കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞർ അതുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ ഗവേഷണം തുടരുന്നവരാണ്. ഉദാഹരണത്തിന്, ഓഷ്യാനോഗ്രാഫി, ഗ്ലേഷ്യോളജി, എക്കോളജി, അറ്റ്മോസ്ഫറിക് ഫിസിക്സ്,  മെറ്റിയറോളജി തുടങ്ങിയ മേഖലകൾ.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ആകുലത ഇന്ന് ലോകമെമ്പാടുമുള്ള പരശ്ശതം ഗവേഷകരെയും, രാഷ്ട്രീയക്കാരെയും, ആക്ടിവിസ്റ്റുകളെയുമൊക്കെ നിരന്തരം അലട്ടുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രേരിപ്പിക്കുന്ന ഒന്നും. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ആഗോളതാപനത്തിന്റെ അനുരണനങ്ങൾ ദൃശ്യമാണ്. എന്നിരുന്നാലും, അതിനിടയിലും ഇതൊക്കെയും പാശ്ചാത്യ ഗൂഢാലോചനകളാണ്, ഇത്രയ്ക്കും വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല എന്ന് വാദിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളുമുണ്ട്.

മനുഷ്യന്റെ മുന്‍പിന്‍ നോട്ടമില്ലാത്ത പ്രകൃതീചൂഷണങ്ങൾ കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റി ശാസ്ത്രം നമ്മുടെ മുന്നിൽ നിരത്തുന്ന വ്യക്തമായ തെളിവുകൾ നിലനിൽക്കെത്തന്നെ, ഒരു കൂട്ടർ അതൊക്കെയും വ്യാജമാണെന്നും, ഗൂഢാലോചനയാണെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു, അവരാൽ കഴിയും വിധം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിന്റെ സത്യം..? 

അമേരിക്കയാണ് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഏറ്റവുമധികം പാർലമെന്റിൽ ചർച്ച ചെയ്യുകയും നിയമങ്ങളും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും മറ്റും കാലാവസ്ഥാ വ്യതിയാനത്തെകൂടി കണക്കിലെടുത്തുകൊണ്ട് മെച്ചപ്പെടുത്തുകയും മറ്റും ചെയ്യുന്ന രാജ്യങ്ങളിലൊന്ന്. അവിടത്തെ സെനറ്റിന്റെ മൂന്നിലൊന്ന് അംഗങ്ങളും കാലാവസ്ഥാ വ്യതിയാനമെന്ന മനുഷ്യൻ കാരണമുണ്ടാവുന്ന പ്രതിഭാസത്തെ നിഷേധിക്കുന്നവരാണ്. അത് അങ്ങനെ 'ഉണ്ടിരുന്നപ്പോൾ' തോന്നിയ ഉൾവിളിയൊന്നുമല്ല എന്ന് മാത്രം. അമേരിക്കയിലെ എണ്ണക്കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് എന്നും വിഘാതമായി നിന്നുപോന്നിട്ടുള്ള കാലാവസ്ഥാ-പരിസ്ഥിതി നിയന്ത്രണങ്ങൾക്കെതിരെ വളരെ ആസൂത്രിതമായ 'ഗൂഢാലോചന'കൾ നടത്താൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഒരുപക്ഷേ, പരിസ്ഥിതിയെ സംബന്ധിച്ച ആകുലതകളോളം തന്നെ പ്രായമുണ്ടാവും ആ ആകുലതകൾക്കെതിരെയുള്ള നിഷേധങ്ങളുടെ ഗൂഢാലോചനകൾക്കും. ഈ എണ്ണ ഭീമന്മാർ പാരിസ്ഥിതികമായ ഗവേഷണം നടത്തുന്ന പല സ്ഥാപനങ്ങളെയും സാമ്പത്തികമായി സ്വാധീനിച്ചു കഴിഞ്ഞു. അവർക്ക് സ്വന്തമായി ഗവേഷണ സ്ഥാപനങ്ങൾ വരെയുണ്ട്. അവരാണ് പല പാരിസ്ഥിതിക പഠനങ്ങളും സ്പോൺസർ ചെയ്യുന്നത്. പല അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകരും, ശാസ്ത്രജ്ഞരും, വിദഗ്ധരും ഒക്കെ ഇക്കൂട്ടരിൽ നിന്നും പണം പറ്റുന്നവരാണ്. സത്യത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്, അത് ഈ 'നിഷേധ'ക്കാരുടെ പക്ഷത്തു നിന്നാണെന്നു മാത്രം. 

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞർ അതുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ ഗവേഷണം തുടരുന്നവരാണ്. ഉദാഹരണത്തിന്, ഓഷ്യാനോഗ്രാഫി, ഗ്ലേഷ്യോളജി, എക്കോളജി, അറ്റ്മോസ്ഫറിക് ഫിസിക്സ്, മെറ്റിയറോളജി തുടങ്ങിയ മേഖലകൾ. നമ്മുടെ കാലാവസ്ഥയെപ്പറ്റി കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പഠനങ്ങളെ ആസ്പദമാക്കി അവർ എത്തിച്ചേർന്നിരിക്കുന്ന കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. 

ഏകദേശം 7000 വർഷങ്ങൾക്കു മുമ്പാണ്, അവസാനത്തെ ഹിമയുഗം (Ice Age) അവസാനിച്ച ശേഷം ഭൂമിയിൽ മനുഷ്യവർഗം നിലവിൽ വരുന്നത്. ആഗോള ശരാശരി താപനില നൂറ്റാണ്ടുകൾ കഴിയുന്തോറും ഏറി വരികയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിയപ്പോഴേക്കും ചൂട് ഏതാണ്ട് ഒരു ഡിഗ്രി സെൽഷ്യസ് ആണ് കൂടിയത്. ഇതിനുകാരണം മനുഷ്യ നിർമിതമായ യന്ത്രങ്ങളിൽ നിന്നുമുള്ള കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ പുറന്തള്ളൽ തന്നെയാണ്. ഇതിൽ തന്നെ സിംഹഭാഗവും നടന്നിട്ടുള്ളത് കഴിഞ്ഞ നാൽപതു വർഷങ്ങൾക്കിടയിലാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ചൂട് വളരെ കൂടുതൽ രേഖപ്പെടുത്തപ്പെട്ട വർഷങ്ങളാണ്. ഈ ചൂടിൽ ഏറിയ കൂറും വലിച്ചെടുക്കുന്നത് സമുദ്രങ്ങളും, മഞ്ഞുപാളികളുമാണ്. സമുദ്രങ്ങൾക്ക് ചൂടേറും, മഞ്ഞുപാളികൾ ഉരുകും. അതുകൊണ്ട് രണ്ടുണ്ട് പ്രത്യക്ഷമായ തെളിവുകൾ. ഒന്ന്, മഞ്ഞുമൂടിയ പ്രദേശത്തിന്റെ വിസ്തൃതി കുറയും. രണ്ട്, ശരാശരി സമുദ്ര നിരപ്പ് ഉയരും. ഇത് രണ്ടും തന്നെ ആഗോള തലത്തിൽ ദൃശ്യമായ ലക്ഷണങ്ങളാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ആഗോളതലത്തിൽ ശരാശരി സമുദ്ര നിരപ്പ് ( MSL) 8 ഇഞ്ചാണ് വർധിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ MSL വർദ്ധനവ് നൂറ്റാണ്ടിന്റെ ശരാശരി വർധനവിന്റെ ഇരട്ടിയാണ്. വർഷം ചെല്ലുന്തോറും ഈ വർധനവിന്റെ തോതും കൂടിവരികയാണ്. ഇതിന്റെ ആദ്യ ഇരയാകാൻ പോവുന്നത് ഒരുപക്ഷേ, മാലിദ്വീപെന്ന രാജ്യമാവാം. ഇങ്ങനെപോയാൽ, ദശാബ്ദങ്ങൾക്കുള്ളിൽ ഈ രാജ്യം തന്നെ കടലിന് അടിയിലാവാം.

ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള 1300 ശാസ്ത്രജ്ഞരുടെ ഒരു പാനലായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) അടുത്ത നൂറ്റാണ്ടിൽ പ്രവചിച്ചിരിക്കുന്ന താപനില വർദ്ധനവ് 2.5 ഡിഗ്രിയാണ്. നമ്മുടെ ജനവാസകേന്ദ്രങ്ങളിൽ ഇനിയങ്ങോട്ട് വരൾച്ചകളും, ഉഷ്‌ണതരംഗങ്ങളും ഏറി വരും. വേനലുകളിൽ ചൂട് കൂടിക്കൊണ്ടുവരും. മണ്ണിൽ നിന്നും ജലാംശം അപ്രത്യക്ഷമാവാൻ തുടങ്ങും. മണ്ണും ഉഷ്‌ണതരംഗങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു പരിണിത ഫലം അത് ഉഷ്ണവാതങ്ങളെയും ചുഴലിക്കാറ്റുകളെയും കൂടുതൽ ശക്തിയുള്ളതാക്കും എന്നതുകൂടിയാണ്. 

2100 ആവുമ്പോഴേക്കും സമുദ്രനിരപ്പ് 1-4 അടി വരെ ഉയരും. മഞ്ഞുരുകി വരുന്ന വെള്ളവും, ചൂടാവുമ്പോൾ സമുദ്രജലത്തിനുണ്ടാവുന്ന വ്യാപ്തവർദ്ധനവുമാണ് ഇതിനുള്ള പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കിൽ അത് കൊടുങ്കാറ്റുകളെയും, വേലിയേറ്റങ്ങളെയും കൂടുതൽ ശക്തമാക്കും. ഇതും, സമുദ്രനിരപ്പിലുള്ള ഏറ്റവും ചേർന്ന് പല പ്രദേശങ്ങളെയും പ്രളയ ഭീഷണിയിലാഴ്‌ത്തും. ഇങ്ങനെ പോയാൽ താമസിയാതെ ആർക്ടിക് പ്രദേശം മഞ്ഞുമുക്തമാവും എന്നാണ് നാസയുടെ പ്രവചനം. 

എന്താണ് പ്രതിവിധി? 
കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരവും സങ്കീർണ്ണവും ആയിട്ടുള്ള ഒന്നാണ്. അതിന് ശാസ്ത്രപരവും, സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവുമായ പല മാനങ്ങളുമുണ്ട്. അത് പൂർണമായ അർത്ഥത്തിൽ പ്രാദേശികമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു ആഗോളപ്രതിഭാസമാണ്. കാർബൺ ഡയോക്സൈഡ് എന്ന ഗ്രീൻ ഹൗസ്‌ വാതകമാണ് ആഗോള താപനത്തിലെ പ്രധാന പ്രതി. സമുദ്രങ്ങൾ ആഗോള താപനത്തോട് പ്രതികരിക്കുന്നത് വളരെ പതുക്കെയാണ്. അതുകൊണ്ട്, ഇന്ന് ഒരു സുപ്രഭാതത്തിൽ നമ്മൾ ഈ വാതകങ്ങൾ പുറത്തുവിടുന്നത് പൂർണമായും നിർത്തിയാൽ പോലും ഗ്രീൻ ഹൗസ്‌ പ്രഭാവമെന്നത് തലമുറകളോളം തുടരും. അത് പൂർണ്ണമായും നിൽക്കുന്നത് പോയിട്ട് കുറയുന്ന ലക്ഷണം പോലും കാണുന്നില്ല. 2013 -ൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 400 ppm കടന്നിരിക്കുകയാണ്. ഇതിനു മുമ്പ് CO2 -ന്റെ അളവ് അന്തരീക്ഷത്തിൽ ഇത്ര അധികരിച്ചത് ഏകദേശം മുപ്പതു ലക്ഷം വർഷങ്ങൾക്കുമുമ്പ് പ്ലിയോസീൻ യുഗത്തിലാണ് എന്നോർക്കുക. 

അതുകൊണ്ട്, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ രണ്ടു തലത്തിലുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ഒന്ന്, വാതകങ്ങൾ പുറത്തുവിടുന്നതിലുള്ള നിയന്ത്രണം (Mitigation), രണ്ട്, മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടുള്ള ഇണങ്ങിച്ചേരൽ (Adaptation). കൂടുതൽ പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിലേക്കും യന്ത്രങ്ങളിലേക്കും ഒക്കെ ചുരുങ്ങലാണ് നിയന്ത്രണത്തിന്റെ ആദ്യപടി. ഗ്രീൻ പ്രോട്ടോകോളുകളും മറ്റും നമ്മൾ വിഭാവനം ചെയ്യുന്നത് ഈ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ്. മാറിവരുന്ന കാലാവസ്ഥയെ സ്വീകരിക്കലും, അതിനനുസരിച്ച് നമ്മുടെ ജീവിത രീതികൾ, ആവാസവ്യവസ്ഥകൾ ഒക്കെ മാറ്റുകയും ചെയ്യലാണ് അതിജീവനം. 

ഏതിനും, കൃത്യമായ ഇടപെടലുകൾ നടന്നില്ല എങ്കിൽ, ഭൗമോപരിതലത്തിൽ മനുഷ്യന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാൻ പോന്നതാണ് കാലാവസ്ഥാ വ്യതിയാനം എന്ന ഈ ആഗോള പ്രതിഭാസം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! 


വിവരങ്ങൾക്ക് കടപ്പാട് : 
https://climate.nasa.gov