Asianet News MalayalamAsianet News Malayalam

ഇബ്രാഹം റെയ്സിയുടെ മരണം; പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമോ?

'ശരിയ' കർശനമായി നടപ്പാക്കിയ റെയ്സി, മൊറാലിറ്റി പൊലീസ് സംവിധാനം ശക്തമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയതും റെയ്സിയുടെ ഭരണ കാലത്ത്. 

Will the death of Ibrahim Raisi create a stir in West Asian politics
Author
First Published May 29, 2024, 1:19 PM IST

ണ്ട് യുദ്ധങ്ങളുടെയും പുതിയ സഖ്യങ്ങളുടെയും നടുവിൽ ലോകം നിൽക്കുമ്പോഴാണ് അതില്‍ പ്രധാന റോള്‍ ചെയ്തിരുന്ന ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹം റെയ്സി (Ebrahim Raisi) വിട പറഞ്ഞത്. റെയ്സിയുടെ വിടവാങ്ങൽ ഇറാന്‍റെ നയങ്ങളിൽ മാറ്റമുണ്ടാക്കിയേക്കില്ല. അത് ഖമനേയി അറിയിച്ചു കഴിഞ്ഞു. പക്ഷേ, ഇനിയാര് എന്ന ആകാംക്ഷ ചെറുതല്ല.

പടിഞ്ഞാറൻ അനുകൂലിയായ മുഹമ്മദ് റെസ ഷാ രാജ്യം ഭരിച്ചിരുന്ന കാലത്താണ് റെയ്സി ജനിക്കുന്നത്. പുരോഹിതരുടെ അമിത സമ്പത്ത് പിടിച്ചെടുത്ത് ഇല്ലാത്തവർക്ക് വിതരണം ചെയ്തിരുന്ന ഭൂ പരിഷ്കരണ നിയമത്തിന്‍റെ കാലം. ഇറാനിലെ പ്രമുഖരായ പുരോഹിതരുടെ കീഴിലായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം. ഷായെ ഇറാനിൽ നിന്ന് തുരത്തിയ മുന്നേറ്റത്തിലും ഇസ്ലാമിക വിപ്ലവത്തിലും റെയ്സിയും ഭാഗമായി എന്നാണ് പറയപ്പെടുന്നത്. പിന്നീട് രാജ്യത്തെ സ‍ർക്കാർ നേരിട്ട പ്രതിസന്ധികളിലെല്ലാം റെയ്സി മുന്നണി പോരാളിയായി.

ഉയരങ്ങളിലേക്ക്

ടെഹ്റാനിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായ റെയ്സിയെയാണ് അയത്തൊള്ള റുഹൊള്ള ഖൊമൈനി ഡെത്ത് കമ്മിഷന്‍റെ ചുമതലക്കാരനാക്കിയത്. രാഷ്ട്രീയ വിമതർക്ക് മരണം വിധിക്കുന്ന സമിതിയുടെ നേതൃത്വം റെയ്സി ഭംഗിയായി നിറവേറ്റി. ആയിരക്കണക്കിന് ആളുകള്‍ക്ക് മരണം വിധിക്കപ്പെട്ടു. അന്ന് റെയ്സിയ്ക്ക് വയസ് 27. ഇറാഖുമായുള്ള യുദ്ധത്തിന്‍റെ അവസാനം ഖൊമൈനിയാണ് എതിർപക്ഷത്ത് നിന്നവർക്ക് 'ഇനി മരണ'മെന്ന് ഫത്വ പുറപ്പെടുവിച്ചത്. അത് നടപ്പാക്കുകയായിരുന്നു റെയ്സിയുടെ ചുമതല. റെയ്സി ഈ ഫത്വയോട് വേറെ ചിലത് കൂട്ടിച്ചേർത്തുവെന്നും പറയപ്പെടുന്നു. അതുവഴി രാജ്യത്തെ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷക്കാരും വേട്ടയാടപ്പെട്ടു.

ഇറാനിയൻ രാഷ്ട്രീത്തിൽ ഈ കൂട്ടക്കൊല വലിയൊരു ചലനമുണ്ടാക്കി. ഖൊമൈനിയുടെ പിൻഗാമിയാകാനിരുന്ന അയത്തൊള്ള അലി മൊണ്ടാസെരി നടപടിയെ അപലപിച്ചു. ഖൊമൈനിയോട് അത് നേരിട്ട് പറഞ്ഞു. പക്ഷേ, ആ പരാതി പറച്ചിലിനൊടുവില്‍ മൊണ്ടാസെരിക്ക് പിന്‍ഗാമിയെന്ന അവകാശം ഉപേക്ഷിക്കേണ്ടി വന്നു. അധികനാൾ കഴിയും മുമ്പ്  അനന്തരാവകാശിയെ പ്രഖ്യാപിക്കാതെ ഖൊമൈനി (1900 - 1989) മരിച്ചു. 1981 മുതൽ 1989 വരെ പ്രസിഡന്‍റായിരുന്ന ഖമനേയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തത് ഈ സാഹചര്യത്തിലാണ്.

ഖമനേയി നേതാവായപ്പോൾ റെയ്സി കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചു. പുരോഹിതർക്കുള്ള പ്രത്യേക കോടതി പ്രോസിക്യൂട്ടർ ജനറൽ പദവിയടക്കം വഹിച്ചു. 2009 -ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കലാപം അടിച്ചമർത്തുന്നതിലും റെയ്സി പ്രധാനിയായി. അഹമ്മദി നെജാദ് പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയിലൂടെ ആണെന്ന് ആരോപിച്ചാണ് അന്ന് ഇറാൻ കലുഷമായത്. ഗ്രീന്‍ മൂവ്മെന്‍റ് (Green Movement) എന്നറിയപ്പെട്ട പ്രക്ഷോഭം രാജ്യത്തെ പിടിച്ചുകുലുക്കി. പക്ഷേ, കലാപകാരികളോട് ഒരിളവും കാണിച്ചില്ല ഖമനേയി. റെവല്യൂഷണറി ഗാർഡും അവരുടെ വോളണ്ടിയർ സംഘടനയായ ബേസിജും  നേരിട്ടിറങ്ങി കലാപം അടിച്ചമർത്തി. എല്ലാറ്റിനും ചരടുവലിച്ച് റെയ്സിയും.

ഇതിനിടെ 'അഴിമതി വിരുദ്ധൻ' എന്ന പ്രതിഛായ കെട്ടിപ്പടുത്തിരുന്നു റെയ്സി. 2017 -ൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു. പക്ഷേ, വിജയിച്ചത് ഹസൻ റൂഹാനി. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസായി റെയ്സി.ഖമനേയിയുടെ അനന്തരാവകാശിയെ തീരുമാനിക്കാനുള്ള കമ്മിറ്റിയിലെ അംഗം. പക്ഷേ, അപ്പോഴും റെയ്സിയുടെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമാക്കപ്പെട്ടു. ഭാര്യ, ടെഹ്റാനിലെ യൂണിവേഴ്സിറ്റി അധ്യാപിക. രണ്ട് മുതിർന്ന പെൺ മക്കളുണ്ട്.

കാലാവസ്ഥാ വ്യതിയാനം; ആകാശ യാത്രകളുടെ സുരക്ഷിതത്വം കുറയുന്നുവോ?
 

Will the death of Ibrahim Raisi create a stir in West Asian politics

മത/രാഷ്ട്രീയ ജീവിതം

ഇറാൻ പടിഞ്ഞാറുമായി ഒപ്പിട്ട ആണവ ധാരണ എതിർത്തയാളാണ് റെയ്സി. അമേരിക്ക അതിൽ നിന്ന് പിൻമാറുകയും ഉപരോധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തതോടെ റെയ്സിയുടെ പ്രതിഛായ മെച്ചപ്പെട്ടു. 2021 -ലാണ് ഇബ്രാഹിം റെയ്സി 62 ശതമാനം വോട്ട് നേടി പ്രസിഡന്‍റാകുന്നത്. ഇറാന്‍റെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ടുള്ള ഒരു ആണവ ധാരണയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു റെയ്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്.

'ശരിയ' കർശനമായി നടപ്പാക്കിയ റെയ്സി, മൊറാലിറ്റി പൊലീസ് സംവിധാനം ശക്തമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയതും റെയ്സിയുടെ ഭരണ കാലത്ത്. കുർദിഷ് വംശജയായ 23 -കാരി മഹ്സ അമിനിയെ, ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മൊറാലിറ്റി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രൂരമായ പീഡനത്തിനൊടുവില്‍ ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് 2022 സെപ്തംബര്‍ 16 ന് മഹ്സ മരിച്ചു. പിന്നാലെ രാജ്യമെങ്ങും സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിപ്പടർന്നു. 'സ്വേച്ഛാധിപതിക്ക് മരണം' (Death to the dictator) എന്ന മുദ്രാവാക്യം മുഴക്കി നീങ്ങിയവർ ആവശ്യപ്പെട്ടത് ഇസ്ലാമിക റിപബ്ലിക്കിന്‍റെ മരണ മണി. ആ പ്രക്ഷോപത്തിലും കൊല്ലപ്പെട്ടത് നിരവധി. യുവാക്കളും യുവതികളും അടക്കം പിന്നീട് തൂക്കിലേറ്റപ്പെട്ടു.

2009 -ലെ പ്രതിഷേധങ്ങളിലും ഒരു യുവതി, നെദ അഘ സോൾട്ടൻ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിന്‍റെ പ്രതീകമായി പിന്നീട് ആ പെൺകുട്ടി മാറി. മഹ്സ അമിനിയുടെ മരണത്തിലും കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. മൊറാലിറ്റി പൊലീസിംഗ് സംവിധാനം അഴിച്ചു പണിയാൻ ആഗോളതലത്തിൽ സമ്മർദ്ദമുയർന്നു. പക്ഷേ, റെയ്സി മാത്രം വഴങ്ങിയില്ല. തന്‍റെ നിലപാടുകൾ മാറ്റാൻ ഒരു സാഹചര്യത്തിലും റെയ്സി തയ്യാറായിട്ടില്ല,  ഒരിക്കല്‍ പോലും.

അശാന്തമായ പശ്ചിമേഷ്യ

ലോകത്തിപ്പോൾ പല മുഖങ്ങളിലാണ് സംഘർഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത്, പശ്ചിമേഷ്യയിൽ ഗാസയും കടന്ന് റഫായിലേക്ക് പടര്‍ന്ന യുദ്ധം. ഇറാന്‍റെ ബദ്ധവൈരിയാണ് ഇസ്രയേൽ. അതുകൊണ്ട് പിന്തുണ ഹമാസിന്. ഇസ്രയേലിനെ അസ്വസ്ഥമാക്കാന്‍  മറുവശത്ത് ലബനണിലെ ഹെസ്ബുള്ളയുണ്ട്. ഇറാന്‍റെ പിന്തുണയാണ് അവരുടെയും ശക്തി. ഹെസ്ബുള്ള ഷിയ സംഘടനയും ഹമാസ് സുന്നിയും ആണെന്നത് മറ്റൊരു വൈരുദ്ധ്യം.

ഷിയാ രാജ്യമായിട്ടും ഇസ്രയേലിനോടുള്ള പകയാണ് ഹമാസിനെ പിന്തുണയ്ക്കാനുള്ള ഇറാന്‍റെ ഏക കാരണം. 2023 ഒക്ടോബർ 7 -ലെ ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണം ഇറാൻ അറിഞ്ഞു കൊണ്ടാണെന്ന് അന്ന് തന്നെ ആരോപണം ഉയ‍ർന്നിരുന്നു. അത്രയ്ക്ക് ബന്ധമാണ് ഹമാസും ഇറാനും തമ്മിൽ. സൗദി അറേബ്യയുടെ ശത്രുതയ്ക്ക് ഇരയായ യെമനിലെ ഹൂതികളാണ് ഈ സംഘർഷത്തിലെ മറ്റൊരു മുഖം. ഷിയാകളായ ഹൂതികളെ പിന്തുണയ്ക്കാനും ഇറാൻ വേണം. ഇതിനെല്ലാമിടെ ഗാസ യുദ്ധം രൂക്ഷമായ മറ്റൊരു ഘട്ടത്തില്‍ എത്തി നിൽക്കുമ്പോഴാണ് റെയ്സിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.

ജനക്കൂട്ടത്തിലെ ഷൂട്ടര്‍, അപ്രതീക്ഷിത വെടിവെപ്പ്, ലോകത്തെ ഞെട്ടിച്ച ആ വധശ്രമത്തിന് പിന്നിലെന്ത്?

Will the death of Ibrahim Raisi create a stir in West Asian politics

റഷ്യ - ചൈന ബന്ധം

മറ്റൊന്ന് യുക്രൈന്‍ യുദ്ധം. യൂറോപ്പിലെ യുദ്ധത്തിൽ ഇറാനെന്ത് കാര്യം എന്ന ചോദ്യം പ്രസക്തം. പക്ഷേ, കാര്യമുണ്ട്. പടിഞ്ഞാറിന്‍റെ ഉപരോധങ്ങളിൽ ശ്വാസം മുട്ടുന്ന ഇറാന്‍റെ സഖ്യകക്ഷികളാണ് റഷ്യയും ചൈനയും. രണ്ടുകൂട്ടരും പടിഞ്ഞാറൻ വിരോധികൾ. യുക്രൈൻ യുദ്ധത്തോടെ റഷ്യ തീർത്തും ഒറ്റപ്പെട്ടു. ഉപരോധങ്ങൾ കാരണം പടക്കോപ്പുകൾ തന്നെ കിട്ടാതെയായി. അങ്ങനെ ഇറാനുമായി ധാരണയിലെത്തി. ഡ്രോണുകൾ വിൽക്കുന്ന കരാർ.

സിറിയയിലും ഇറാനും റഷ്യയും സഹകരിച്ചിരുന്നു. അസദ് അനുകൂലികളായി, വിമതർക്കെതിരെ ആയിരുന്നു സഖ്യം. ചൈന പണ്ടേക്ക് പണ്ടേ ഇറാന്‍റെ സഖ്യകക്ഷിയാണ്. യുദ്ധങ്ങൾക്കില്ലെങ്കിലും  യുഎന്നിൽ വരുന്ന ഇറാൻ വിരുദ്ധ പ്രമേയങ്ങൾ വീറ്റോ ചെയ്യാൻ റഷ്യക്കൊപ്പം എന്നും കട്ടയ്ക്ക് ചൈനയും ഉണ്ടാകും. ഈ മൂന്ന് കൂട്ടരെയും ഒരുമിച്ച് നിർത്തുന്നത് പ്രത്യക്ഷത്തിൽ, പടിഞ്ഞാറൻ വിരോധവും ഉപരോധങ്ങളുമാണ്. അതല്ലാതെ ചില ലക്ഷ്യങ്ങളുമുണ്ട്. പടിഞ്ഞാറൻ ആധിപത്യം തക‍ർക്കുക.

പിന്‍ഗാമിയാര്

റെയ്സിയുടെ മരണം ഈ ലോക സാഹചര്യങ്ങളില്‍ ഒന്നില്‍ പോലും പക്ഷേ, ഒരു മാറ്റവും വരുത്തില്ല. അത് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം പരമോന്നത നേതാവിന്‍റെതാണ്, ഇസ്ലാമിക റെവല്യൂഷണറി ഗാർഡ്സിന്‍റെയും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം നടക്കണം. തെരഞ്ഞെടുപ്പ് പേരിന് മാത്രമെന്നാണ് ആരോപണം. വോട്ട് ശതമാനം കുറവ്. എതിരാളികൾ ഇല്ല. അങ്ങനെയൊക്കെയാണ് റെയ്സി തെരഞ്ഞെടുക്കപ്പെട്ടത്.

പക്ഷേ, ഖമനേയിയുടെ ഉറ്റ അനുയായി ആയിരുന്ന, മതത്തിലും രാഷ്ട്രീയത്തിലും കടുപ്പക്കാരനായിരുന്ന റെയ്സി വിടവാങ്ങുമ്പോൾ വേറെ ചില നഷ്ടങ്ങളുണ്ട് ഇറാന്. പരമോന്നത നേതാവ് എന്ത് വിധിച്ചാലും അതേറ്റെടുത്ത് നടപ്പാക്കാൻ ഇത്രയും കഴിവുള്ള നേതാവ് ഇനിയില്ല. ഡെത്ത് കമ്മീഷന്‍റെ ചുമതല, കലാപം അടിച്ചമർത്തൽ, ക‍ർക്കശ മത യാഥാസ്ഥികത എല്ലാം തികഞ്ഞ അനുയായി. മാത്രമല്ല, ഖമനേയിയുടെ തന്നെ പിൻഗാമിയായേക്കും എന്നുവരെ കേട്ടിരുന്ന പേര്.

ഗാസ യുദ്ധത്തിനിടെ തന്നെ ഇറാന് നേർക്കും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2020 ജനുവരി 3 ന് ഇറാഖിലെ ബാഗ്ദാദ് എയർപോർട്ടിന് സമീപത്ത് വച്ച് ജനറൽ സൊലൈമാനിയെ അമേരിക്ക വധിച്ചതും റെയ്സിയുടെ കാലത്ത്. തിരിച്ചടി പക്ഷേ, ചെറുതായിരുന്നു. സമാനമായി, സിറിയയിലെ ദമാസ്കസിൽ വച്ച് ഇറാന്‍റെ ജനറൽമാരെ ഇസ്രയേൽ ആക്രമിച്ചു. ഇസ്രയേലിന്‍റെ നേർക്ക് മിസൈലുകൾ വർഷിച്ചായിരുന്നു ഇറാന്‍റെ മറുപടി. പക്ഷേ, ഇരുവരും ഒരിക്കലും നേരിട്ടുള്ള ആക്രമണങ്ങൾ കടുപ്പിച്ചിട്ടില്ല. സംയമനം പാലിച്ചിട്ടുണ്ട്. അതേസമയം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു. റെയ്സിയുടെ സ്ഥാനത്തേക്ക് പുതുതായി ഇനി ആര് വന്നാലും ഈ നയങ്ങളിലൊന്നും പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകാനും ഇടയില്ല.

റെയ്‌സിയുടെ വിയോഗവും ഇറാനിലെ രാഷ്ട്രീയവും; കാണാം ലോകജാലകം

 

Latest Videos
Follow Us:
Download App:
  • android
  • ios