Asianet News MalayalamAsianet News Malayalam

ജനകോടികള്‍ പട്ടിണി കിടക്കുമ്പോള്‍ ചന്ദ്രനില്‍ ഇടിച്ചിറക്കാന്‍ പേടകങ്ങള്‍ അയക്കുന്നത് എന്തിനാണ്?

നാട്ടിലെ പട്ടിണിയും പരിവട്ടവും പരിഹരിക്കാതെ കോടികള്‍ മുടക്കി ചന്ദ്രനെ തൊടാന്‍ പേടകമയക്കണോ?

space research and criticisms by S Biju
Author
First Published Aug 16, 2023, 4:53 PM IST

നാട്ടിലെ പട്ടിണിയും പരിവട്ടവും പരിഹരിക്കാതെ കോടികള്‍ മുടക്കി ചന്ദ്രനെ തൊടാന്‍ പേടകമയക്കണോ? ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല നാസയടക്കം ഇതര ബഹിരാകാശ കേന്ദ്രങ്ങളിലെ  ശാസ്ത്രജ്ഞരും പതിവായി അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. 

 

space research and criticisms by S Biju

Source: isro.gov.in

 

നോക്കൂ, മുകളിലുള്ള ചിത്രത്തില്‍ കാണുന്ന കാല്‍ നഷ്ടപ്പെട്ട ഈ യുവാവിനെ കൃത്രിമ കാല്‍ കൊണ്ട് നടക്കാന്‍ സഹായിക്കുന്നത് വൈദ്യന്‍മാര്‍ക്കൊപ്പം ബഹിരാകാശ ശാസ്ത്രജ്ഞരുമാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്കായി വികസിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയുടെ നന്‍മക്കായി അവര്‍ പങ്കിടുന്നു. അങ്ങനെയാണ് ചിപ്പുകള്‍  ഘടിപ്പിച്ചിട്ടുള്ള ഈ കൃത്രിമകാലുകള്‍ തുമ്പ  വി.എസ്.എസ്.യിലെ  ബഹിരാകാശ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. മുട്ടിനു മുകളില്‍ കാല്‍ മുറിക്കേണ്ടി  വരുന്നവര്‍ക്കുള്ളതാണ് ഈ കൃത്രിമകാലുകള്‍. ശരീര ഭാരവും നടപ്പു രീതിയും അടക്കമുള്ള സവിശേഷതകള്‍ക്ക്  അനുസൃതമായി  ഇതിലെ പ്രോസ്സറുകള്‍ സ്വയം ക്രമീകരിച്ചും പ്രോഗ്രാം ചെയ്തുമാണ് നടക്കാന്‍ സഹായിക്കുന്നത്. ബന്ധപ്പെട്ട ഏജന്‍സികളുമായി  സഹകരിച്ച്, നിരവധി ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളിലൂടെ ഈ കൃത്രിമ കാലിനെ വിപണയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഇറക്കുമതി ചെയ്തുപയോഗിക്കുന്ന ചിപ്പുകളാല്‍ നിയന്ത്രിതമായ ഇലക്ട്രോണിക്ക് കൃത്രിമ  കാലുകള്‍ക്ക് വിപണിയില്‍ 10 മുതല്‍ 60 ലക്ഷം വരെയാണ് വില. നാലഞ്ച് ലക്ഷം രൂപക്ക് അതിനൊപ്പം കിടപിടക്കുന്ന ഉപകരണം  വിപണിയിലെത്തിക്കാനാണ്  ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. 

മൂന്നാം ചാന്ദ്ര ദൗത്യത്തിനായുള്ള LVM 3 M-4 റോക്കറ്റിന്റെ  വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇസ്‌റോ ചെയര്‍മാന്‍ എസ്.സോമനാഥ്  പറഞ്ഞ് തുടങ്ങിയത്, 'താങ്ക്യു ഇന്ത്യ' എന്ന വിശേഷണത്തോടെയാണ്.  ആലങ്കാരികമായല്ല അദ്ദേഹം ആ വാക്കുകളുപയോഗിച്ചത്. കെല്‍ട്രോണും, വജ്‌റ  റബറും മുതല്‍ എല്‍.എന്‍.റ്റി യും ഗോദ്‌റേജും, എച്ച്.എ.എല്ലും അടക്കം നാനുറോളം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിക്കുന്നത്. 

റോക്കറ്റുകളെ ചലിപ്പിക്കുന്നതിന് തിരുവനന്തപുരം എല്‍. പിഎസ്.സിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച 'വികാസ്' എന്‍ജിന്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നത് സ്വകാര്യ മേഖലയിലാണ്. ഇങ്ങനെ വ്യവസായങ്ങളിലേക്ക്  നമ്മുടെ സാങ്കേതിക വിദ്യ ഒഴുകി പരക്കുകയാണ്. വിദൂര വിദ്യാഭ്യാസം, ടെലി മെഡിസിന്‍, ധാതു പര്യവേക്ഷണം, കാലാവസ്ഥ പ്രവചനം, ആശയ വിനിമയം, ഗതാഗത സംവിധാനങ്ങള്‍, പ്രതിരോധം, മാധ്യമ  സംപ്രേഷണം, മത്സ്യബന്ധനം, കൃഷി അങ്ങനെ സമസ്ത മേഖലകള്‍. 

ഏറ്റവും ലഘുവായ ഭാരം, ചെറിയ വിസ്തീര്‍ണ്ണം, കുറഞ്ഞ താപ-ഘര്‍ഷണ നിയന്ത്രണങ്ങള്‍ എന്നിവ കൈവരിക്കലാണ് ബഹിരാകാശ ദൗത്യങ്ങളിലെ വെല്ലുവിളി. റോക്കറ്റ് സയന്‍സിനായി വികസിപ്പിക്കുന്ന ചില പദാര്‍ത്ഥങ്ങളും സാങ്കേതികവിദ്യയും നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും പ്രയോജനകരമാണ്. തിരുവനന്തപുരം ശ്രീചിത്ര പോലെ  ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വികസിപ്പിച്ച് മനുഷ്യ ശരീരത്തിലെ പല ഇംപ്‌ളാന്റുകളും സാധ്യമാക്കിയത് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരും സാങ്കേതിക  വിദഗദ്ധരും അത് നിര്‍ലോഭം പകര്‍ന്നു നല്‍കിയത് കൊണ്ടുകൂടിയാണ്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ അനുരൂപമായ വ്യവസായങ്ങള്‍നാട്ടില്‍ ഉണ്ടാകണം. 

അതൊക്കെ ശരിയാണ്, എന്നാലും ഭൂമിയുടെ കാര്യങ്ങള്‍ വിട്ട്, ഇവിടത്തെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനിരിക്കെ നാമെന്തിന് മറ്റ്  ഗ്രഹങ്ങളും നക്ഷത്രങ്ങളും തേടി പോകണം? ന്യായമെന്ന് തോന്നാവുന്ന  ചോദ്യമാണ്. നമ്മള്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളും ചന്ദ്രനിലേക്ക് പോകാനും ദൗത്യ വാഹനങ്ങളെ അയക്കാനും തയ്യാറെടുക്കുകയാണ്. നടപ്പ് പതിറ്റാണ്ടില്‍ ഒരു ഡസന്‍ റോബോട്ടിക്ക് വാഹനങ്ങളെ ചന്രനിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജൂലൈ 14-ന് നമ്മള്‍ വിജയകരമായി വിക്ഷേപിച്ച  ചന്ദ്രായന്‍ 3-നെ, ആഗസ്റ്റ് 23ന്  ചന്ദ്രോപരിതലത്തില്‍ സുഗമമായി ചെന്നിറക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രായന്‍ 2-ലെ സമാന ദൗത്യം പൂര്‍ണ്ണമായും  വിജയിച്ചില്ല. അമേരിക്കയുടെയും റഷ്യയുടെയും അടക്കം മുന്‍പുള്ള പല ദൗത്യങ്ങളും നിരവധി തവണ  പരാജയപ്പെട്ട ശേഷമാണ് വിജയിച്ചതെന്നറിയണം. 2013ലെ ചൈനയുടെ ചാങ്ങ്വ 5 മാത്രമാണ് ഇതിനപവാദം .

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വ്യത്യസ്തമാണ് ചന്ദ്രന്റേത്. അവിടെ  വേറിട്ട  ഗുരുത്വാകര്‍ഷണ പ്രതിഭാസങ്ങളാണുള്ളത്.  മാത്രമല്ല  ചന്ദ്രനിലെ ധ്രുവ പ്രദേശങ്ങള്‍, പ്രത്യേകിച്ച്  ദക്ഷിണ  ഭാഗം നമുടെ കാണാമറയത്താണ്. ഭുമിയില്‍ നിന്ന് ഏറെ അകലെ, അതിശീഘ്രം പായിച്ച് എത്തിക്കുന്ന പേടകങ്ങളെ  വേഗം കുറച്ച് നിയന്ത്രിച്ചിറക്കുക വല്ലാത്ത വെല്ലുവിളിയാണ്. അതും ജി.പി.എസ് സിഗ്‌നലുകള്‍ പോലുമില്ലാത്തിനാല്‍ പേടകങ്ങളിലെ കമ്പ്യൂട്ടറുകള്‍ സ്വയം കണക്കുകൂട്ടി,  ശിഷ്ടം ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചാണ് പേടകങ്ങളെ അവിടെ ഇറക്കേണ്ടത്. ഈ പ്രയാണത്തിനിടയില്‍ തന്നെ ധാരാളം വിവരങ്ങള്‍ നമുക്ക് കിട്ടും. ചന്ദ്രയാന്‍ 3 പകര്‍ത്തി നല്‍കിയ ചിത്രങ്ങള്‍ ഇതിനകം തന്നെ സങ്കീര്‍ണ്ണമായ വിവരങ്ങള്‍ പങ്ക് വച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 1 ദൗത്യമാണ് ചന്ദ്രനിലെ ജല സാന്നിധ്യം തിരിച്ചറിഞ്ഞത്. 

ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ സാകൂതം നോക്കുന്നത് ചന്ദ്രനിലെ ജല സാനിധ്യത്തിന്റെ തോതും ലഭ്യതാ പ്രദേശങ്ങളും കണ്ടെത്തുക എന്നതിലാണ്. എന്തിനാണ്  നാം ചന്ദ്രനില്‍ വെള്ളം തേടുന്നത്? അവിടെയെത്തുന്ന പര്യവേക്ഷകര്‍ക്ക് ഉപയോഗിക്കാന്‍ മാത്രമല്ല, അതിലെ ഹൈഡ്രജന്‍ ഉപയോഗിച്ച് ഇന്ധനവും  പുറമേ ഭക്ഷണവും ഉത്പാദിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഇത് സാധ്യമായാല്‍ മാത്രമേ ചൊവ്വ പോലുള്ള വിദൂര  ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണങ്ങള്‍ എളുപ്പമാകൂ. താരമ്യേന അടുത്തുള്ള ചന്ദ്രന്‍ അന്യഗ്രഹ പര്യവേക്ഷണങ്ങള്‍ക്കുള്ള ഇടത്താവളമാക്കാനാണ് ശ്രമം. 1969 ജൂലൈ 21-ന് നീല്‍ ആംസ്‌ട്രോങ്ങ്, അപ്പോളോ 11ന്റെ ചിറകിലേറി ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ ശേഷം മറ്റ് 11 പേര്‍ കൂടി ആ വഴി നടന്നു. 1972 ഡിസംബര്‍ 14ന-് ജീന്‍ സേണന്‍ അപ്പോളോയിലേക്ക് തിരികെ കയറി മടങ്ങിയ  ശേഷം പിന്നാടാരും ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല. സോവിയറ്റ് യൂണിയനടക്കം മറ്റൊരു രാജ്യവും ചന്ദ്രനില്‍ ആളെ ഇറക്കിയിട്ടില്ല. മാത്രമല്ല 70 -കളില്‍ തന്നെ മിക്ക രാജ്യങ്ങളും ചാന്ദ്ര പര്യവേക്ഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതിനായി ഇത്രയധികം  പണവും വിഭവങ്ങളും  ചെലവഴിക്കുന്നതിലെ പ്രസക്തിയിലായിരുന്നു അന്ന് സംശയം. 

എന്നാല്‍ ഇനി മനുഷ്യന്റെ അതിജീവനം ഭൂമിയെ മാത്രം ആശ്രയിച്ചു സാധ്യമല്ലെന്ന തിരിച്ചറിവാണ്  വീണ്ടും ശതകോടികള്‍ ചെലവഴിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് രാജ്യങ്ങളെ മത്സരിച്ചിറക്കുന്നത്. ഏറ്റവും ഒടുവിലിതാ  50 വര്‍ഷത്തെ ഇടവേളക്കുശേഷം ആഗസ്റ്റ് 11-ന് റഷ്യയുടെ ലൂണാ 25 സോയൂസ് റോക്കറ്റിലേറി  ചന്ദ്രനെ ലക്ഷ്യമിട്ട് കുതിക്കുകയാണ്. കാര്യങ്ങള്‍ ശരിയാവണ്ണം നടക്കുകയാണെങ്കില്‍ നമ്മള്‍ ലക്ഷ്യമിട്ട ആഗസ്റ്റ് 23-ന് 2 ദിവസം മുന്‍പ് ചന്ദ്രനില്‍ പേടകത്തെ ഇറക്കാനാണ് റഷ്യയുടെ ശ്രമം.

ബഹിരാകാശത്ത് ആദ്യമായി പറന്നത് സോവിയറ്റ് യുണിയന്‍കാരനായ യൂറി ഗഗാറിന്‍. നീല്‍ അംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചു കൊണ്ടുള്ള അപ്പോളോ ദൗത്യത്തിന് മൂന്ന് വര്‍ഷം മുമ്പ്, 1966-ല്‍ ആദ്യമായി  ഭൂമിക്ക് പുറത്ത് നിയന്ത്രിതമായി  എത്തിചേര്‍ന്ന പര്യവേക്ഷണ  വാഹനം   സോവിയറ്റ് യുണിന്റെ ലൂണാ 9 ആയിരുന്നു. 80-കളുടെ ഒടുവില്‍ വരെ, ശുക്രനിലും ചൊവ്വായിലും അടക്കം ആളില്ലാ പേടകങ്ങള്‍ അയച്ച് അവര്‍ കരുത്തു കാട്ടിയിരുന്നു.. അമേരിക്കയോട് കിടപിടിക്കുന്ന ബഹിരാകാശ  നിലയമുണ്ടാക്കാനും അന്യ ഗ്രഹങ്ങളില്‍ നിന്ന് മണ്ണ് കോരിയെടുത്തു കൊണ്ടു വന്ന് പരീക്ഷിക്കാനുമൊക്കെ അവര്‍ക്കായി. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സമര്‍ത്ഥരായ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പണമില്ലാതെ, ദൗത്യങ്ങള്‍ തുടരാനാകാത്ത സ്ഥിതിയായി. 

ഇതിനിടയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ശ്രദ്ധേയമായ ചുവടു വയ്പുകള്‍ നടത്തിയത്. 2008-ലെ ചന്ദ്രയാന്‍ ഒന്നാം ദൗത്യമാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന കാര്യം ആദ്യമായി സ്ഥിരീകരിച്ചത്. നാസയുടെ ധാതു പരീക്ഷണ ഉപകരണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തും വിധം നമ്മുടെ വിശ്വാസ്യത വര്‍ദ്ധിച്ചു. ബഹിരാകാശത്തേക്ക് 2025-ഓടെ മനുഷ്യനെ അയക്കാനുള്ള നമ്മുടെ ഗഗന്‍യാന്‍ പദ്ധതിക്ക് ഊര്‍ജ്ജം പകര്‍ന്നതും ചന്ദ്രയാന്‍ ദൗത്യങ്ങളായിരുന്നു. 

ഇതിനിടെ അമേരിക്കക്ക് മറ്റ് പല മേഖലകളിലും എന്ന പോലെ യഥാര്‍ത്ഥ വെല്ലുിവിളി ഉയര്‍ത്തിയത് ചൈനയായിരുന്നു. അവരുടെ ചാങ്ങ്വ 5 2020-ല്‍ ചന്ദ്രനില്‍ ചെന്ന് മണ്ണും കോരി തിരികെ വന്ന് ജലസാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് വീണ്ടും ചന്ദ്രനിലേക്ക് യാത്രികരെ കൊണ്ടു പോകാനുള്ള  ശ്രമങ്ങള്‍ക്ക് കരുത്തായത്. ചന്ദ്രനിലേക്ക്  കാല്‍കുത്തുന്നതില്‍ അടുത്തതായി അമേരിക്ക മത്സരിക്കുന്നത് ചൈനയോടാണെന്ന്  നാസ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാസ ആകട്ടെ സ്‌പേസ്  എക്‌സിനെയും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിനെയും പോലുള്ള  സ്വകാര്യ സംരംഭകരെ ഇത്തരം ദൗത്യങ്ങള്‍ ഏല്‍പ്പിച്ച്  മാര്‍ഗദര്‍ശനവും ഗവേഷണവും നല്‍കുന്ന റോളിലേക്ക് മാറുകയാണ്. അസ്‌ട്രോബയോട്ടിക്ക്, ഇന്റ്യൂറ്റീവ് (Intutive) മെഷീന്‍സ് എന്നീ ദൗത്യങ്ങള്‍ നാസയുടെ അന്തിമാനുമതി കാത്തിരിക്കുകയാണ്. ജപ്പാനും ആഗസ്റ്റ് 25-ന് തന്നെ ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ്. യൂറോപ്യന്‍ യൂണിയനും, ഇസ്രായേലും   സമാന്തര ദൗത്യങ്ങളുമായി ഒപ്പമുണ്ട്.   

നമ്മളടക്കം എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് ചന്ദ്രന്റെ കിഴക്കന്‍ ധ്രുവമാണ്. ഇപ്പോള്‍ അവിടെ അമേരിക്കക്കും ചൈനക്കുമാണ് ആധിപത്യം. ചന്ദ്രന്റെ കിഴക്കന്‍ ധ്രുവങ്ങളിലെ ഇരുളടഞ്ഞ വന്‍ കുഴികളില്‍  ഉറച്ചിരിക്കുന്നുവെന്ന് കരുതുന്ന ഹിമ പാളികളിലും ധാതുലവണങ്ങളിലുമാണ് ഭാവിയിലെ ഗോളാനന്തര  ദൗത്യങ്ങള്‍ക്കുള്ള അസംസ്‌കൃത ഘടകങ്ങള്‍ കരുതി വച്ചിരിക്കുന്നതെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ ചന്ദ്ര മണ്ഡലം തിരക്കു പിടിക്കുകയാണ്. അവിടെ ദൗത്യ വാഹനങ്ങളും ഉപകരണങ്ങളും കൂട്ടിയിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണം  വേണമെന്ന ആവശ്യവുമുയരുന്നുണ്ട്.  തമാശയല്ല. ഇതിനടക്കം ചന്ദ്രനില്‍ ഖനനം, റേഡിയോ ചട്ടങ്ങള്‍, ചന്ദ്ര പാതകള്‍, വ്യോമത്താവളങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പാലിക്കേണ്ട ആര്‍ട്ടിമസ് ഉടമ്പടിയില്‍ നമ്മളടക്കം 27 രാജ്യങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. മറ്റുള്ളവരോടും ഒപ്പിടാന്‍ നാസ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. . കാര്യങ്ങള്‍ ഈ വിധം പുരോഗമിക്കുകയാണെങ്കില്‍ ഈ ദശാബ്ദത്തില്‍ തന്നെ ചന്ദ്രനില്‍ സുരക്ഷിതമായ   ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് തുടക്കമിടാന്‍ കഴിഞ്ഞേക്കുമെന്നാണ് ശാസ്ത്ര സമൂഹം വിശ്വസിക്കുന്നത്. ഇവിടെ ഏതു രാജ്യക്കാരന്‍ എത്തിയാലും ഗവേഷണത്തിനും ആവശ്യങ്ങള്‍ക്കും ആപല്‍ ഘട്ടങ്ങളിലും അനുരൂപമായ ഒരിടം അനിവാര്യമാണ്.  ഭൗമകേന്ദ്ര ഭ്രമണപഥത്തിലുള്ള അന്തര്‍ദേശീയ ബഹിരാകാശ കേന്ദ്രം പോലൊന്ന് ചാന്ദ്രമണ്ഡലത്തിലും അനിവാര്യമാണ്. ചന്ദ്രനില്‍ അതിജീവിക്കാന്‍  അനുരൂപമായ  ബയോപോഡുകളുടെ പരീക്ഷണവും ഭൂമിയില്‍ പുരോഗമിക്കുന്നുണ്ട്.  

ചന്ദ്രയാന്‍ മൂന്നോ ലൂണാ ഇരുപത്തഞ്ചോ, ആര് ആദ്യമെത്തിയാലും അത് വലിയ മുതല്‍ക്കൂട്ടാകും. കാരണം ഇതു വരെ ആരും ചന്ദ്രന്റെ ദക്ഷിണ ധ്രവത്തില്‍ സുഗമമായി ചെന്നിറങ്ങിയിട്ടില്ല. ആംസ്‌ട്രോങ്ങും പിന്‍ഗാമികളുമൊക്കെ ചെന്നിറങ്ങിയത് താരതമ്യേന സുരക്ഷിതവും സുഗമവുമായ ഉത്തര ധ്രുവത്തിലാണ്. അങ്ങനെയല്ല തെക്കന്‍ ഭാഗം. ഇങ്ങ് തെക്കേ മുനമ്പിലെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ആഞ്ഞു പതിക്കുന്ന തിരുവനന്തപുരത്തെ തുമ്പയെന്ന ദരിദ്ര തീരദേശ ഗ്രാമത്തില്‍ ആദ്യ റോക്കറ്റിനെസൈക്കിളില്‍ ഉന്തി കൊണ്ടുപോയാണ്  നമ്മുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് 60കളില്‍ വിക്രം സാരാഭായിയും എ.പി ജെ അബ്ദുള്‍ കലാമും അറുവാമുദനുമൊക്കെ  തുടക്കമിട്ടത്. ചാന്ദ്ര ദൗത്യങ്ങളില്‍ താരമ്യേന വീര്യം കുറഞ്ഞ LPV റോക്കറ്റില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ദുര്‍ഘടമായ പാതകള്‍ ചുറ്റിതിരിഞ്ഞ് പ്രയാണം ചെയ്യുന്നത് സ്വയം കരുത്താര്‍ജിച്ചാണ്. നിരവധി വിവരങ്ങള്‍ ഇതിനകം തന്നെ അത് നമുക്ക് പകര്‍ന്നു കഴിഞ്ഞു. അനന്തവും അജ്ഞാതവുമായ ക്ഷീര പഥത്തിലേക്കുള്ള പ്രയാണത്തില്‍  ഈ ഗോളത്തിന്റെ  എവിടെയോ അറ്റത്തിരിക്കുന്ന നമ്മുടെ ഒരു ചെറു ചുവടുവയ്പാണ് ചന്ദ്രയാന്‍ 3. അത്തരം നിരവധി ചെറു ചുവടു വയ്പുകളാണ് മാനവരാശിയുടെ മഹാകുതിപ്പിന് വഴിയൊരുക്കുന്നത്. 

Follow Us:
Download App:
  • android
  • ios