യനെ തനിച്ചാക്കി വള്ളിത്തായ് മരിച്ചുപോയി.  
സലീം അലി വർഷങ്ങളോളം നിരീക്ഷിച്ച് രേഖപ്പെടുത്തിയ കിളിയിനങ്ങളെക്കാൾ കൂടുതൽ സ്പീഷീസ് പക്ഷികൾ ഇവിടെ ഇന്ന് വിരുന്ന് വരുന്നുണ്ട് എന്ന് ബാൽപാണ്ഡ്യൻ വിരലെണ്ണി പറയുന്നു! 
ഞാനും ബിനീഷും അതുലും കൂടി കൂന്തങ്കുളം ഗ്രാമത്തിലെ ചെറുവഴികളിലേക്ക് കടന്നപ്പോഴേക്കും കേരളാ രജിസ്‌ട്രേഷൻ വണ്ടി കണ്ട് ബാൽപാണ്ഡ്യൻ ഏതൊക്കെയോ ഊട് വഴികളിലൂടെ തന്‍റെ മോപ്പഡിൽ ഞങ്ങൾക്ക് അടുത്തേക്ക് പാഞ്ഞെത്തി.     
മഴ വൈകുന്നതിന്‍റെ സങ്കടം പറഞ്ഞു. 
സ്വന്തം 'കിളിമക്കളെ' കാണാൻ വൈകുന്നതിന്‍റെ അക്ഷമ അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നു. 
എന്തോ, എന്നെ വായിക്കുന്ന കുറച്ചു ചങ്ങാതിമാർക്ക് വേണ്ടിയും, എനിക്ക് തന്നെയും ബാൽപാണ്ഡ്യനെ മറക്കാതിരിക്കാനും ഈ കുറിപ്പ് ഇവിടെ എഴുതിയിടണം എന്ന് തോന്നി.
വെള്ളിത്തതായ്‌ മാത്രമേ പോയിട്ടുള്ളൂ... 
പാണ്ഡ്യൻ, നിങ്ങൾ തനിച്ചല്ല.
ജലപക്ഷികളുടെ ആർദ്രഭൂമികളിൽ എഴുന്നു നിൽക്കുന്ന വൃക്ഷമാണ്.   
നിങ്ങളുടെ സ്നേഹച്ചില്ലകളിൽ അനേകായിരം ജലപക്ഷികൾ കൂട് വച്ചിട്ടുണ്ട്.

സ്നേഹപൂർവം: കിരൺ കണ്ണൻ

 

 

Follow Us:
Download App:
  • android
  • ios