കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി. വീഡിയോ അപ്‌ലോഡ് ചെയ്ത് മൂന്ന് മണിക്കൂറുകൾക്കുള്ളിൽ പത്ത് ലക്ഷത്തിന് മീതെ ആളുകളാണ് അത് കണ്ടത്. ചെറുപ്രായം മുതലേ സ്വന്തമായി അധ്വാനിച്ച് സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു മകളുടെയും, അവളുടെ അമ്മയുടെയും വീഡിയോയായിരുന്നു അത്. അവർ സ്വന്തമായി 'ആര്യ' എന്ന പേരിൽ ഒരു ഹോട്ടൽ നടത്തുകയാണ്. അത്രമാത്രം പറഞ്ഞാൽ പോരാ, അവിടെ ഏറ്റവും ഡിമാന്റുള്ള ഭക്ഷണം പൊറാട്ടയാണ്. പൊറാട്ട അടുക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സാധാരണ പൊറോട്ടയടിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണ്. എന്നാൽ, ഈ അമ്മയും മകളും അനായാസമായി പൊറോട്ടയടിക്കുന്നത് ഇവിടെയെത്തുന്നവർക്ക് കൗതുകം നിറ‍ഞ്ഞ കാഴ്ചയാണ്. ആ വിശേഷങ്ങൾ അനശ്വര ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്. 

'പൊറോട്ട' എന്ന വിളിപ്പേരുണ്ട്

23 -കാരിയായ അനശ്വര അവസാന വർഷ നിയമവിദ്യാർത്ഥിനി കൂടിയാണ്. തൊടുപുഴയിലെ അൽ അസർ ലോ കോളേജിലാണ് അനശ്വര പഠിക്കുന്നത്. എന്നാൽ, ഒരു നിയമവിദ്യാർത്ഥിയാണ് എന്നതിനാൽ പൊറോട്ടയടിക്കാൻ യാതൊരു മടിയുമില്ല അനശ്വരയ്ക്ക്. സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണവൾ. ചില മുഖം ചുളിക്കലുകളും പരിഹാസവും ഒക്കെ കാണാറുണ്ടെങ്കിലും അതിനൊന്നും കാത് കൊടുക്കാൻ അനശ്വരയ്ക്ക് നേരമില്ല. 

"

ജീവിതത്തിൽ ഒരു വലിയ വക്കീലാകണമെന്ന സ്വപ്‍നം മനസിൽ ചേർത്ത് പിടിക്കുമ്പോഴും, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കാൻ അനശ്വര മറക്കുന്നില്ല. പലരും അനശ്വരയെ 'പൊറോട്ട' എന്ന് കളിയാക്കി വിളിക്കാറുണ്ട്. എന്നാൽ, തനിക്കതിൽ അഭിമാനം മാത്രമേയുള്ളൂ എന്ന് നേർത്ത ചിരിയോടെ അനശ്വര പറയുന്നു. പഠിത്തത്തിനിടയിലും അമ്മയെ സഹായിക്കുന്നതിൽ സജീവമാണ് അനശ്വര.    

പെണ്ണുങ്ങള് പൊറോട്ടയടിക്കുമോ?

എരുമേലി കാഞ്ഞിരപ്പള്ളി റൂട്ടിൽ കുറുവാമൊഴിലാണ് 'ആര്യ ഹോട്ടൽ'. ഒരു ദിവസം 50 പൊറാട്ട വരെ ഇവിടെയുണ്ടാക്കുന്നു. അമ്മ സുബിയാണ് അനശ്വരയെ പൊറാട്ട ഉണ്ടാക്കാൻ പഠിപ്പിച്ചത്. ആദ്യമൊക്കെ ചൂട് പൊറോട്ട അടിക്കുമ്പോൾ കൈ പൊള്ളുമായിരുന്നു എന്ന് അനശ്വര പറയുന്നു. എന്നാൽ, ഇപ്പോൾ ചൂടൊന്നും ഒരു പ്രശ്‌നമേയല്ല അവൾക്ക്. 

പൊറോട്ടയുണ്ടാക്കാൻ അമ്മയുടെ അനിയത്തിയുടെ മക്കളായ ആറാം ക്ലാസുകാരി അനാമികയും, പതിനൊന്നാം ക്ലാസുകാരി മാളവികയും, അമ്മയുടെ ആങ്ങളയുടെ മകനും ചിലപ്പോൾ അവർക്കൊപ്പം കൂടും. അമ്മമ്മയാണ് ഈ ഹോട്ടൽ തുടങ്ങിയത്. എന്നാൽ, പിന്നീട് കുടുംബവീട്ടിൽ താമസിക്കുന്ന അനശ്വരയുടെ അമ്മ അത് നോക്കിനടത്തി തുടങ്ങി. ഏതായാലും, കുടുംബത്തിൽ എല്ലാവരും നല്ല പാചകക്കാരാണ് എന്നും അനശ്വര അഭിമാനത്തോടെ പറയുന്നു.

അമ്മയും മകളും പൊറോട്ട അടിക്കുന്നത് കടയിൽ വരുന്ന പലർക്കും ഒരു കൗതുകമാണ് എന്നും അനശ്വര ചിരിയോടെ പറയുന്നു. 'ഒരിക്കൽ തൃശൂരിൽ നിന്ന് കുറച്ചാളുകൾ വന്നു. ഞങ്ങൾ പൊറോട്ട അടിക്കുന്നത് കണ്ടിട്ട് അത്ഭുതത്തോടെ അവർ ചോദിച്ചത്, ഇവിടെ പെണ്ണുങ്ങളാണോ പൊറാട്ട അടിക്കുന്നത്? ഞങ്ങൾ ആദ്യമായാണ് ഇങ്ങനെ ഒന്ന് കാണുന്നത്' എന്നാണ്. 

ലോക്ക്ഡൗൺ കാലത്ത് നഷ്ടമാണ്

ഡയല്‍ കേരള എന്ന ഫേസ്ബുക് പേജാണ് വീഡിയോ പങ്കുവച്ചത്.  സാമൂഹ്യമാധ്യമത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം നിരവധി ആളുകൾ അനശ്വരയെ വിളിക്കുകയുണ്ടായി. മിക്കവരും അഭിനന്ദനം അറിയിക്കാനാണ് വിളിച്ചത്. മകളുടെ പേരിൽ ഏറെ അഭിമാനിക്കുന്ന ഒരാളാണ് അനശ്വരയുടെ അമ്മ. ഇങ്ങനെയൊക്കെ ആണെങ്കിലും, ലോക്ക്ഡൗൺ വന്നതോടെ വരുമാനത്തിൽ അല്പം ഇടിവ് വന്നിട്ടുണ്ട് എന്ന് അനശ്വര പറയുന്നു. കടയിൽ വന്ന് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ ഇപ്പോൾ കച്ചവടം അല്പം കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഒരു ബാങ്കിൽ ജോലി ചെയ്തിരുന്നു അനശ്വര. അതിന് മുൻപ് കുട്ടികൾക്ക് ട്യൂഷൻ എടുത്തും അവൾ സ്വന്തമായി സമ്പാദിച്ചിരുന്നു.

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, വീടോ ഇല്ലെങ്കിലും, തന്റെയീ ജീവിതത്തോട് അനശ്വരയ്ക്ക് ഒരു പരാതിയുമില്ല. തന്റെ പ്രയാസങ്ങളെയും, ബുദ്ധിമുട്ടുകളെയും ഒരു ചെറുപുഞ്ചിരിയോടെ അവൾ നേരിടുന്നു. ഒരിക്കലും ഒരു സ്ത്രീയുടെ സ്വപ്നങ്ങളെ തളച്ചിടരുതെന്നും, ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ടെന്നും അവൾ പറയുമ്പോൾ അതിനെ അവ​ഗണിക്കാൻ ആർക്കുമാവില്ല. അല്ലെങ്കിലും, ജീവിതത്തിന്റെ ചുടുകല്ലിൽ ചുട്ടെടുക്കുന്ന വാക്കുകൾക്ക് മറ്റെന്തിനേക്കാളും സത്യവും ശക്തിയും കാണുമല്ലോ. 

(തയ്യാറാക്കിയത്: സ്നിഗ്ദ്ധ)