Asianet News MalayalamAsianet News Malayalam

ശതമാനം കൂടുന്തോറും വിദ്യാഭ്യാസ നിലവാരം താഴുന്നുണ്ടോ?

കേരളം മികച്ച വിജയം നേടി എന്ന് അവകാശപ്പെടുമ്പോഴും നാം എത്രത്തോളം നമ്മുടെ വിദ്യാഭ്യാസ ഗുണനിലവാരം കാത്തുസൂക്ഷിച്ചു എന്നത് പരിശോധിക്കണം.

S biju on deteriorating education standards in  kerala
Author
Thiruvananthapuram, First Published Oct 20, 2021, 4:37 PM IST

പിറക്കാതെ പോയ മകന്‍ എന്ന് പറയും പോലെയൊരു കിട്ടാതെ പോയ ഷോട്ട്. ഇരുപത് കൊല്ലത്തിനും മുന്‍പുള്ള സംഭവമാണ്. പത്തനംതിട്ടയിലെ സീതത്തോടിനു അടുത്ത് വനത്തിനുള്ളിലുള്ള ആദിവാസി വിദ്യാലയം. എസ്.എസ്. എല്‍. സിയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ വിദ്യാലയത്തെ തേടിയുള്ള   പാച്ചിലാണ് ഞങ്ങളെ അവിടെയെത്തിച്ചത്. അന്നൊക്കെ അങ്ങനെയായിരുന്നു. വിജയികളെക്കാള്‍ പരാജിതര്‍ കൂടതലായ അക്കാലത്ത് ഞങ്ങള്‍ വാര്‍ത്താലേഖകര്‍ രണ്ടിനും തുല്യ പരിഗണന നല്‍കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസിന് അന്ന് പത്തനംതിട്ടയില്‍ ബ്യൂറോയില്ല. അന്നത്തെ വലിയ വാര്‍ത്തയാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. റാങ്കൊക്കെയുള്ള കാലം. അതൊക്കെ കവര്‍ ചെയ്ത് വാര്‍ത്ത നല്‍കിയ ശേഷം ഊണൊക്കെ ഉപേക്ഷിച്ചാണ് സീതത്തോടേക്ക് പാഞ്ഞത്. ഞങ്ങളുടെ വണ്ടി കയറാത്ത വഴിയായതിനാല്‍ വടശ്ശേരിക്കരയില്‍ നിന്ന് ഫോര്‍ വീല്‍ ജീപ്പ് പിടിച്ചാണ്  സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളില്‍ എത്തിചേര്‍ന്നത്.അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച നൂറ് ശതമാനം പരാജയം   സാധൂകരിക്കുന്നതായിരുന്നു. 

സ്‌കൂള്‍ നടയില്‍  മദ്യപിച്ചു അവശനായി ഛര്‍ദ്ദിച്ചു കിടക്കുന്നു ഒരാള്‍. സ്‌കൂള്‍ അധികൃതര്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചപ്പോഴാണ് കാഴ്ചയുടെ ഗൗരവം  മനസ്സിലായത്. കുടിച്ചു ബോധം കെട്ട് കിടക്കുന്നത് സ്‌കൂളിലെ  പ്രധാന ഗുമസ്ഥന്‍. ഞങ്ങള്‍ പെട്ടെന്ന് ദൃശ്യം പകര്‍ത്താന്‍ ക്യാമറ  ഓണ്‍ ചെയ്തപ്പോള്‍ അതനങ്ങുന്നില്ല. ദുര്‍ഘടമായ യാത്രയില്‍ ക്യാമറ പണിമുടക്കിയിരിക്കുന്നു. അന്നൊന്നും മൊബൈല്‍ ഫോണ്‍ ക്യാമറ ഇല്ലാത്ത കാലം. ഞങ്ങള്‍ കാടിറങ്ങി വടശ്ശരിക്കര പോയി അവിടത്തെ ഒരു കല്യാണ ക്യാമറ സംഘടിപ്പിച്ച് തിരികെയെത്തിയപ്പോള്‍ ഞങ്ങളുടെ മണിഷോട്ട് നഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ വന്നതറിഞ്ഞ് ആരോ ഗുമസ്തനെ മാറ്റി ഛര്‍ദ്ദിലെല്ലാം കഴുകി കളഞ്ഞിരുന്നു . അപ്പോഴേക്കും ഇരുട്ടിന്റെ  കരിമ്പടം സ്‌കൂളിനെ  പുതച്ചു തുടങ്ങിയിരുന്നു.   

ഇതു പോലെ പല പരീക്ഷകളിലും തോറ്റാണ് ഞങ്ങളൊക്കെ പിന്നിട് ജയിച്ചു കയറിയത്. അന്നൊക്കെ  തോറ്റാല്‍ തോല്‍പ്പിക്കും. ഇക്കാണുന്ന 1986ലെ പത്ര വാര്‍ത്ത നോക്കൂ .

 

S biju on deteriorating education standards in  kerala

 

അന്നൊക്കെ വിജയിച്ചവരെക്കാള്‍ പരാജയപ്പെടുന്നവരാണ് ഭൂരിപക്ഷവും. മിനിമം മാര്‍ക്കായ 600-ന് 210 വാങ്ങുന്നവര്‍ തന്നെ ധാരാളം. അത് തന്നെ മോഡറേഷന്റെ ബലത്തിലാണ് പലരും ജയിച്ചത്.     എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ കണക്കിന്  100-ല്‍ 20 മാര്‍ക്ക് വാങ്ങിയവനാണ് ഞാന്‍. പിന്നീട് ഭഗീരഥ പ്രയത്‌നം നടത്തിയാണ്  ഫസ്റ്റ് ക്‌ളാസുകാരനായത്. അന്ന് സ്ഥാന കയറ്റം കിട്ടാത്തവര്‍ ഒന്നുകില്‍ വഴിതിരിഞ്ഞു പോയി, അല്ലെങ്കില്‍ കഠിനപ്രയത്‌നത്തിലൂടെ മാത്രം മുന്നേറി.  കണിശമായിരുന്നു മൂല്യനിര്‍ണയം. തൊണ്ണൂറുകളിലെ കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ അവലോകന  രേഖ പ്രകാരം പത്താം ക്‌ളാസ് ഫലത്തില്‍  ബീഹാറിനെക്കാള്‍ ( 65.94 %)  പിന്നോക്കമായിരുന്നു കേരളം ( 51.02 %). ദേശിയ ശരാശരിയും കേരളത്തേക്കാള്‍ മെച്ചമായിരുന്നു ( 52.58 %). പട്ടിക വിഭാഗങ്ങുടെ വിദ്യാഭ്യാസ കാര്യത്തില്‍ നമ്മുടെത് പരിതാപകരമായിരുന്നു. 

 

S biju on deteriorating education standards in  kerala

വിദ്യാഭ്യാസ നേട്ടത്തില്‍ പിന്നില്‍ നിന്ന കേരളം കാര്യമായി മുന്നേറുകയുണ്ടായി  പിന്നീടുള്ള വര്‍ഷങ്ങളില്‍ . പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ നാം കാണിച്ചു വന്ന ഉദാസീനമായ സമീപനത്തിന്റെ മകുടോദാഹരണമാണ് സീതതോടിലെ ട്രൈബല്‍ സ്‌കൂളിലെ കഥ. ഇത്തരം വാര്‍ത്തകളോട് പൊതുസമൂഹവും, സര്‍ക്കാറും ക്രിയാത്മകമായി പ്രതികരിച്ചത് വിദ്യാഭ്യാസ മുന്നേറ്റത്തിനിട നല്‍കി. സമീപ വര്‍ഷങ്ങളില്‍ നാം കൈവരിച്ച നേട്ടം വ്യക്തമാക്കുന്നതാണീ കണക്കുകള്‍

S biju on deteriorating education standards in  kerala

ഈ കണക്കുകള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

  • ഒന്നാമതായി, തര്‍ക്കമില്ല, കേരളം വിദ്യഭ്യാസ നിലവാരത്തില്‍. കാര്യമായ മുന്നേറ്റേം നടത്തി. പണ്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചിരുന്ന തെക്കന്‍ ജില്ലകള്‍ക്ക് ഒപ്പമോ, അതിനും മുന്നിലോ എത്തി വടക്കന്‍ ജില്ലകള്‍. ഇത്തവണ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയത് കണ്ണൂരാണ്. 99.85 ശതമാനം കുട്ടികളും അവിടെ വിജയിച്ചു. സംസ്ഥാനത്ത് തന്നെ  ഏറ്റവും അധികം പേര്‍ ഏ പ്‌ളസ്  നേടിയത് മലപ്പുറത്താണ്:  7838 പേര്‍.   മലപ്പുറത്തെ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് 2706 പേരെ പരീക്ഷയ്ക്കിരുത്തി റെക്കോഡിട്ടു. മുമ്പൊക്കെ തെക്കന്‍ ജില്ലകളിലായിരുന്നു ഈ പ്രവണത. ഇത്തവണ പത്തനംതിട്ട നിരണത്തെ സെന്റ് തോമസില്‍ ഒരാള്‍ മാത്രമാണ് പരീക്ഷക്കിരുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച വിജയ ശതമാനം കൈവരിച്ച ജില്ലയാണ് പത്തനംതിട്ട.
  •  
  • കേരളം മികച്ച വിജയം നേടി എന്ന് അവകാശപ്പെടുമ്പോഴും നാം എത്രത്തോളം നമ്മുടെ വിദ്യാഭ്യാസ ഗുണനിലവാരം കാത്തുസൂക്ഷിച്ചു എന്നത് പരിശോധിക്കണം. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ നാം വിജയശതമാനം ഇരട്ടിയാക്കി ( മുകളിലത്തെ പട്ടിക നോക്കുക) .കഴിഞ്ഞ വര്‍ഷമാകട്ടെ വിജയ ശതമാനത്തിൽ മാത്രമല്ല ഉന്നത വിജയം നേടിയവരുടെയും കാര്യത്തിലും നാം ഞെട്ടിച്ചു.

 

  • S biju on deteriorating education standards in  kerala

 

  • ഒരു വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ദ്ധനയാണ് എ പ്‌ളസുകാരുടെ കാര്യത്തില്‍. വിജയ ശതമാനത്തില്‍ കഴിഞ്ഞ കുറേ വര്‍ഷമായി നാം മുന്നേറുന്നതില്‍  ചില പൊരുത്തക്കേടുകളുണ്ട്. ഒന്നാം ക്‌ളാസ്സോടെ പാസാകുന്നവരില്‍ ചിലര്‍ക്കെങ്കിലും  അടിസ്ഥാന ഭാഷയും ഗണിതവും  ശരിക്കറിയില്ലെന്നത് പച്ച പരമാര്‍ത്ഥമാണ്.  നേരിട്ട് അറിയാവുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത് പറയുന്നത്.   
  • ഇത്തവണയാകട്ടെ കോവിഡ് കാരണം വിദ്യാഭ്യാസം തലകുത്തി വീണു. അദ്ധ്യയനം മോശമായി. ഓണ്‍ലൈന്‍ പഠനം പലയിടത്തും നേര്‍ച്ചയായി. മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്താതെ ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ വിമര്‍ശനങ്ങള്‍ക്കിടയില്‍  കേരളം സാമ്പ്രദായിക രീതിയില്‍ തന്നെ പരീക്ഷ നടത്തി. നല്ലത് തന്നെ. എന്നാല്‍ സിലബസ് ചുരുക്കി ചില പാഠങ്ങളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്ന  സമ്പ്രദായം ശരിയാണോ? പാഠഭാഗങ്ങള്‍ വെട്ടിചുരുക്കാനിടയാക്കിയതിന് കോവിഡിനെ മാത്രം പഴിക്കുന്നതില്‍ കാര്യമുണ്ടോ?  പ്രതിസന്ധി  വന്നപ്പോള്‍  ഫലപ്രദമായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് നീങ്ങാനായില്ല. ഒരു വിഭാഗം അദ്ധ്യാപകരും ഈ  പ്രതേക സാഹചര്യത്തെ നേരിടുന്നതില്‍  വേണ്ടത്ര വിജയിച്ചില്ല. അതൊഴിവാക്കാന്‍ വളരെ ഉദാരമായ പരീക്ഷയാണ് നടത്തിയത്. ഇരട്ടി മാര്‍ക്കിന് ചോദ്യം നല്‍കി. 40 മാര്‍ക്ക് വേണ്ടിടത്ത് 80 മാര്‍ക്കിന് ചോദ്യം നല്‍കിയിട്ട് ഇഷ്ടം പോലെ മാര്‍ക്ക് കൊടുത്തു. എണ്‍പതില്‍ എണ്‍പത് മാര്‍ക്കിനുത്തരം എഴുതിയ ആള്‍ക്കും 40 മാര്‍ക്കിന് ഉത്തരം എഴുതിയാള്‍ക്കും 40 മാര്‍ക്ക് കിട്ടി. നന്നായി പഠിച്ച കുട്ടികള്‍ക്ക് നഷ്ടക്കച്ചവടം. ഒരേ മാര്‍ക്കുമായി പ്‌ളസ് വണ്ണിന് പ്രവേശത്തിന് ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ അതിലെ   സമര്‍ത്ഥനായ കുട്ടിയായിരിക്കും പിന്തള്ളപ്പെട്ടു  പോകുക.  
  • കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള കാര്യമായ ശ്രമം കാലങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നാം പിന്നാക്കം പോയിരിക്കുകയല്ലേ? പഠിപ്പിക്കലും മൂല്യനിര്‍ണ്ണയവും ലഘുകരിക്കപ്പെട്ടു. പഠന സമ്പ്രദായങ്ങളിലും കാര്യമായ മാറ്റം വരുത്താതെ, ഇന്നത്തെ   ഡിജിറ്റല്‍ കാലഘട്ടത്തിന് അനുസരിച്ച് ഒപ്പം നീങ്ങാതെ, അതിനാവശ്യമായ അദ്ധ്യാപക പരിശീലനം നല്‍കാതെ, പാഠ്യപദ്ധതിയും ബോധന സമ്പ്രദായങ്ങളിലും വേണ്ടത്ര മാറ്റം വരുത്താതെ, പ്രശ്‌നങ്ങള്‍ പുറത്തറിയിക്കാതിരിക്കാന്‍ ഓള്‍ പാസ് നടപ്പാക്കും. മുകളിലത്തെ ക്‌ളാസുകളിലേക്ക് പ്രത്യേകിച്ച് ഉന്നത പഠനത്തിന് എത്തിപ്പെടാന്‍ ഇവര്‍ പ്രാപ്തരല്ലാതെ വരും. 87.94 % ആണ് പന്ത്രണ്ടാം ക്ലാസ്സിലെ വിജയം. 85.13 % ആണ് 2020-ലെ വിജയ ശതമാനം. മുപ്പത് വര്‍ഷം മുമ്പ് ഏതാണ്ട് 60 % ആയിരുന്നിടത്ത് നിന്ന് ഇത് നല്ല പുരോഗതിയാണ്.  ഓരോ വര്‍ഷവും അവിടെയും വിജയ ശതമാനം ഉയരുന്നുണ്ട്. പക്ഷേ ഗുണനിലവാരം ഈയളവില്‍ ഉയരുന്നുണ്ടോ?    

 

S biju on deteriorating education standards in  kerala

 

  • കഴിഞ്ഞ മാസം ഒരു പരിചയമുള്ള വീട്ടില്‍ പോയപ്പോള്‍  അവിടത്തെ ഗൃഹനായിക ജോലി രാജി വയ്ക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്ന് പറയുന്നുണ്ടായിരുന്നു. നല്ല ശമ്പളവും പദവിയുമുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രധാന അദ്ധ്യാപകയാണവര്‍. കാരണം ലളിതം. സ്‌കൂളില്‍ തൂപ്പടക്കം എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നു. ഒരേ സ്‌കൂളാണെങ്കിലും പത്താം ക്‌ളാസ്സ് വരെ ഒരു വകുപ്പും, പതിനൊന്നും പന്ത്രണ്ടും മറ്റൊരു വകുപ്പും. ഇരട്ടിപ്പും. ആശയക്കുഴപ്പവും, ആകെ ഗുലുമാല്‍. വിദ്യാര്‍ത്ഥി താത്പര്യത്തിനു മുകളില്‍  ജീവനക്കാരുടെ താത്പര്യങ്ങള്‍ക്കു മുന്‍ഗണന. 

ഞാന്‍ 2003ല്‍ പഠിച്ച വിദേശ സര്‍വ്വകലാശാലയുടെ ഘടന തന്നെ വിദ്യാര്‍ത്ഥി കേന്ദീകൃതം. കുട്ടികളാണ് മാഷന്‍മാരെ വിലയിരുത്തുന്നത്. ചെറിയ അഡ്മിന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി. ഓടി നടക്കും.     അദ്ധ്യാപകരെ മിനിസ്റ്റീരിയലുകാര്‍ ഭരിക്കുന്ന ഘടനയിലുള്ള മേല്‍ വകുപ്പുകളാണ് നമ്മുടെത്. കോവിഡ് കാലത്ത് ആഴ്ചയില്‍ ഒരു ദിവസം പോലും അദ്ധ്യാപകര്‍ വരാന്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന അദ്ധ്യാപിക എന്നോട് പറഞ്ഞത്.. ഓണ്‍ലെനാണെങ്കിലും ചിലര്‍ നന്നായി  പഠിപ്പിക്കും, ചിലര്‍ കാട്ടിക്കൂട്ടും. ഇത് ശരി വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ ഓഫീസ് ഡ്രൈവര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ  പെണ്‍കുട്ടികള്‍ക്കുള്ള  സര്‍ക്കാര്‍   സ്‌കൂളില്‍ പ്രാഥമിക ക്‌ളാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് കാര്യമായി ഒരു അദ്ധ്യനവും നടക്കുന്നില്ല. വാട്‌സ് ആപ്പില്‍ ആരോ തയ്യാറാക്കിയ ക്‌ളാസ്സ് വീഡിയോ വരും. പലസ്വകാര്യ അണ്‍എയിഡഡ് സ്‌കൂളിലും പഠിക്കുന്ന നഴ്‌സറി   മുതല്‍ പ്‌ളസ് ടു വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ അസംബ്‌ളി മുതല്‍ എല്ലാം കിറുകൃത്യം.  മിക്കയിടത്തും അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ വന്ന് ആധുനിക സ്മാര്‍ട്ട് ക്‌ളാസ്സ് റൂമുകളും ആധുനിക ഓണ്‍ലൈന്‍ സംവിധാനങ്ങളും  ഉപയോഗിച്ചാണ് ക്‌ളാസെടുക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍  നന്നായി നടക്കുന്ന സ്‌കൂളുകളില്ലെന്നില്ല. എന്നാല്‍ ഭൂരിഭാഗത്തും കാട്ടിലെ തടി, തേവരുടെ ആന എന്നതാണ് അവസ്ഥ.  

  • സംസ്ഥാനത്ത് ഏറ്റവും അധികം ജീവനക്കാരുള്ള വകുപ്പാണ് വിദ്യാഭ്യാസ മേഖലയെന്നോര്‍ക്കണം. ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ മൂന്നിനൊന്ന് ( 32.73 ശതമാനം) പൊതു വിദ്യാഭ്യാസ മേഖലയിലാണ്. ഇതര വിദ്യാഭ്യാസ മേഖല കൂടി കണക്കിലെടുത്താല്‍ തോത് വീണ്ടുമുയരും ( പട്ടിക കാണുക). അതായത് രണ്ടിലൊന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിദ്യാഭ്യാസത്തിനായാണ് നമ്മുടെ സംസ്ഥാനം വിന്യസിച്ചിരിക്കുന്നത്.     അതിന് അനുസരിച്ചുള്ള ബജറ്റ് വിഹിതവും നല്‍കുന്നുണ്ട്.  

 

S biju on deteriorating education standards in  kerala

 

  • മേല്‍ പട്ടികയില്‍ പറയും പോലെ സംസ്ഥാനത്തെ ജീവനക്കാരുടെ ഏതാണ്ട് പകുതിയോളം, അതായത് 48. 85 ശതമാനവും വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളത്. അതില്‍ തന്നെ മുന്തിയ പങ്കും ( 38.74 %) പ്‌ളസ് ടു വരെയുള്ള ക്ലാസ്സുകള്‍ക്കു വേണ്ടിയാണ്. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മേല്‍പറഞ്ഞ പട്ടികയില്‍ സ്വകാര്യ  എയിഡഡ് മേഖലയും ഉള്‍പ്പെടുന്നുണ്ട് ( ആകെ ജിവനക്കാരില്‍ 26.9 %). എന്നാല്‍ അണ്‍ എയിഡഡ് മേഖല ഉള്‍പ്പെടുന്നില്ല. അത്തരം വിദ്യാലയങ്ങള്‍ വലിയ എണ്ണം ജിവനക്കാരും സേവനങ്ങളും നല്‍കുന്നുണ്ട്. 

 

  • എല്ലാ ബജറ്റിലും കേരളം ഏറ്റവും അധികം തുക നീക്കി വയ്ക്കുന്നതും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും 14.7   ശതമാനവും ചെലവും  വിദ്യാഭ്യാസ ചെലവുകള്‍ക്കായാണ് നീക്കി വച്ചിട്ടുള്ളത്. ദേശിയ ശരാശരിയേക്കാള്‍ ( 15.8 %) ഇത് കുറച്ചു കുറവാണ്.  എന്നാല്‍ കേരളത്തിലെ ഇതര മേഖലയേക്കാള്‍ മുന്തിയ വിഹിതമാണ് വിദ്യാഭ്യാസ മേഖലക്കുള്ള നീക്കിയിരുപ്പ്. കോവിഡ് കാലമായിട്ടു പോലും ആരോഗ്യത്തിനുള്ള വിഹിതത്തെക്കാള്‍ ഇരട്ടിയലധികമാണ് വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പ് ( പട്ടിക കാണുക) 

S biju on deteriorating education standards in  kerala

സീതത്തോടിലെ പോലെ 100 ശതമാനം പരാജയം ഏറ്റുവാങ്ങിയ വിദ്യാലയങ്ങളൊക്കെ ഇപ്പോള്‍ പഴങ്കഥയാണ്. ഭൗതിക സാഹചര്യങ്ങളും നാം മെച്ചപ്പെടുത്തി. എന്നാല്‍  എണ്ണത്തില്‍ കൈവരിച്ച നേട്ടം പക്ഷേ ഗുണത്തില്‍ പ്രതിഫലിക്കുന്നില്ല. ദില്ലിയിലെ ഒരു അദ്ധ്യാപകന്‍ കേരളത്തെക്കുറിച്ച്   നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശം സങ്കുചിത വിഭാഗീയ ചിന്തയില്‍ നിന്നാവാം. അതേ സമയം നല്ല മാര്‍ക്ക് വാങ്ങുന്ന നമ്മുടെ കുട്ടികള്‍ക്ക് പോലും വേണ്ടത്ര അറിവോ നൈപുണ്യമോ ഇല്ലെന്നത് നമ്മുടെ വിദ്യാഭ്യാസ ഗുണനിലവാര തകര്‍ച്ചയുടെ പ്രതിഫലനം തന്നെയല്ലേ? കണ്ണാടി തല്ലിപൊട്ടിക്കാതെ മുഖം നന്നാക്കാന്‍ നാം തയ്യാറായേ പറ്റൂ.       

Follow Us:
Download App:
  • android
  • ios