''എന്ത് പറയാനാടോ? വെള്ളം കയറിയ സമയത്ത് വള്ളത്തിലാണ് അമ്മച്ചിയെ കൊണ്ടുപോയത്. ഇവിടുള്ള വീടുകള്‍ മുഴുവന്‍ മണ്ണും ചെളിയുമാണ്.  വീടിന്റെ കുടിവെള്ളടാങ്ക് മുഴുവന്‍ മണ്ണ് നിറഞ്ഞിരിക്കുന്നു. സെപ്ടിക്ക് ടാങ്കുകള്‍ പൊട്ടിയൊലിക്കുന്നു. ടോയ്ലറ്റില്‍ പോകാന്‍ നിവൃത്തിയില്ല. വൃത്തിയാക്കാന്‍ 5000 രൂപയോളം ചോദിക്കുന്നു. പണിയില്ലാത്ത ഈ അവസ്ഥയില്‍ ഞാന്‍ അത്രയും പൈസാ എവിടുന്നു കൊടുക്കുമെടോ.''

ചെല്ലാനം കമ്പനിപ്പടിയിലെ നോബിയുടെ വാക്കുകളില്‍ കലങ്ങിമറിഞ്ഞ ഒരു ഭാവിയുടെ അരക്ഷിതാവസ്ഥ മുഴുവനുമുണ്ട്. 

കരയില്‍ പിടിച്ചിട്ട മീനിനെ കണ്ടിട്ടുണ്ടോ? 

പ്രാണവായുവിനായ് പിടഞ്ഞ് പിടഞ്ഞ് ഒരിറ്റ് ജീവജലം തേടുന്ന മൃതപ്രാണരായ മനുഷ്യരെ അറിഞ്ഞിട്ടുണ്ടോ? 

ഇല്ലെങ്കില്‍, ചെല്ലാനത്ത് നിങ്ങളൊന്നു വരണം. ജീവിക്കാന്‍ പടവെട്ടുന്നവരുടെ ലോകമെന്തെന്ന് നിങ്ങള്‍ക്ക് കണ്‍മുന്നില്‍ കാണാം. സ്വന്തം ഇടങ്ങള്‍ കടല്‍ കൊണ്ടുപോയവരുടെ കണ്ണീരുറവകള്‍. ഏതു നിമിഷവും കടലെടുക്കാനിരിക്കുന്ന വീടുകളില്‍ കഴിയുന്നവരുടെ ആധികള്‍. കടലിന്റെ അനക്കം കാതോര്‍ത്ത് ഉറക്കമറ്റവരുടെ കണ്ണിലെ പകപ്പുകള്‍. ഇനിയൊരിക്കലും ജീവിതം പഴയതുപോലാവില്ല എന്ന തിരിച്ചറിവില്‍, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരുടെ വരള്‍ച്ചകള്‍. നിങ്ങള്‍ കണ്ടലുമില്ലെങ്കിലും, മനസ്സിലാക്കിയാലും ഇല്ലെങ്കിലും പ്രിയരെ, ചെല്ലാനം ഇപ്പോള്‍ അങ്ങനെയൊരു ദേശമാണ്!

...................................

Read more: മണിക്കൂറുകള്‍ക്കകം റോഡുകള്‍ കടലെടുത്തു, വീടുകള്‍ക്കുള്ളിലൂടെ കടല്‍വെള്ളം പാഞ്ഞിറങ്ങി!
 
രണ്ട്

മടിച്ചുമടിച്ചാണ് ഞാനദ്ദേഹത്തിന്റെ ഫോണിലേയ്ക്ക് വിളിച്ചത്.  എന്തു പറഞ്ഞാണ് സംസാരം തുടങ്ങുകയെന്ന് എനിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. കടല്‍ക്ഷോഭത്തില്‍ വീടും കിടപ്പാടവും  തകര്‍ന്ന്, ഉടുതുണികള്‍ പോലും നഷ്ടപ്പെട്ട് ഒരു സുഹൃത്തിന്റെ വീട്ടില്‍ കുടുംബത്തോടെ അഭയം തേടിയിരിക്കുന്ന ഒരാളോട് എന്താണ് ചോദിക്കുക?

എങ്കിലും  വിളിച്ചു.

ഫോണിന്റെ അങ്ങേതലയ്ക്കല്‍ തളര്‍ന്ന ഒരു സ്വരം. 

'എന്ത് പറയാനാണ്. എല്ലാം പോയില്ലേ? അവിടെ വീടില്ല ചേച്ചി. ഭാവിയില്‍ കടലു കൊണ്ടുപോയാലും ഇല്ലെങ്കിലും ഇനി വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം. എവിടെയെങ്കിലും ഒരു വാടകവീട് തിരയണം. ജീവിക്കണം. അത്രയെ ഉള്ളു.'

പിന്നൊന്നും ചോദിക്കാന്‍ തോന്നിയില്ല. ഒന്നും കേള്‍ക്കാനും. എന്റെ നാവു ചലിച്ചില്ല.

അവര്‍ക്ക്  ഈ സമയം സഹതാപമല്ല സഹായമാണ് വേണ്ടതെന്ന് തിരിച്ചറിവുള്ള ഏതൊരാള്‍ക്കും ആ നിമിഷം വാക്കുകള്‍ക്ക് വേണ്ടി നന്നായി പരതേണ്ടിവരും

ഒന്നല്ല, ഈ നാട്ടിലെ ഒരുപാട് പേരുടെ നൊമ്പരങ്ങളാണ് എന്നോടിപ്പോള്‍ സംസാരിച്ച സിജന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. 

...................................

'എന്ത് പറയാനാണ്. എല്ലാം പോയില്ലേ? അവിടെ വീടില്ല ചേച്ചി. ഭാവിയില്‍ കടലു കൊണ്ടുപോയാലും ഇല്ലെങ്കിലും ഇനി വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം. എവിടെയെങ്കിലും ഒരു വാടകവീട് തിരയണം. ജീവിക്കണം. അത്രയെ ഉള്ളു.'

മൂന്ന്

തകര്‍ന്നു പോയ സ്വപ്നങ്ങളുടെ ചെളിക്കൂമ്പാരങ്ങളാണ് ചുറ്റിലും. അവിടെ കേടുപാടില്ലാത്ത എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് തിരയുന്നവരാണ് ഞങ്ങളുടെ നാട്ടിലിപ്പോള്‍. 

പട്ടിണി കിടന്നും സ്വരുക്കൂട്ടിയ കൊച്ചുകൊച്ചു സന്തോഷങ്ങളാണ് ചെളിക്കും  മണ്ണിനുമൊപ്പം ഇനി ഉപയോഗിക്കാനാവാതെ കിടക്കുന്നത്. കറിച്ചട്ടി മുതല്‍ വാഷിംഗ് മെഷീന്‍ വരെയും കുടിവെള്ളം മുതല്‍ കക്കൂസ് വരെയും ഉപയോഗശൂന്യമായ വസ്തുക്കളുടെ ലിസ്റ്റിലുണ്ട്.  

പലരുമിപ്പോഴും, സാമൂഹ്യ അകലവും ജാഗ്രതയും അനിവാര്യമായ ഈ കൊവിഡ് കാലത്തും, ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

'തിരിച്ചു പോയിട്ട് എന്തെടുത്തുടുക്കാനാണ്. അയയില്‍ കിടന്ന തുണി പോലും എടുക്കാന്‍ നേരം കിട്ടിയില്ല. ജീവനും കൊണ്ട് അവിടം വിട്ടതേയോര്‍മ്മയുള്ളൂ. ഗൊണ്ടുപറമ്പിലെ കടക്കാരന്‍ ചേട്ടന്‍ നീട്ടിയ തുണിയാണിപ്പോള്‍ ഉടുത്തിരിക്കുന്നത്.'' 

ദുരിതാശ്വാസ ക്യാമ്പിലിരുന്ന്  ഒരു സ്ത്രീ അടുത്തിരിക്കുന്ന കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു പറഞ്ഞു. സംസാരിക്കുമ്പോള്‍ ഓരോ വാക്കിനിടയിലും അവര്‍ തേങ്ങുന്നുണ്ടായിരുന്നു. ഒന്നുമറിയാത്ത ഇളയകുഞ്ഞ് അമ്മയെ മിഴിച്ചുനോക്കിക്കൊണ്ടു നിന്നു.

അന്നം തരുന്ന ഈ കടലിനോടും ജനിച്ചു വളര്‍ന്ന ഈ മണ്ണിനോടും യാത്ര പറഞ്ഞു എങ്ങോട്ടു പോകാനാണ് ഇവരൊക്കെ? വീടുപോലെ ഓരോ കടല്‍ക്ഷോഭ നേരത്തും പോയിപ്പോയി ചിരപരിചിതമായ ഈ ക്യാമ്പുകളല്ലാതെ മറ്റാരാണ് ഈ മനുഷ്യര്‍ക്ക് അഭയമാവുക? ഭരണകൂടമോ? 

...................................

'തിരിച്ചു പോയിട്ട് എന്തെടുത്തുടുക്കാനാണ്. അയയില്‍ കിടന്ന തുണി പോലും എടുക്കാന്‍ നേരം കിട്ടിയില്ല. ജീവനും കൊണ്ട് അവിടം വിട്ടതേയോര്‍മ്മയുള്ളൂ. ഗൊണ്ടുപറമ്പിലെ കടക്കാരന്‍ ചേട്ടന്‍ നീട്ടിയ തുണിയാണിപ്പോള്‍ ഉടുത്തിരിക്കുന്നത്.'' 

നാല്

ഉണ്ടായിരുന്ന വീടുകള്‍ മണ്ണോട് ചേര്‍ന്നിരിക്കുന്നു. ബാക്കിയായ വീടുകളാവട്ടെ കേടുപാടുകള്‍ വന്നിരിക്കുന്നു.  അവയില്‍ പലതിലും ഇനി കേറിത്താമസിക്കാനാവില്ല. കല്ലും കട്ടയും മരത്തടികളും മാത്രമാണ് വീടുകള്‍ എന്ന് ഞാനിപ്പോള്‍ വിളിച്ച ആ ഇടങ്ങള്‍. അതല്ലാത്ത മറ്റ് വീടുകളാവട്ടെ മണ്ണ് മാറ്റി, ചെളി കഴുകി വെടുപ്പാക്കി വൃത്തിയാക്കാന്‍ ഇനിയും നാളേറെ പിടിയ്ക്കും. 

എന്താണ് ഈ മനുഷ്യരോട് പറയുക? 

''എന്ത് പറയാനാടോ? വെള്ളം കയറിയ സമയത്ത് വള്ളത്തിലാണ് അമ്മച്ചിയെ കൊണ്ടുപോയത്. ഇവിടുള്ള വീടുകള്‍ മുഴുവന്‍ മണ്ണും ചെളിയുമാണ്.  വീടിന്റെ കുടിവെള്ളടാങ്ക് മുഴുവന്‍ മണ്ണ് നിറഞ്ഞിരിക്കുന്നു. സെപ്ടിക്ക് ടാങ്കുകള്‍ പൊട്ടിയൊലിക്കുന്നു. ടോയ്ലറ്റില്‍ പോകാന്‍ നിവൃത്തിയില്ല. വൃത്തിയാക്കാന്‍ 5000 രൂപയോളം ചോദിക്കുന്നു. പണിയില്ലാത്ത ഈ അവസ്ഥയില്‍ ഞാന്‍ അത്രയും പൈസാ എവിടുന്നു കൊടുക്കുമെടോ.''

ചെല്ലാനം കമ്പനിപ്പടിയിലെ നോബിയുടെ വാക്കുകളില്‍ കലങ്ങിമറിഞ്ഞ ഒരു ഭാവിയുടെ അരക്ഷിതാവസ്ഥ മുഴുവനുമുണ്ട്. 

''ചെള്ള കോരി നടുവൊടിഞ്ഞു. എങ്കിലും എല്ലാം വൃത്തിയാക്കണം. ഈ ചെളിയിലും ചേറിലും നിന്നു പണിയെടുക്കുന്നത് കൊണ്ടാവണം, പനിയും വയറിളക്കവും അലര്‍ജികളും എല്ലായിടത്തുമുണ്ട്.''

കരള് നോവുന്ന കാഴ്ച്ചകള്‍ ഇനിയുമേറെക്കണ്ടു, ഇക്കഴിഞ്ഞ ദിവസങ്ങളില്‍. നഷ്ടപ്പെട്ടതിന്റെ വലുപ്പം കണ്ട് കണ്ണുകള്‍ തുറിച്ചുപോവുന്നുണ്ട്, ഓരോ ദിവസവും. 

....................................

''ചെള്ള കോരി നടുവൊടിഞ്ഞു. എങ്കിലും എല്ലാം വൃത്തിയാക്കണം. ഈ ചെളിയിലും ചേറിലും നിന്നു പണിയെടുക്കുന്നത് കൊണ്ടാവണം, പനിയും വയറിളക്കവും അലര്‍ജികളും എല്ലായിടത്തുമുണ്ട്.''

അഞ്ച്

ആരുടെയൊക്കെയോ നല്ല മനസ്സാണ് ഇപ്പോള്‍ കിട്ടുന്ന ഭക്ഷണം. അതും കഴിച്ച്, താമസിക്കാനാവാതായ വീടുകളെ നോക്കി നെടുവീര്‍പ്പിടുക മാത്രമേ ഇപ്പോള്‍ ചെയ്യാനുള്ളൂ. അവിടെയുമുണ്ട് അടുക്കളകള്‍. മണ്ണും ചെളിയുമാണ് അതു മുഴുവനെന്നു മാത്രം.  എല്ലാം വൃത്തിയാക്കി, ആ അടുപ്പുകളില്‍ വല്ലതും പുകയാന്‍ ഇനിയുമെത്ര കാലം കഴിയണമെന്നോ...

''ലോണ്‍ എടുത്തും കടം വാങ്ങിയും ഒരു വീട് തട്ടിക്കൂട്ടിയുണ്ടാക്കാന്‍ തുടങ്ങിയതായിരുന്നു. വീടുപണിയ്ക്കുള്ള മെറ്റീരിയല്‍സ് എല്ലാം കടലെടുത്തു. ഇനി എവിടുന്നാണ് ഞാനിതൊക്കെ ഉണ്ടാക്കുക?'' 

കൈകള്‍ മലര്‍ത്തി കണ്ണു കലങ്ങിയുള്ള ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഹൃദയം എന്നൊരു സാധനം ഉള്ളവര്‍ എങ്ങനെയാണ് നില്‍ക്കുക? എങ്കിലും ഈ ദുരിതങ്ങളൊക്കെ കണ്‍മുന്നില്‍ നിറയുമ്പോഴും അധികാരികള്‍ക്കും വലിയ ആളുകള്‍ക്കും  ചെറിയ സങ്കടം പോലും വരുന്നേയില്ല. അത്ര കൂളായാണ് അവരീ മനുഷ്യരുടെ വിധിയെ കാണുന്നത്.  

.............................................

''ലോണ്‍ എടുത്തും കടം വാങ്ങിയും ഒരു വീട് തട്ടിക്കൂട്ടിയുണ്ടാക്കാന്‍ തുടങ്ങിയതായിരുന്നു. വീടുപണിയ്ക്കുള്ള മെറ്റീരിയല്‍സ് എല്ലാം കടലെടുത്തു. ഇനി എവിടുന്നാണ് ഞാനിതൊക്കെ ഉണ്ടാക്കുക?'' 

ആറ്

ഇന്നലെകളിലും ഉണ്ടായിരുന്ന കടല്‍ക്ഷോഭം. അന്നും വീടുകളും കിടപ്പാടങ്ങളും കടലെടുത്തിരുന്നു. എന്നാല്‍ അന്നുമിന്നും ഒരു പോലല്ല. അന്നൊക്കെ ചെളിയും മണ്ണും നിറഞ്ഞ വീടുകള്‍ കയ്യും മെയ്യും മറന്ന് വൃത്തിയാക്കാനും പുതുജീവിതം തുടങ്ങാനുമുള്ള സഹായങ്ങളുമായി ഒരു പാട് നല്ല മനുഷ്യര്‍ ഇവിടെയെത്തിയിരുന്നു. നന്‍മ മാ്രതമുള്ള സന്നദ്ധപ്രവര്‍ത്തകര്‍. തളരാത്ത അവരുടെ മനോവീര്യമാണ് ഈ കരയെ എന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്.  

എന്നാല്‍, ഇന്ന് അവരൊന്നുമില്ല. അവരെല്ലാം അവരവരുടെ വീടുകളിലാണ്. പുറത്തിറങ്ങിയാല്‍ പിടികൂടുന്ന പൊലീസുകാരെയും നോക്കി വീടുകളില്‍ നിസ്സഹായരായി ഇരിക്കുന്നു. കൊവിഡ് എന്ന മഹാമാരിയും ലോക്ക് ഡൗണും ചേര്‍ന്ന് എല്ലാ സഹായങ്ങളെയും  തടഞ്ഞുവെച്ചിരിക്കുകയാണ്. 

എന്നിട്ടുപോലും, എല്ലാം അവഗണിച്ച് ഈ നാടിന്റെ വേദനയോട് ചേര്‍ന്നുനില്‍ക്കാന്‍ ഓടിയെത്തുന്ന ചില സുമനസ്സുകള്‍ ഇപ്പോഴുമുണ്ട്. അവരും ഈ കരയിലെ മറ്റു മുഴുവന്‍ മനുഷ്യരും ഇപ്പോള്‍ കഠിനശ്രമങ്ങളിലാണ്.  കടല്‍ തകര്‍ത്തു തരിപ്പണമാക്കിയതെല്ലാം വൃത്തിയാക്കുകയാണ് അവര്‍. ചെളിയില്‍ പൂണ്ട പാദങ്ങള്‍  അടയാളപ്പെടുത്തിയ വഴികളില്‍ പുതുവെളിച്ചം തിരയുന്നവര്‍. നിരാശ ബാധിക്കാത്ത മനസ്സുമായി  ഒരേ മനസ്സോടെ അടഞ്ഞുപോയ  വഴികളെ തെളിയ്ക്കാന്‍  ആഞ്ഞുവെട്ടുന്നവര്‍. 

........................................

കടല്‍ തകര്‍ത്തു തരിപ്പണമാക്കിയതെല്ലാം വൃത്തിയാക്കുകയാണ് അവര്‍. ചെളിയില്‍ പൂണ്ട പാദങ്ങള്‍  അടയാളപ്പെടുത്തിയ വഴികളില്‍ പുതുവെളിച്ചം തിരയുന്നവര്‍.

ഏഴ്

മണ്ണിലും ചെളിയിലും പൂണ്ട് പോയ സ്വപ്നങ്ങളെ വീണ്ടും പടുത്തുയര്‍ത്താന്‍, ഇവര്‍ക്ക് വേണ്ടത് സുമനസ്സുകളുടെ കൈതാങ്ങാണ്. സുന്ദരമായ ഈ കൊച്ചുഗ്രാമത്തെ  ഭൂപടത്തില്‍ നാളേയ്ക്കായ് നിലനിര്‍ത്താന്‍, സര്‍ക്കാരിന്റെ  ചുവപ്പ് നാടയില്‍ കുരുങ്ങാത്ത,  കാലവിളംബം വരുത്താതെ നടപ്പിലാക്കേണ്ട ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികളാണ് ആവശ്യം.  

ഉള്ളം പിടഞ്ഞു കഴിയുന്ന ഈ മനുഷ്യരുടെ വേദനകളുടെ  മുനമ്പില്‍ നിന്നും ഹൃദയത്തില്‍ ഒരു നോവ് കലരാതെ  ഒരാള്‍ക്കും മടങ്ങാനാവില്ല.