Asianet News MalayalamAsianet News Malayalam

മാറ്റി നിര്‍ത്തപ്പെടുന്ന  പ്രവാസികള്‍

കെ.കെ.അമ്മദ് വാണിമേല്‍ എഴുതുന്നു: നാട്ടിലുണ്ടാകുന്ന എല്ലാ പ്രയാസങ്ങളിലും ഗവണ്‍മെന്റിനോട് ചേര്‍ന്നു നിന്ന് പരിഹാരത്തിന് ശ്രമിച്ചിരുന്നവര്‍ ഇന്ന് സ്വന്തമായി ഒരു പ്രശ്‌നത്തിലകപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണുള്ളത്.
expatriates life  corona virus covid 19 by Ammad KK Vanimal
Author
Thiruvananthapuram, First Published Apr 16, 2020, 5:17 PM IST
കൊറോണയെന്ന മഹാമാരി എല്ലാവരെയും പോലെ പ്രവാസിയെയും വീട്ടിലിരുത്തിയപ്പോള്‍, ഏതാനും ദിവസം മാത്രം പിന്നിടുമ്പോഴേക്കും കടുത്ത ക്ഷാമത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. രണ്ടാഴ്ച ജോലിയില്ലാതിരിക്കുമ്പോഴേക്കും സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിനു വേണ്ടി കൈ നീട്ടുകയാണവര്‍. മാത്രമല്ല മാസാമാസം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന പണത്തിന്റെ വരവ് നിലക്കുന്നതോടെ വീട്ടുകാരുടെയും നില പരുങ്ങലിലാവുകയാണ്. പത്ത് സെന്റിലെ തിന്നാന്‍ തരാത്ത അലങ്കാര ഭവനത്തെ മുറ്റത്തിറങ്ങി മുകളിലോട്ട് നോക്കി വയറ് നിറക്കേണ്ടുന്ന ഗതികേടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

expatriates life  corona virus covid 19 by Ammad KK Vanimal

കൊറോണക്കാലത്ത്  സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനിടെ, പ്രവാസിയായ കാരണത്താല്‍ ക്യുവില്‍ നിന്നും ഒരാളെ മാറ്റിനിര്‍ത്തിയ വാര്‍ത്ത നാമൊക്കെ വായിച്ചതാണ്. പ്രവാസിയുടെ കുടുംബത്തിന് സൗജന്യ റേഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നത് നാളിതുവരെ തുടര്‍ന്നു വരുന്ന ഒരു പ്രവണതയുമാണ്.

യഥാര്‍ത്ഥത്തില്‍ എല്ലാ പ്രവാസി കുടുംബങ്ങളും സ്വയംപര്യാപ്തത നേടിയവരാണോ? ഗവണ്‍മെന്റില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു സഹായവും ആവശ്യമില്ലാത്തവരാണോ? പൊതുവെ ഇങ്ങിനെ ഒരു ധാരണ എല്ലാവരിലും ഉണ്ടാകാന്‍ എന്താണ് കാരണം?.

പ്രവാസത്തിന്റെ തുടക്കത്തില്‍ കപ്പല്‍ വഴി വന്ന് പൂര്‍ണ്ണമായും കരയണയാതെ ബാക്കി വരുന്ന കടല്‍ നീന്തിക്കടന്ന് എങ്ങിനെയോ ഇക്കരെ പറ്റിയവര്‍ തുടങ്ങി വച്ചതാണ് പരസഹായമെന്ന ഉത്തമ മാതൃക. ദാരിദ്രത്തിന്റെ ആഴക്കടലില്‍ കഴുത്തോളം മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ നിന്നും അല്‍പം പച്ചപ്പ് തേടി മരുഭൂമിയിലേക്ക് നീന്തിക്കയറിയപ്പോള്‍ തങ്ങള്‍ നേടിയെടുത്ത നാണയത്തുട്ടുകള്‍ ഉണക്ക റൊട്ടി കൊണ്ട് പശിയടക്കി മിച്ചം വരുന്നത് കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി കരുതിവച്ചു കൊണ്ടായിരുന്നു അവരുടെ ജീവിത രീതി.

ഉടുതുണിക്ക് മറുതുണിയില്ലാതെ അവിടെയെത്തിയവര്‍ക്ക് ഭക്ഷണം നല്‍കിയതും താമസ സ്ഥലമൊരുക്കിയതും ജോലി അന്യേഷിച്ച് തരപ്പെടുത്തിയതും മുമ്പേ നടന്നവരായിരുന്നു. അവിടെ തുടങ്ങുന്നു പ്രവാസിയുടെ പരസ്പര സഹായത്തിന്റെ തുടര്‍ കഥ.

അത്യാവശ്യം ജോലിയും മോശമല്ലാത്ത ശമ്പളവും കിട്ടാന്‍ തുടങ്ങിയതോടെ പലരുടെയും മനസിനെ അലട്ടിയിരുന്നത് അടുപ്പ് പുകയാത്ത, നാട്ടില്‍ കഴിയുന്ന ബന്ധുക്കളെയും പരിചയക്കാരെയും കുറിച്ചായിരുന്നു. ആരുടെയെങ്കിലും കാല് പിടിച്ച് ഉറ്റവര്‍ക്ക് വേണ്ടി ഒരു വിസ തരപ്പെടുത്താനായിരുന്നു പിന്നീടുള്ള അവരുടെ ശ്രമം .വേണ്ടപ്പെട്ടവരെ ഇവിടെയെത്തിയാല്‍ തങ്ങള്‍ക്ക് ബാധ്യത കൂടുമെന്നറിയാമായിരുന്നിട്ടും സന്മനസിന്റ ഉടമകള്‍ മാറി നിന്നില്ല.

കാലം കുറച്ച് കൂടി പിന്നിട്ടപ്പോള്‍, പലരും ചെറിയ ചെറിയ കച്ചവടങ്ങള്‍ ആരംഭിക്കുകയും സാമ്പത്തികമായി അല്‍പം മെച്ചപ്പെടുകയും ചെയതതോടെ, നാട്ടിലെ ജീവിത രീതിയും ഉയര്‍ന്നു.പിന്നീടിങ്ങോട്ട് കച്ചവടത്തില്‍ പലര്‍ക്കും നല്ല പുരോഗതിയുണ്ടായതോടെ നാട്ടില്‍ നിന്നും തൊഴിലാളികളെയും ധാരാളമായി ഗള്‍ഫുനാടുകളില്‍ ആവശ്യമായി വന്നു.

ബിസിനസ് പച്ച പിടിക്കാന്‍ ഏറെ വളക്കൂറുള്ള ഗള്‍ഫ് മണ്ണില്‍ ധാരാളം പേര്‍ വിത്ത് പാകിയെങ്കിലും അതില്‍ കുറെ പേര്‍ ലക്ഷ്യത്തിലെത്തുകയും മറ്റുള്ളവര്‍ ശമ്പള പൈസ ഒപ്പിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി കാണുകയും മറ്റു ചിലര്‍ മഞ്ചാടി വിത്തു കണക്കെ മുളക്കാതെയും നശിക്കാതെയും കാലം നീക്കി തുടങ്ങി.

ഇതിനിടയില്‍ നൂറു ശതമാനം വിളയിച്ചവരുടെ ഔദാര്യം കൊണ്ട്, വീട്ടില്‍ ഒരാളെങ്കിലും എന്ന തോതില്‍ നാട്ടില്‍ ഗള്‍ഫുകാരുണ്ടായി. ജന്നാത്തുല്‍ ഫിര്‍ദൗസിന്റെ മണവും സ്വിസ് കോട്ടന്റെ നിറവും ഉയരമുള്ള ചെരുപ്പിന്റെ ഗമയും റാഡോ വാച്ചിന്റെ പ്രൗഢിയും ഗള്‍ഫുകാരനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ച് മനസിലാക്കാന്‍ എല്ലാവര്‍ക്കുമായി. അംബാസെറ്റ് കാറിനു മുകളില്‍ കെട്ടിവച്ച, പായ കെട്ടും കള്ളിപ്പെട്ടിയും പോയ വഴി അന്വേഷിച്ച് പിരിവുകാരും ബ്രോക്കര്‍മാരും നേരം പുലരുമ്പോഴേക്കും നടന്നു തുടങ്ങി. എല്ലാവരെയും ഏറെക്കുറെ തൃപ്തിയാക്കി തന്നെ അവര്‍ തിരിച്ചയക്കുകയും ചെയ്യുമായിരുന്നു.

ഗള്‍ഫ് പണത്തിന്റെ വരവോടെ നാടുണരാനും തുടങ്ങി. കവലയിലെ മീന്‍ കട മുതല്‍ വലിയ ജ്വല്ലറികള്‍ വരെ സജീവമാകാന്‍ തുടങ്ങി. ഇതിനിടയില്‍ എല്ലാം ഒരു കുടക്കീഴിലാക്കി വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും ഗ്രാമങ്ങളില്‍ പോലും തലയുയര്‍ത്തി നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ജനങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു. ചുക്കുകാപ്പിയില്‍ തീര്‍ക്കേണ്ട ജലദോഷ പനിക്കു പോലും, വന്‍കിട ആശുപത്രികളെ ജനം ആശ്രയിക്കാന്‍ തുടങ്ങി.കച്ചവട കൊതിയന്മാര്‍ രോഗികളെ പേടിപ്പിച്ച് അടക്കി നിര്‍ത്തി. അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടൊഴിഞ്ഞപ്പോള്‍, ഗള്‍ഫുകാരന്റെ ചിന്ത മൂന്നാമത്തെതിലെത്തി പാര്‍പ്പിടം!

ആവശ്യം കണക്കിലെടുക്കാതെ ആഡംബരത്തിനും ലോകമാന്യതക്കും വേണ്ടി ഇവിടെ പ്രവാസി അല്‍പം അതിരു കടന്നുവെന്നത് പറയാതെ വയ്യ. ജീവിതത്തിന്റെ മുക്കാല്‍ ശതമാനം ഇരുണ്ട മുറിയിലെ രണ്ടും മൂന്നും തട്ടുകളുള്ള കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുമ്പോഴും. താനടക്കം നാലുപേര്‍ക്ക് വേണ്ടി നാട്ടില്‍ അഞ്ച് ബാത്ത് റൂമുകളുള്ള വീടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗള്‍ഫില്‍ പതിനഞ്ച് പേര്‍ ഒരു ബാത്ത് റൂമിനു വേണ്ടി ഊഴവും കാത്തിരിക്കുമ്പോള്‍ അവിടെ ഒരു കോമണ്‍ ബാത്ത് റൂം ഉപയോഗിച്ച് മറ്റുള്ളവ അലങ്കാരത്തിനു വേണ്ടി അടച്ചിടുകയാണ്.

ഏതായാലും പ്രവാസിയുടെ വീട് ഭ്രമം നാട്ടിലുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് കുറച്ചൊന്നുമല്ല ഗുണകരമായത്. ഇരുനൂറ്റമ്പതില്‍ നിലയുറപ്പിച്ച അവരുടെ ദിവസക്കൂലി ആയിരത്തിലേക്കെത്തിയത് നൊടിയിട കൊണ്ടാണ്. കരാറടിസ്ഥാനത്തിലാണെങ്കില്‍ അത് പിന്നെയും മുകളിലോട്ട് പോകും.

കല്യാണവും സല്‍ക്കാരവും പ്രവാസിയുടെ മറ്റൊരു അധിവ്യയത്തിന്റെ മറ്റൊരു അരങ്ങേറ്റമാണ്. പെണ്ണ് കാണല്‍ മുതല്‍ സല്‍ക്കാരം വരെ ധൂര്‍ത്തില്‍ മുങ്ങിക്കുളിച്ചവയാണ്. നൂറു രൂപയില്‍ ഒതുക്കാവുന്ന മിഠായി വിതരണം മുപ്പത്തിഅയ്യായിരം വരെ എത്തി നിന്നു. കോഴിബിരിയാണിയിലും കരിങ്ങാലി വെള്ളത്തിലും ഒതുക്കാവുന്ന കല്ല്യാണ സദ്യ, തിന്നു തീര്‍ക്കാന്‍ പറ്റാത്ത വിഭവങ്ങളുടെ പ്രദര്‍ശന വേദിയായി. ഏറെ പവിത്രമായി നടത്തേണ്ടിയിരുന്ന വിവാഹ സുദിനം തെരുവിലെ പേക്കൂത്തുകളായി. മാന്യമായ വേഷം ധരിക്കേണ്ടവര്‍, പച്ചില കൊണ്ട് നാണം മറച്ച് ദൈവത്തെ പോലും നിന്ദിച്ചു.

ഒന്നും രണ്ടും വര്‍ഷം ഒരു ലീവു പോലും ലഭിക്കാതെ ദിവസവും പതിമൂന്നും പതിനാലും മണിക്കൂര്‍ ജോലി ചെയ്ത് കിട്ടിയത് മുഴുവനും, കൂട്ടില്‍ നിന്നും പുറത്തിറക്കിയ പക്ഷിയെ പോലെ സ്വതന്ത്രമായി നാട്ടിലെത്തിയ സന്തോഷത്തില്‍ അല്‍പമൊന്ന് അമിതമായാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും അതിരുകടന്ന ധൂര്‍ത്ത് നാളേക്കു വേണ്ടി ഒന്നും നീക്കിയിരിപ്പില്ലാതാക്കിയിരിക്കുന്നുവെന്നതാണ് ഏറെ ഖേദകരം.

കൊറോണയെന്ന മഹാമാരി എല്ലാവരെയും പോലെ പ്രവാസിയെയും വീട്ടിലിരുത്തിയപ്പോള്‍, ഏതാനും ദിവസം മാത്രം പിന്നിടുമ്പോഴേക്കും കടുത്ത ക്ഷാമത്തിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. രണ്ടാഴ്ച ജോലിയില്ലാതിരിക്കുമ്പോഴേക്കും സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിനു വേണ്ടി കൈ നീട്ടുകയാണവര്‍. മാത്രമല്ല മാസാമാസം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന പണത്തിന്റെ വരവ് നിലക്കുന്നതോടെ വീട്ടുകാരുടെയും നില പരുങ്ങലിലാവുകയാണ്. പത്ത് സെന്റിലെ തിന്നാന്‍ തരാത്ത അലങ്കാര ഭവനത്തെ മുറ്റത്തിറങ്ങി മുകളിലോട്ട് നോക്കി വയറ് നിറക്കേണ്ടുന്ന ഗതികേടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നാട്ടിലുണ്ടാകുന്ന എല്ലാ പ്രയാസങ്ങളിലും ഗവണ്‍മെന്റിനോട് ചേര്‍ന്നു നിന്ന് പരിഹാരത്തിന് ശ്രമിച്ചിരുന്നവര്‍ ഇന്ന് സ്വന്തമായി ഒരു പ്രശ്‌നത്തിലകപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണുള്ളത്. ഗള്‍ഫിലെ ഭരണാധികാരികളുടെ ഔദാര്യവും സന്നദ്ധ സംഘടനകളുടെ ഒരു കൈ സഹായവും മാത്രമാണ് പ്രവാസികള്‍ക്ക് ഇന്നുള്ള ഏക പിടിവള്ളി.

ഞങ്ങള്‍ കൂടെയുണ്ടെന്ന താരങ്ങളുടെ പഞ്ചാര വാക്കിനൊന്നും പ്രവാസി സമൂഹം ഒരു വിലയും കല്‍പ്പിക്കുന്നില്ല, മറിച്ച് ക്രിയാത്മകമായ ഇടപെടലുകളാണ് ഇന്ന് അവര്‍ക്ക് ആവശ്യം.

എല്ലാവരും പറയുന്നത് പോലെ ഈ സമയവും കടന്നു പോകും പക്ഷെ കാര്‍മേഘം തെളിഞ്ഞു വന്നാല്‍, ഉരുകി തിരുന്ന ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതോടുകൂടി അല്‍പ്പം ഭാവിയിലേക്കുള്ള നീക്കിയിരിപ്പു കൂടി പ്രവാസികള്‍ക്കുണ്ടാകണം എന്ന ഒരു തിരിച്ചറിവുകൂടി നമുക്ക് വേണ്ടിയിരിക്കുന്നു.

 
Follow Us:
Download App:
  • android
  • ios