Asianet News MalayalamAsianet News Malayalam

മണിപ്പൂര്‍; ഭയന്നോടുന്നതിനിടെ സ്നൈപ്പറില്‍ നിന്ന് വെടിയേറ്റു, മകന് കര്‍മ്മം ചെയ്യാന്‍ ജോഷ്വായുടെ കാത്തിരിപ്പ്

ഭാര്യയുടെയും മകന്‍റെയും മൃതദേഹം ഏത് ആശുപത്രിയിലാണെന്ന് അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തനിക്കും ഭാര്യയ്ക്കും അന്ത്യകര്‍മ്മം ചെയ്യേണ്ടവനാണവന്‍. എന്നാല്‍ ഇന്ന് ഭാര്യയ്ക്കും മറ്റനേകര്‍ക്കുമൊപ്പം അവനും വെള്ളത്തുണിയില്‍ പുതച്ച് മോര്‍ച്ചറിയിലെ തണിപ്പുല്‍ വിറങ്ങലിച്ച് കിടക്കുന്നു..

Joshua s son dead by a sniper s shot at manipur riot bkg
Author
First Published Aug 4, 2023, 12:07 PM IST


‘പുന്നാമമാകും നരകത്തിൽ നിന്നുടൻ
തന്നുടെ താതനെ ത്രാണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതം
പത്ര സമുത്ഭവനെന്നുമറിക നീ’
                                                        (രാമായണം)

മണിപ്പൂര്‍ ക്യാങ്ചൂപ്പ് സ്വദേശി ജോഷ്വാ രണ്ട് മാസമായി ക്യാംകോപ്പിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കാത്തിരിക്കുകയാണ്. തന്‍റെ ഭാര്യയ്ക്കും മകനും അന്ത്യകര്‍മ്മം ചെയ്യാന്‍. അച്ഛന് അന്ത്യകര്‍മ്മം ചെയ്യേണ്ട മകനെ കലാപകാരികള്‍ സ്നൈപ്പര്‍ തോക്കുപയോഗിച്ച് കൊന്നത് ജോഷ്വായുടെ കണ്‍മുന്നില്‍ വച്ചായിരുന്നു. രക്ഷിക്കാനാഞ്ഞ ഭാര്യയെയും അവര്‍ വെട്ടിക്കൊന്നു. പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ച് കൊണ്ട് സുരക്ഷാ സേനയ്ക്കടുത്തേക്ക് ഓടിയത് കൊണ്ട് മാത്രം ഇന്ന് ജോഷ്വാ ജീവിച്ചിരിക്കുന്നത്. മകനും ഭാര്യയ്ക്കും അന്ത്യകര്‍മ്മം ചെയ്യണം. ക്യാംകോപ്പിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ധനേഷ് രവീന്ദ്രന്‍റെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. 

കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയെങ്കിലും ക്യാംകോപ്പിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതങ്ങള്‍ക്ക് വെളിയില്‍ കടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനും കാമറാമാന്‍ ദീപു എമ്മും. എന്തിനെന്നോ ഏതിനെന്നോ അറിയാതെ ആര്‍ത്തലച്ച് വന്ന ആള്‍ക്കുട്ടം തങ്ങള്‍ക്ക് മുന്നില്‍ കണ്ട, നിറത്തിലും രൂപത്തിലും എന്തിന് ഭാഷയില്‍ പോലും വ്യത്യസ്തരല്ലാത്ത നിസഹായരായ കുറച്ച് മനുഷ്യരെ ജീവനോടെ വെടിവച്ചും വെട്ടിക്കൂട്ടിയും ചുട്ടെരിച്ചും കൊലപ്പെടുത്തിയ കഥകള്‍. ആ രക്തദാഹികളില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടെത്തിയ നിസഹായരായ, മരവിച്ച മനസുമായി നാളെ, അല്ല... അടുത്ത നിമിഷം എന്തെന്ന് പോലുമറിയാതെ... ഇതുവരെ ജീവിച്ചതും അനുഭവിച്ചതും ഒരു പേടി സ്വപ്നം മാത്രമാണെന്ന് ഓര്‍ക്കാന്‍ ശ്രമിച്ച്... മനസിന്‍റെ നിലതെറ്റാതെ പാടുപെടുന്ന നിസഹായരായ ഒരു കൂട്ടം മനുഷ്യര്‍. ചുറ്റും സുരക്ഷാ സേനയുണ്ടെന്നത് കൊണ്ടു മാത്രം ഇപ്പോഴും ശരീരത്തില്‍ ജീവന്‍ ബാക്കിയായവര്‍...

Joshua s son dead by a sniper s shot at manipur riot bkg

ഞങ്ങള്‍ ക്യാമ്പിലെത്തുമ്പോള്‍ രണ്ട് വലിയ തണല്‍ മരങ്ങള്‍ക്കിടയില്‍ അടിച്ച് കൂട്ടിയ മരബെഞ്ചിലിരുന്ന് ഒരാള്‍ ദൂരെ താഴ്വാരയ്ക്കും അപ്പുറമുള്ള മലയിലേക്ക് നോക്കി പഴയൊരു ഫിലിപ്സ് റേഡിയോയില്‍ ഏതോ റിലേ പിടിക്കാന്‍ പാടുപെടുകയായിരുന്നു. അത് ക്യാങ്ചൂപ്പ് സ്വദേശി ജോഷ്വയായിരുന്നു. കൈയിലെ ഫിലിപ്സ് റേഡിയോ പോലെ, കഴിഞ്ഞ മൂന്ന് മാസമായി ജീവിതത്തിന്‍റെ റിലേ കിട്ടാതെ അദ്ദേഹം ഉഴറുകയാണ്. 

ക്യാങ്ചൂപ്പ് സ്വദേശിയും കുക്കി ഗോത്രക്കാരനുമായ ജോഷ്വായും മറ്റെല്ലാവരെയും പോലെ സാധാരണ ജീവിതമായിരുന്നു ജീവിച്ചത്. ഇന്ന് നാല്പത്തിയഞ്ച് വയസിനടുത്ത് പ്രായമുണ്ട് അദ്ദേഹത്തിന്. ഇംഫാലിനടുത്ത് ആശാരിപ്പണിയെടുത്തായിരുന്നു ജീവിതം. വിവാഹം കഴിക്കാന്‍ താമസിച്ചു. പിന്നെയും ഏറെ താമസിച്ച് 2016 ലായിരുന്നു അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടായത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവന് ഏഴ് വയസ് പ്രായം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകനായതിനാല്‍ ജോഷ്വായും ഭാര്യയും ഏറെ ശ്രദ്ധയോടെയും കരുതലോടെയുമായിരുന്നു അവനെ വളര്‍ത്തിയത്. തോം സിംഗ്, അവരവന് പേര് വിളിച്ചു. 

 

 

2023 മെയ് അഞ്ചിന് തലേന്ന് എവിടെയോക്കെയോ കലാപകാരികള്‍ അക്രമമഴിച്ച് വിടുന്നതായി ജോഷ്വായുടെ ഗ്രാമത്തിലും വാര്‍ത്ത പരന്നു. എല്ലാവരും ഭയത്തോടെ ഇരിക്കുന്നതിനിടെ അഞ്ചാം തിയതി രാത്രി, ഭ്രാന്തമായ ആവേശത്തോടെ പാഞ്ഞടുത്ത ഒരു കൂട്ടം ആളുകളുടെ കൈയില്‍ വാളും സ്നൈപ്പറുമടക്കമുള്ള ആയുധങ്ങളായിരുന്നു ഉണ്ടായിരുന്നത്. കലാപകാരികള്‍ കണ്ണില്‍കണ്ട വീടുകള്‍ക്കെല്ലാം തീയിട്ട് മുന്നേറി. ഭയന്ന ഗ്രാമവാസികള്‍ കൂട്ടം തെറ്റിയോടി. ജോഷ്വായും ഭാര്യയും മകനെയും കൊണ്ട് തങ്ങള്‍ക്ക് കഴിയും വേഗത്തിലോടി. എന്നാല്‍, പിറകില്‍ നിന്നും പാഞ്ഞടുത്ത ആള്‍ക്കൂട്ടത്തിലെ ആരുടേയോ കൈയിലുണ്ടായിരുന്ന സ്നൈപ്പറില്‍ നിന്നും വെടിയുതിര്‍ന്നു. തൊട്ടടുത്ത നിമിഷം കൂടെയോടിയ മകന്‍ വെടിയേറ്റ് താഴെ വീണത് ജോഷ്വാ കണ്ടു. അവനൊപ്പമുണ്ടായിരുന്ന ഭാര്യ‍, വീണു കിടന്ന മകന്‍റെ അടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ആള്‍ക്കൂട്ടം പാഞ്ഞെത്തിയിരുന്നു. അവര്‍ അവളെയും വെട്ടി വീഴ്ത്തി. 

Joshua s son dead by a sniper s shot at manipur riot bkg

കൂടെയോടിയിരുന്നവര്‍ ജോഷ്വായെ അവിടെ ഉപേക്ഷിച്ചില്ല. അവര്‍ അയാളെയും ഒപ്പം കൂട്ടി. ആ രാത്രി നിലവിളിച്ച് കൊണ്ട് സുരക്ഷാസേനയുടെ അടുത്ത് ഓടിയെത്തിയത് കൊണ്ട് മാത്രം ജോഷ്വായുടെ ഹൃദയം ഇന്നും മിടിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ ചിന്തകളും മനസും ഇടറുന്നു. താന്‍ മരപ്പണിയെടുത്ത് ഉയര്‍ത്തിയ വീടുകളില്‍ നിന്ന് ഇറങ്ങിവന്നവരാണ് തന്‍റെ മകനെ വെടിവച്ച് വീഴ്ത്തിയത്. ഭാര്യയെ വെട്ടി വീഴ്ത്തിയത്. ചിന്തകള്‍ക്കും മനസിനും സ്വാസ്ഥ്യം കിട്ടാതെ ജോഷ്വായെ ക്യാംകോപ്പിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അനാഥനാക്കിയത്. ഇംഫാലിലെ ഏതോ ആശുപത്രിയില്‍ തന്‍റെ ഭാര്യയും മകനും വിറങ്ങലിച്ച്, പേര് നഷ്ടപ്പെട്ട്, വെറുമൊരു സംഖ്യയാല്‍ അടയാളപ്പെടുത്തപ്പെട്ട് കിടപ്പുണ്ടെന്ന് ജോഷ്വായ്ക്ക് അറിയാം. പക്ഷേ, ഏത് ആശുപത്രിയാണെന്ന് അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തനിക്കും ഭാര്യയ്ക്കും അന്ത്യകര്‍മ്മം ചെയ്യേണ്ടവനാണവന്‍. എന്നാല്‍, ഇന്ന് ഭാര്യയ്ക്കും മറ്റനേകര്‍ക്കുമൊപ്പം അവനും വെള്ളത്തുണിയില്‍ പുതച്ച് മോര്‍ച്ചറിയിലെ തണിപ്പില്‍ വിറങ്ങലിച്ച് കിടക്കുന്നു. 

ആര് എന്ത് നേടിയെന്ന് ജോഷ്വയ്ക്കും അറിയില്ല. റിലേ കിട്ടാത്ത ഫിലിപ്സ് റേഡിയോ പോലെ തലയ്ക്കകത്ത് വണ്ടുകള്‍ മുരളുമ്പോളും അയാള്‍ക്ക് ഒന്നറിയാം. ഇനി മലമുകളിലേക്കും താഴ്വാരയിലേക്കും പഴയത് പോലെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ല. അവര്‍ രണ്ട് ജനതകളായിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഒരിക്കലും അടങ്ങാത്ത പകയ്ക്കുള്ള വിത്ത് വിതയ്ക്കപ്പെട്ടിരിക്കുന്നു... എങ്കിലും ജോഷ്വായ്ക്ക് ആ ആശുപത്രി മോര്‍ച്ചറി തേടി കണ്ടെത്തണം. മകനെയും ഭാര്യയെയും അടക്കണം. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണം. മരണ ശേഷം അവര്‍ക്ക് ശാന്തി ലഭിക്കണം. ജോഷ്വാ കാത്തിരിക്കുന്നു. എന്നെങ്കിലും തന്‍റെ റേഡിയോയില്‍ സിഗ്നലുകള്‍ തിരികെ വരും. 

ചിംഡോയ്; ഗോത്ര കലാപം അകറ്റിയ പ്രണയ ജീവിതം

Follow Us:
Download App:
  • android
  • ios