ചരിത്രം പഠിക്കാന്‍ ആഗ്രഹിച്ച കുട്ടി. പക്ഷേ അച്ഛനുമമ്മയും നിർബന്ധിച്ച് പറഞ്ഞയച്ചത് മെഡിസിനും കമ്പ്യൂട്ടര്‍ സയന്‍സിനും.  പഠനങ്ങളെല്ലാം പാതിവഴി നിലച്ചു. ഒടുവില്‍ അടങ്ങാത്ത പക. ഒപ്പം ചില ഭ്രമകാത്മക ചിന്തകളും. എല്ലാം എത്തിച്ചത് കൂട്ടക്കൊലപാതകത്തില്‍, വായിക്കാം. 

തിരുവനന്തപുരം നന്തൻകോട് ബെയിൻസ് കോമ്പൌണ്ടിലെ 117 -ാം നമ്പർ വീട്ടിലെ ചരിത്ര അധ്യാപകനായിരുന്ന രാജ തങ്കവും (60) ഭാര്യ ഡോ. ജീൻ പത്മയും (58) രണ്ട് മക്കളായ കേദൽ ജീൻസൺ രാജയും, കാരോലിനും (25) ഒപ്പം കാഴ്ച ശക്തിയില്ലാത്ത ആന്‍റിയായ ലളിതാ ജീനും (70) താമസിച്ചിരുന്നത്. പുറമേ നിന്നും നോക്കിയാല്‍ വളരെ ശാന്തമായ ഒരു മധ്യവർഗ്ഗ കുടുംബം. പക്ഷേ, ആ കുടുംബത്തില്‍ ഒരാളിലുണ്ടാകുന്ന ചില മാറ്റങ്ങൾ ആരും കാണാതെ പോയി. നാടിനെ നടുക്കിയ കൊലപാതക രാത്രിയിലേക്ക് വഴുതിവീണ മനസുമായി കേദല്‍ ജീന്‍സൺ രാജ, ഒമ്പത് വർഷങ്ങൾക്കിപ്പുറം തന്‍റെ വിധി കാത്ത് നില്‍ക്കുന്നു. എന്തായിരുന്നു 2017 ഏപ്രില്‍ അഞ്ചാം തിയതി രാത്രി നന്തന്‍കോട്ടെ ആ വീട്ടില്‍ നടന്നത്? 

കുടുംബ പശ്ചാത്തലം

ചരിത്ര അധ്യാപകനായിരുന്ന അച്ഛൻ റിട്ട. പ്രൊഫ. രാജ തങ്കത്തിന്‍റെ കൈവശമുണ്ടായിരുന്ന പുസ്‌തകങ്ങൾ വായിച്ച്,  ചരിത്രം പഠിക്കണമെന്നായിരുന്നു കേദലിന്‍റെ കുട്ടിക്കാലത്തെ ആഗ്രഹം. ചരിത്ര പാഠങ്ങളിലൂടെ അവന്‍ രാജ്യങ്ങളെയും അതിര്‍ത്തികളെയും ഭേദിച്ചു. പക്ഷേ, അവനെ മനുഷ്യരുടെ വേദനകളില്ലാതാക്കുന്ന ഒരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നത്. അതിനാല്‍ തന്നെ കഷ്ടിച്ച് പ്ലസ് ടു പാസായ കേദലിന് നാട്ടില്‍ അഡ്മിഷന്‍ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ യുക്രൈനില്‍ വിട്ട് എംബിബിഎസ് പഠിപ്പിക്കാനായി അയച്ചു. ചരിത്രത്തില്‍ നിന്നും അനാട്ടമിയിലേക്കുള്ള ദൂരം പക്ഷേ, കേദലിന് താണ്ടാനായില്ല. യുക്രൈനില്‍ കുറച്ച് കാലം ജീവിച്ചെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കാതെ അവന്‍ തിരിച്ചെത്തി.  നാട്ടില്‍ തിരിച്ചെത്തിയ മകനെ രാജ തങ്കം ആസ്ട്രേലിയയിലേക്ക് അയച്ചു. ഇത്തവണ കംപ്യൂട്ടർ കോഴ്സിനായിരുന്നു ചേർത്തത്. എന്നാല്‍, അതും പൂര്‍ത്തിയാക്കാന്‍ കേദലിന് കഴിഞ്ഞില്ല. അവന്‍, പതിവ് പോലെ വീട്ടില്‍ തിരിച്ചെത്തി. 

(കേദലിന്‍റെ അച്ഛന്‍ റിട്ട. പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻ പത്മ, സഹോദരി കാരോലിന്‍ എന്നിവര്‍, ഫയല്‍ ചിത്രം)

തങ്ങളുടെ കുടുംബ പദവിക്ക് യോജിച്ച തരത്തിലല്ല മകന്‍റെ യാത്രയെന്ന് തിരിച്ചറിഞ്ഞ അച്ഛനുമമ്മയും നിരന്തരം അവനെ കുറ്റപ്പെടുത്തുന്നതിലേക്ക് തിരിഞ്ഞു. കേദലിന്‍റെ പ്രശ്നങ്ങൾ കേൾക്കുന്നതിനെക്കാൾ അവര്‍ അവനെ കുറ്റപ്പെടുത്തുന്നത് പതിവാക്കി. വീട്ടില്‍, കേദല്‍ പതുക്കെ ഒറ്റപ്പെട്ട് തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീട്ടുകാര്‍ ബന്ധുക്കളോട് കേദൽ കംപ്യുട്ടർ പ്രോഗ്രാമറാണെന്ന് കളവ് പറഞ്ഞതായി അറിയുന്നതും. വീട്ടിലെ അസ്വസ്ഥതകൾ കൂടി വന്നു. അതേസമയം പുറത്ത് ഇറങ്ങുന്നതിലും ആളുകളെ അഭിമുഖീകരിക്കുന്നതിലും കേദലിന് മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ട് തുടങ്ങി. പതുക്കെ അച്ഛനുമമ്മയുമായി മാനസികമായി അകല്‍ച്ച കൂടിക്കൂടി വന്നു. 

ഇതിനിടെയാണ് അച്ഛന്‍റെ മദ്യപാന ശീലത്തെ കുറിച്ച് കേദല്‍ അറിയുന്നത്. അച്ഛന്‍റെ പുതിയ ശീലങ്ങളെ കുറിച്ച് കേദല്‍ അമ്മയോട് പരാതിപ്പെട്ടു. പക്ഷേ, ഡോ. ജീൻ പത്മ മകന്‍റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. ഇതോടെ അച്ഛനോടും അമ്മയോടും കേദലിനുണ്ടായിരുന്ന അകല്‍ച്ച കൂടി. തന്‍റെ വാക്കുകൾക്ക് വീട്ടില്‍ അംഗീകാരം ലഭിക്കുന്നില്ലെന്നത് ഇരുവരോടുമുള്ള ദേഷ്യമായി അവനില്‍ ഉറഞ്ഞുകൂടി. ഇതിനിടെ അമ്മ ഡോ. ജീൻ പത്മ വിദേശത്തേക്ക് ജോലിക്ക് പോകാൻ തിരുമാനിച്ചത്. ഇതോടെയാണ് കേദല്‍ കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്ന് പോലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്യുമ്പോൾ ആരെയൊക്കെ എന്ന ചോദ്യം കേദലിന് മുന്നിലെത്തി. വീട്ടിലെ ഒരു ജീവനും ബാക്കിയാകരുതെന്ന് അവന്‍ തീരുമാനിച്ചു. 

പദ്ധതി തയ്യാറാക്കുന്നു

തീരുമാനത്തിന് പിന്നാലെ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചായി അവന്‍റെ ചിന്തകൾ. ഇന്‍റര്‍നെറ്റില്‍ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ച കേദല്‍ പല പ്ലാനുകളും തയ്യാറാക്കിയെങ്കിലും ഒടുവില്‍ മഴു കൊണ്ട് വെട്ടി കൊല്ലുന്ന രീതിയാണ് തെരഞ്ഞെടുത്തത്. അതിനായി മഴു ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ അവന്‍ യൂട്യൂബില്‍ പരതിത്തുടങ്ങി. വീഡിയോയില്‍ കാണുന്ന തരത്തിലുള്ള മഴു (Stanly Carpenters Axe) അന്ന് തന്നെ ഓണ്‍ലൈനിലൂടെ കേദല്‍ വാങ്ങിച്ചു. തന്‍റെ കൃത്യം കുറ്റമറ്റ രീതിയില്‍ ചെയ്യുന്നതിനായി മുറിക്കുള്ളില്‍ ഒരു മനുഷ്യ ഡമ്മി ഉണ്ടാക്കി, പുതിയ മഴു ഉപയോഗിച്ച് അവന്‍ ദിവസങ്ങളോളം അതില്‍ വെട്ടി പരിശീലിച്ചു. 

ഇതിനിടെയാണ് സഹോദരി കരോലിൻ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുത്തത്. ആ യാത്ര തടയുന്നതിനായി  IELTS EXAM രജിസ്റ്റർ ചെയ്യാമെന്ന് കേഡല്‍ വാഗ്ദാനം ചെയ്തു. സഹോദരിയുടെ യാത്ര തടയുന്നതിനുള്ള വെറും വാഗ്ദാനം മാത്രമായിരുന്നു അത്. കരോലിന് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഈ സമയം അമ്മ വിദേശ യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഇത് തടയുന്നതിനായി തന്‍റെ പദ്ധതി പെട്ടെന്ന് നടത്താന്‍ കേദല്‍ തീരുമാനിച്ചു. അതിനായി 2017 ഏപ്രില്‍ അഞ്ചാം തിയതി അവന്‍ തെരഞ്ഞെടുത്തു. 

(കോടതിയില്‍ എത്തിച്ച കേദല്‍.)

ആ ദുരന്ത രാത്രി

അന്നേ ദിവസം ഉച്ചയ്ക്ക് മുമ്പ്, തന്‍റെ പ്ലാനിന് അനുസരിച്ച് താന്‍ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ച് തരാമെന്ന് പറഞ്ഞ് കേദല്‍ അമ്മയെ മുകളിലെ തന്‍റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നു. കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്നില്‍ അമ്മയെ ഇരുത്തി. മകന്‍ ആദ്യമായി ഉണ്ടാക്കിയ വീഡിയോ ഗെയിം കാണാനായി ഡോ. ജീൻ പത്മ ഇരുന്നു. പക്ഷേ, കമ്പ്യൂട്ടറിന്‍റെ മോണിറ്ററില്‍ വെളിച്ചം വരും മുമ്പ് പിന്നില്‍ നിന്നും കോടാലി അവരുടെ തല തകർത്തിരുന്നു. ജീവന്‍ വിട്ടുപോയ ആ ശരീരം അതേ മുറിയില്‍ തന്നെ പ്ലാസ്റ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച കേദല്‍, തന്‍റെ അടുത്ത ഇരയ്ക്കായി കാത്തിരുന്നു. 

അന്ന് ഉച്ചയ്ക്ക് രാജ തങ്കവും കാരോളും ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോഴാണ് വിട്ടിലെ ജോലിക്കാരി, ജീൻ പത്മയെ കുറിച്ച് അന്വേഷിക്കുന്നത്. അമ്മ വെളിയിൽ പോയിയെന്ന് ഭാവമാറ്റമില്ലാതെ കേദല്‍ മറുപടി നല്‍കി. അന്ന് വൈകുന്നേരത്തിന് മുമ്പായി അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കരോളിനെയും അമ്മയെ കൊലപ്പെടുത്തിയ അതേ രീതിയില്‍, അതെ മുറിയില്‍ ഇരുത്തി കേദൽ കൊലപ്പെടുത്തി. മൂന്ന് മൃതദേഹങ്ങളും അതെ ബെഡ്റൂമില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച കേദല്‍, അമ്മയുടെ വിദേശത്തുള്ള സുഹൃത്തിനോടൊപ്പം അച്ഛനുമമ്മയും സഹോദരിയും കന്യാകുമാരിയിലേക്ക് പോയെന്ന് ജോലിക്കാരിയെയും ആന്‍റിയെയും വിശ്വസിപ്പിച്ചു. 

രണ്ടാം ദിവസം രാത്രി അമ്മ ലാന്‍ഡ് ലൈനിലേക്ക് വിളിക്കുകയാണെന്നും പറഞ്ഞ് അന്ധയായ ലളിതാ ജീനെ കേദല്‍, മുകളിലെ തന്‍റെ ബെഡ് റൂമിലെത്തിച്ചു. മറ്റ് മൂന്ന് പേരെയും പോലെ അതേ കസേരയില്‍ ഇരുത്തി. മൂന്ന് കൊലകളെയും പോലെ തന്നെ നാലാമത്തെതും യാതൊരു ഭാവഭേദവുമില്ലാതെ കേദല്‍ നിർവഹിച്ചു. മറ്റ് മൂന്ന് മൃതദേഹങ്ങളെയും പോലെ പ്ലാസ്റ്റിക്ക് കവറിലാക്കി മൃതദേഹം ഒളിപ്പിച്ചു. മൂന്നാം നാൾ രാവിലെ പതിവ് പോലെ ജോലിക്കാരി, അന്ധയായ ആന്‍റിയെ അവരുടെ മുറിയില്‍ കാണാതിരുന്നതിനാല്‍ എവിടെ പോയെന്ന് കേദലിനോട് അന്വേഷിച്ചു. അമ്മയും അച്ഛനും സഹോദരിയും രാത്രി തിരികെ വന്നുവെന്നും ആന്‍റിയെയും കുട്ടി അവരെല്ലാം കൂടി വീണ്ടും ടൂർ പോയിരിക്കുക ആണെന്നുമായിരുന്നു കേദലിന്‍റെ മറുപടി. ഒപ്പം, മടങ്ങി വരാന്‍ ദിവസങ്ങൾ കഴിയുമെന്നും അയാൾ പറഞ്ഞു. രാത്രി ഒരുപാട് വൈകിയാണ് അവരെത്തിയതെന്നും അതിനാലാണ് ജോലിക്കാരിയോട് പറയാതിരുന്നതെന്നും കേദല്‍ കൂട്ടിച്ചേര്‍ത്തു. 

തെളിവ് നശിപ്പിക്കല്‍

കൊലപാതക പരമ്പരയ്ക്ക് ആറും ഏഴും ദിവസങ്ങൾക്ക് ശേഷം, സുഖാന്വേഷണങ്ങൾ നടത്തിയ ബന്ധുക്കളോടും കേദല്‍ തന്‍റെ പല്ലവി ആവർത്തിച്ചു. ഒടുവില്‍ മൃതദേഹങ്ങൾ അങ്ങനെ തന്നെ ഇട്ടിരിക്കുന്നത് പന്തിയല്ലെന്ന് തോന്നിയ കേദല്‍ ഏഴാം ദിവസം രാത്രി മൃതദേഹങ്ങൾ കത്തിക്കാന്‍ തീരുമാനിച്ചു. പക്ഷേ, തീ ആളി കേദലിനും ചെറുതായി പരിക്കേറ്റു. പിറ്റേന്ന് സമീപത്തായി താമസിക്കുന്ന അമ്മാവന്‍ ജോസ് സുന്ദരത്തിന്‍റെ വീട്ടിലെത്തിയ കേദലിനോട് ശരീരത്തിലെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ ചവര്‍ കത്തിച്ചപ്പോൾ സംഭവിച്ചതാണെന്നായിരുന്നു അയാളുടെ മറുപടി. 

(കേദൽ ജീൻസൺ രാജ)

പക്ഷേ, കേദലിന്‍റെ വീട്ടില്‍ പെട്രോളിന്‍റെ ശക്തമായ മണമുണ്ടെന്ന് ജോലിക്കാരി ജോസ് സുന്ദരത്തെ അറിയിച്ചത് കേദലിന്‍റെ പദ്ധതികൾക്ക് ലഭിച്ച ആദ്യ തിരിച്ചടിയായി. ജോലിക്കാരിയോട് വീട് പരിശോധിക്കാന്‍ ജോസ് സുന്ദരം ആവശ്യപ്പെട്ടു. എന്നാൽ, താഴത്തെ നിലമാത്രമാണ് ജോലിക്കാരി പരിശോധിച്ചത്.  മുകളിലത്തെ നിലയിലേക്ക് കയറാൻ അവർക്ക് ഭയമായതിനാൽ അവർ കയറി നോക്കിയില്ല. അന്ന് ആ വീട്ടില്‍ കിടക്കാന്‍ ഭയം തോന്നിയ ജോലിക്കാരി. ആ രാത്രി ജോസ് സുന്ദരത്തിന്‍റെ വീട്ടിലായിരുന്നു കിടന്നത്. 

അന്ന് രാത്രിയും ബാക്കിയായ മൃതദേഹ ഭാഗങ്ങൾ കത്തിക്കാന്‍ കേദല്‍ ശ്രമിച്ചു. പക്ഷേ, കളി കൈവിട്ട് പോയി. തീനാളങ്ങൾ മുറിയിലെ ഫര്‍ണിച്ചറിലേക്കും കര്‍ട്ടനിലേക്കും പടർന്നു പിടിച്ചു. തന്‍റെ കൈയില്‍ നിന്നും സംഭവത്തിന്‍റെ പിടി വിട്ടെന്ന് മനസിലാക്കിയ കേദല്‍ അത്യാവശ്യം ഡ്രസുകളും വീട്ടിലുണ്ടായിരുന്ന 60,000 രൂപയുമായി ആ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഈ സമയം തീ കേഡലിന്‍റെ മുറിയില്‍ നിന്നും പുറത്തേക്ക് വ്യാപിച്ച് തുടങ്ങിയിരുന്നു. രാത്രിയില്‍ തീയുടെ വെളിച്ചം കണ്ട അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു.  
 
ആ രാത്രിയില്‍ നഗരത്തിലെ നിരവധി ഫയർഫോഴ്സ‌് യുണിറ്റുകൾ നന്തന്‍കോട്ടെ ആ വീട്ടിന് മുന്നിലെത്തി. തീയും പുകയും പതുക്കെ അണഞ്ഞു. പിന്നാലെയാണ് ആ ദാരുണ സംഭവങ്ങൾ ലോകം അറിയുന്നത്. നഗര ഹൃദയത്തിലെ ഒരു വീട്ടില്‍ വച്ച് ഏഴ് ദിവസം മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെ കുറിച്ച്  തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇതിനിടെ ആ രാത്രി വീട്ടില്‍ നിന്നുമിറങ്ങിയ കേദല്‍ നേരെ തമ്പാനൂരിലെത്തി. അവിടെ നിന്നും രാത്രി ബസിന്  നാഗർകോവിലിലേക്ക് തിരിച്ചു. നാഗർകോവിലിൽ നിന്നും ട്രെയിൻ കയറി ചെന്നൈയിലേക്ക്.  അവിടെ ഒരു ലോഡ്‌ജിൽ മുറിയെടുത്ത് ക്ഷീണം തീര്‍ക്കാന്‍ അയാൾ തീരുമാനിച്ചു. എന്നാല്‍, രാത്രിയിലെ വാര്‍ത്താ ബുള്ളറ്റിനുകളില്‍ കൊലപാതക വാർത്ത വരികയും കേദലിന്‍റെ ചിത്രങ്ങൾ വാര്‍ത്താ ചാനലുകൾ പുറത്ത് വിടുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത ഹോട്ടലില്‍ വച്ച് കണ്ട കേദൽ, തന്നെയാണ് പോലീസ് പ്രതിയായി സംശയിക്കുന്നതെന്ന് മനസിലാക്കി. അയാൾ നാട്ടിലേക്ക് തിരിച്ചു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്ത്  വന്നിറങ്ങിയ കേഡലിനെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

പോലീസിനെ കുഴക്കിയ കേദല്‍

അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി. അന്നത്തെ മ്യുസിയം ഇൻസ്പെക്ടർ ദിനിലായിരുന്നു കേസുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റുകൾക്ക് നേതൃത്വം നല്‍കിയത്.  മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 4 പേരുടെ കൊലപാതക കേസിന്‍റെ പ്രധാന്യം കണക്കിലെടുത്ത് അന്നത്തെ കന്‍റോൺമെന്‍റ് എസിപിയും ഇന്നത്തെ കോഴിക്കോട് റൂറൽ എസ്പിയുമായ കെ ഇ ബൈജു ഐപിഎസ് കേസന്വേഷണം ഏറ്റെടുത്തു. 

YouTube video player

പോലീസ് ചോദ്യം ചെയ്യലില്‍ താന്‍, ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രോജക്ഷൻ പരീശിലിക്കുന്നയാളാണെന്നും തന്‍റെ ശരീരത്തിൽ കയറിയ മറ്റാരോ ആണ് കൊലപാതകം നടത്തിയതെന്നും തനിക്ക് ഒന്നും അറിയില്ലെന്നും കൊലയില്‍ പങ്കില്ലെന്നും കേദല്‍ പോലീസിനോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാൽ, ആസ്ട്രൽ പ്രോജക്ഷനെ കുറിച്ച് വിശദീകരിക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ കേദലിന് മുന്നില്‍ ഉത്തരങ്ങളില്ലായിരുന്നു. ഇത് കേദലിന് മാനസിക രോഗമുണ്ടോയെന്ന സംശയം പോലീസില്‍ ജനിപ്പിച്ചു. പോലീസ് വിശദപരിശോധനയ്ക്ക് മാനസികരോഗ വിദഗ്ദ‌ന്‍റെ സേവനം തേടി.  ഒപ്പം കേദലിനെ നിരന്തരം നിരീക്ഷിക്കാനും പോലീസ് തീരുമാനിച്ചു. ഒടുവില്‍ കേദല്‍ മാനസിക രോഗം അഭിനയിക്കുകയാണെന്ന് പോലീസിന് വ്യക്തമായി. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കേദലിന് മുഴുവന്‍ സത്യവും പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 

കുറ്റസമ്മതം നടത്തിയ കേദല്‍ താൻ ആസ്ട്രൽ പ്രോജക്ഷൻ കഥ പറഞ്ഞതും മാനസിക രോഗം അഭിനയിച്ചതും അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് പോലീസിന് മുന്നില്‍ സമ്മതിച്ചു. മാനസിക രോഗ വിദഗ്ദരും പോലീസിന്‍റെ അന്വേഷണത്തോട് ഒപ്പം നിന്നു. കേദലിന്‍റെ മാനസികരോഗം ഒരു അഭിനയമാണെന്ന് അവരും സമ്മതിച്ചു. പിന്നാലെ വിവരങ്ങൾ കോടതിയെ ധരിപ്പിച്ച പോലീസ് കേദലിനെ കസ്റ്റഡിയിൽ വാങ്ങി, തമിഴ്‌നാട്ടിൽ ഉൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ വലിയ വെല്ലുവിളികൾ നേരിട്ടാണ് പോലീസ് തെളിവുകൾ ശേഖരിച്ചത്.  കേസിലേക്ക് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും പോലീസിന് കഴിഞ്ഞു. 

കേസ് കോടതിയില്‍ 

കേസില്‍ അഡ്വ. ദിലീപ് സത്യനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, കോടതി നടപടികൾ തടസപ്പെടുത്തിനായി കേദല്‍ തന്‍റെ മാനസിക രോഗം പൊടി തട്ടിയെടുത്തി. വിചാരണക്കാലത്ത് മാനസിക രോഗിയാണെന്ന് അയാൾ നിരവധി തവണ അഭിനയിച്ച് കൊണ്ടിരുന്നു. ഇതോടെ വിചാരണ അനന്തമായി നീണ്ടുപോയി. അതേസമയം ബന്ധുക്കളുമായുള്ള വസ്തു തർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ കേദൽ സിവിൽ കേസ് നടത്തുന്നുണ്ടായിരുന്നു.  ഇതിന്‍റെ അടിസ്ഥാനത്തില്‍ പല പ്രവാശ്യം നീട്ടിവച്ച കേസില്‍ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്‌ടർ കോടതിയെ അറിയിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി 6-ൽ SC151/2018 ആയി വിചാരണ നടപടി ക്രമങ്ങൾ ആരംഭിച്ചു. 

ഓരോ തവണയും കേദല്‍ തന്‍റെ കുറ്റം നിഷേധിച്ച് കൊണ്ടിരുന്നു. 13.11.2024 മുതൽ വിചാരണ പുനരാംഭിച്ചു. 65 ദിവസങ്ങളിലായി നടന്ന കോടതിയിലെ വിചാരണയിൽ 42 സാക്ഷികളെ വിസ്‌തരിക്കുകയും, ശാസ്ത്രിയ തെളിവുകൾ ഉൾപ്പെടെ 120 -ഓളം രേഖകളും, 90 -ഓളം തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിക്കുകയും ചെയ്‌തു. കോടതിയിൽ തെളിഞ്ഞ ഈ തെളിവുകളെ സംബന്ധിച്ച് പ്രതിയെ കോടതി ചോദ്യം ചെയ്തതിൽ 'താൻ ഈ കാലയളവിൽ ചെന്നൈയിൽ ഏതോ സ്ഥലത്ത് ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നെന്നും എല്ലാവരും എങ്ങനെ മരിച്ചുവെന്ന് തനിക്കറിയില്ലെന്നും അയാൾ അവകാശപ്പെട്ടു.

കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ദിലീപ് സത്യനൊപ്പം അഡ്വ. റിയ, അഡ്വ. നിഥിൻ എന്നിവരും കേടതിയില്‍ കേദലിനെതിരെ തെളിവുകൾ നിരത്തി.  ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകൾ കോർത്തിണക്കി കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞു. എസ്പി കെ.ഈ. ബൈജു ഐപിഎസ്, ഡിവൈഎസ്പി ദിനിൽ, ഇന്‍സ്പെക്ടർ സുനിൽ, എസ്ഐ സന്ധ്യകുമാര്‍, എസ്സിപിഒമാരായ കെ. മണികണ്ഠൻ, രാകേഷ് തുടങ്ങിയവരായിരുന്നു കേസ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കേസിന്‍റെ മേൽനോട്ടം, ഡിജിപി മനോജ് എബ്രാഹം ഐപിഎസിനും ഐജി സപ്ർജൻകുമാറിനുമായിരുന്നു. 

YouTube video player

നിർണ്ണായക തെളിവ്

പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ കെ ശശികല, കൊല്ലപ്പെട്ടവരുടെ മിക്കവാറും എല്ലാ മുറിവുകളും തലയ്ക്ക് പുറകിലാണെന്നും അത് വീട്ടില്‍ നിന്നും കണ്ടെത്തിയ പുതിയ മഴു (Stanleys carpenters axe) എന്ന ആയുധം ഉപയോഗിച്ചാണെന്നും ശാസ്ത്രീയമായി തെളിയിച്ചു. ഈ മഴു പ്രതി ഫ്ലിപ്കാർട്ട് വഴി വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തി. പ്രതിയുടെ ലാപ്ടോപ്പിന്‍റെ ഹാർഡ് ഡിസ്ക‌ിൽ നിന്നും പ്രതി സ്ഥിരമായി 'Zombie Go Boom' എന്ന വീഡിയോ കാണാറുണ്ടെന്നും ആ വീഡിയോയിൽ  മഴു കൊണ്ട് മനുഷ്യരെ പുറകിൽ നിന്നും വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ടെന്നും പോലീസ് കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടിൽ പ്രതിയുടെ വസ്ത്രങ്ങളിൽ കൊല്ലപ്പെട്ടവരുടെ രക്തവും പെട്രോളിന്‍റെ അംശവും കണ്ടെത്തിയിരുിന്നു.

കൊലപാതക ദിവസങ്ങളില്‍ പ്രതി വീട്ടിലുണ്ടായിരുന്നെന്ന ജോലിക്കാരിയുടേത് അടക്കമുള്ള മൊഴി, മരിച്ചവര്‍ ടൂർ പോയതാണെന്ന് കേദല്‍ പറഞ്ഞെന്ന വിവിധ സാക്ഷികളുടെ മൊഴി, തെളിവ് നശിപ്പിക്കാനായി പെട്രാൾ, പ്ലാസ്റ്റിക്ക് കവർ, ലോഷൻ, മോപ്പ്, വാഷർ തുടങ്ങിയവ വാങ്ങിയതിന്‍റെ തെളിവുകൾ, പ്രതിക്ക് പൊള്ളലേറ്റെന്നുള്ള ഫോറൻസിക് മെഡിക്കൽ തെളിവ്. കുടുംബാംഗങ്ങളുടെ ഡിഎന്‍എ റിപ്പോര്‍ട്ട്, പ്രതിക്ക് മാനസികരോഗമില്ലെന്നും കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അഭിനയം മാത്രമാണെന്നുമുള്ള മാനസികരോഗ ചികിത്സകരുടെ മൊഴി. ഇതിനെല്ലാം പുറമെ പ്രതി തന്നെ ഹാജരാക്കിയ മാനസികരോഗ വിദഗ്ദന്‍ പ്രതിക്ക് മാനസികരോഗമില്ലെന്നും അഭിനയിക്കുകയാണെന്നും കോടതിയില്‍ വ്യക്തമാക്കി. അങ്ങനെ ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൂടെ തെളിവുകളോരോന്നായി പോലീസ് കണ്ടെടുത്തു. ഒടുവില്‍, കൊലപാതക പരമ്പര നടത്തി ഒമ്പത് വര്‍ഷങ്ങൾക്കിപ്പുറം കേദല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ആന്‍റിയെയും ദാരുണമായ കൊല ചെയ്ത്, പശ്ചാത്താപത്തിന്‍റെ കണിക പോലും പ്രകടിപ്പിക്കാതിരുന്ന കേദല്‍ തന്‍റെ വിധി അറിയാനായി കാത്തിരിക്കുന്നു.