ഭരണസൗകര്യമെന്നാണ് പുറമേയ്ക്ക് ബ്രിട്ടന്‍ പറഞ്ഞിരുന്നതെങ്കിലും മതാടിസ്ഥാനത്തിലായിരുന്നു 1905 ലെ ബംഗാൾ വിഭജനം. 

1600 ഡിസംബര്‍ 31 -ന് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്‍റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ഒരു സ്വാധീനം ചെലുത്തിയ ഒരു യുദ്ധ വിജയം നേടുന്നത് 1757 -ലെ പ്ലാസി യുദ്ധത്തോടെയാണ് (Battle of Plassey, 1757). പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉയർന്ന് വന്ന പ്രതിരോധങ്ങളെ എല്ലാം അവര്‍ അടിച്ചമര്‍ത്തി. പക്ഷേ, 1857 -ൽ പ്ലാസി യുദ്ധത്തിന്‍റെ നൂറാം വാർഷികത്തിന് ഉയർന്ന സൈനിക കലാപത്തെ 'ശിപായി ലഹള' എന്ന് പേരിട്ട് വെറുമൊരു ലഹളയായി ഈസ്റ്റ് ഇന്ത്യാ കമ്പനി പുറം ലോകത്തിന് മുന്നില്‍ വച്ചെങ്കിലും ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിരോധം ബ്രിട്ടനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഒഴുകിയിരുന്ന അളവറ്റ അസംസ്കൃത വസ്തുക്കളുടെ ഒഴുക്ക് നില്‍ക്കുമോ എന്നതായിരുന്നു ആ അസ്വസ്ഥതയ്ക്കുള്ള പ്രധാന കാരണവും. അങ്ങനെ. തൊട്ടടുത്ത വര്‍ഷം 1858 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന കച്ചവട കമ്പനിയെ ഒഴിവാക്കി ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക് കീഴിലാക്കി. 1874 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഔദ്ധ്യോഗികമായി പിരിച്ച് വിട്ടുകയും ചെയ്തു.

( 1757 -ലെ പ്ലാസി യുദ്ധം, ചിത്രകാരന്‍റെ ഭാവയിൽ / ഗെറ്റി)

പക്ഷേ, ബ്രിട്ടന്‍ കരുതിയിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങൾ. ഇന്ത്യ പോലെ അതിവിശാലമായ ഒരു ഭൂപ്രദേശത്ത് വ്യത്യസ്തമായ ജനവിഭാഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ബ്രിട്ടന്‍ പലപ്പോഴും പരാജയപ്പെട്ടു. ഇത് പതുക്കെയാണെങ്കിലും സ്വാതന്ത്ര്യമെന്ന വലിയ ആശയത്തിന് വിത്ത് പാകി. സ്വാതന്ത്ര്യം ഒരു അടിസ്ഥാന ആവശ്യമായി ജനങ്ങൾക്കിടയില്‍ ശക്തി പ്രാപിക്കുന്നത് തങ്ങളുടെ 'ലാഭത്തെ' അട്ടിമറിക്കുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍, ആ മുന്നേറ്റത്തെ തകര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു. അതിനായി അവര്‍ തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ കല്‍ക്കത്ത ഉൾപ്പെടുന്ന ബംഗാളിനെ. തന്ത്രങ്ങൾ മെനഞ്ഞ ബ്രിട്ടന്‍ ഭരണ സൗകര്യം എന്ന വാദം മുന്നോട്ട് വച്ച് ബംഗാളിലെ രണ്ടായി വിഭജിച്ചു, 1905 -ൽ.

(ജോർജ്ജ് നഥാനിയേൽ കഴ്‌സൺ)

മതം അടിസ്ഥാനമായി ഇന്ത്യന്‍ ഉപഭൂഖണ്ഡില്‍ നടന്ന ആദ്യ വെട്ടിമാറ്റലായിരുന്നു അത്. മുസ്ലിം - ഹിന്ദു സമൂഹങ്ങൾക്കിടയില്‍ അതുവരെ ഉണ്ടായിരുന്ന സ്വാതന്ത്ര്യമെന്ന ഐക്യപ്പെടലിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ബ്രിട്ടന് കഴിഞ്ഞു. മതപരമായി, ജനസംഖ്യാ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ബംഗാൾ പ്രവിശ്യയെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാളും അസമും ഉൾക്കൊള്ളുന്ന പ്രദേശവും ഹിന്ദു ഭൂരിപക്ഷമുള്ള പശ്ചിമ ബംഗാള്‍ ഉൾക്കൊള്ളുന്ന മറ്റൊരു പ്രദേശവും. 1905 ജൂലൈ 20-ന് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്‌സൺ വിഭജനം പ്രഖ്യാപിച്ചു. 1905 ഒക്ടോബർ 16-ന് നടപ്പിലാക്കി.

പക്ഷേ, ബ്രിട്ടന്‍റെ മതപരമായ വിഭജനം എന്ന ആശയം ജനമനസുകളില്‍ ആഴത്തില്‍ വേരൂന്നുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചെങ്കിലും അക്കാലത്ത് അത് ബ്രിട്ടന് തന്നെ തലവേദനായായി മാറി. വിഭജനത്തെ ജനം എതിര്‍ത്തു. വലിയ തോതില്‍ പ്രതിഷേധങ്ങൾ ഉയര്‍ന്നു. പ്രതിഷേധങ്ങൾ ഏറ്റവും കൂടുതല്‍ ഉയർന്നതും അന്നത്തെ ബംഗാൾ ഹിന്ദു സമൂഹത്തിനുള്ളില്‍ നിന്നായിരുന്നു. അതിന് പിന്നിലെ കാരണങ്ങൾ പക്ഷേ. പലതായിരുന്നെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അത് പ്രധാനമായും പ്രദേശത്തെ തങ്ങളുടെ സ്വാധീനം നഷ്ടമാകുമോയെന്ന ഭയത്തില്‍ നിന്നായിരുന്നു.

(ബംഗാൾ വിഭജനത്തിനെതിരെ 60,000 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി)

ബംഗാൾ പ്രവിശ്യയിൽ ഗണ്യമായ ഹിന്ദു ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. വിഭജനം കിഴക്കൻ ബംഗാളിൽ മുസ്ലീം ഭൂരിപക്ഷം ഉണ്ടാകുന്നതിന് കാരണമാകുമെന്നും ഇത് അന്നത്തെ ജനസംഖ്യാ സന്തുലിതാവസ്ഥ തകിടം മറിയാന്‍ ഇടയാക്കും. തങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സാമ്പത്തിക താൽപ്പര്യങ്ങളും സാംസ്കാരിക സ്വത്വവും നഷ്ടപ്പെടുമെന്ന ഭയന്ന ഹിന്ദുക്കൾ വിഭജനത്തെ ശക്തമായി എതിര്‍ത്തു. ബ്രിട്ടന്‍റെ വിഭജനത്തിന് മറുപടിയായി സ്വദേശി പ്രസ്ഥാനം ശക്തമായി. വിഭജനത്തിനെതിരെ പ്രതിഷേധിക്കാനും ഇന്ത്യൻ സ്വാശ്രയത്വം ഉറപ്പിക്കാനും ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്‌കരിക്കാനും ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ (സ്വദേശി) പ്രോത്സാഹിപ്പിക്കാനും സ്വദേശി പ്രസ്ഥാനം ആഹ്വാനം ചെയ്തു.

സ്വദേശി പ്രസ്ഥാനത്തിന് വലിയ ജനപിന്തുണ ലഭിച്ചു. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഇന്ത്യൻ ദേശീയത വളർത്തുന്നതിൽ സ്വദേശി പ്രസ്ഥാനത്തിന് നിർണായക പങ്ക് വഹിക്കാനായി. ബംഗാളില്‍ നിന്ന് മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നൊട്ടാകെ വിഭജനത്തിനെതിരായ ശക്തമായ എതിർപ്പ് ഉയർന്നു. ഒടുവില്‍ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കരുതിയ ബ്രിട്ടീഷ് ഭരണകൂടം 1911 -ൽ, ആറ് വര്‍ഷങ്ങൾക്ക് ശേഷം തീരുമാനം മാറ്റി. ബംഗാൾ വീണ്ടും ഒറ്റ പ്രവിശ്യയായി മാറി. പക്ഷേ, ബ്രിട്ടന്‍റെ വിഭജന ഭരണ തന്ത്രം തുടക്കത്തില്‍ പാളിയെങ്കിലും ഉപഭൂഖണ്ഡത്തിന്‍റെ മുന്നോട്ടുള്ള രാഷ്ട്രീയാവസ്ഥയെ അത് വലിയ തോതില്‍ സ്വാധീനിച്ചു. ബംഗാൾ വിഭജനം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ആ വിഭജന തന്ത്രം ഇന്നും ഇന്ത്യയെ വേട്ടയാടുന്നുവെന്നത് ബ്രിട്ടന്‍ ഒരു ദേശത്തോട് ചെയ്ത വലിയ ചതികളിലൊന്നായി അവശേഷിക്കുന്നു.