കേരള മീഡിയാ അക്കാദമി ടിവി ജേണലിസം കോഴ്സ് കോര്‍ഡിനേറ്ററും  ഏഷ്യാനെറ്റ് ന്യൂസിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കെ അജിതിനെ കുറിച്ച് ശിഷ്യയുടെ കുറിപ്പ്. Homage to K Ajith former journalist and teacher by Megha Malhar 

അകാലത്തില്‍ വിടപറഞ്ഞ, കേരള മീഡിയാ അക്കാദമി ടിവി ജേണലിസം കോഴ്സ് കോര്‍ഡിനേറ്ററും ജേണലിസം അധ്യാപകനും ഏഷ്യാനെറ്റ് ന്യൂസിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും മലയാളത്തിന്റെ ദൃശ്യമാധ്യമ സംസ്‌കാരത്തിന് രൂപം നല്‍കിയ ഒരു കാലത്തിന്റെ കാമ്പുള്ള പ്രതിനിധിയുമായിരുന്ന കെ അജിതിനെ കുറിച്ച് ശിഷ്യയുടെ കുറിപ്പ്.

എന്ത് കൊണ്ടോ ഇടയ്ക്കിടെ അജിത് സാറിനെ ഓര്‍മ്മ വരുന്നു. ദീര്‍ഘമായ ഓര്‍മ്മ പങ്കിടാന്‍ മാത്രം കൂടുതല്‍ നേരം ഞങ്ങള്‍ സംസാരിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല. എങ്കിലും കാണുമ്പോഴെല്ലാം വളരെ ദീര്‍ഘമായതെന്തോ പറയാനുണ്ടെന്ന വിധത്തില്‍ ഞങ്ങളുടെ ചലനങ്ങളും കാഴ്ചയും ഇടപെട്ടു കൊണ്ടേയിരുന്നു.

ഞാന്‍

ആ കാലഘട്ടത്തില്‍ ഞാനെന്റെ ജീവിതത്തിന്റെ വിഷാദക്കയത്തിലായിരുന്നു. ഇപ്പോഴോര്‍ക്കുമ്പോള്‍-ഏതാണ്ട് ചിലതൊക്കെ മാറിയ മറ്റൊരു ദിശയിലൂടെ സഞ്ചരിക്കുന്നതിനിടെ തിരികെ നോക്കുമ്പോള്‍- എന്തുകൊണ്ടോ ഏറെക്കുറേ ഞാനൊരു മുഴുസമയവിഷാദിയായിരുന്നു എന്ന് എനിക്കിപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. മിക്കപ്പോഴും ആ കയത്തില്‍ നിന്ന് പല രീതിയില്‍ കരകയറാന്‍ ശ്രമിച്ചൊരാള്‍, അല്ലെങ്കില്‍ ചിലതൊന്നും തിരിച്ചറിയാതെ പോയൊരാള്‍. എന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ എന്റെ ശ്രദ്ധക്കുറവുകള്‍ കൊണ്ടും സംഭവിച്ച ചില ചതുപ്പുകളില്‍ ഞാന്‍ ആ സമയങ്ങളിലെല്ലാം ഊളിയിടുകയായിരുന്നു.

കല്‍ക്കട്ടയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ എനിക്ക് ഇവിടെയിനി എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എഴുതുക, മുഴുവന്‍ സമയ എഴുത്തുകാരിയാവുക, അല്ലെങ്കില്‍ നൃത്തം പിന്തുടരുക എന്ന സാധ്യതയെല്ലാം വിദൂരത്തില്‍ വേര്‍പെട്ടു കിടക്കുന്നത് മാതിരിയായിരുന്നു. സാധാരണ കണ്ടുവരുന്ന ഒരു കുടുംബ ജീവിതത്തിലേക്ക് എന്നെ ആനയിച്ചു നടത്താന്‍ എനിക്കൊരിക്കലും കഴിയുകയില്ലായിരുന്നു. കാരണം അത്തമൊരു ജീവിതം എനിക്കൊരിക്കലുമുണ്ടായിരുന്നില്ല. എന്റെ ജീവിതം 'കല' എന്ന വ്യവഹാരത്തിനകത്ത് മാത്രം നീങ്ങുന്ന ഒന്നായി എപ്പോഴൊക്കെയോ മാറിയിരുന്നു. കല എന്ന കടലില്‍ മുങ്ങിയും താഴ്ന്നും വഴിയറിയാതെ പിടയുന്ന ഒരാളെ പോലെ, അങ്ങനെ പരിണമിച്ച ഒരാളെ പോലെ.

അതിനാല്‍ സാമൂഹിക വ്യവസ്ഥിതിയിലെ സാധാരണ ജീവിതം എനിക്ക് പരിചിതമായിരുന്നില്ല.

ഏതിടത്താണെങ്കിലും, ഏതൊരു ആളുകള്‍ക്കിടയിലാണെങ്കിലും എനിക്കെളുപ്പത്തില്‍ എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. എന്റെ സമയം നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഏറെ സമയം മറ്റൊരാളെ കേട്ടിരിക്കുവാന്‍ എനിക്കിഷ്ടമാണെങ്കിലും സ്വയം കൂപ്പുകുത്തി വീഴുന്ന, സ്വയം പല കഷണങ്ങളായി ചിതറുന്ന അവസ്ഥയില്‍ നിന്ന് ചെറുദൂരം മുന്‍പേയെങ്കിലും ഞാന്‍ എന്നെ രക്ഷപ്പെടുത്തുമായിരുന്നു, എപ്പോഴും.

അതുകൊണ്ട് മുന്നോട്ട് പോകാനുള്ള അവസരങ്ങളെ ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ആകസ്മികമായി കേരള മീഡിയ അക്കാദമിയില്‍ പ്രവേശന പരീക്ഷയെഴുതുന്നത്. പരീക്ഷ പാസാവുകയും കാക്കനാട് മീഡിയ അക്കാദമിയില്‍ ജീവിതത്തിന്റെ മറ്റൊരു ഭാഗം ആരംഭിക്കുകയും ചെയ്തു.

അയാള്‍

മഞ്ഞുമറകള്‍ക്കുള്ളില്‍ നിന്ന് ഒരാള്‍ നടന്നു വരുന്നു. പിന്നിലേക്ക് അല്‍പം നീട്ടി വളര്‍ത്തിയ ചെമ്പിച്ച നേര്‍ത്ത മുടി. കണ്ണടയ്ക്കുള്ളിലെ തെളിഞ്ഞതും ആഴമേറിയതുമായ കണ്ണുകള്‍. സൗമ്യമായ പുഞ്ചിരി. കറുത്ത നിറമോ , ഇരുണ്ട കരിനീലനിറമോ എന്ന് വേര്‍തിരിക്കാനാവാത്ത ഷര്‍ട്ടും പാന്റ്‌സുമണിഞ്ഞ്, ഒരുപക്ഷെ ആ നിറം അയാളുടെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവാത്ത വിധത്തില്‍ ഒട്ടിപിടിച്ചിരിക്കുന്നു.

'ഇതാണ് കേട്ടോ നിങ്ങളുടെ സാറ്...'-നിരയായി ബഹളം വെച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കുട്ടികളോടായി ഡോക്യുമെന്റുകള്‍ ധൃതിയില്‍ നോക്കുന്നതിനിടയില്‍ അക്കാദമിയിലെ ലക്ഷ്മി മാഡം പറഞ്ഞു.

ഞങ്ങളെല്ലാവരും ആ മനുഷ്യനെ മാത്രമായി നോക്കി. കണ്ണുകളില്‍ എന്തോ ആഴത്തില്‍ തിളങ്ങുന്നു.

'ഇവിടെ ഞാന്‍ ആരെയും പഠിപ്പിക്കാന്‍ വന്നതല്ല.'- അദ്ദേഹം പതിഞ്ഞ താളത്തില്‍ ഏതോ രാഗത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു. അതിനിടയില്‍ അയാളൊരു മാവോയിസ്റ്റോ മാര്‍ക്‌സിസ്റ്റോ എന്നിങ്ങനെ അടയാളപ്പെടുത്തുവാന്‍ തോന്നി, ചിലപ്പോഴൊക്കെ ഒരു ബുദ്ധനായും താവോയായും.

ക്ലാസ് മുറിയിലെ കോണുകളില്‍ തട്ടി ജനാല വഴി പുറത്തേക്ക് പോയിരുന്ന കാറ്റ് വേഗത കുറച്ചു. കാറ്റും പുറത്തെ മരങ്ങളും എല്ലാം ഒരു നിമിഷം ശ്രദ്ധയോടെ നിശ്ചലമാകുന്നത് പോലെ. ആരും ഒന്നും പറയാന്‍ തയ്യാറായില്ല. ആരും ഒന്നും ചോദിക്കുവാന്‍ ധൈര്യപ്പെട്ടില്ല. എല്ലാവരും പരിഭ്രമത്തോടെ ഇരുന്നു. അദ്ദേഹം മുന്നോട്ട് നടന്നു. ഓരോ നിരയിലെത്തുമ്പോഴും ഞങ്ങള്‍ കണ്ണുകള്‍ താഴ്ത്തി, ചിലപ്പോള്‍ സാറിന്റെ ശരീരചലനങ്ങളിലേക്കും കണ്ണുകളിലെ ആഴങ്ങളിലേക്കും ഞങ്ങള്‍ ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു.

'നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്. എനിക്ക് അത് കാണിച്ചു തരാനാവില്ല.' സ്വയം കേള്‍ക്കുക , ശ്രവിക്കുക, അന്വേഷിക്കുക അത് തന്നെയാണ് പഠനം. - വലിയ ഏതോ ഒരു തത്വജ്ഞാനിയെ പോലെ അയാള്‍ ഞങ്ങള്‍ക്ക് മനസ്സിലായോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാതെ പറഞ്ഞു.

ഞങ്ങള്‍ക്കിടയില്‍ നിന്ന് ആരോ, അയാളോട് ചോദിച്ചു: 'പിന്നെ, നിങ്ങള്‍ എന്തിനാണ് ഇവിടെ?'

ഞങ്ങളില്‍ ഭൂരിഭാഗം പേരും പേടിച്ചു പോയി. അതൊരു ധിക്കാരമായി തോന്നിയാലോ? അയാളുടെ മറുപടി നേരിടാനാവാതെ ഞങ്ങള്‍ പേടിച്ചിരുന്നു.

പക്ഷെ പ്രതീക്ഷിച്ച ഒരു ചോദ്യമെന്ന പോലെ അയാള്‍ മനോഹരമായി ചിരിച്ചു.

'നിങ്ങള്‍ അതറിയുന്ന നേരം, ഞാന്‍ ഇവിടെ ഉണ്ടാവില്ല.'

അതിന് ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം ക്ലാസെടുത്തു. തത്ത്വചിന്തയോ സിലബസിനകത്തുള്ള ഭാഗമോ കടുകട്ടിയായ മറ്റെന്തെങ്കിലുമോ ഒന്നുമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദം, നില്‍പ്, നോട്ടം, ശാന്തത, വിചാരങ്ങള്‍ ഇവയെല്ലാം ഞങ്ങള്‍ അറിയാതെ പഠിക്കുന്നത് പോലെയായിരുന്നു. ആയാസമേതുമില്ലാതെ ഞങ്ങളെല്ലാവരും ശാന്തമായി ഭാരമില്ലാത്തവരെ പോലെ കേട്ടിരിക്കുകയായിരുന്നു.

ക്ലാസ് കഴിഞ്ഞ് സാറിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഭാരമില്ലാത്ത ശ്വാസം പോലെ അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ നിശ്ചലമായി നിന്നു. സാറിന്റെ ക്ലാസില്‍ അടങ്ങി ഇരിക്കേണ്ടതായോ, മിണ്ടാതെ ഇരിക്കേണ്ടതായോ വന്നില്ല. അദ്ദേഹത്തിന് അച്ചടക്കമെന്ന വാക്ക് പോലും ഇഷ്ടമുണ്ടായിരുന്നില്ല. സാറ് ഞങ്ങളോട് എപ്പോഴും ബഹളം വെച്ചു കൊണ്ടിരിക്കാന്‍ പറഞ്ഞു. ചോദ്യം ചോദിക്കുവാന്‍ പ്രേരിപ്പിച്ചു. ഒന്നിനും ഒരു നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരുന്ന പ്രപഞ്ചം, അതിലേക്കുള്ള വാതിലുകള്‍ ഞങ്ങളെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാത്ത കുട്ടികളായിരിക്കാന്‍ പഠിപ്പിച്ചു.

YouTube video player

വിയോഗം

അതിരാവിലെ, വിനു വിളിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അവന്റെ ശബ്ദം കടല്‍ക്കാറ്റിനിടയില്‍ പെട്ട് മറ്റേതോ ദിശ തേടി അകലുന്നത് പോലെയായിരുന്നു.

'അയാള്‍ പോയി' എന്ന് മാത്രം അവസാനമായി ഞാന്‍ മനസ്സിലാക്കി.

ശബ്ദമില്ലാത്ത ഒരു കാടായി പരിസരം മാറുന്നത് പോലെ എനിക്കപ്പോള്‍ തോന്നി. ശോഭമ്മയുടെ മുഖമായിരുന്നു. ആദ്യം മനസ്സില്‍ വന്നത്. അവരുടെ വേദനയായിരുന്നു എന്നെ ഉലച്ചുകളഞ്ഞത്. എങ്ങനെയിത് സഹിക്കും! അയാള്‍ ക്ലാസില്‍ വന്ന് പറയാറുള്ള കഥകളിലൂടെ ശോഭമ്മ വളരെ അടുത്ത ഒരാളെ തോന്നുമായിരുന്നു. അവരനുഭവിച്ച സംഘര്‍ഷങ്ങളെല്ലാം അറിഞ്ഞോ അറിയാതെയോ അപ്പോഴെല്ലാം എന്റെ മനസ്സില്‍ തെളിഞ്ഞു വരുമായിരുന്നു.

അവസാനമായി കണ്ടപ്പോള്‍, ഹോസ്റ്റലിലെ കാന്റീനില്‍ ഇവിടത്തെ അന്തേവാസിയാണെന്ന് കളിയാക്കി ഉച്ചയൂണ് കഴിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ പിന്നീട് സമയമുണ്ടല്ലോയെന്നോര്‍ത്ത് കൂട്ടുകാര്‍ക്കൊപ്പം ഗുരുവായൂരപ്പനില്‍ പോയതോര്‍ത്ത് എനിക്ക് ദുഃഖം തോന്നി.

ഗവേഷണാവശ്യത്തിനാവശ്യത്തിനായി എനിക്ക് അക്കാദമി വിട്ട് പോരേണ്ടി വരുമ്പോള്‍ നിസ്വാര്‍ത്ഥനായി കൂടെ നിന്നതില്‍, എപ്പോഴും ഉയര്‍ന്ന്, തെളിഞ്ഞ് കാണാന്‍ ആഗ്രഹിച്ചതില്‍, ഇതെഴുതുമ്പോഴെല്ലാം എനിക്ക് കരച്ചില്‍ വരുന്നു.

ക്ലാസ് മുറി ഒരു ഹീലിങ്ങ് സ്‌പേസാണെന്നും, അതൊരു വലിയ തുറവിയാണെന്നും എനിക്കാദ്യമായി തോന്നിയത് അജിത് സാറിന്റെ ക്ലാസുകളില്‍ നിന്നാണ്. മറ്റൊരിക്കലും സ്ഥാപനങ്ങളിലെ ക്ലാസ് മുറികള്‍ എനിക്കങ്ങനെ അനുഭവപ്പെട്ടേയുണ്ടായിരുന്നില്ല.

YouTube video player

അഭാവം

ഇപ്പോള്‍, ഒരു കൂറ്റന്‍ മരത്തില്‍ അവശേഷിച്ച അവസാനത്തെയില പൊടുന്നനെ വേര്‍പെട്ട് കാണാതായത് പോലെ, അയാള്‍ പെട്ടെന്ന് കടന്നു കളഞ്ഞു.

മഞ്ഞു മറയ്ക്കുള്ളില്‍ മറഞ്ഞ് പോയ ചില കാഴ്ചകള്‍! അയാള്‍ ഇപ്പോള്‍ അവശേഷിക്കുന്നില്ല. മഞ്ഞു മറയില്‍ മരണത്തിന്റെ തണുപ്പില്‍ അയാള്‍ ഉറങ്ങി കിടക്കുന്നു. ഇടയ്‌ക്കൊക്കെ കടന്നു വരുന്ന ഓര്‍മ്മകളില്‍ മാത്രം അയാള്‍ മഞ്ഞു മറനീക്കി പുറത്ത് കടക്കുന്നു.

ഇപ്പോള്‍ വീണ്ടും വീണ്ടും എനിക്ക് കരച്ചില്‍ വരുന്നു, അജിത് ഉണ്ടായിരുന്നെങ്കില്‍. ചിലപ്പോള്‍ ഞാന്‍ വിളിക്കുകയോ സംസാരിക്കുകയോ, കാണാന്‍ പോവുകയോ ഒന്നും ചെയ്‌തെന്ന് വരില്ലായിരിക്കാം.

എന്റെ കാര്യത്തില്‍ എനിക്കൊരുറപ്പുമില്ല, മനസ്സില്‍ എപ്പോഴും എല്ലാവരെയും ഓര്‍ക്കുമെങ്കില്‍ കൂടിയും

എങ്കിലും അജിത് സാര്‍ ഉണ്ടായിരുന്നെങ്കില്‍... വെറുതെ ഉണ്ടായിരുന്നെങ്കില്‍...

വേണ്ട, മരിക്കണ്ടായിരുന്നു.

അദ്ദേഹം മുമ്പു പറഞ്ഞ ഒരു വാചകം ഞാനിപ്പോള്‍ വീണ്ടുമോര്‍ക്കുന്നു.

'നിങ്ങള്‍ അതറിയുന്ന നേരം, ഞാന്‍ ഇവിടെ ഉണ്ടാവില്ല.'

പഴയ ഒരു താവോ വാചകത്തില്‍ ആ വാക്കുകളെ ഞാനിപ്പോള്‍ കൊരുത്തുവെയ്ക്കുന്നു.

When the student is ready,
The teacher will appear.
When the student is truly ready,
The teacher will disappear.'

Tao Te Ching

ഞങ്ങള്‍ പഠിച്ചു.
ഞങ്ങള്‍ പഠിച്ചു.
ഞങ്ങള്‍ പഠിച്ചു.

അയാള്‍ മാത്രം അപ്രത്യക്ഷനായി.