മലയാളി അധികമറിയാത്ത അതിജീവനഗാഥയാണ് കൃഷ്ണകുമാറിന്റെ ജീവിതം. അധികം അറിഞ്ഞുകൂടാ എന്ന് പൊതുവായി പറയുന്നതാണ്, അത്രയ്ക്ക് ആരുമറിയാത്ത ഒരാളല്ല കൃഷ്ണകുമാര്‍. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള 2017-18 കാലത്തെ സംസ്ഥാന സര്‍ക്കാറിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അവനായിരുന്നു. ജനിതകരോഗങ്ങളായ മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്നിവ ബാധിച്ച ആയിരങ്ങള്‍ക്ക് പുതുജീവിതം സൃഷ്ടിക്കാന്‍ യത്‌നിക്കുന്ന 'മൈന്‍ഡ്' എന്ന സംഘടനയുടെ സംസ്ഥാന വൈസ് ചെയര്‍മാനുമാണ്.

 

 

എത്തിപ്പെടാന്‍ അത്ര എളുപ്പമല്ലാത്ത ഒരിടമാണ് അതിരപ്പിള്ളി. അതിമനോഹരമായ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താനുള്ള വഴികള്‍ അത്രമനോഹരമല്ല. എന്നിട്ടും, സാധാരണ ആളുകള്‍ക്ക് പോലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള അതിരപ്പിള്ളിയിലേക്ക് ഈയടുത്ത് ഒരു വീല്‍ചെയര്‍ ഉരുണ്ടു ചെന്നു. ശരീരത്തിന്റെ ചലനം കുറഞ്ഞുവരുന്ന അപൂര്‍വ്വ രോഗം പിടിപെട്ട ഒരു യുവാവായിരുന്നു അതിലുണ്ടായിരുന്നത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി കൃഷ്ണകുമാര്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച് വര്‍ഷങ്ങളായി വീല്‍ചെയറില്‍ കഴിയുന്ന ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്ന് യാത്രയാണ്. അതിരപ്പിള്ളി മാത്രമല്ല, പോവാനാവുന്ന അനേകം സ്ഥലങ്ങളിലേക്ക് അവന്റെ വീല്‍ചെയര്‍ ചക്രങ്ങള്‍ ഉരുണ്ടിട്ടുണ്ട്.  മനോഹരമായ ഭാഷയില്‍ ആ യാത്രാനുഭവങ്ങള്‍ അവന്‍ എഴുതാറുമുണ്ട്. സമാനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആയിരക്കണക്കിനാളുകളില്‍ പ്രതീക്ഷ നിറയ്ക്കുന്നതാണ് ആ എഴുത്തുകളും ഇടപെടലുകളും. ശരീരചലനം എളുപ്പമല്ലെങ്കിലും മനസ്സിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍, ഏത് അസാധ്യ ലക്ഷ്യങ്ങളെയും സാധ്യമാക്കാമെന്ന് വിളിച്ചു പറയുന്നതാണ് കൃഷ്ണ കുമാറിന്റെ ജീവിതം. 

മലയാളി അധികമറിയാത്ത അതിജീവനഗാഥയാണ് കൃഷ്ണകുമാറിന്റെ ജീവിതം. അധികം അറിഞ്ഞുകൂടാ എന്ന് പൊതുവായി പറയുന്നതാണ്, അത്രയ്ക്ക് ആരുമറിയാത്ത ഒരാളല്ല കൃഷ്ണകുമാര്‍. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള 2017-18 കാലത്തെ സംസ്ഥാന സര്‍ക്കാറിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അവനായിരുന്നു. ജനിതകരോഗങ്ങളായ മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്നിവ ബാധിച്ച ആയിരങ്ങള്‍ക്ക് പുതുജീവിതം സൃഷ്ടിക്കാന്‍ യത്‌നിക്കുന്ന 'മൈന്‍ഡ്' എന്ന സംഘടനയുടെ സംസ്ഥാന വൈസ് ചെയര്‍മാനുമാണ്. എഴുത്തിലൂടെയും ഇടപെടലുകളിലടെയും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇങ്ങനെ കുറേ മനുഷ്യരുണ്ടെന്നും അവരുടെ അതിജീവനത്തിന് സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും കൈത്താങ്ങ് ആവശ്യമുണ്ടെന്നും സദാ വിളിച്ചു പറയാനാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ ഉപയോഗിക്കുന്നത്. 

 

കൃഷ്ണകുമാര്‍ അതിരപ്പിള്ളിയില്‍
 

സ്വപ്‌നങ്ങളിലേക്ക് ഒരു വീല്‍ച്ചെയര്‍ദൂരം

നമുക്ക് അതിരപ്പിള്ളിയിലേക്ക് തിരിച്ചുവരാം. ശാരീരിക ബുദ്ധിമുട്ടുള്ള അമ്മയ്ക്കും ഉറ്റ ബന്ധുക്കള്‍ക്കുമൊപ്പം അവിടേക്ക് വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ അവന് കഴിഞ്ഞത്, പുതുതായി വന്ന ഒരു ഭിന്നസൗഹൃദ വഴി ഉപയോഗിച്ചാണ്. വീല്‍ ചെയറിനു പോവാനാവുന്ന വിധത്തില്‍ പുതുതായി ഉണ്ടായ ആ റാമ്പ് വെട്ടിത്തുറന്നത് കൃഷ്ണകുമാറിന്റെ കൂടി മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന 'മൈന്‍ഡ്' അടക്കമുള്ള സംഘടനകളുടെ നിരന്തര ആവശ്യങ്ങളായിരുന്നു. പിന്നാലെ വരുന്ന മറ്റനേകം വീല്‍ചെയറുകള്‍ക്ക് കൂടി വേണ്ടിയായിരുന്നു അത്. അതിരപ്പിള്ളിയിലേക്ക് പുറപ്പെട്ടുപോയതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനോഹരമായ എഫ് ബി കുറിപ്പില്‍ അവന്‍ ഇങ്ങനെ എഴുതി: ''കേരളത്തിന്റെ നയാഗ്ര എന്ന് വിശേഷണമുള്ള, സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം ആയിരം അടി ഉയരെ സ്ഥിതി ചെയ്യുന്ന, ഏകദേശം 82 അടി താഴ്ചയിലേക്ക് പതിക്കുന്ന, ഇന്ത്യയിലെ സിനിമ സംവിധായകര്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ട ലോക്കേഷന്‍ ആയ നമ്മുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത ഇന്ന് എന്റെ വീല്‍ചെയറിന് ഏറ്റവും  സുഗമമായി സഞ്ചരിക്കാവുന്ന വിധത്തിലേക്ക് മാറിയിരിക്കുന്നു എന്നതാണ് ആദ്യത്തെ കാരണം. ഈ വലിയ കാര്യത്തിലേക്ക് ഒരു ചെറിയ സംഭാവന എനിക്കും നല്‍കാന്‍ കഴിഞ്ഞു എന്നതായിരുന്നു  രണ്ടാമത്തെ കാരണം. നമ്മുടെ കൂടി പരിശ്രമഫലമായി ഉണ്ടായ യാത്രാസൗകര്യവും ലോഭമില്ലാത്ത പ്രകൃതി സൗന്ദര്യവും  നേരിട്ടനുഭവിക്കണം എന്ന ആഗ്രഹമാണ് മൂന്നാമത്തെ കാരണം. ഇത്രയും ആവേശത്തോടെ ഞാന്‍ ഒരു കാഴ്ച്ചയിലേക്കും പോയിട്ടില്ല.''

എങ്കിലും എളുപ്പമായിരുന്നില്ല ആ യാത്ര. അവന്റെ വാക്കുകളില്‍ ആ ദുര്‍ഘടാവസ്ഥയെ ഇങ്ങനെ വായിക്കാം: '''അതിരപ്പിള്ളിയിലേക്ക് സ്വാഗതം'എന്ന് എഴുതി വച്ചിരിക്കുന്ന കവാടം തൊട്ട് വെള്ളച്ചാട്ടം വരെ എത്താന്‍  കഠിനപ്രയത്നം തന്നെ വേണം. ദിവസവും നാല് കിലോമീറ്ററോളം നടക്കുന്ന എന്റെ അമ്മ പോലും വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിക്ക് തളര്‍ന്നിരിക്കുന്നത് കാണാമായിരുന്നു.'' 

 

അമ്മ തളര്‍ന്നിരിക്കുമ്പോഴും അവന്റെ വീല്‍ച്ചെയര്‍ മുന്നോട്ടേക്കു തന്നെ പോയി. കാരണം, അവനത് കേവലം വെള്ളച്ചാട്ടം മാത്രമായിരുന്നില്ല. കൊവിഡ് കാലത്തെ അതിജീവിക്കാന്‍ മനസ്സില്‍ സ്വരുക്കൂട്ടിവെച്ച സ്വപ്‌നം കൂടിയായിരുന്നു. വീടകങ്ങളിലും വീല്‍ചെയറുകളിലും സ്വപ്നങ്ങള്‍ കുരുങ്ങിക്കിടക്കുന്ന, സമാനസാഹചര്യത്തിലുള്ള മറ്റൊരുപാട് സഹജീവികളുടെ സ്വപ്‌നസാഫല്യത്തിലേക്കുള്ള ആദ്യചുവട്. ഇനിയുമൊരുപാട് വീല്‍ചെയറുകള്‍ അങ്ങോട്ട് ഉരുണ്ടു വരണമെന്നും അവരുടെ കണ്ണുകളിലും, ആകാശവും ഭൂമിയും ജലകേളി നടത്തുന്ന വെള്ളച്ചാട്ടം  നിറയണമെന്നുമുള്ള ആഗ്രഹം കൂടിയായിരുന്നു അത്. ആഗ്രഹം സഫലമായ നിമിഷത്തെക്കുറിച്ച് കൃഷ്ണകുമാര്‍ ഇങ്ങനെ എഴുതുന്നു: 

''പ്രവേശന കവാടത്തില്‍ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഏകദേശം പതിനഞ്ച് മിനിറ്റ് എടുക്കും.  ഒടുവില്‍ ഒരുപാട് സിനിമകളിലും ചിത്രങ്ങളിലും ഒക്കെ കണ്ട് കൊതിച്ച അതിരപ്പിള്ളി എന്ന സൗന്ദര്യത്തിന്റെ അടുത്ത് ഞാനെത്തി. ഒരു സാധാരണ യാത്രികനെ പോലെ വെള്ളച്ചാട്ടം പതിക്കുന്നിടത്തേക്ക് വീല്‍ ചെയറില്‍ എത്താന്‍ കഴിയില്ലെങ്കിലും അതിന്റെ ഉത്ഭവ സ്ഥാനം കണ്‍നിറയെ കാണാം, അനുഭവിക്കാം.''

അതെ, കണ്‍നിറയെ അതിരപ്പള്ളിയെ നിറയ്ക്കുക തന്നെ ചെയ്തു, കൃഷ്ണകുമാര്‍. വീണ്ടുമൊരിക്കല്‍ കൂടി വരണമെന്നുറപ്പിച്ച്, അവന്റെ വീല്‍ച്ചെയര്‍ തിരിച്ചുരുണ്ടു. 

എന്നാല്‍, അവിടെ തീരുന്നില്ല, കൃഷ്ണകുമാറിന്റെ സ്വപ്നങ്ങള്‍. ഉള്ളില്‍ മറ്റനേകം യാത്രാമോഹങ്ങള്‍ ബാക്കിയുണ്ട്. മറ്റൊരുപാട് ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. അതിനെക്കുറിച്ചും പറയാനുണ്ട് കൃഷ്ണകുമാറിന്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ നിറയെ, സമൂഹം നിര്‍ബന്ധമായി മനസ്സിലാക്കേണ്ട കുറേ കാര്യങ്ങളായിരുന്നു. തന്നെപ്പോലുള്ള ആയിരങ്ങളെ കുറിച്ച്, അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ കൂട്ടായ്മയെക്കുറിച്ച്, സുമനസ്സുകളോ സര്‍ക്കാരോ അഞ്ചേക്കര്‍ ഭൂമി നല്‍കിയാല്‍, അവര്‍ക്ക് തുടങ്ങാനാവുന്ന പുനരധിവാസ കേന്ദ്രത്തെക്കുറിച്ച്, വീല്‍ചെയറും മനസ്സും ഒരേവേഗത്തില്‍ പായുന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളെക്കുറിച്ച്.   

 

കൃഷ്ണകുമാര്‍ അമ്മയ്‌ക്കൊപ്പം
 

രണ്ട് ജന്‍മങ്ങള്‍

ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി കരിമണല്‍ ഖനനം നടക്കുന്ന കൊല്ലം ചവറ പ്രദേശത്താണ് കൃഷ്ണകുമാറിന്റെ വീട്. കൃത്യമായി പറഞ്ഞാല്‍, തെക്കുംഭാഗം. അവിടത്തെ സഹകരണ ബാങ്കില്‍ ജീവനക്കാരായിരുന്നു അച്ഛന്‍ പ്രസന്നകുമാറും അമ്മ ശ്രീലതയും. ഒരനിയത്തിയുണ്ടായിരുന്നു. നല്ല വായനക്കാരനായിരുന്നു അച്ഛന്‍. നന്നായി എഴുതും. അപൂര്‍വ്വരോഗമായ മസ്‌കുലര്‍ ഡിസ്‌ട്രോഫിയുമായി പിറന്ന മകന് മാതാപിതാക്കള്‍ വീട്ടില്‍വെച്ച് തന്നെയാണ് വിദ്യാഭ്യാസം നല്‍കിയത്. ഹോം ട്യൂഷനുമുണ്ടായിരുന്നു. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അറിവുകള്‍, അടഞ്ഞുപോയ അക്കാലത്താണ് അവന്‍ നേടിയത്. 

ഇന്ന് കൃഷ്ണ കുമാറിന് 34 വയസ്സുണ്ട്. അതിനിടയില്‍ പലതരം ജീവിതാനുഭവങ്ങള്‍ മുന്നില്‍ വന്നു. അതിലേറ്റവും വേദനാഭരിതമായ അനുഭവം 2012-ലായിരുന്നു. ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തില്‍ അച്ഛനും അനിയത്തിയും മരിച്ചു. അവന് ഗുരുതരമായ പരിക്കേറ്റു. ആറോളം ഒടിവുകളും പതിനാറോളം സ്റ്റിച്ചുകളും മാത്രമായിരുന്നില്ല ബാക്കിയായത്, കടുത്ത വിഷാദം കൂടെയായിരുന്നു.  മുറിയില്‍നിന്നു പുറത്തിറങ്ങാത്ത ദീര്‍ഘമായ ദുരിതകാലമായിരുന്നു അത്. ജീവിതം ഇനിയെന്ത് എന്ന ആലോചന. ഇതു തന്നെയാണ് ഈ രോഗത്തെ സവിശേഷമാക്കുന്നത്. ''ഈ രോഗം വരുന്നവരുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന അവസ്ഥ കൂടി അറിയേണ്ടതുണ്ട്. തങ്ങളുടെ കാലശേഷം, ചലനശേഷി കുറഞ്ഞ കുട്ടികള്‍ എന്ത് ചെയ്യും എന്ന ആധിയിലാണ് അവര്‍ ജീവിക്കുന്നത്.''-കൃഷ്ണകുമാര്‍ പറയുന്നു. 

നീണ്ട നാലര വര്‍ഷം കൃഷ്ണകുമാറിന്റെ ജീവിതം വിഷാദഭരിതമായിരുന്നു. അതിനുശേഷമാണ് 'രണ്ടാം ജന്‍മം' എന്നവന്‍ വിശേഷിപ്പിക്കുന്ന ജീവിതത്തിലേക്കുള്ള ആ കോള്‍ വന്നത്. കോഴിക്കോട് നിന്നു പ്രജിത്ത് എന്നൊരാളായിരുന്നു വിളിച്ചത്. ഈ രോഗമുള്ള ഒരാളാണെന്നും സമാനമായ അവസ്ഥകളില്‍ ജീവിക്കുന്നവര്‍ക്കു വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ആഗഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, തങ്ങള്‍ക്കൊപ്പം ചേരണം എന്ന ക്ഷണവും. കൃഷ്ണ കുമാര്‍ സമ്മതിച്ചു. വൈകാതെ, 'മൈന്‍ഡ്' എന്ന സംഘടന തൃശൂരില്‍വെച്ച് ഔദ്യോഗികമായി ആരംഭിച്ചു.  മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികളുടെ പുനരധിവാസം അടക്കമുള്ള ലക്ഷ്യങ്ങളോടെ ആരംഭിച്ച സംഘടനയുടെ വൈസ് ചെയര്‍മാനായി, കൃഷ്ണകുമാര്‍. 

 

 

'മൈന്‍ഡ്' മുന്നോട്ടുവെക്കുന്ന സ്വപ്നങ്ങള്‍

മസ്‌കുലര്‍ ഡിസ്‌ട്രോഫി, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. രണ്ട് ജനിതക രോഗങ്ങളാണ് ഇവ. ശരീരത്തിന്റെ ചലനം പതിയെ കുറഞ്ഞ് വരുന്ന രോഗങ്ങള്‍. രോഗി പതിയെ വീല്‍ച്ചെയറിലേക്കും ബെഡിലേക്കും പോയി, നിശ്ചലമാവുന്ന അവസ്ഥ. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയുണ്ട്, മരുന്നുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇത് ലഭ്യമല്ല. ഇവിടെ ഈ മരുന്നിന്റെ ഉല്‍പ്പാദനം തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും, വില വളരെ കൂടുതലാവുമെന്നാണ് സൂചന. സാധാരണ മനുഷ്യര്‍ക്ക് മരുന്ന് അപ്രാപ്യമാവുന്ന അവസ്ഥ. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ഇതിനപ്പുറമാണ്, ഈ രോഗികളുടെ അവസ്ഥ. പുനരധിവാസവും റിക്രിയേഷന്‍ സൗകര്യങ്ങളുമടക്കം അവര്‍ക്ക് അനിവാര്യമാണ്. 

2011 -ലെ സെന്‍സസസ് പ്രകാരം മൂവായിരത്തിലധികം മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗികള്‍ കേരളത്തിലുണ്ട്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികളുടെ എണ്ണം 200 -ലേറെയാണ്. ഈ രണ്ട് വിഭാഗങ്ങളുടെയും ജീവിതപുരോഗതിയാണ് മൈന്‍ഡ്' എന്ന സംഘടന കൈകാര്യം ചെയ്യുന്നത്. 2016-ലാരംഭിച്ച ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പാണ് ഈ സന്നദ്ധ സംഘടനയുടെ പിറവിയിലേക്ക് നയിച്ചത്. സമാനസ്വഭാവമുള്ള മറ്റ് പല ഗ്രൂപ്പുകളില്‍നിന്നും വ്യത്യസ്തമായി ഇതിനെ നയിക്കുന്നവരെല്ലാം ഈ രോഗം അനുഭവിക്കുന്നവരാണ്. നാല് ലക്ഷ്യങ്ങളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന്, രോഗത്തെക്കുറിച്ച് സാമൂഹിക അവബോധമുണ്ടാക്കുക, രണ്ട്, രോഗികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കുക, മൂന്ന്, രോഗികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, നാല്, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക. റവന്യ വകുപ്പ് ഉദ്യോഗസ്ഥയായ ആശ, ആര്‍ക്കിടെക്റ്റായ പ്രജിത്ത്, ഐ ബി എമ്മില്‍ പ്രൊജക്ട് ഗൈഡായ കൃഷ്ണകുമാര്‍, അധ്യാപകനായ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് സംഘടനയെ മുന്നോട്ട് നയിക്കുന്നത്. 

ഒരിടം എന്ന് പേരിട്ട ഒരു പുനരധിവാസസ്വപ്‌നമാണ് സംഘടന പ്രധാനമായും മുന്നോട്ടുവെക്കുന്നത്. മുകളില്‍ പറഞ്ഞ നാല് ലക്ഷ്യങ്ങള്‍ക്കായുള്ള സമഗ്രമായ ഒരു കേന്ദ്രം. ''സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ പരിചരണത്തിന്റെ ഒരിടമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. റിക്രിയേഷന്‍ സെന്റര്‍, വിദ്യാഭ്യാസ കേന്ദ്രം,  സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, പുനരധിവാസ കേന്ദ്രം എന്നിവ അടങ്ങിയ റിക്രിയേഷന് പ്രധാന്യം നല്‍കുന്ന ഒരിടമാണ് മൈന്‍ഡ് വിഭാവനം ചെയ്യുന്നത്. മററുള്ളവരെ ആശ്രയിച്ച് ജീവിക്കാന്‍ ബാധ്യസ്്ഥരായ രോഗികളെ സ്വാ്രശയത്വത്തിലേക്ക് എത്തിക്കുകയാണ് ഈ കേന്ദ്രം പ്രധാനമായി വിഭാവനം ചെയ്യുന്നത്.''-കൃഷ്ണകുമാര്‍ ആ സ്വപ്‌നം പങ്കുവെയ്ക്കുന്നു. 

കോഴിക്കോടോ പരിസരത്തോ ഈ കേന്ദ്രം തുടങ്ങാനാണ് ഇവരാഗ്രഹിക്കുന്നത്. എന്നാല്‍, അത് എളുപ്പമല്ല. അഞ്ചേക്കറിലേറെ ഭൂമിയെങ്കിലും ഇതിനാവശ്യമായി വരും. പിന്നെ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും. മൂവായിരത്തിലേറെ രോഗികള്‍ക്കുള്ള കേരളത്തിലെ ഏകകേന്ദ്രമായതിനാല്‍, ഈ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും പറ്റില്ല. സര്‍ക്കാറോ സ്വകാര്യ വ്യക്തികളോ സംഘടനകളോ മറ്റോ സഹായം നല്‍കിയാലേ, ഏറ്റവുമധികം പരിഗണന ആവശ്യമുള്ള ഈ വിഭാഗത്തെ രക്ഷപ്പെടുത്തി എടുക്കാനാവൂ. 

 

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഭിന്നസൗഹൃദ സംവാദത്തില്‍ കൃഷ്ണകുമാര്‍
 

ഇക്കാര്യമാണ്, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി നടത്തിയ ഭിന്നശേഷിക്കാരുമായുള്ള നവകേരളം സംവാദത്തില്‍ കൃഷ്ണ കുമാര്‍ ആവശ്യപ്പെട്ടത്. ഗര്‍ഭാവസ്ഥയില്‍ തന്നെ രോഗം കണ്ടെത്താനുളള സംവിധാനം ഏര്‍പ്പെടുത്തുക, പുനരധിവാസ കേന്ദ്രം ആരംഭിക്കുക, രോഗികള്‍ക്കുള്ള പെന്‍ഷന്‍ ലഭ്യമാക്കുക, ജീവിതത്തിന്റെ എല്ലാ തലങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറെ പോസിറ്റീവായാണ് പ്രതികരിച്ചത് എന്ന് കൃഷ്ണകുമാര്‍ പറയുന്നു. 

അവസാനം പറഞ്ഞ കാര്യം, ഈ രോഗികള്‍ക്കു മാത്രമല്ല, ഭിന്നശേഷി സമൂഹത്തിന് തന്നെ അനിവാര്യമായ ഒന്നാണ്. എല്ലാ ആസൂത്രണ പ്രവര്‍ത്തനങ്ങളിലും ഭിന്നശേഷി സൗഹൃദ നയങ്ങളും നിലപാടുകളും കൊണ്ടുവരിക എന്നത്. റോഡായാലും സര്‍ക്കാര്‍ ഓഫീസുകള്‍ ആയാലും വമ്പന്‍ കെട്ടിടങ്ങള്‍ ആയാലും വിനോദ സഞ്ചാര കേന്ദ്രങ്ങളായാലും അവിടമൊക്കെ ഭിന്നശേഷിക്കാര്‍ക്കു കൂടി ജീവിക്കാന്‍ ഉതകുന്നതാക്കുക എന്നതാണ് അത്. 'ബ്രേക്ക് ദ ബാരിയേഴ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തി മൈന്‍ഡ് നടത്തിയ കാമ്പെയിനും ഇതേ വഴിക്കായിരുന്നു. വീല്‍ചെയറുകള്‍ക്ക് സഞ്ചരിക്കാനാവുന്ന റാമ്പുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് മറ്റ് ചില സംഘടനകള്‍ക്കൊപ്പം മൈന്‍ഡ് നടത്തിയ ശ്രമത്തിന്റെ ഫലമായാണ് അതിരപ്പിള്ളിയില്‍ ഭിന്നസൗഹൃദ പാത നിലവില്‍ വന്നത്. അതുള്ളത് കൊണ്ടാണ് കൃഷ്ണകുമാറിന്റെ വീല്‍ചെയര്‍ അങ്ങോട്ട് ഉരുണ്ടത്. മറ്റനേകം വീല്‍ചെയറുകള്‍ കൂടി അങ്ങോട്ട് നീങ്ങാനിരിക്കുന്നത്. ഈ മാറ്റം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കണം. അതിനുള്ള ശ്രമങ്ങളാണ് മൈന്‍ഡ് അടക്കമുള്ള സംഘടനകള്‍ നടത്തുന്നത്.  

കേരളം ഇനിയെങ്കിലും ഈ മനുഷ്യരെ കേട്ടേ മതിയാവൂ.

 

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് ലിങ്ക്

'മൈന്‍ഡ്' ഫേസ് ബുക്ക് പേജിന്റെ ലിങ്ക്