പാര്‍ട്ടി ആയിരുന്നു ഗൗരിയമ്മ ചവിട്ടിനിന്ന മണ്ണ്. കാലിനടിയില്‍നിന്നും ആ മണ്ണ് ചോര്‍ന്നപ്പോള്‍, ജെ എസ് എസ് എന്ന മറ്റൊരു മണ്ണിലേക്കവര്‍ കാലുവെച്ചു. എന്നാല്‍, പ്രായമറേുകയായിരുന്നു. രാഷ്ട്രീയം ആകെ മാറുകയും. പതിയെപ്പതിയെ ആ മണ്ണടരും കാലില്‍നിന്നൂര്‍ന്നുപോയിക്കൊണ്ടിരുന്നു. ഇതു മനസ്സിലായപ്പോഴാണ് ഒറ്റപ്പെടലിന്റെ തീവ്രത മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കിയത്. ഭക്തി അതിലൊരു മാര്‍ഗം മാത്രമായിരുന്നു.

 

കെ. ആര്‍ ഗൗരിയമ്മ കെ കരുണാകരനൊപ്പം

 

'കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി...'

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൗരി' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. 1994-ല്‍ കെ. ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനോടുള്ള പ്രതിഷേധമായാണ് പിറ്റേവര്‍ഷം ചുള്ളിക്കാട് ഈ കവിത എഴുതിയത്.  പേരെടുത്ത് പറയാതെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഈ കവിത, അക്കാലം കഴിഞ്ഞ് വായിക്കുമ്പോള്‍, ഉള്ളില്‍ബാക്കിയാക്കുന്നത് പച്ചയായ ഒരു പോരാളിയുടെ ജീവിതമാണ്. കരയാത്ത, തളരാത്ത, കലി വന്നാല്‍ കാളിയാവുന്ന ഗൗരിയമ്മയെന്ന പോരാളി. 

ജീവിതത്തിലും ഗൗരിയമ്മ അതുപോലായിരുന്നോ? അവര്‍ കരയാറുണ്ടായിരുന്നോ? കലി വന്നാല്‍ കാളിയായിരുന്നോ? 

പതിറ്റാണ്ടോളം ഗൗരിയമ്മയുടെ കൂടെ ഉണ്ടായിരുന്ന, രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളിലെ ഉയര്‍ച്ചതളര്‍ച്ചകളില്‍ പലതിനും സാക്ഷിയായ, മന്ത്രിയായിരിക്കെ പത്തുവര്‍ഷം അവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന, ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ഇന്ദിരയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചപ്പോള്‍, ഉത്തരം ഇതായിരുന്നു:  

''സത്യമാണത്. കുഞ്ഞമ്മയെ കരഞ്ഞുകണ്ടിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ കാലത്ത് സങ്കടപ്പെട്ടിരുന്നു എന്നറിയാം, എന്നാല്‍, കരഞ്ഞുകണ്ടിട്ടില്ല. പുറത്താക്കിയ സമയങ്ങളില്‍ കുഞ്ഞമ്മ മുറിയടച്ചിരിക്കുകയായിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. എന്നാലും, കുഞ്ഞമ്മ കരഞ്ഞിരിക്കുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'-പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പോന്നശേഷം കെല്‍ട്രോണില്‍ ജോലി ചെയ്യുമ്പോഴും ഗൗരിയമ്മയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇന്ദിര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഇത് ഇന്ദിരയുടെ വിശ്വാസമാണ്. അത് തെറ്റായാലും ശരിയായാലും കരച്ചിലിന്റെ ആളായിരുന്നില്ല ഗൗരി. എങ്കിലും, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട വേളയില്‍ ഒരിക്കലാ പതിവു തെറ്റിയിട്ടുണ്ട്.  പില്‍ക്കാലത്ത് ജോണി ലൂക്കോസുമായുള്ള ഒരഭിമുഖത്തില്‍, അന്ന് അടഞ്ഞ മുറിക്കുള്ളില്‍ നടന്നത് എന്തെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. 'അന്ന് കരഞ്ഞു. അതിനു ശേഷം എന്നെയാരും കരയിച്ചിട്ടില്ല.' 

 

ടി വി തോമസിനൊപ്പം കെ. ആര്‍ ഗൗരിയമ്മ. പഴയ ചിത്രം
 

മതിലിനപ്പുറം ഗൗരിയമ്മ

കരഞ്ഞില്ലെങ്കിലും, കരയാനാരും നിര്‍ബന്ധിതമാവുന്ന ജീവിതാനുഭവങ്ങളിലൂടെ അവര്‍ പലവട്ടം കടന്നുപോയി എന്നത് സത്യമാണ്.  അതിനാലാവണം ഒട്ടും സാധാരണമായിരുന്നില്ല ഗൗരിയമ്മയുടെ രീതികള്‍ എന്ന്  ഇന്ദിര പറയുന്നു. ''എനിക്ക് സത്യത്തില്‍ കുഞ്ഞമ്മയെ പേടിയായിരുന്നു. എനിക്ക് മാത്രമല്ല, അവര്‍ക്കൊപ്പമുള്ള എല്ലാവര്‍ക്കും. എപ്പോഴാണ് ദേഷ്യം വരിക എന്നറിയില്ല. എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്നും. എന്നാല്‍, അതു കഴിഞ്ഞാല്‍ കഴിഞ്ഞു, ഉള്ളിനുള്ളില്‍ സ്‌നേഹവും കരുണയും ഉണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.''  

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മതിലുകളില്‍ പറയുന്നതുപോലെ, ജയില്‍ മതിലിന്റെ മുകളിലൂടെ പ്രേമലേഖനം കല്ലില്‍ ചുരുട്ടിയെറിഞ്ഞ ഒരു പ്രണയകാലമുണ്ടായിരുന്നു ഗൗരിയമ്മയ്ക്ക്. അന്ന് ടി വി തോമസും ഗൗരിയും ജയിലിലായിരുന്നു. അവിടെനിന്നിറങ്ങിയിട്ടും ജീവിതം അവര്‍ക്കു മുന്നില്‍ മതിലുപോലെ തന്നെ നിന്നു. വിവാഹിതയാവുന്നില്ല എന്നവര്‍ ഉറപ്പിച്ചു. പാര്‍ട്ടിയാണ് അന്ന് ആ മതില്‍ പൊളിച്ച ്ഇരുവരെയും അടുപ്പിച്ചത്. 

'പിന്നീട് ചില കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കല്ല്യാണം തന്നെ വേണ്ടെന്നു വെച്ചു. പക്ഷെ പാര്‍ട്ടി ഇടപെട്ട് നിര്‍ബന്ധിച്ച് കല്ല്യാണം നടത്തി.'-മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ ഇങ്ങനെ പറയുന്നു. 

എന്നാലതേ പാര്‍ട്ടി തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ നാളുകളില്‍ ടിവി തോമസിനും ഗൗരിയമ്മയ്ക്കും ഇടയില്‍ പഴയതിലും ശക്തമായ മതില്‍ പണിതത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടി വി തോമസ് സി പി ഐയില്‍. ഗൗരിയമ്മ സി പി ഐ എമ്മില്‍. ശത്രുപക്ഷങ്ങളിലായതോടെ ഇരുവരും രണ്ടായി മുറിഞ്ഞു. 

ടി.വി തോമസ് കാന്‍സര്‍ ബാധിതനായി ബോംബെ ടാറ്റ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ കാണാന്‍ പോവാനാവുന്ന അവസ്ഥയിലായിരുന്നില്ല ഗൗരി. കാണാന്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പിളര്‍പ്പിന്റെ സാഹചര്യത്തില്‍ അതുവേണ്ട എന്നായിരുന്നു പാര്‍ട്ടി തീരുമാനം. നിര്‍ബന്ധം പിടിച്ചപ്പോള്‍ വീണ്ടും പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നു. ആശുപത്രിയില്‍ കഴിയുന്ന ടി വി തോമസിന്റെ അടുത്ത് രണ്ടാഴ്ച ചെന്നുനില്‍ക്കാമെന്ന് പാര്‍ട്ടി സമ്മതിച്ചു. 

''രണ്ടാഴ്ചയ്ക്കു ശേഷം ഞാന്‍ മടങ്ങിപ്പോരുമ്പോള്‍ ടി.വി കരഞ്ഞു. എനിക്ക് കരച്ചില്‍ വന്നില്ല. പിന്നീട് കാണുന്നത് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോഴാണ്. അന്ന് കലക്ടര്‍ ഓമനക്കുഞ്ഞമ്മയൊക്കെ ഒച്ചയില്‍ കരഞ്ഞു. അപ്പോഴും എനിക്ക് കരച്ചില്‍ ഉണ്ടായില്ല. പക്ഷെ ഉള്ളില്‍ ദുഃഖമുണ്ടായിരുന്നു.'-ഒരഭിമുഖത്തില്‍ ഗൗരിയമ്മ പിന്നീട് അതോര്‍ക്കുന്നു.

ഗൗരിയമ്മയെ ഏറ്റവും മുറിവേല്‍പ്പിച്ച മറ്റൊരു സംഭവമായിരുന്നു ഗര്‍ഭഛിദ്രം. ഒരു കുഞ്ഞ് വേണമെന്ന് അത്രയ്ക്ക് ആഗ്രഹിച്ച കാലമായിരുന്നു അത്. ഗര്‍ഭിണിയായപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍, അത് നീണ്ടു നിന്നില്ല. ആ ഗര്‍ഭം അലസിപ്പോയി. 

''ടി വി കാരണമായിരുന്നു അത്. യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ, എന്നെ യാത്ര ചെയ്യാന്‍ ടി വി നിര്‍ബന്ധിച്ചു. മറ്റു വഴിയില്ലായിരുന്നു. യാത്ര കഴിഞ്ഞപ്പോഴേക്കും ഗര്‍ഭം ഇല്ലാതായി. അതിന്റെ പേരില്‍ ഞാന്‍ ഒരുപാട് വഴക്കുണ്ടാക്കി'-ആണ്‍കോയ്മയില്‍ അടിയുറച്ചുനിന്ന കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം, പ്രസവിക്കാത്ത സ്ത്രീയെന്ന് വിളിച്ച് അപഹസിച്ചിരുന്ന ഒരാളായിരുന്നു ഗൗരിയമ്മ എന്ന് കൂടി ഓര്‍ക്കുമ്പോഴേ ആ മുറിവിന്റെ ആഴമറിയൂ.  

ഇങ്ങനെയൊക്കെ ആണെങ്കിലും, കരച്ചില്‍ കൊണ്ടായിരുന്നില്ല, ഒരു സംഘര്‍ഷവേളയെയും അവര്‍ നേരിട്ടത്. 'കരച്ചില്‍ എന്നെ സംബന്ധിച്ചിടത്തോളും ഒരു ദൗര്‍ബല്യമാണ്. അതെനിക്ക് പറ്റിയതല്ല'-അവര്‍ പിന്നീട് പറഞ്ഞു. 

 

കെ. ആര്‍ ഗൗരിയമ്മ. പഴയ ചിത്രം
 

'ആണിനെപ്പോലുള്ള ഗൗരി'

സഭയിലേക്ക്, സുന്ദരിയായ ഗൗരിയമ്മ നടന്നുവരുന്നതിനെ കുറിച്ച് പില്‍ക്കാലത്ത് ഓര്‍മ്മിച്ചെടുത്ത കെ. എം മാണി ഒരുകാര്യം കൂടി അതോടൊപ്പം പറഞ്ഞിരുന്നു: ''കാര്യം സഭയിലെ സ്ത്രീ സാന്നിധ്യം ആയിരുന്നുവെങ്കിലും, സ്ത്രീ ആയല്ല, മറ്റൊരു പുരുഷനായാണ് അവരെ തോന്നിയിരുന്നത്.' 

ഇതായിരുന്നു പുറത്തു കണ്ട ഗൗരി. അകത്തും ഏതാണ്ട് അതേ പോലായിരുന്നുവെന്ന് പറയുന്നു, ഇന്ദിര. 

'എത്ര അടുത്താലും, സ്വന്തം ഉള്ളിലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല, കുഞ്ഞമ്മ. കൃത്യമായ അകലം എല്ലാവരുമായും പുലര്‍ത്തിയിരുന്നു. ഉള്ളിനുള്ളില്‍ കുഞ്ഞമ്മ മറ്റൊരാളാണ് എന്നാണ് തോന്നിയത്. അത് ലോകത്തുനിന്നും മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു സ്വഭാവത്തിലെ കടുപ്പം. ''-ഇന്ദിരയുടെ വാക്കുകള്‍. 

ഒരു പുറംതോടിനുള്ളിലായിരുന്നു എന്നും ഗൗരിയമ്മ കഴിഞ്ഞിരുന്നത് എന്നാണ് ഇന്ദിരയുടെ വിശ്വാസം. അതൊരു അതിജീവനമാര്‍ഗം കൂടിയായിരുന്നു. ആണുങ്ങളും ആണ്‍േകായ്മയും നെഞ്ചുംവിരിച്ച് വിഹരിക്കുന്ന കേരള രാഷ്ട്രീയത്തിന്റെ നടുമുറ്റത്തേക്ക് കയറിവന്ന കാലം മുതല്‍ ഈ അതിജീവനമാര്‍ഗങ്ങള്‍ അവര്‍ ഒപ്പം കൊണ്ടുനടന്നിരുന്നു. ''ആളുകളെ അങ്ങനെയങ്ങ് വിശ്വസിക്കുന്ന ഏര്‍പ്പാട് ഒന്നുമുണ്ടായിരുന്നില്ല.  കുറച്ചാളുകള്‍ക്ക് മാത്രമാണ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയത്. എന്നാലും, മിക്ക കാര്യങ്ങളും സംശയത്തോടെയാണ് കുഞ്ഞമ്മ കണ്ടത്'.

സഹജീവികളെ അകമഴിഞ്ഞ് സഹായിക്കുന്ന പ്രകൃതമായിരുന്നു അവര്‍ക്ക്. ആശ്രയമറ്റവര്‍ക്കും അനാഥകള്‍ക്കും അവരെന്നും താങ്ങായിരുന്നു. പാവങ്ങളെയും ഗൗരിയമ്മ കയ്യയഞ്ഞ് സഹായിച്ചു. തിരുവനന്തപുരം ആര്‍ സി സിയില്‍ വരുന്ന രോഗികളെ സഹായിക്കാന്‍ ഏത് പരിധിയും വിടാന്‍ അവര്‍ ഒരുക്കമായിരുന്നു. 

'നൂറു കണക്കിനാളുകള്‍ക്ക് കുഞ്ഞമ്മ ജോലി വാങ്ങിക്കൊടുത്തിരുന്നു. ആവശ്യങ്ങള്‍ക്കായി മുന്നിലെത്തുന്നവരെ ഒരിക്കലും കൈയൊഴിഞ്ഞില്ല. സഹായവുമായി വരുന്നവര്‍ അടക്കം ആരെയും ആദ്യം തന്നെ സ്വീകരിക്കില്ല. 'നോ' എന്നായിരിക്കും ആദ്യം മറുപടി. ചിലപ്പോള്‍ അറുത്തുമുറിച്ചു തന്നെ കാര്യം പറയും. എന്നാലത് കഴിഞ്ഞാല്‍, കഴിവിന്റെ പരമാവധി ചെയ്ത്, ആ 'നോ' 'യെസ്' ആക്കിക്കൊടുക്കാന്‍ അവര്‍ ശ്രമിക്കും.''-ഇന്ദിര പറയുന്നു. 

എന്നാല്‍, പലപ്പോഴും ആളുകള്‍ എല്ലാം മറക്കും. ചിലരൊക്കെ പില്‍ക്കാലത്ത് ശത്രുക്കള്‍ തന്നെയാവും. പാര്‍ട്ടി വിട്ട് ജെ എസ്എസ് രൂപവല്‍കരിച്ചപ്പോള്‍ ഒപ്പം നിന്ന പലരും പില്‍ക്കാലത്ത് കൈയൊഴിഞ്ഞു.  ഒരുപാട് സഹായിച്ചവരുടെ ഭാവമാറ്റങ്ങള്‍ ഒന്നും എന്നാല്‍, ഗൗരിയമ്മയെ വിഷമിപ്പിച്ചില്ല. ''ആളുകള്‍ മാറും. അതറിഞ്ഞിട്ടില്ലാതെ നമുക്കാരെയും സഹായിക്കാന്‍ കഴിയില്ലല്ലോ''-ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ഗൗരിയമ്മ നല്‍കിയ മറുപടി ഇതായിരുന്നു.  

 

ഇന്ദിര തുറവൂര്‍ ഗൗരിയമ്മയ്‌ക്കൊപ്പം 

 

ഇന്ദിരയുടെ കഥ, സഹജീവിതത്തിന്റെയും

അപ്രതീക്ഷിതമായാണ് ഇന്ദിര ഗൗരിയമ്മയുടെ ജീവിതത്തിലേക്ക് കടന്നുചെന്നത്. ഒരു സഹായാഭ്യര്‍ത്ഥനയിലായിരുന്നു അതിന്റെയും തുടക്കം. 'ഞാനാദ്യം പോയതും ഒരു ജോലിക്കാര്യത്തിനായിരുന്നു. കെല്‍ട്രോണില്‍ അപ്രന്റീസ് ട്രെയിനി ആയിരുന്നു ഞാന്‍. ഒരു വര്‍ഷം കഴിഞ്ഞാല്‍ ജോലി അവസാനിക്കും. അത് സ്ഥിരപ്പെടുത്താന്‍ സഹായം തേടിയായിരുന്നു മറ്റ് മൂന്ന് സ്ത്രീകള്‍ക്കൊപ്പം കുഞ്ഞമ്മയെ കാണാന്‍ പോയത്. പറ്റില്ലെന്ന് പറഞ്ഞ് ആദ്യമേ അവര്‍ വാതിലടച്ചു. എന്നാല്‍, കൈവിട്ടില്ല.''

നിരാശയോടെ കഴിയുമ്പോഴാണ് വിചിത്രമായ ആ അനുഭവം ഉണ്ടായതെന്ന് ഓര്‍ക്കുന്നു ഇന്ദിര. 

''ജോലിക്കാര്യമൊന്നൂം ശരിയായില്ലെങ്കിലും അതിനായി പല വട്ടം ഞാന്‍ കുഞ്ഞമ്മയെ കാണാന്‍ പോയിരുന്നു. അങ്ങനെ നല്ല പരിചയമായി. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് വന്നു. കുഞ്ഞമ്മ ഞങ്ങളുടെ വീടിരിക്കുന്ന തുറവൂരില്‍ താമസമായി. പ്രചാരണത്തിനായി അവര്‍ എന്റെ വീട്ടില്‍ വന്നു. 'ഇവളെ ഞാനിങ്ങോട്ട് കൂട്ടുകയാണേ' എന്ന് ഭര്‍ത്താവിനോട് പറഞ്ഞ് പ്രചാരണത്തിന് എന്നെയും കൂട്ടി. ഞാന്‍ ഫുള്‍ടൈം കുഞ്ഞമ്മയുടെ കൂടെയായി. ആ തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം കുഞ്ഞമ്മ തിരുവനന്തപുരത്ത് പോയി. അതിനിടെയാണ് പാര്‍ട്ടി ഓഫീസില്‍നിന്നും പെട്ടെന്നു തന്നെ തിരുവനന്തപുരത്ത് ചെല്ലണമെന്ന അറിയിപ്പ് വന്നത്. ഞാന്‍ പോയി. അങ്ങനെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഞാന്‍ പെടുന്നത്.''

പാര്‍ട്ടിക്കാരിയൊന്നുമായിരുന്നില്ല ഇന്ദിര. രാഷ്ട്രീയ പ്രവര്‍ത്തനവുമില്ല. ''കുഞ്ഞമ്മ വിളിച്ചപ്പോള്‍ പോയി എന്നതിനപ്പുറം എനിക്ക് പാര്‍ട്ടി ഇല്ലായിരുന്നു. പാര്‍ട്ടിക്കു പുറത്തുള്ള ആളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുക്കുന്നതിനോട് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. എനിക്കവള്‍ മകളെപ്പോലെയാണ്' എന്നു പറഞ്ഞാണ് കുഞ്ഞമ്മ അതിനെ പ്രതിരോധിച്ചത്.''-ഇന്ദിരയുടെ വാക്കുകള്‍.

1987-ലാണ് ഇന്ദിര  പേഴ്സണല്‍ സ്റ്റാഫില്‍ എത്തിയത്. അന്ന് വ്യവസായ മന്ത്രിയായിരുന്നു ഗൗരിയമ്മ. മന്ത്രിമന്ദിരമായിരുന്ന  തൈക്കാട്  ഹൗസില്‍ ആയിരുന്നു താമസം.  ''ചെറുപ്പക്കാരികളായിരുന്നു ഞങ്ങളിലേറെയും. അതിനാലാവണം പെണ്ണുങ്ങള്‍ വീടിന്റെ മുന്‍ വശത്തേയ്ക്ക് പോവുന്നതോ ആണുങ്ങളുമായി ഇടപഴകുന്നതോ ഇഷ്ടമില്ലായിരുന്നു. കുടുംബനാഥനെ പോലെ ആയിരുന്നു കുഞ്ഞമ്മ. അടുക്കള  മുതല്‍ എല്ലാ കാര്യത്തിലും ഇടപെടും. തെറ്റു കണ്ടാല്‍ വഴക്കിടും'   

തന്റെ സ്റ്റാഫ് അച്ചടക്കത്തോടെ കഴിയണമെന്ന് നിര്‍ബന്ധമായിരുന്നു ഗൗരിയമ്മയ്ക്ക്. ''എന്നാലും മന്ത്രിമന്ദിരത്തിലും മന്ത്രിയുടെ ഓഫീസിലും പ്രണയങ്ങളുണ്ടാവും. ആദ്യമൊക്കെ കുഞ്ഞമ്മ കണ്ടില്ലെന്നു വെക്കും. പിന്നെ എതിര്‍ത്തുനോക്കും. എന്നിട്ടും നിന്നില്ലെങ്കില്‍ കൂടെ നില്‍ക്കും. കല്യാണം നടത്തിക്കൊടുക്കും. എന്തേലും സ്ഥിരം ജോലിയും ശരിയാക്കി കൊടുക്കും. കെല്‍ട്രോണ്‍ സ്ഥാപകനും അടുത്ത സുഹൃത്തുമായ കെ.പി.പി  നമ്പ്യാരുടെ പ്രണയവിവാഹം പല  എതിര്‍പ്പുകളും തരണം ചെയ്തു നടത്തികൊടുത്തതും ഗൗരിയമ്മയായിരുന്നു.''  

 

ഇന്ദിര തുറവൂര്‍

 

മന്ത്രിമന്ദിരത്തിലെ മല്‍സ്യമോഷണം 

ഗൗരിയമ്മയുമായി ബന്ധപ്പെട്ട രസകരമായ ഏറെ ഓര്‍മ്മകളുണ്ട്, ഇന്ദിരയ്ക്ക്. മന്ത്രിമന്ദിരത്തിലെ മല്‍സ്യ മോഷണമാണ് അതിലൊന്ന്. 

ബ്രാല്‍ മീനെന്നാല്‍ ജീവനായിരുന്നു ഗൗരിയമ്മയ്ക്ക്. ഇതറിയാവുന്ന പലരും ആലപ്പുഴയില്‍നിന്നും വരുമ്പോള്‍ ജീവനുള്ള ബ്രാലിനെ കൊണ്ടുവരും. പുറത്തുള്ള ചെറിയ ടാങ്കില്‍ അവ സൂക്ഷിക്കും. ദിവസവും ആവശ്യത്തിന് മാത്രം എടുത്തു കറിവെക്കും. എത്ര തിരക്കാണെങ്കിലും ദിവസവും ബ്രാലുകളുടെ എണ്ണമെടുക്കുമായിരുന്നു ഗൗരിയമ്മ. അങ്ങനയിരിക്കെ, ടാങ്കിലെ ബ്രാലുകളുടെ എണ്ണം കുറയുന്നതായി അവര്‍ കണ്ടെത്തി. മോഷണമാണെന്ന് ഉറപ്പ്. എങ്കിലും ആരും സമ്മതിച്ചില്ല. 

''കുഞ്ഞമ്മ ആരുമറിയാതെ ടാങ്കിനെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു ദിവസം  രാത്രി, ഔട്ട് ഹൌസില്‍ നിന്ന് തലയില്‍ തോര്‍ത്തുംകെട്ടി  രണ്ടുപേര്‍ പുറത്തിറങ്ങുന്നത് ജനല്‍ പാളികളുടെ ഇടയിലൂടെ കണ്ടു. ഗണ്‍മാനും ഡ്രൈവറും!  ടാങ്കില്‍ നിന്ന് ബ്രാലിനെ തോര്‍ത്തില്‍  കെട്ടി അവര്‍ ഔട്ട് ഹൗസിലേക്കു വന്നപോലെ തിരിച്ചുപോയി. കള്ളന്‍ പിടിയില്‍. അടുത്ത ദിവസം ഒന്നും അറിയാത്തതുപോലെ കുഞ്ഞമ്മ അവരോടു പറഞ്ഞു: ''മീന്‍ വേണമെങ്കില്‍ പകല്‍ എടുത്തോളൂ രാത്രിയില്‍ തോര്‍ത്തുംകെട്ടി ഇറങ്ങിയാല്‍ കള്ളന്മാര്‍ ആണെന്ന് വിചാരിച്ചു അടി കൊള്ളേണ്ടി വരും''

മോഷണം അവിടെവെച്ച് അവസാനിച്ചു. സംഗതി വെറുമൊരു തമാശയായി മാറി. ഇതുപറയുമ്പോള്‍ ഇപ്പോഴും ഇന്ദിര ചിരിക്കുന്നു. 

1988 ഓഗസ്തില്‍ നടന്ന മറ്റൊരു കഥ കൂടി കേള്‍ക്കുക. നിയമസഭ നടക്കുന്ന സമയമാണ്. നാലാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ സഭയിലേക്കു പോകുവാന്‍ തയ്യാറായി നില്‍ക്കുന്നു. കുളി കഴിഞ്ഞു തൂവെള്ള സാരിയുടുത്തു പ്രാതല്‍ കഴിക്കാന്‍ മന്ത്രി എത്തിയപ്പോള്‍ മേശപ്പുറത്ത്  ഭക്ഷണമില്ല. അടുക്കളയില്‍ ചെന്നപ്പോള്‍ ആകെ പ്രശ്‌നം, പാചകക്കാരി ശാന്ത ചേച്ചിയും ബാക്കിയുള്ളവരും  എന്തോ തപ്പി നടക്കുന്നു. സംഗതി ലളിതമായിരുന്നു, പുട്ടുകുറ്റിയിലെ ചില്ലു കാണാനില്ല!

'ഇതറിഞ്ഞതോടെ കുഞ്ഞമ്മ നേരെ അടുക്കളയുടെ പുറകിലേക്ക് ചെന്നു. തേങ്ങാ പൊതിച്ച് കൂട്ടിയിരുന്ന മടലിന്റെ മുകള്‍ഭാഗത്തെ പൂവിതള്‍പോലെയുള്ള ഞെട്ട് എടുത്ത് ശാഖകള്‍ വെട്ടി ചെറുതാക്കി അത് ശാന്ത ചേച്ചിയുടെ കയ്യില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു, 'ചില്ലിനു പകരം ഇതുമതി.' എന്ത് പ്രതിസന്ധി വന്നാലും ഇങ്ങനെ ചില വഴികളുണ്ടായിരുന്നു കുഞ്ഞമ്മയ്ക്ക്.''-ഇന്ദിര പറയുന്നു.  

ചെലവുകള്‍ ചുരുക്കി ആര്‍ഭാടം ഒട്ടുമില്ലാത്ത സാധാരണ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് ഇന്ദിര ഓര്‍ക്കുന്നു. 'സാധനങ്ങള്‍ വാങ്ങുന്നതിന്റെയും വീട്ടുചെലവുകളുടെയും കണക്ക് കര്‍ശനമായിത്തന്നെ നിയന്ത്രിച്ചിരുന്നു. 'എന്റെ ശമ്പളം കൊണ്ടുവേണം ഇവിടെയുള്ള എല്ലാവര്‍ക്കും കഴിയുവാന്‍' എന്ന് കുഞ്ഞമ്മ സദാ പറയും.

എത്ര ക്ഷീണിതയാണെങ്കിലും  ഫയലുകള്‍ സൂക്ഷ്മമായി വായിച്ചുനോക്കിയശേഷമേ ഗൗരിയമ്മ ഒപ്പിടുമായിരുന്നുള്ളു. ''രാത്രിയില്‍  ഉറക്കമൊഴിഞ്ഞും, വെളുപ്പിനും എല്ലാം ഫയലുകള്‍ നോക്കുന്നത് കണ്ടിട്ടുണ്ട്. ഫയലുകളില്‍ വിശദമായ കുറിപ്പുകളും നിര്‍ദ്ദേശങ്ങളും വിയോജനക്കുറിപ്പുകളും എഴുതും. ശിപാര്‍ശകള്‍ പറയുമ്പാഴും അര്‍ഹതയും നീതിയും ധാര്‍മികതയും പരിഗണിക്കും.''

 

കെ. ആര്‍ ഗൗരിയമ്മ. പഴയ ചിത്രം

 

നിന്നുകത്തിയ ഒരു വിളക്കിന്റെ അതിജീവനം

ഇങ്ങനെയൊക്കെയാണെങ്കിലും അകമേ ഏകാകി ആയിരുന്നു ഗൗരിയമ്മയെന്ന് സാക്ഷ്യപ്പെടുത്തുന്നു ഇന്ദിര. എല്ലാവരുമുള്ള, എല്ലാവരോടും അടുത്തിടപഴകുന്ന ആളായിരുന്നുവെങ്കിലും, കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു അവര്‍. അങ്ങനെയാണ് ശ്രീകൃഷ്ണ ഭക്തിയിലേക്ക് ചെന്നുപെട്ടതെന്നാണ് ഇന്ദിരയുടെ നിഗമനം. 

എന്നാല്‍, പണ്ടേ കൃഷ്ണഭക്തയായിരുന്നു എന്നാണ് ഒരഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞത്. ''പാര്‍ട്ടിയിലുള്ള കാലത്ത് ദൈവത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല. അതു കഴിഞ്ഞ ശേഷമാണ് കൃഷ്ണഭക്തി പുറത്തെടുക്കാനായത്.  പലരും കൃഷ്ണവിഗ്രഹങ്ങള്‍ സമ്മാനമായി തരും.  വീട്ടിലിപ്പോള്‍ തന്നെ പത്തമ്പതു വിഗ്രഹങ്ങള്‍ കാണും.''

പാര്‍ട്ടി ആയിരുന്നു ഗൗരിയമ്മ ചവിട്ടിനിന്ന മണ്ണ്. കാലിനടിയില്‍നിന്നും ആ മണ്ണ് ചോര്‍ന്നപ്പോള്‍, ജെ എസ് എസ് എന്ന മറ്റൊരു മണ്ണിലേക്കവര്‍ കാലുവെച്ചു. എന്നാല്‍, പ്രായമറേുകയായിരുന്നു. രാഷ്ട്രീയം ആകെ മാറുകയും. പതിയെപ്പതിയെ ആ മണ്ണടരും കാലില്‍നിന്നൂര്‍ന്നുപോയിക്കൊണ്ടിരുന്നു. ഇതു മനസ്സിലായപ്പോഴാണ് ഒറ്റപ്പെടലിന്റെ തീവ്രത മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കിയത്. ഭക്തി അതിലൊരു മാര്‍ഗം മാത്രമായിരുന്നു. ''ജീവിതത്തില്‍ എന്നെക്കുറിച്ച് ആലോചിക്കാന്‍ എനിക്ക് സമയമേ ഇല്ലായിരുന്നു.''-ഒരഭിമുഖത്തില്‍ ഗൗരിയമ്മ തന്നെ പറഞ്ഞു. 

''സിനിമയും ടിവിയുമൊന്നും കാണാറില്ലായിരുന്നു പണ്ട്. അതിനൊന്നും നേരമില്ലായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അതൊക്കെ കൂടെ വന്നു. കുഞ്ഞമ്മ സീരിയലുകളൊക്കെ കാണാന്‍ തുടങ്ങി. അതിലെ നാടകീയത കണ്ടു ചിരിക്കും. സിനിമയാണെങ്കില്‍, മോഹന്‍ലാലിനെയായിരുന്നു ഇഷ്ടം. കുഞ്ഞമ്മയുടെ ജീവിതം പ്രമേയമായ സിനിമ പുറത്തുവരുന്ന സമയത്ത് നടി ഗീതയൊക്കെ കാണാന്‍ വന്നിരുന്നു.  അതൊക്കെ ഇഷ്ടമായിരുന്നു. മുമ്പ്, മല്ലികയും സുകുമാരനുമൊക്കെ കാണാന്‍ വരാറുണ്ടായിരുന്നു.''-ഇന്ദിര പറയുന്നു. 

ഗൗരിയമ്മ ആദ്യമായി വേദിയില്‍ കയറിയത് പ്രസംഗിക്കാനല്ല, പാട്ടുപാടാനാണെന്ന് കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ദിരയുടെ മുറപടി ഇതായിരുന്നു. ''ഇഷ്ടമായിരുന്നു പാട്ട്. എന്നാല്‍, പാടുന്നതൊന്നും അങ്ങനെ കേട്ടിട്ടില്ല. തിരക്കുകള്‍ക്കിടയില്‍ ആദ്യമൊന്നും പാട്ടു കേള്‍ക്കാറുമില്ലായിരുന്നു. പിന്നീട് തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോള്‍ പാട്ടു കേള്‍ക്കാനും പുസ്തകം വായിക്കാനുമൊക്കെ നേരം കണ്ടെത്തി. പിന്നെപ്പിന്നെ അതും ഇല്ലാതായി. പ്രായം കീഴടക്കാന്‍ ശ്രമിക്കുമ്പോഴും ഇച്ഛാശക്തി കൊണ്ടതിനെ മെരുക്കാന്‍ നോക്കി. അങ്ങനങ്ങനെയാണ് ഇതുവരെ എത്തിയത്'' 

മലയാളിയുടെ ജീവിതത്തെ പലതു കൊണ്ടും അമ്പരപ്പിച്ച സമരതീക്ഷ്ണമായ ഒരു ജീവിതത്തിന്റെ സായാഹ്‌നങ്ങളെക്കുറിച്ചാണ് ഇന്ദിര പറഞ്ഞുനിര്‍ത്തുന്നത്. നിന്നുകത്തിയ ഒരു വിളക്ക് കാറ്റില്‍ മെല്ലെ മെല്ലെ കെട്ടുപോവുന്ന സാധാരണ കഥ. 

നമ്മളാദ്യം പറഞ്ഞ 'ഗൗരി' എന്ന കവിത ചുള്ളിക്കാട് അവസാനിപ്പിക്കുന്നതും ഈ നിശ്ശൂന്യതയിലാണ്. അതില്‍നിന്നുള്ള തുടര്‍ച്ചകളെക്കുറിച്ചുള്ള പ്രത്യാശകളില്‍ 


'ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും...'