1992-ലെ കുംഭകോണം മഹാമഹം ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 48 പേർ മരിച്ചു. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സന്ദർശനത്തിനിടെ നടന്ന ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു.  

41 പേർ കൊല്ലപ്പെട്ട കരൂരിലെ ആൾക്കൂട്ട ദുരന്തം പോലെ, അതിനേക്കാൾ കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സമാനമായ മറ്റൊരു ദുരന്തവും തമിഴ്നാട്ടിൽ ഉണ്ടായിട്ടുണ്ട്, തഞ്ചാവൂർ കുംഭകോണത്ത്. കരൂരിൽ ആളുകൾ കാത്തു നിന്നത് സിനിമ വിട്ട് രാഷ്ട്രീയം തെരഞ്ഞെടുത്ത വിജയിയെ ആണെങ്കിൽ, സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെ നായികയായി മാറിയ ഒരാളായിരുന്നു കുംഭകോണത്ത് അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.

1992 ഫെബ്രുവരി 18. മാഘമാസത്തിലെ പൗർണ്ണമി നാൾ. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന തഞ്ചാവൂർ കുംഭകോണത്തെ മഹാമഹം ഉത്സവ ദിനം. കുംഭകോണത്തെ 10 ശിവക്ഷേത്രങ്ങളിൽ നിന്നുള്ള പഞ്ചമൂർത്തികളെ ഘോഷയാത്രയായി മഹാമഹാം കുളത്തിലേക്ക് ആനയിക്കും. ഈ ഉത്സവ നാളിൽ യമുന, ഗംഗ, സരയു, സരസ്വതി, മഹാനദി, കാവേരി, തപ്തി, നർമ്മദ, ഗോദാവരി എന്നീ ഒമ്പത് ഇന്ത്യൻ നദീ ദേവതകൾ ഈ മഹാമഹം തീർത്ഥ കുളത്തിൽ സംഗമിക്കുന്നുവെന്നാണ് വിശ്വാസം. ആറ് ഏക്കറിലാണ് സ്നാനക്കുളം. നാല് ദിശകളിലായി 16 മണ്ഡപങ്ങൾ.. സവിശേഷ നേരത്ത് വിശ്വാസികൾ കുളത്തിൽ സ്നാനം ചെയ്യാൻ എത്തും. അങ്ങനെ ചെയ്താൽ ജീവിതത്തിൽ ചെയ്തു കൂട്ടിയ പാപങ്ങൾ കഴുകിക്കളയാമെന്നാണ് വിശ്വാസം. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ, വലിയ സുരക്ഷയാണ് സംസ്ഥാന സർക്കാർ ഒരുക്കുക. വരുന്നവരിൽ കൂടുതലും സ്ത്രീകളായിരിക്കും.

മകം നാളിലെ മഹാമഹം

തമിഴ്‌നാട്ടിൽ 1991-ൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ജയലളിത മുഖ്യമന്ത്രിയായി. തൊട്ടടുത്ത വർഷം മഹാമാഹം ഉത്സവം വരുന്നു. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ജനറൽ വാൾട്ടർ ഐസക് ദേവാരത്തിനായിരുന്നു സുരക്ഷാ ചുമതല. യോഗം പുരോഗമിക്കേ, മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രി ജയലളിതയോട് മഹാമാഹത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ, ജയലളിത ആദ്യം അതിന് തയ്യാറായില്ല.

ഒരുപാട് വിശ്വാസികൾ വരുന്നിടത്ത് മുഖ്യമന്ത്രി കൂടി വന്നാൽ പോലീസിന് അത് ഇരട്ടിപ്പണിയാകും. ജയലളിത ഒഴിഞ്ഞു മാറി. ജയലളിതയുടെ ജന്മ നക്ഷത്രം മകം ആണ്. അതെ ദിവസത്തിലാണ് മഹാമഹം ഉത്സവവും. സാമ്യതകൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഉറ്റ തോഴി ശശികല വഴി സമ്മർദ്ദം ചെലുത്തി. ഒടുവിൽ ജയലളിത തീരുമാനം എടുത്തു. കുംഭകോണത്ത് പോകാം. ഉത്സവത്തിൽ പങ്കെടുക്കാം. അന്നത്തെ ഐജി വാൾട്ടർ ഐസക് ദേവാരം ഇക്കാര്യം പിന്നീട് തന്‍റെആത്മ കഥയായ 'മൂന്നാർ ടു മറീന'യിൽ എഴുതിയിട്ടുണ്ട്.

ജയലളിതയുടെ വരവ്

ഉത്സവത്തിന് ജയലളിത വരുന്നു എന്നറിഞ്ഞ് ആളുകൾ കൂടി. ഉച്ചയോട് അടുത്ത് സൂര്യന്‍ കത്തി നില്‍ക്കുന്ന 11:30 - 12:30 ആയിരുന്നു സവിശേഷ മുഹൂർത്തം. ഇതിനിടയിൽ വേണം മുങ്ങി കുളിക്കാൻ. സാധാരണ കുളത്തിലേക്ക് പ്രവേശനമുണ്ടായിരുന്ന ചില വഴികൾ പോലീസ് മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം ക്രമീകരിച്ചു. നാല് ഡിഐജിമാരും 12 എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും അടക്കം 12,000 പോലീസുകാരെ അന്ന് ഒരു ദിവസത്തേക്കായി അവിടെ വിന്യസിച്ചിരുന്നു.

അപകടം

മഹാമഹത്തിന് വന്നെത്തിയവരും മുഖ്യമന്ത്രി ജയലളിതയെ കാണാൻ വന്നവരും ചേർന്നപ്പോൾ ക്ഷേത്രക്കുളത്തിന് ചുറ്റും ജനസാഗരമായി. ജയലളിത ഉള്ള ഭാഗത്തേക്ക്‌ എത്താൻ ആളുകൾ മത്സരിച്ചു. അതിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു ഇരുമ്പ് ഗേറ്റ് തകർന്നു. ആളുകൾ പരിഭ്രാന്തരായി. പലരും ചിതറിയോടി. അതിനിടയിൽ 48 പേരുടെ ജീവന്‍റെ തുടിപ്പറ്റു. ഇതൊന്നും അറിയാതെ സ്നാനം കഴിഞ്ഞു ജയലളിത, ശശികലയ്ക്കൊപ്പം ചെന്നൈലേക്ക് മടങ്ങി. പോലീസ് സംഭവം മുഖ്യമന്ത്രിയെ അറിയിച്ചില്ല എന്നതാണ് കൂടുതൽ ശരിയെന്ന് പിന്നീട് മുന്നാർ ടു മറീനയിൽ ദേവാരം എഴുതുന്നു.

മുഖ്യമന്ത്രി അറിയരുത്

സംഭവം നടന്ന ഉടനെ ഐജി വാൾട്ടർ ദേവാരം ഡിജിപിയെ വിളിച്ചു കാര്യം പറഞ്ഞു. സിഎം എവിടെ എന്നായിരുന്നു മറുചോദ്യം. മടങ്ങാൻ ഒരുങ്ങുന്നുവെന്ന് മറുപടി. ഒന്നും അറിയിക്കാതെ ഉടൻ ചെന്നൈലേക്ക് അയക്കണം എന്നായിരുന്നു ഡിജിപിയുടെ ഉത്തരവ്. ദുരന്തം ഉണ്ടായ കാര്യം അറിഞ്ഞാൽ മുഖ്യമന്ത്രി അവിടെ തുടരും. ആളുകളെ കാണാൻ അപ്പോൾ തന്നെ പോയേക്കാം. അത് മറ്റൊരു അപകട സാധ്യത വിളിച്ചു വരുത്തുമെന്നായിരുന്നു പോലീസിന്‍റെ ന്യായം. വാൾട്ടർ ഐസക് ആത്മ കഥയിൽ വിശദീകരിക്കുന്നു.

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

ചെന്നൈയിൽ തിരിച്ചെത്തിപ്പോളാണ് ജയലളിത ഇക്കാര്യം അറിഞ്ഞത്. എല്ലാവർക്കും സഹായങ്ങൾ നൽകി. പ്രതിപക്ഷം രൂക്ഷമായ വിമർശനം നടത്തിയപ്പോൾ, എല്ലാവരെയും ഞെട്ടിച്ച് ആ ദുരന്തത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ജയലളിത സ്വയം ഏറ്റെടുത്തു. ഒരു ഉദ്യോഗസ്ഥനെ പോലും പഴിച്ചില്ലത്രേ. അതോടെ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നീട് രണ്ട് മഹാമഹക്കാലത്ത് ജയലളിത തമിഴ്നാട്ടിലെ മുഖ്യമന്ത്രി ആയിരുന്നു. 2004 ലും 2016 ലും.

1992 ലെ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജയലളിത ഒരു മടിയും കാണിച്ചില്ല. വേണമെങ്കിൽ പോലീസുകാരെ പഴിചാരാമായിരുന്നു. ഏറ്റവും ചുരുങ്ങിയത് തന്നെ എങ്കിലും സസ്‌പെൻഡ് ചെയ്യുമെന്ന് കരുതിയിരുന്നുവെന്ന് വാൾട്ടർ ഐസക് ആത്മകഥയിൽ കുറിക്കുന്നു. അതെ സമയം കരൂറിൽ പൊലിഞ്ഞത് 41 ജീവൻ. ടിവികെയുടെ സംഘാടനപ്പിഴവെന്ന് ഡിഎംകെയും സുരക്ഷ വീഴ്ചയെന്നു ടിവികെയും കാരണം നിരത്തുന്നുവെന്നല്ലാതെ ഉത്തരവാദികൾ ഇല്ലാത്ത ഒരു ദുരന്തമായി കരൂര്‍ അടയാളപ്പെടുത്തുന്നു. അതുമൊരു രാഷ്ട്രീയ പരീക്ഷണ വേദിയിൽ.

YouTube video player