പ്രണയം വിശുദ്ധമായ ഒരു പ്രാര്‍ത്ഥനയാണ്. ആയിരം തന്ത്രികള്‍ വലിച്ചു മുറുക്കിയ വയലിനില്‍ നിന്ന് ഹൃദയത്തെ വിമലീകരിക്കുന്ന ശുദ്ധ സംഗീതം-പ്രണയദിനത്തില്‍ പ്രണയത്തിന്റെ ആഴവും പരപ്പും ആത്മീയമായ ഔന്നത്യവും തേടുന്ന കുറിപ്പ്. ജയന്‍ മഠത്തില്‍ എഴുതുന്നു
ഓരോ പ്രണയവും അവനവന്റെ അസ്തിത്വത്തെ തേടിയുള്ള നിലയ്ക്കാത്ത യാത്രയാണ്. യഥാര്‍ത്ഥ പ്രണയം എപ്പോഴും വേദനയെ തരുന്നു എന്ന് പറഞ്ഞ് ഓഷോ എന്നെ വീണ്ടും വിഷമിപ്പിച്ചു. അത് അനിവാര്യമാണെന്നും പ്രണയം ശൂന്യസ്ഥലത്തെ സൃഷ്ടിക്കുന്നെന്നും അത് അസ്തിത്വത്തിലേക്ക് പുതിയ വാതായനങ്ങള്‍ തുറക്കുന്നു എന്നും പറഞ്ഞപ്പോള്‍ ഞാന്‍ പുസ്തകം മെല്ലെ അടച്ചു വച്ച് കണ്ണടച്ചിരുന്നു.

പ്രണയത്തിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ ദൈവം മനുഷ്യന് ചിറകുകള്‍ നല്‍കാറുണ്ട്. അക്ഷരങ്ങള്‍ കത്തിപ്പടരുന്ന കാലത്തിന്റെ വളവുതിരിവുകളിലെവിടെയോ ഇരുന്ന് ഞാന്‍ പ്രണയത്തെപ്പറ്റി ഓര്‍ക്കുകയാണ്. അല്ലെങ്കില്‍ പ്രണയത്തെപ്പറ്റി ഓര്‍ക്കാതിരിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? അക്ഷരത്തിനും അഗ്‌നിക്കുമിടയിലുള്ള തീക്ഷ്ണതാപമായ പ്രണയത്തെ ഞാന്‍ തൊട്ടറിയുകയാണ്. പ്രണയത്തിന്റെ ധ്യാനബിംബങ്ങളില്‍ മാത്രം സന്ധിചെയ്യുന്ന അക്ഷരാഗ്‌നികള്‍ എന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുമ്പോള്‍ പ്രണയത്തെപ്പറ്റി പറയാതിരിക്കുന്നതെങ്ങനെ?
പ്രണയം ധ്യാനത്തിന്റെ മറ്റൊരു പേരാണ്. അതിരുകളില്ലാത്ത ആകാശത്തെ പ്രണയം നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രണയത്തിന്റെ അനവധി ചിറകുകളിലേറി നമ്മള്‍ വാനിലേക്ക് പാറി നടക്കുന്നു. അത് ഒരിക്കലും ഒടുങ്ങാത്ത വസന്തകാലത്തെ നമുക്കു മുന്നിലേക്ക് കൊണ്ടുവരുന്നു. അപ്പോള്‍ ഹൃദയത്തിലേക്ക് ഒരു തൂവാനം വീശിയടിക്കുന്നു. അതില്‍ ഞാനാകെ നനഞ്ഞു പോകുന്നു. പ്രണയം പല കാലങ്ങളിലായി എന്നിലേക്ക് പെയ്തിറങ്ങുന്നു. അത് ആത്മാവ് ദാഹിക്കുന്ന അനശ്വര സംഗീതമാണ്.
പ്രണയസ്വരങ്ങളുടെ അനന്തമായ നീലാകാശമായിരുന്നു ജലാലുദ്ദീന്‍ റൂമി. അവിടെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി റൂമി നില്‍ക്കുന്നു. റൂമിയുടെ ഹൃദയം തൊടുന്ന വാക്കുകള്‍ പ്രണയിനികള്‍ക്ക് സങ്കീര്‍ത്തനങ്ങളാവുന്നു. അവ ആയിരം വര്‍ഷം പഴക്കമുള്ള വീഞ്ഞു പോലെ അവര്‍ പാനം ചെയ്തു. 'പ്രണയമേ നിന്റെറെ ആത്മാവിനുള്ളില്‍ അകപ്പെട്ടിരിക്കുന്നു' എന്ന് റൂമി എഴുതി. അപ്പോഴേക്കും ആത്മജ്ഞാനിയായ ഷംസ്, റൂമിയുടെ ഹൃദയത്തിലെവിടെയോ കൂടു കൂട്ടിയിരുന്നു. ഒരു അവധൂതനെ പോലെ റൂമിയുടെ മുന്നിലെത്തിയ ഷംസാണ് റൂമിയുടെ ഉള്ളിലെ കവിയെ ജ്വലിപ്പിച്ചുണര്‍ത്തിയത്. ഷംസിനും റൂമിക്കുമിടയില്‍ ദിവ്യപ്രണയത്തിന്റെ നിഗൂഢ സംഗീതമുണ്ടായിരുന്നു. രണ്ട് മഹാസമുദ്രങ്ങളുടെ സംഗമമായിരുന്നു അത്. തീവ്രപ്രണയം ഇരമ്പിയാര്‍ത്തുവന്ന ഒരു നിമിഷത്തില്‍ റൂമി ഷംസിന് എഴുതി; 'നിന്നെയെന്റെ വിരുന്നുകാരനാക്കാനുള്ള അഭിലാഷം അതിതീവ്രമാണ്. സുഹൃത്തേ, വരിക. ഇതാ എന്റെ ജീവിതവും ഹൃദയവും.'
മറുപടിയായി ഷംസ് കുറിച്ചു:
'രഹസ്യങ്ങളുടെ
പുസ്തകത്തില്‍ നിന്ന്
കവിതത്തുണ്ടുകള്‍ കൊണ്ട്
മറ്റൊരു പുസ്തകം നിനക്കായ്
ഞാന്‍ നിര്‍മ്മിക്കുന്നു
സ്വീകരിക്കുക...'
ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള രഹസ്യവാതായനം തുറന്നിടുകയായിരുന്നു റൂമിയും ഷംസും. ഷംസിന്റെ സാമീപ്യത്തില്‍ റൂമി അക്ഷരങ്ങള്‍ കൊണ്ട് നൃത്തം ചെയ്തു. അവയൊക്കെ പ്രണയിനികളുടെ ഹൃദയത്തെ തരളിതമാക്കി.
റൂമി ഹൃദയപൂര്‍വം പ്രണയിനികളെ ക്ഷണിക്കുകയാണ്:
'വസന്തത്തില്‍
പൂന്തോപ്പിലേക്ക് വരിക
വെളിച്ചവും വീഞ്ഞുമുണ്ടവിടെ
മാതളപ്പൂക്കളില്‍ മധുഹൃദയങ്ങളും'
ഒരു പ്രേമിയുടെ ഹൃദയത്തിനകത്ത് മറ്റൊരു ലോകമുണ്ടെന്നും അതിനകത്ത് വേറൊരു ലോകമുണ്ടെന്നും റൂമി നമ്മോട് രഹസ്യമായി മന്ത്രിച്ചു. പ്രണയനിഗൂഢതകളുടെ ലോകത്തിലേക്കുള്ള രഹസ്യ ക്ഷണമായിരുന്നു അത്. ഷംസിന്റെ വേര്‍പാടില്‍ കത്തിയെരിയുന്ന റൂമിയെയും നമ്മള്‍ കാണുന്നുണ്ട്. വിരഹ വേദനയില്‍ റൂമിയുടെ ഹൃദയത്തില്‍ നിന്ന് തെറിച്ചു വീണ അക്ഷരങ്ങള്‍ക്ക് വല്ലാത്തൊരു സൗന്ദര്യമുണ്ടായിരുന്നു. റൂമി പാടിക്കൊണ്ടേയിരുന്നു. ചിലപ്പോള്‍ മുന്തിരിത്തോട്ടത്തില്‍ വച്ച്, ചിലപ്പോള്‍ പാഠശാലയില്‍ വച്ച്, ധ്യാനാലയത്തില്‍ വച്ച്, പുസ്തക ശേഖരങ്ങള്‍ക്കിടയില്‍ വച്ച്, കുളക്കടവില്‍ വച്ച് ... ഒക്കെയും ശിഷ്യന്‍ ചിലാബി കുറിച്ചെടുത്തു. അതൊരു മഹാപുസ്തകമായി മാറി. റൂമിയുടെ ഏറ്റവും മികച്ച പുസ്തകം 'മസ്‌നവി'യുടെ പിറവി അങ്ങനെയായിരുന്നു. അപ്പോഴൊക്കെ ദൈവ സിംഹാസനത്തില്‍ നിന്ന് പ്രണയം ഹരിത താഴ്വാരങ്ങളിലേക്ക് ചിറകടിച്ചിറങ്ങുകയായിരുന്നു. പ്രണയത്തെപ്പറ്റിയുള്ള വ്യവസ്ഥാപിത സങ്കല്പത്തിനേറ്റ ആഘാത ചികിത്സയായിരുന്നു റൂമിയുടെയും ഷംസിന്റെയും പ്രണയം.
കത്തുന്ന ഗ്രന്ഥപ്പുരയിലിരുന്ന് ഞാന്‍ ജിബ്രാനെ വായിച്ചു. ദൈവികതയുടെ ആകാശത്തെ ചുംബിക്കാനുള്ള കരുത്ത് ജിബ്രാന്‍ എനിക്കു തന്നു. രാവേറെ വൈകിയും ഞാന്‍ ജിബ്രാന്റെ കൈപിടിച്ചു ലബനണിന്റെ കുന്നുകളിലും താഴ്വാരങ്ങളിലും അലഞ്ഞുനടന്നു. ഏകാന്തത പ്രണയത്തിന്റെ മറ്റൊരു സംഗീതമാണെന്ന് ജിബാന്‍ എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ മന്ത്രിച്ചു.
മുറിവേറ്റ കരളില്‍ വിരുന്നിനെത്തിയ ഋതുവായിരുന്നു ജിബ്രാന് പ്രണയം. ജിബ്രാന്റെ വാക്കുകളില്‍ ദൈവം പ്രണയ ചുംബനങ്ങള്‍ ഒളിച്ചു വച്ചിരുന്നു. 'ചുംബിക്കുമ്പോള്‍ മാത്രം ദൈവം നമുക്ക് ചിറകുകള്‍ നല്‍കുന്നു' എന്ന് ജിബ്രാന്‍ എഴുതി. ചിത്രങ്ങള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ജിബ്രാന്‍ പ്രണയിനികളുടെ ഹൃദയത്തില്‍ അമര്‍ത്തി ചുംബിച്ചു.
ഡാവിഞ്ചിയുടെ ചിത്രങ്ങള്‍ നല്‍കിയും കഥകള്‍ പറഞ്ഞു കൊടുത്തുമായിരുന്നു അമ്മ കമീല ജിബ്രാന്റെ ഉള്ളിലെ സര്‍ഗാത്മകതയെ ജ്വലിപ്പിച്ചത്. കുട്ടിക്കാലത്തെ ഏകാന്തതയില്‍ ജിബ്രാന്‍ പ്രകൃതിയെ കളിക്കൂട്ടുകാരനാക്കി. അമേരിക്കയിലേക്ക് താമസം മാറ്റിയപ്പോള്‍ ഗ്രാമത്തിന്റെ സൗന്ദര്യവും വിശുദ്ധിയും സംഗീതവും അവന് നഷ്ടപ്പെട്ടത്, അവനെ പോലെ ഞാനും അറിഞ്ഞു. അമേരിക്കയിലെ പ്രക്ഷുബ്ധമായ ജീവിതത്തില്‍ ജിബ്രാന്റെ ഹൃദയം കടല്‍പോലെ ഇളകി മറിഞ്ഞു. ഇതില്‍ നിന്നുള്ള മോചനമായിരുന്നു ജിബ്രാന് ജോസഫൈന്‍ എന്ന പെണ്‍ കവി. ജിബ്രാന്‍ ഒരിക്കല്‍ ജോസഫൈന് എഴുതി: 'നീ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കുക. നീ പാടുന്ന ഓരോ ഗാനവും എന്റെ കേഴ്വിയില്‍ എത്രയെത്ര ഉദ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.'
ജോസഫൈനെ നഷ്ടപ്പെട്ട ജിബ്രാന്‍ പിന്നീട് വേദനയോടെ പാടുന്നതും ഞാന്‍ എന്റെ പുസ്തകക്കാട്ടിലിരുന്ന് കേട്ടു. ഒരിക്കല്‍ മാത്രമാണ് താന്‍ മൂകനായി ഇരുന്നു പോയത് എന്ന് ജിബ്രാന്‍ പറഞ്ഞു. അത് ഒരാള്‍ ''നീ ആരാണ്?'' എന്ന് ചോദിച്ചപ്പോഴായിരുന്നു. ഒരര്‍ത്ഥത്തില്‍ പ്രണയത്തിലൂടെ ജിബ്രാന്‍ തന്നെത്തന്നെ തേടുകയായിരുന്നു. 'പ്രണയിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ഉള്ളിലാണെന്നല്ല പറയേണ്ടതെന്നും നിങ്ങളുടെ ഉള്ളിലാണ് ദൈവം അപ്പോള്‍ ഉള്ളത്' എന്നും പറഞ്ഞുകൊണ്ട് ജിബ്രാന്‍ പ്രണയത്തെപ്പറ്റി എന്നെ പഠിപ്പിക്കുകയായിരുന്നു. അള്‍ത്താരയുടെ മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടാണ് ജിബ്രാന്റെ പ്രണയ നിര്‍വചനം കേട്ടതെന്ന് എനിക്കു തോന്നി.
പ്രണയത്തില്‍ പെടാത്തവര്‍ക്ക് വേണ്ടിയാണ് ഭാഷയെന്നും പ്രണയിനികള്‍ക്ക് മൗനം മതിയെന്നും എനിക്ക് പറഞ്ഞു തന്നത് ഓഷോ രജനീഷാണ്. ഓഷോയുടെ വാക്കുകളില്‍ പ്രണയത്തിന്റെ സര്‍വ്വസൗന്ദര്യങ്ങളും ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. പ്രണയിനികള്‍ ഒന്നും പറയാതെ മൗനം കൊണ്ട് സല്ലപിക്കുന്നത് ഞാന്‍ പിന്നീട് ശ്രദ്ധിക്കാന്‍ തുടങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലു'കളിലെ നാരായണിയും ബഷീറും മൗനത്തിന്റെ ഭാഷയില്‍ പ്രണയം കൈമാറുന്നത് ഞാന്‍ പിന്നീട് കണ്ടു. പ്രണയിനികള്‍ മാത്രമേ ധ്യാനികളാകുന്നുള്ളൂ എന്ന ഓഷോയുടെ നിരീക്ഷണം ഒരു പുതിയ അറിവായി എന്റെയുള്ളില്‍ ഉറഞ്ഞുകൂടി. ഓഷോ തുടര്‍ന്നു പറഞ്ഞു: 'പ്രണയത്തില്‍പ്പെടുമ്പോള്‍ നിങ്ങളൊരു കുഞ്ഞാവുന്നു. പ്രണയത്തില്‍ വളരുമ്പോള്‍ നിങ്ങള്‍ പക്വത പ്രാപിക്കുന്നു. ക്രമേണ പ്രണയം ഒരു ബന്ധത്തിനപ്പുറം നിങ്ങളുടെ അസ്തിത്വത്തിന്റെ അവസ്ഥ തന്നെയായി മാറുന്നു. നിങ്ങള്‍ പ്രണയത്തിലല്ല, പ്രണയം തന്നെയാകുന്നു.'
ഓരോ പ്രണയവും അവനവന്റെ അസ്തിത്വത്തെ തേടിയുള്ള നിലയ്ക്കാത്ത യാത്രയാണ്. യഥാര്‍ത്ഥ പ്രണയം എപ്പോഴും വേദനയെ തരുന്നു എന്ന് പറഞ്ഞ് ഓഷോ എന്നെ വീണ്ടും വിഷമിപ്പിച്ചു. അത് അനിവാര്യമാണെന്നും പ്രണയം ശൂന്യസ്ഥലത്തെ സൃഷ്ടിക്കുന്നെന്നും അത് അസ്തിത്വത്തിലേക്ക് പുതിയ വാതായനങ്ങള്‍ തുറക്കുന്നു എന്നും പറഞ്ഞപ്പോള്‍ ഞാന്‍ പുസ്തകം മെല്ലെ അടച്ചു വച്ച് കണ്ണടച്ചിരുന്നു. കടന്നുവന്ന വെട്ടുവഴികളിലൂടെ ഞാന്‍ പിന്നിലേക്ക് നടന്നു. വഴിവക്കിലെവിടെയൊക്കെയോ ഞാനിരുന്നു. മൊബൈലില്‍ മുഴങ്ങിയ ഉസ്താദ് സക്കീര്‍ ഹുസൈന്റെ തബലയാണ് എന്നെ തിരികെ കൊണ്ടുവന്നത്.
പ്രണയം വിശുദ്ധമായ ഒരു പ്രാര്‍ത്ഥനയാണ്. ആയിരം തന്ത്രികള്‍ വലിച്ചു മുറുക്കിയ വയലിനില്‍ നിന്ന് ഹൃദയത്തെ വിമലീകരിക്കുന്ന ശുദ്ധ സംഗീതം. സക്കീര്‍ ഹുസൈന്റെ ചടുല താളത്തിന്റെയും ബിസ്മില്ലാഖാന്റെ ഷെഹനായ് നിലാവിലും ഞാന്‍ പ്രണയത്തിന്റെ രാഗവിസ്താരങ്ങള്‍ ആസ്വദിച്ചിരുന്നു. അവിടെ പ്രണയത്തിന് മിസ്റ്റിക് നിറം നല്‍കിയ കബീറിനെയും ടാഗോറിനെയും കണ്ടു. ചെവിയറുത്ത് കാമുകിക്ക് നല്‍കിയ വിന്‍സന്റ് വാന്‍ഗോഗിനെയും റില്‍ക്കെയെയും ബുവ്വയെയും കണ്ടു. പ്രണയത്തിന്റെ അനേകായിരം അടരുകളിലൂടെ എന്റെ മനസ് ഒരു യാഗാശ്വത്തെ പോലെ പാഞ്ഞു നടന്നു.
'പ്രണയത്താല്‍ എന്റെ ഹൃദയം
കവിഞ്ഞൊഴുകുമ്പോള്‍
ഞാനെന്തിന് ചുണ്ടുകളിലൂടെ പറയണം?'
എന്ന കബീറിന്റെ വാക്കുകള്‍ വീണ്ടും എന്നെ മൗനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രണയം അവനവനെ അറിയലാണ്. പ്രണയത്തിന്റെ നോട്ടം അവനിലേക്കുള്ള നോട്ടമാണ്. ആ അന്വേഷണമാണ് ഓരോ പ്രണയവും. മറ്റൊരര്‍ത്ഥത്തില്‍ ഓരോ പ്രണയയാത്രയും അവനവന്റെ സ്വത്വം തേടിയുള്ള മഹായാത്രയാണ്. കബീര്‍ വീണ്ടും പാടുന്നു:
'അന്വേഷകാ,
പുറത്തു നിന്നുള്ള ഉദ്യാനം തേടി
നീ പോകേണ്ടതില്ല
പുഷ്‌പോദ്യാനം നിന്നിലാണ്
നിനക്കകത്തെ സഹസ്രദള പദ്മത്തിലിരുന്ന്
അനശ്വരതയെ അനുഭവിച്ചറിയുക...'image widget
