ട്രംപിന്റെ ഭീഷണികൾ കാല്പനികമായിരുന്നില്ല. കാനഡയെ 'അമേരിക്കയുടെ 51 -ാമത്തെ സംസ്ഥാനമായി മാറ്റാം' എന്ന സന്ദേശങ്ങൾ കാനഡക്കാരെ ഭയപ്പെടുത്തി. അതോടെ, ജനങ്ങളുടെ മനസ്സിൽ ഭരണകൂടം മാറണമെന്ന് തോന്നലുണ്ടായി. അതിന്റെ വഴി ട്രംപിനെ പിന്തുടരുന്ന പോളിയെവല്ല എന്ന ധാരണയും ജനങ്ങളിൽ ശക്തമായി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പിൽ നിന്ന് ഊർജ്ജം സംഭരിച്ചാണ് കാനഡയിൽ കൺസർവേറ്റീവ് പാർട്ടി ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കീഴിൽ ‘കാനഡ തകർന്നുപോയിരിക്കുന്നു‘ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിയേർ പോളിയേവിന്റെ നിരന്തര മുദ്രാവാക്യം. വിലക്കയറ്റമടക്കം ആഭ്യന്തര പ്രശ്നങ്ങളിൽ പൊറുതിമുട്ടിയ പലരും അതിനെ പിന്തുണച്ചു.

കാർബൺ നികുതി ഒഴിവാക്കുക, കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ധനസഹായം നിർത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി, വീടുനിർമാണം തടയുന്ന ‘ഗേറ്റ്‌കീപ്പർമാർ’ക്കെതിരെ പോരാടൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളോടെ പോളിയെവ് ഒരു ശക്തമായ കൺസർവേറ്റീവ് കൂട്ടായ്മ ഒരുക്കി. മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ അടുത്ത പ്രധാനമന്ത്രി പോളിയെവ് ആകുമെന്ന വിശ്വാസവും ശക്തമായി. സർവേകളിൽ കൺസർവേറ്റീവ് പാർട്ടിക്ക് 30 പോയിന്റുവരെ ലീഡുമുണ്ടായിരുന്നു. 

ജനുവരിയിൽ ട്രൂഡോ സ്ഥിതി മനസ്സിലാക്കി രാജിസന്നദ്ധത പ്രഖ്യാപിച്ചു. ലിബറലുകൾ പുതിയ നേതാവിനെ തേടാൻ ഒരുങ്ങി. അപ്പോഴാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിൽ എത്തിയതും, ഏറ്റവും അടുത്ത പങ്കാളിയായ കാനഡക്ക് നേരെ തിരിഞ്ഞതും. ലിബറൽ പാർട്ടി, രാഷ്ട്രീയത്തിൽ പുതുമുഖമായ മാർക്ക് കാർണിയെ നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി മാർച്ചിൽ ചുമതലയേൽക്കുകയും ചെയ്തു. 

കാനഡക്കെതിരെ ട്രംപ് നടത്തിക്കൊണ്ടിരുന്ന പരാമർശങ്ങൾ ഒരു സുവർണാവസരമായി തിരിച്ചറിഞ്ഞ കാർണി ജനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. എന്നാൽ, ട്രംപ് കാനഡക്കെതിരെ തീരുവകൾ പ്രഖ്യാപിച്ചതും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കും എന്ന തരത്തിലുള്ള ഭീഷണികൾ ഉയർത്തിത്തുടങ്ങിയതും കാനഡയിൽ ആശങ്ക പരത്തിയപ്പോൾ അതുവരെ പടുകുഴിലായിരുന്ന ലിബറലുകൾ കരകയറാൻ തുടങ്ങിയതാണ് സമീപകാലരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്. 

അമേരിക്കയ്ക്കെതിരെ തിരിച്ചടി തീരുവ പ്രഖ്യാപിച്ചും, ശക്തമായ പരാമർശങ്ങൾ നടത്തിയും കാർണി കനേഡിയൻ ജനതയെ ഒരുമിപ്പിച്ചു. അതോടെ കൺസർവേറ്റീവ് പിന്തുണ തകർന്നുവീണു.

മാർക്ക് കാർണി നയിച്ച ലിബറൽ പാർട്ടി, ട്രംപിനെതിരായ സന്ദേശം ആറ് ആഴ്ചയിലധികമായി ശക്തമായി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട്, ചരിത്രത്തിൽ അപൂർവമായ രീതിയിൽ 30 പോയിന്റ് ലീഡോടെ തിരിച്ചുവരവ് നടത്തിയത് അസാധാരണമായ ഒരു സംഭവമാണ്. 

പോളിയേവിന്റെ കടുത്ത മാഗാ-ശൈലി സമീപനം പ്രോഗ്രസ്സിവ് വോട്ടർമാരെ ഭയപ്പെടുത്തുകയും ഇടതുപക്ഷത്തിലുള്ള എൻഡിപിയിലും ബ്ലോക്ക് ക്യൂബെക്വായിൽ നിന്നുള്ള വോട്ടുകൾ ലിബറൽ പാർട്ടിയിലേക്ക് ചൊരിയുകയുമുണ്ടായി.

ട്രംപിന്റെ ഭീഷണികൾ കാല്പനികമായിരുന്നില്ല. കാനഡയെ 'അമേരിക്കയുടെ 51 -ാമത്തെ സംസ്ഥാനമായി മാറ്റാം' എന്ന സന്ദേശങ്ങൾ കാനഡക്കാരെ ഭയപ്പെടുത്തി. അതോടെ, ജനങ്ങളുടെ മനസ്സിൽ ഭരണകൂടം മാറണമെന്ന് തോന്നലുണ്ടായി. അതിന്റെ വഴി ട്രംപിനെ പിന്തുടരുന്ന പോളിയെവല്ല എന്ന ധാരണയും ജനങ്ങളിൽ ശക്തമായി.

പോളിയെവ് ട്രംപ് ട്രൂഡോയെ 'ഗവർണർ' എന്ന് വിളിച്ചപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ വിസമ്മതിച്ചു. അതിനിടെ കാർണിക്ക്, 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കാനഡ ബാങ്കിന്റെ ഗവർണറായും പിന്നീട് ബ്രെക്സിറ്റ് കാലത്ത് ബ്രിട്ടൻ ബാങ്കിന്റെ തലവനായും പ്രവർത്തിച്ച സാമ്പത്തിക വിദഗ്ധൻ എന്നതിന്റെ നേട്ടവും കിട്ടി.

ഒന്റാറിയോ പ്രവിശ്യയുടെ കൺസർവേറ്റീവ് പ്രീമിയർ ഡഗ് ഫോർഡ് ഇതിന്റെ കാരണങ്ങളെക്കുറിച്ച് ചില സൂചനകൾ നൽകിയിട്ടുണ്ട്. ട്രംപിന്റെ മുമ്പത്തെ പിന്തുണക്കാരനായ ഫോർഡ്, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യയുദ്ധത്തിൽ നിന്ന് ഒന്റാറിയോയേയും അതിലൂടെ കാനഡയേയും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് മൂന്നാമതും ഭൂരിപക്ഷം നേടിയിരുന്നു.

മാർച്ച് മാസത്തിൽ അദ്ദേഹം കാർണിയുമായി ടോറോണ്ടോയിലെ ഒരു ഡൈനറിൽ സൗഹൃദ കൂടിക്കാഴ്ച്ചയിലൂടെ സുഹൃത്തായി മാറി. ഫോർഡ് വോട്ടർമാരോട് കാർണി, ട്രൂഡോയെക്കാൾ വ്യത്യസ്തനാണെന്നും പ്രത്യേകിച്ച് സാമ്പത്തികരംഗത്ത് കൂടുതൽ ശക്തനാണെന്നും സൂചിപ്പിച്ചു. ഇത് സ്വതന്ത്രവോട്ടർമാരെ സ്വാധീനിച്ചു. 

കാർണി, ട്രൂഡോവിനെക്കാൾ മിതവാദിയാണെന്നും, ബിസിനസ്സിനോട് സൗഹൃദപരമായി പെരുമാറുന്ന രാഷ്ട്രീയ നേതാവാണെന്നും ദേശവ്യാപകമായി ചിത്രീകരിക്കപ്പെട്ടു. പക്ഷേ, അദ്ദേഹം ട്രൂഡോയെക്കാൾ അധികം പൊതുചെലവുകൾ വാഗ്ദാനം ചെയ്യുകയും, കാനഡയെ ഭാവിയിലെ വ്യാപാരയുദ്ധങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിർമാണമേഖലയെ ശക്തിപ്പെടുത്തണമെന്ന നിലപാടും അവതരിപ്പിച്ചു.

അവസാന ദിവസത്തിൽ പോലും ട്രംപ് കാനഡക്കാർക്ക് സന്ദേശമയക്കുകയും 'അമേരിക്കയുടെ പ്രിയപ്പെട്ട 51 -ാമത്തെ സംസ്ഥാനമായി മാറൂ' എന്ന അഭ്യർത്ഥന നടത്തുകയും ചെയ്‌തു. എന്നാൽ, കാനഡക്കാർക്ക് അതിൽ താൽപര്യമില്ല, എന്നതാണ് ഫലം വ്യക്തമാക്കുന്നത്.

ട്രംപിന്റെ പേര് കാനഡയിലെ വോട്ടെടുപ്പിൽ നേരിട്ട് ഉണ്ടായിരുന്നില്ലെങ്കിലും, തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ തോൽവിക്കാരനായി കാണപ്പെടുന്നത് അദ്ദേഹമാണ്.

കാർണിക്ക് മേൽ വലിയ വെല്ലുവിളികളുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കണം, വ്യാപാര തർക്ക ഭൂമിക മെയ്വ‍ഴക്കത്തോടെ നേരിടണം, ട്രംപ് എന്ന അതികായനുമായി ബന്ധം മെച്ചപ്പെടുത്തണം - ഇത്തരം പ്രതീക്ഷകളാണ് കാനഡയിലെ ജനങ്ങൾ കാർണിയിൽ കാണുന്നത്. 

കാനഡയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് മാർക്ക് കാർണിയിൽ നിക്ഷിപ്തമായിട്ടുള്ളത്. ഈ വിജയം കാനഡയിലെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, യു.എസ്.-കാനഡ ബന്ധങ്ങളെയും ഭാവിയിൽ നിർണ്ണയിച്ചേക്കാം.