Asianet News MalayalamAsianet News Malayalam

മധു കൊലക്കേസ്; സാക്ഷി സംരക്ഷണ നിയമം നിര്‍ണ്ണായകമായതെങ്ങനെ?

 അന്വേഷണം ഉണ്ടായാൽ പോലും പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തിരുന്നു പ്രതികളും ഇടനിലക്കാരനും. പക്ഷേ, ആസൂത്രിതമായ കൂറുമാറ്റമാണ് ഇതെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചു. അതോടെ, പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. 

How was the witness protection law decisive in the Madhu murder case bkg
Author
First Published Mar 22, 2023, 12:59 PM IST

ട്ടപ്പാടി മധുകൊലക്കേസിന്‍റെ വിധി എന്തായാലും അതിൽ നിർണായകമാകുന്നത് കൂറുമാറ്റമാണ്. കോടതി പ്രതികളെ വെറുതെ വിട്ടാൽ, അതിന് സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റമാകും ഒരു കാരണം. മറിച്ചാണെങ്കിൽ സാക്ഷികളുടെ കൂറുമാറ്റം പ്രതികളുടെ സ്വാധീന ഫലമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി മുഖവിലയ്ക്ക് എടുത്തെന്നും നിരീക്ഷിക്കാനാം. അങ്ങനെയാണെങ്കിൽ കൂറുമാറ്റത്തിന് തുനിഞ്ഞ പ്രതികൾക്ക് പ്രത്യേക ശിക്ഷ ഉണ്ടാകുമോ? കൂറുമാറാന്‍ ഇടനില നിന്നവർക്ക് എതിരെ കോടതി എന്ത് നിലപാട് സ്വീകരിക്കും. പ്രതിഭാഗം വക്കീലന്മാർ തന്നെ കൂറുമാറ്റത്തിന് കൂടൊരുക്കിയെങ്കിൽ അവരും കുറ്റക്കാരാകുമോ ? തുടങ്ങിയ നിരവധി നിയമപരമായ ചോദ്യങ്ങള്‍ക്ക് കൂടി മധു കൊലക്കേസ് വിചാരണ വഴി തെളിക്കുന്നു. ഇതിനെല്ലാം കാരണമായതാകട്ടെ സാക്ഷി സംരക്ഷണ നിയമ പ്രകാരം മധു കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെ കുറിച്ചുള്ള അന്വേഷണവും ആ കഥയിങ്ങനെ.  

കൂറുമാറ്റത്തിന് എങ്ങനെ കളമൊരുങ്ങി

2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. 2018 മെയ് 22ന് കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യം ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ, 2018 മെയ് 31ന് കേസിലെ 16 പ്രതികൾക്കും ജാമ്യം കിട്ടി. വിചാരണക്കോടതി നിഷേധിച്ച ജാമ്യം ഹൈക്കോടതിയാണ് അനുവദിച്ചത്. സാക്ഷികളെ കാണരുത് . സ്വാധീനിക്കരുത് എന്നിവയൊക്കെ ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നു. പക്ഷേ, കേസിൽ വിചാരണ തുടങ്ങാൻ നാലുവർഷം കാത്തിരിക്കേണ്ടി വന്നു. സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർമാർ പല കാരങ്ങൾ കൊണ്ട് ഹാജരാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 

പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ്. സാക്ഷികളിൽ പലരും പ്രതികളുടെ ആശ്രിതരാണ്. ഇക്കാരണത്താൽ തന്നെ കൂറമാറ്റത്തിലേക്ക് സാക്ഷികളെ എത്തിക്കാൻ പ്രതികൾക്ക് എളുപ്പമായിരുന്നു. പ്രത്യേകിച്ച് പ്രതികൾ എല്ലാവരും ജാമ്യത്തിലായിരുന്നു താനും. 2022 മാർച്ചിലാണ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തൊട്ടടുത്ത മാസം ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കിരിയെ വിസ്തരിച്ച് വിചാരണ തുടങ്ങി. പക്ഷേ, ദൃക്സാക്ഷികൾ അടുത്തടുത്ത ദിവസങ്ങളിൽ കൂറുമാറിയതോടെ, എല്ലാവരും ഞെട്ടി. സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സി.രാജേന്ദ്രൻ ഹാജരായപ്പോഴാണ് പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ, അഭിഭാഷകനെ മാറ്റണം എന്നായി മധുവിന്‍റെ കുടുംബം. അതിൽ ഹർജിയായി. വിഷയം ഹൈക്കോടതിയിൽ എത്തി. ഒടുവിൽ സി.രാജേന്ദ്രൻ രാജിവച്ചു. അന്നത്തെ അഡീഷണൽ ഡോ.രജേഷ് മേനോൻ  പ്രോസിക്യൂട്ടറായി എത്തി. 

How was the witness protection law decisive in the Madhu murder case bkg

കൂറുമാറ്റത്തിന്‍റെ കുരുക്കഴിച്ചത് എങ്ങനെ ?

2022 ജൂൺ 25 ന് രാജേഷ് എം.മോനോൻ മധുകേസിൽ ഹാജരാകൻ തുടങ്ങിയെങ്കിലും കൂറുമാറ്റം തടയാനായിരുന്നില്ല. സാക്ഷികളിൽ പലരും പ്രതികൾക്ക് ഒപ്പമായിരുന്നു കോടതിയിൽ എത്തിയിരുന്നത്. പ്രോസിക്യൂഷൻ സാക്ഷികളെ കാണാനോ ബ്രീഫ് ചെയ്യാനോ പറ്റാത്ത സാഹചര്യം ഉണ്ടെന്ന് അന്നുമുതലേ അദ്ദേഹം നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. ഇതിനിടെയാണ് സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കാൻ തീരുമാനം എത്തിയത്. തുടർ കൂറുമാറ്റം തടയാൻ, അല്ലെങ്കിൽ കൂറുമാറ്റത്തിന്‍റെ വഴിയറിയാൻ മറ്റൊരു നിവൃത്തിയും പ്രോസിക്യൂഷനും പൊലീസിനും മുമ്പിൽ ഉണ്ടായിരുന്നില്ല. ഇതോടെ, സാക്ഷികളും പ്രതികളും പൊലീസ് നിരീക്ഷണത്തിലായി.  എല്ലാ നീക്കങ്ങളും പൊലീസ് സാകൂതം ശ്രദ്ധിച്ചു. പ്രതികളുടെ പണമിടപാടുകൾ, ഫോൺ കോളുകൾ യാത്രകൾ എല്ലായിടത്തും പൊലീസിന്‍റെ കണ്ണെത്തി. കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. 

385 ഫോൺ വിളികൾ 

അട്ടപ്പാടി മധുകൊലക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ നേരിട്ടും ഇടനിലക്കാരൻ മുഖേനെയും 385 തവണ സാക്ഷികളെ ഫോണിൽ വിളിച്ചെന്ന് പൊലീസ് കണ്ടെത്തി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിന്‍റെ നിയമപരമായ പിൻബലത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂറുമാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ പൊലീസ് കണ്ടെത്തിയത്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള പ്രതികളുടേയും ഇടനിലക്കാരന്‍റെയും കൂടുതൽ ആശയവിനിമയവും. ഇടനിലക്കാരൻ ആനവായി ഊരിലെ ആഞ്ചൻ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. ആഞ്ചന്‍റെ അയൽവാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാർഡ് വാങ്ങിയും മറ്റും സാക്ഷികളെ ബന്ധപ്പെട്ടു. അന്വേഷണം ഉണ്ടായാൽ പോലും പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തിരുന്നു പ്രതികളും ഇടനിലക്കാരനും. പക്ഷേ, ആസൂത്രിതമായ കൂറുമാറ്റമാണ് ഇതെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചു. അതോടെ, പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. 

'കുറ്റബോധം മാറിക്കിട്ടിയെന്ന് നേരത്തെ കൂറുമാറിയ സാക്ഷി' മധു കേസിൽ കോടതി മുറിയിലെ നാടകീയ സംഭവങ്ങൾ

ഇടമുറിയാതെ വിളികൾ. ആ കണക്ക് ഇങ്ങനെ സംഗ്രഹിക്കാം.

രണ്ടാം പ്രതി മരയ്ക്കാൻ 11 തവണ സ്വന്തം ഫോണിൽ നിന്ന് സാക്ഷികളെ വിളിച്ചു. 14, 15, 16, 18, 19, 32 എന്നീ ആറ് സാക്ഷികളുമായാണ് ബന്ധപ്പെട്ടത്.. ഇവരിൽ അഞ്ചുപേർ കൂറുമാറി. മൂന്നാം പ്രതി ശംസുദ്ദീൻ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദൻ. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്പതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു. പതിനഞ്ചാം പ്രതി ബിജു മുപ്പത്തി രണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണിൽ വിളിച്ചതിനും പ്രോസിക്യൂഷൻ  രേഖകൾ ഹാജരാക്കി. പതിനാറാം പ്രതി മൂനീർ ഒരു സാക്ഷിയെ മാത്രം വിളിച്ചത്  38 തവണ. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിന്‍റെ നിയമപരമായ പിൻബലത്തിൽ പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം സ്ഥാപിക്കാനായത്. 

How was the witness protection law decisive in the Madhu murder case bkg

അതൊരു കിടിലൻ നമ്പറായിരുന്നു

8943615072, ഇത് ഇടനിലക്കാരൻ സാക്ഷികളെ വിളിക്കാനും പ്രതികളുമായി ആശയ വിനിമയം നടത്താനും ഉപോയഗിച്ച നമ്പറാണ്. സിമ്മിന്‍റെ ഉടമസ്ഥാവകാശം പരിശോധിച്ച് പൊലീസ് ഇറങ്ങി. അട്ടപ്പാടിയിലെ ഭഗവതി എന്ന വ്യക്തിയുടേതാണ് നമ്പറെന്ന് തെളിഞ്ഞു. ഊത്ത് കുഴി ഊര്,  ഷോളയൂർ ഇതാണ് സിം എടുക്കുമ്പോൾ നൽകിയ മേൽവിലാസം. പൊലീസ് ഭഗവതിയെ കണ്ട് അന്വേഷിച്ചപ്പോൾ, അങ്ങനെ ഒരു സിം എടുത്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. എന്നാൽ അതിൽ കാണപ്പെട്ട ഫോട്ടയെ കുറിച്ചായി പിന്നീട് പരിശോധന. നിഷ എന്ന യുവതിയുടേതാണ് ഫോട്ടോ..  
അവരെ കണ്ടെത്തി വിവരം തിരക്കിയപ്പോൾ, 2019 ൽ ഭഗവതിയുടെ അനുജത്തി ധനലക്ഷ്മിക്ക് വേണ്ടി ഒരു സിം കാർഡ് എടുത്ത് നൽകിയിട്ടുണ്ട്.  അതിൽ ഉപയോഗിച്ചത് സ്വന്തം ഫോട്ടോ ആണ്. തിരിച്ചറിയൽ രേഖ ഭഗവതിയുടേതും. അങ്ങനെ തിരിച്ചറിയൽ രേഖയും സിം എടുക്കാൻ നൽകിയ ഫോട്ടോയേ കുറിച്ചുമുള്ള വിവിരം കിട്ടി. ഇനിയാണ് അടുത്ത ട്വിറ്റ്. 

സിം ഉപയോഗിച്ചിരുന്ന ധനലക്ഷ്മിയെ വിവാഹം കഴിച്ചത് ആനവായി ഊരിലുള്ള ശിവകുമാർ എന്ന വ്യക്തിയാണ്. പതിയെ ഭാര്യയുടെ സിം കാർഡ്  ഭർത്താവ് ശിവകുമാർ ഉപയോഗിക്കാൻ തുടങ്ങി. ഇടക്കാലത്ത് ഈ സിം ഉപയോഗിക്കാതെ മാറ്റിവച്ചു. ഇതേ സിം അയൽവാസിയായ ആഞ്ചൻ കടംവാങ്ങി ഉപയോഗിക്കാൻ തുടങ്ങി. ഇതിനിടയിൽ സിം പ്രതിയായ ബിജുവിനും കൈമാറി. പ്രതികൾ ഈ നമ്പർ ഉപയോഗിച്ച് നിരന്തരം ആഞ്ചൻ മുഖേനയും അല്ലാതെയും സാക്ഷികളുമായും ബന്ധപ്പെട്ട് കൊണ്ടേയിരുന്നു. കോൾ ഡീറ്റെയിൽസ് സഹിതമായിരുന്നു ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂട്ടർ വിചാരണക്കോടതിയിൽ വാദിച്ചത്. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയത് കൊണ്ട് മാത്രം അട്ടിമറി നീക്കം തടയനായ കേസാണ് മധുകൊലക്കേസ്. 

ഇനി ക്ലൈമാക്സ് 

കൈകൾ പലതും കൈമാറിയ ഈ സിം ഉപയോഗിച്ച മൊബൈൽ ഫോൺ ആക്ടീവ് ആകുന്നത്  മധുകേസിൽ ദൃക്സാക്ഷി വിസ്താരം തുടങ്ങുന്നതിന് അഞ്ചുനാൾ മുമ്പ് മാത്രം.  ജൂൺ എട്ടിനാണ് മധുകേസിൽ ദൃക്സാക്ഷി വിസ്താരം തുടങ്ങിയത്.  അന്ന് വിസ്തരിച്ച പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി. തൊട്ടടുത്ത ദിവസം പതിനൊന്നാം സാക്ഷി ചന്ദ്രനും മണ്ണാർക്കാട് എസ്സിഎസ്ടി വിചാരണക്കോടതിയിൽ  മൊഴിമാറ്റി. ഇതേ ഫോൺ ജൂലൈ 16 മുതൽ ഡിയാക്ടീവ് ആയി. അന്നാണ് മധുകൊലക്കേസിൽ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ഉത്തരവ് ഇറങ്ങിയതും. സാക്ഷികളെ വിസ്തരിക്കുന്ന കാലത്ത് അവരെ സ്വാധീനിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച ഫോൺ ആണിതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 

മധു കൊലക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി, കൂറുമാറിയത് 24 പേർ; വിധിയിൽ പ്രതീക്ഷവച്ച് പബ്ലിക് പ്രോസിക്യൂട്ടർ
 

Follow Us:
Download App:
  • android
  • ios