ഇന്ന് പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി റാം പ്രസാദ് ബിസ്മിലിന്റെ ജന്മദിനമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളെ മുൻ നിരയിൽ നിന്ന് നയിച്ച ദീപ്തവ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ബിസ്മിലിന്റേത്. 
 


 

അസാമാന്യ പ്രതിഭയുള്ള ഒരു എഴുത്തുകാരനായിരുന്നു റാം പ്രസാദ് ബിസ്മിൽ.  സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിക്കുവാൻ വേണ്ടി അദ്ദേഹം റാം, അഗ്യാത്, ബിസ്മിൽ എന്നീ മൂന്നു തൂലികാനാമങ്ങളിൽ നിരന്തരം  ലേഖനങ്ങളും കവിതകളും മറ്റും എഴുതിയിരുന്നു. എന്നാൽ സ്വന്തം എഴുത്തിനേക്കാൾ അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്, ബിസ്മിൽ എന്നു തന്നെ പേരുള്ള മറ്റൊരു കവിയുടെ ഒരു ഗീതമാണ്. 

കവിയുടെ പേര്  ബിസ്മിൽ അസീമാബാദി. ആ സ്വാതന്ത്ര്യ ഗീതം തുടങ്ങുന്നത് ഇങ്ങനെ,   

'സർഫറോഷി കി തമന്നാ 
അബ് ഹാമാരെ ദിൽ മേം ഹേ... 
ദേഖ്‌നാ ഹേ സോർ കിത്നാ 
ബാസുവേ കാത്തിൽ മേം ഹേ... '

'പിറന്ന നാടിനു വേണ്ടി 
ജീവത്യാഗം ചെയ്യാനുള്ള വല്ലാത്ത കൊതി 
ഇപ്പോൾ എന്റെ ഹൃദയത്തിലുണ്ട്.. 
എനിക്കറിയേണ്ടത്, എന്നെ തടുക്കാനുള്ള ശക്തി 
എത്രമേൽ ശത്രുവിന്റെ കരങ്ങൾക്കുണ്ട് എന്നാണ്..!'

 


ബ്രിട്ടീഷുകാരുടെ തടവിൽ കിടന്നിരുന്ന കാലത്ത് റാം പ്രസാദ് ബിസ്മിലും, ഭഗത് സിങ്ങും, രാജ്‌ഗുരുവും, സുഖ്ദേവും, അഷ്ഫാഖുള്ളാ ഖാനും ഒക്കെയടങ്ങുന്ന വിപ്ലവകാരികളുടെ നാവിൻ തുമ്പിൽ സദാ ഈ ഗീതമുണ്ടാവുമായിരുന്നു.  വിചാരണയ്ക്കായി ജയിലിൽ നിന്നും കോടതിയിലേക്ക് ട്രക്കിൽ കൊണ്ടുപോവും വഴിയും, ജഡ്ജിന്റെ മുന്നിലും, തിരിച്ചു ജയിലിലേക്കുള്ള യാത്രയിലും, സെൽമുറിക്കുള്ളിലും ഒക്കെ അവരീ ഗീതാമാലപിക്കുമായിരുന്നു. അവരിൽ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ തീ അണയാതെ കാത്തിരുന്നത് ഏറെ ആവേശഭരിതമായ ഈ ഗീതമായിരുന്നു.  ഭഗത് സിംഗിനെപ്പറ്റിയുള്ള  ബയോപിക്കിൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ  വന്ന ഈ ഗീതം ഏറെ ജനപ്രിയമാവുകയുണ്ടായി. 

തൂലിക മാത്രമല്ല കൈത്തോക്കും  റാം പ്രസാദ് ബിസ്മിലിന്  നന്നായി വഴങ്ങുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കുചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയ  അദ്ദേഹമാണ്  ബംഗാളിലെ പ്രസിദ്ധ വിപ്ലവകാരികളായ സചീന്ദ്ര നാഥാ സന്യാൽ, ജടുഗോപാൽ മുഖർജി എന്നിവരുമായി ചേർന്നുകൊണ്ട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവസംഘടന  സ്ഥാപിക്കുന്നത്. അതിൽ ആദ്യകാലം മുതൽ സജീവാംഗങ്ങളായിരുന്ന അതിപ്രസിദ്ധരായ രണ്ടു രണ്ടുപേരുണ്ട്.    ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദും. ഇന്ത്യയെ സ്വതന്ത്രമാക്കാൻ സായുധമാർഗമേ പ്രായോഗികമാവൂ എന്നായിരുന്നു ഇവർ വിശ്വസിച്ചിരുന്നത്. 

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രസിദ്ധമായ 'കാകോരി ട്രെയിൻ കൊള്ള' നടപ്പിലാക്കിയത് ബിസ്മിലും, അഷ്‌ഫാഖുള്ളാ  ഖാനും ഒക്കെ ചേർന്നുകൊണ്ടാണ്. 1925 -ലായിരുന്നു ആ സംഭവം. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് ആയുധങ്ങൾ വേണമായിരുന്നു. അവ വാങ്ങാനുള്ള പണം ബ്രിട്ടീഷ് സർക്കാരിനെ കൊള്ളയടിച്ചു തന്നെ കണ്ടെത്താം എന്ന്  വിപ്ലവകാരികൾ തീരുമാനിക്കുകയായിരുന്നു.  അങ്ങനെയാണ് 1925  ആഗസ്റ്റ് ഒമ്പതിന് ഷാജഹാൻ പൂരിൽ നിന്നും ലഖ്‌നൗവിലേക്ക് പൊയ്ക്കൊണ്ടിരുന്ന എട്ടാം നമ്പർ ഡൌൺ ട്രെയിൻ കാകോരി എന്ന സ്ഥലത്തുവെച്ച് അഷ്‌ഫാഖുള്ളാ  ഖാൻ സെക്കൻഡ് ക്ലാസ് കംപാർട്ട്‌മെന്റിൽ ചങ്ങല  വലിച്ചു നിർത്തുകയായിരുന്നു.  അദ്ദേഹത്തിന്റെ കൂടെ സചീന്ദ്ര ബക്ഷി, രാജേന്ദ്ര ലാഹിരി എന്നിവരുമുണ്ടായിരുന്നു. അതായിരുന്നു മോഷണ പദ്ധതിയുടെ ഒന്നാം ഘട്ടം. അപ്പോഴേക്കും റാം പ്രസാദ് ബിസ്മിലും കൂടെയെത്തി. അവർ നാലുപേരും ഒപ്പം HRA -യുടെ മറ്റു വിപ്ലവകാരികളും ചേർന്ന് ട്രെയിനിന്റെ ഗാർഡ് കംപാർട്ട്‌മെന്റിൽ കടന്നു കയറി പണം കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഇരുമ്പുപെട്ടി അപഹരിച്ചു. 
 


 

ഈ സംഭവം ബ്രിട്ടീഷുകാരെ വല്ലാതെ പ്രകോപിതരാക്കി. അവർ ശക്തമായ പ്രതികാരനടപടികളുമായി മുന്നോട്ടുപോയി. HRA -യുമായി ബന്ധമുള്ള സകലരെയും ബ്രിട്ടീഷ് സൈന്യം നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവിൽ ബിസ്മിലും,അഷ്‌ഫാഖുള്ളാ  ഖാനുമടക്കം രണ്ടു ഡസൻ HRA അംഗങ്ങൾ ഒരു മാസത്തിനകം ബ്രിട്ടീഷുകാരുടെ പിടിയിലായി. ബിസ്മിൽ, അഷ്‌ഫാഖുള്ളാ  ഖാൻ, റോഷൻ സിങ്ങ്, രാജേന്ദ്ര നാഥ് ലാഹിരി എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. മറ്റുള്ളവർക്ക് ജീവപര്യന്തവും. 
 


 

വധശിക്ഷ കാത്തുകൊണ്ട് ലഖ്‌നൗ സെൻട്രൽ ജയിലിന്റെ പതിനൊന്നാം നമ്പർ ബാരക്കിൽ കഴിയവേ ബിസ്മിൽ തന്റെ ആത്മകഥ എഴുതി. ആ കൃതി ഹിന്ദി ആത്മകഥാസാഹിത്യത്തിലെ അതിവിശിഷ്ടമായ കൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണിന്നും. ഈ ജയിലിൽ വെച്ച് തന്നെയാണ് അദ്ദേഹം  "മേരെ രംഗ് ദേ ബസന്തി ഛോലാ... " എന്ന പ്രസിദ്ധമായ പാട്ടും എഴുതുന്നത്.  അതും സ്വാതന്ത്ര്യ സമര കാലത്ത് ഏറെ ജനപ്രിയമായി മാറിയിരുന്നു. 

തന്റെ മുപ്പതാമത്തെ വയസ്സിൽ ബ്രിട്ടീഷുകാരാൽ കഴുവേറ്റപ്പെടുന്നതിന് നിമിഷങ്ങൾ മുമ്പ് ബിസ്മിൽ തന്റെ അമ്മയ്ക്ക് അവസാനത്തെ കത്തെഴുതിവച്ചു. എന്നിട്ട് വളരെ ശാന്തനായി കഴുമരത്തിലേക്ക് നടന്നടുത്തു. കൊലക്കയർ കഴുത്തിലണിയിച്ചപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടുകൾ 'ജയ് ഹിന്ദ്...' എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. 

അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത് റാപ്തി നദിയുടെ തീരത്താണ്. ഏറെ ജനസമ്മതനായ ഒരു വിപ്ലവകാരിയായിരുന്നതുകൊണ്ട് നൂറുകണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റെ അന്തിമസംസ്കാര കർമങ്ങളിൽ പങ്കുചേർന്നു. 

തന്റെ ആയുഷ്‌ക്കാലത്ത്  പിറന്ന മണ്ണിനെ സ്വതന്ത്രമായി കാണാനുള്ള ഭാഗ്യമുണ്ടാവില്ലെന്ന സത്യം തിരിച്ചറിഞ്ഞിരുന്നതുകൊണ്ടാവും, അദ്ദേഹം ഈ നാടിനെ സേവിക്കാനായി ഒരിക്കൽ കൂടി ജന്മമെടുക്കുന്നതിനെപ്പറ്റി ബിസ്മിൽ തന്റെ ഒരു കവിതയിൽ പറയുന്നുണ്ട്. 

ജന്മനാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പൊലിഞ്ഞു പോയ ആ വിപ്ലവ ജ്വാലയ്ക്ക് ജന്മദിനാശംസകൾ..!