മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാന നോബല്‍ സമ്മാനം ലഭിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. ട്രംപിനെ ആരാധിക്കുകയും ഗാസയിലെ ഇസ്രയേല്‍ നടപടികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന മരിയയുടെ തീവ്ര വലതുപക്ഷ നിലപാടുകളാണ് ചര്‍ച്ചയാകുന്നത്.  

നിരന്തരം ആവശ്യപ്പെട്ടിട്ടും യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കൊടുക്കാത്ത പുരസ്‌കാരം എന്ന നിലയിലാണ് ഇത്തവണത്തെ സമാധാന നോബല്‍ സമ്മാനം ശ്രദ്ധേയമായത്. തീവ്രവലതുപക്ഷ കാലത്ത്, നോബല്‍ കമ്മിറ്റി എടുത്ത നിലപാട് എന്ന നിലയിലും ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിനെ ആരാധിക്കുകയും വലതുപക്ഷ നിലപാടുകള്‍ എടുക്കുക ചെയ്യുന്ന ഒരാള്‍ക്ക് തന്നെയാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം. പുരസ്‌കാരം നേടിയ വെനസ്വേലയിലെ മരിയ കൊറീന മച്ചാഡോയുടെ വിവിധ നിലപാടുകളാണ് തുറന്നുകാട്ടപ്പെടുന്നത്. ട്രംപിനെപ്പോലെ മറ്റൊരു തീവ്രവലതുപക്ഷക്കാരി മാത്രമാണ് മരിയ എന്നും വിമര്‍ശനമുണ്ട്. ഗാസയിലെ ഇസ്രായേലി നടപടിയുടെ കടുത്ത ആരാധികയായ മരിയ്ക്കുള്ള പുരസ്‌കാരം വംശഹത്യയെന്ന് യുഎന്‍ വിശേഷിപ്പിച്ച ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും വിമര്‍ശനമുണ്ട്.

വെനസ്വേലയിലെ ജനാധിപത്യ പോരാളി എന്ന നിലയിലാണ് മരിയ കൊറീന മച്ചാഡോ അറിയപ്പെടുന്നത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് വെനസ്വേലയില്‍, സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാള്‍. നിക്കോളാസ് മദുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളുടെ പേരിലാണ് ഇവര്‍ക്ക് 2025-ലെ നോബല്‍ സമാധാന സമ്മാനം ലഭിച്ചത്. എന്നാല്‍, വെനസ്വേലന്‍ രാഷ്ട്രീയത്തിലെ ഈ പ്രബലയുടെ വിദേശനയം, പ്രത്യേകിച്ചും ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിലുള്ള അവരുടെ നിലപാട്, തീവ്രമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്. ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തനിക്ക് ലഭിച്ച സമാധാന നോബല്‍ സമ്മാനം സമര്‍പ്പിക്കുന്നവെന്ന് പറഞ്ഞ മരിയ, സമ്മാനത്തിന് യോഗ്യയാണോയെന്നും സോക്ഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനമുണ്ട്.

വെനസ്വേലയുടെ മുന്‍ പ്രസിഡന്റുമാരായ ഹ്യൂഗോ ഷാവേസിന്റെയും നിലവിലെ പ്രസിഡന്‍റ് മദുറോയുടെയും ഭരണകൂടം പരമ്പരാഗതമായി പലസ്തീന്‍ പക്ഷപാതവും ഇസ്രയേല്‍ വിരുദ്ധ നിലപാടുമാണ് സ്വീകരിച്ചിരുന്നത്. 2009-ല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് വെനസ്വേല. മദുറോ സര്‍ക്കാര്‍ പലപ്പോഴും ഗാസയിലെ ഇസ്രയേല്‍ നടപടികളെ ശക്തമായി അപലപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, മച്ചാഡോയുടെ കടുത്ത ഇസ്രയേല്‍ പക്ഷപാതം നിലവിലുള്ള ഔദ്യോഗിക നിലപാടുകളില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ്.

ഇസ്രയേല്‍ പക്ഷപാതം

പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ മരിയ കൊറീന മച്ചാഡോ ഇസ്രയേലിന് പലപ്പോഴും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ഹമാസ്, ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങളെ 'ഭീകരാക്രമണങ്ങള്‍' എന്ന് വിശേഷിപ്പിച്ച മച്ചാഡോ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ അരുംകൊലകള്‍ക്കെതിരെ ഒരിക്കല്‍ പോലും ശബ്ദമുയര്‍ത്തിയിട്ടില്ല. 'ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തില്‍' ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മച്ചാഡോ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷ വേളയിലും ഇസ്രയേലിനു വേണ്ടി രംഗത്തുവന്നിരുന്നു. പക്ഷേ. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വംശഹത്യയ്ക്ക് എതിരെ ലോകമെങ്ങും പ്രതിഷേധം ഉയര്‍ന്നിട്ടും അരുംകൊല ചെയ്യപ്പെട്ട കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ വേണ്ടി ഒരിക്കല്‍ പോലും സമാധാനത്തിന്റെ നോബല്‍ സമ്മാന ജേതാവ് നിലപാട് എടുത്തിട്ടില്ല.

മച്ചാഡോയുടെ നിലപാടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ ഒന്ന്, അവര്‍ അധികാരത്തില്‍ വന്നാല്‍ ഇസ്രയേലിലെ വെനസ്വേലന്‍ എംബസി ജെറുസലേമില്‍ വീണ്ടും തുറക്കുമെന്ന പ്രഖ്യാപനമാണ്. ഇസ്രയേലുമായി നയതന്ത്രബന്ധങ്ങള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാനാണ് മച്ചാഡോ ലക്ഷ്യമിടുന്നത്. ഈ നീക്കം അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. പലസ്തീന്‍ അനുകൂലികള്‍ ഇതിനെ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരായ പരസ്യമായ വെല്ലുവിളിയായിട്ടാണ് കാണുന്നത്.

പലസ്തീന്‍ വിരുദ്ധ വിമര്‍ശനങ്ങള്‍

മച്ചാഡോയുടെ ഇസ്രയേല്‍ പക്ഷപാത നിലപാടുകളെ പലസ്തീന്‍ അനുകൂലികളും മദുറോയുടെ പക്ഷത്തുള്ളവരും 'പലസ്തീന്‍ വിരുദ്ധം' എന്ന് ആരോപിക്കുന്നു. ഇസ്രയേലിന്‍റെ സൈനിക നടപടികളെയും മനുഷ്യാവകാശ ലംഘനങ്ങളെയും വിമര്‍ശിക്കാന്‍ മച്ചാഡോ തയ്യാറാകുന്നില്ലെന്നും, ഇത് അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും വലതുപക്ഷ നയങ്ങളോട് അവര്‍ക്ക് ഒത്തുതീര്‍പ്പുണ്ടെന്നതിന്റെ തെളിവാണെന്നും വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നു.

വെനസ്വേലയിലെ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍, മച്ചാഡോയുടെ വിദേശനയ നിലപാടുകള്‍ അവരുടെ രാഷ്ട്രീയ നയതന്ത്രത്തിന്റെ ഭാഗമാണ്. 2018 -ല്‍ മദുറോ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായി ഇസ്രയേലിന്റെ സൈനിക സഹായം പോലും മച്ചാഡോ ആവശ്യപ്പെട്ടിരുന്നു. മച്ചാഡോയുടെ ഈ നയങ്ങളെ വിമര്‍ശകര്‍ സയണിസത്തോടും നവലിബറലിസത്തോടും ഫാസിസത്തോടുമുള്ള പിന്തുണയായാണ് കാണുന്നത്. വെനസ്വേലയുടെ പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തെ പാടെ തിരസ്‌കരിക്കുന്ന വലതുപക്ഷ സമീപനമായാണ് അവരുടെ നിലപാടുകള്‍ വിലയിരുത്തപ്പെടുന്നത്. പലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഇസ്രയേലിന്‍റെ 'സ്വയം പ്രതിരോധ' അവകാശങ്ങളെ' മാത്രം' പിന്തുണയ്ക്കുന്നത് പലസ്തീന്‍ ജനതയോടുള്ള വിരുദ്ധ നിലപാടായി മച്ചാഡോ വിമര്‍ശകരും കണക്കാക്കപ്പെടുന്നു.

വെനസ്വേലയുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നായിക എന്ന നിലയില്‍ മരിയ കൊറീന മച്ചാഡോ ശ്രദ്ധേയയാണ്. എന്നാല്‍, പശ്ചിമ്യേഷന്‍ വിഷയങ്ങളിലെ അവരുടെ നിലപാടുകള്‍, വെനസ്വേലയുടെ ചരിത്രപരമായ വിദേശനയത്തിന് വിരുദ്ധമാണ്. മച്ചാഡോയുടെ കടുത്ത ഇസ്രയേല്‍ പക്ഷപാതിത്വം പലസ്തീന്‍ അനുകൂലികളായ രാജ്യങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും, അവരുടെ രാഷ്ട്രീയ വ്യക്തിത്വത്തെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു. നോബല്‍ കമ്മറ്റി മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനിക്കുന്നതോടെ ഇസ്രയേലിന്റെ ഗാസ കൂട്ടക്കൊലയെ പരോക്ഷമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.