Asianet News MalayalamAsianet News Malayalam

Civic Chandran case: ആ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം

ജാമ്യ ഉത്തരവ് പുറപ്പെടുവിക്കുന്ന വേളയില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 354, 354 എ തുടങ്ങിയ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കുമോ എന്ന് തിടുക്കപ്പെട്ട് പരിശോധിച്ച്, അതിജീവിതയ്‌ക്കെതിരായ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത് അഭികാമ്യമല്ല എന്നും പറയേണ്ടി വരും. കുറ്റവും നിലനില്‍ക്കുന്ന വകുപ്പുകളും ശിക്ഷയും എല്ലാം തീരുമാനിക്കേണ്ടത് പിന്നീടുള്ള വിചാരണ വേളയിലാണ്.

analysis Civic Chandran sexual harassment case sessions court anticipatory bail order
Author
Thiruvananthapuram, First Published Aug 17, 2022, 4:36 PM IST

ആധുനിക വസ്ത്രധാരണ രീതിയോ ശരീരത്തിലെ എത്ര ഭാഗം മറച്ച്  വസ്ത്രം ധരിക്കണം എന്നതോ വ്യക്തിയുടെ, പ്രത്യേകിച്ച് ഇവിടെ അതിജീവിതയുടെ,  ഇംഗിതമാണ്. അതിന് ഭരണഘടന അവകാശങ്ങളുടെ പിന്‍ബലം ഉണ്ട്. ആ നിലയ്ക്ക് സമീപിക്കുമ്പോള്‍ കോടതിയുടെ പരാമര്‍ശം അപക്വവും അനുചിതവുമാണ്. 74 വയസ്സുള്ള വാര്‍ധക്യ അവശതകളും ഭിന്നശേഷിക്കാരനുമായ ഒരാള്‍ക്ക് അതിജീവിതയെ ബലമായി മടിയില്‍ പിടിച്ച് കിടത്താന്‍ കഴിയുമോ എന്നും കോടതി ജാമ്യ ഉത്തരവില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും വിമര്‍ശനവിധേയമാണ്. 

 

analysis Civic Chandran sexual harassment case sessions court anticipatory bail order

Also Read : 'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

............................

 

ജാമ്യം നല്‍കുന്ന കോടതി പ്രധാനമായും രണ്ട് കാര്യങ്ങളാണ് പരിശോധിക്കുക. ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന കുറ്റാരോപിതന്‍ ജാമ്യം ലഭിക്കുകയാണെങ്കില്‍ അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുമോ എന്നതും തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ അല്ലെങ്കില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുമോ എന്നതുമാണ് സുപ്രധാനമായ ആ രണ്ട് കാര്യങ്ങള്‍. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകരായത് കാരണം സിവിക് ചന്ദ്രനെ  പോലെയുള്ളവര്‍ പോലീസ് അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാതെ ജാമ്യം ലഭിച്ച ശേഷവും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് പ്രതി ഭാഗം അഭിഭാഷകന് കോടതിയില്‍ വാദിക്കാന്‍ കഴിയും.അതു തന്നെയാണ് ഈ കേസില്‍ സംഭവിച്ചത്. 

സിവിക് ചന്ദ്രന് ജാമ്യം കൊടുത്താല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെയോ അതിജീവിതയെ തന്നെയോ സ്വാധീനിക്കുകയോ ചെയ്യില്ല എന്ന അനുമാനത്തില്‍ കോടതി എത്തിച്ചേരുകയും ജാമ്യം അനുവദിക്കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്. 

കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുക വീതമുള്ള രണ്ടാളുകളുടെ ജാമ്യത്തിലുമാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. പ്രതിയുടെ പ്രായാധിക്യവും പ്രതിയുടെ മക്കള്‍ സിവില്‍ സര്‍വ്വീസിലുള്‍പ്പടെ സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന കാര്യവും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

 

...........................

Also Read ; ലൈംഗിക പീഡന പരാതി; രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

...........................

 

അതിജീവിത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ഏതാനും ഫോട്ടോകളും പ്രതിഭാഗം ഇതോടൊപ്പം ഹാജരാക്കി. കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വച്ചതിലൂടെ കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുന്നതിനും ഉതകുന്ന പ്രായോഗിക സമീപനമാണ് കോടതി കൈക്കൊണ്ടിരിക്കുന്നത് എന്നു വേണം കരുതാന്‍.  ഇതാകട്ടെ 'Bail is Rule, jail is Exception'എന്ന ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പൊതുതത്വത്തില്‍ ഊന്നിയുള്ളതാണ്. ഒപ്പം, സമാന വിഷയങ്ങളില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടേയും മുന്‍കാല വിധികളുടെ വെളിച്ചത്തിലുള്ളതുമാണ്.

എന്നാല്‍ ഇവിടെ വിമര്‍ശന വിധേയമാവുന്നത് ഒന്നിലധികം ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടുന്ന സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ  ഉത്തരവില്‍, അതിജീവിതയുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രതിപാദിച്ച പരാമര്‍ശമാണ്. ആധുനിക വസ്ത്രധാരണ രീതിയോ ശരീരത്തിലെ എത്ര ഭാഗം മറച്ച്  വസ്ത്രം ധരിക്കണം എന്നതോ വ്യക്തിയുടെ, പ്രത്യേകിച്ച് ഇവിടെ അതിജീവിതയുടെ,  ഇംഗിതമാണ്. അതിന് ഭരണഘടന അവകാശങ്ങളുടെ പിന്‍ബലം ഉണ്ട്. ആ നിലയ്ക്ക് സമീപിക്കുമ്പോള്‍ കോടതിയുടെ പരാമര്‍ശം അപക്വവും അനുചിതവുമാണ്. 74 വയസ്സുള്ള വാര്‍ധക്യ അവശതകളും ഭിന്നശേഷിക്കാരനുമായ ഒരാള്‍ക്ക് അതിജീവിതയെ ബലമായി മടിയില്‍ പിടിച്ച് കിടത്താന്‍ കഴിയുമോ എന്നും കോടതി ജാമ്യ ഉത്തരവില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും വിമര്‍ശനവിധേയമാണ്. 

ജാമ്യ ഉത്തരവ് പുറപ്പെടുവിക്കുന്ന വേളയില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 354, 354 എ തുടങ്ങിയ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കുമോ എന്ന് തിടുക്കപ്പെട്ട് പരിശോധിച്ച്, അതിജീവിതയ്‌ക്കെതിരായ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത് അഭികാമ്യമല്ല എന്നും പറയേണ്ടി വരും. കുറ്റവും നിലനില്‍ക്കുന്ന വകുപ്പുകളും ശിക്ഷയും എല്ലാം തീരുമാനിക്കേണ്ടത് പിന്നീടുള്ള വിചാരണ വേളയിലാണ്.

2020 ഫെബ്രുവരി 8 -ന് കൊയിലാണ്ടിയിലെ നന്തി ബീച്ചിനടുത്തുള്ള 'കടല്‍ വീട്' എന്നയിടത്തില്‍ സംഘടിപ്പിച്ച ക്യാംപിന് ശേഷം സിവിക്ക് ചന്ദ്രന്‍ കയ്യില്‍ കയറി പിടിക്കുകയും ബലമായി മടിയില്‍ കിടത്തുകയും  ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നത്. അധ്യാപികയായ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിവിക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ഓഗസ്റ്റ് 12ന് ആണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശം.

 

...................

Also Read; 'മകളേക്കാൾ പ്രായം കുറഞ്ഞ എന്നോട് ഇങ്ങനെ ചെയ്തയാളെ എങ്ങനെ ന്യായീകരിക്കുന്നു', സിവികിനെതിരെ കൂടുതൽ ആരോപണം

...................

 

വൈകി ലഭിച്ച പരാതിയില്‍ 2022 ജൂലൈ 22 -ന് മാത്രമാണ് പോലീസ് കേസെടുത്തത്. ഈ പശ്ചാത്തലത്തില്‍ പ്രതിക്ക് ജാമ്യം കൊടുത്ത കോടതി നടപടി സ്വാഭാവികമാണ്. പ്രതിക്ക് പരമാവധി സംശയത്തിന്റെ ആനുകൂല്യം നല്‍കുന്ന ക്രിമിനല്‍ കോടതി രീതിയില്‍ അത് പതിവുമാണ്.  ലൈംഗികാതിക്രമം നടന്ന് കഴിഞ്ഞ്  അതായത് ഏകദേശം 29 മാസങ്ങള്‍ക്ക് ശേഷമാണ് അതിജീവിത കൊയിലാണ്ടി പോലീസിന് മുമ്പില്‍ പരാതിയുമായി എത്തിയത്. സംഭവം നടന്ന് രണ്ടര വര്‍ഷത്തിനു ശേഷം 2022 ജുലൈ 29-നാണ് പോലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. ഇക്കാര്യം പ്രതിക്ക് ജാമ്യം കൊടുക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി കാണാം. ഒരു കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്  രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ എന്ന് മാത്രമല്ല പലപ്പോഴും വിചാരണ വേളയില്‍ പ്രതിയെ കുറ്റമുക്തനാക്കാന്‍ വരെ കാരണമാകുന്ന കാര്യമാണ്. 

അതുകൊണ്ട്, സിവിക് ചന്ദ്രന് ജാമ്യം കൊടുത്തത് ചോദ്യം ചെയ്തുകൊണ്ടും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും അതിജീവിത വരും ദിവസങ്ങളില്‍ മേല്‍ കോടതികളില്‍ എത്തിയേക്കാം. ജാമ്യ ഉത്തരവില്‍ തന്റെ വസ്ത്ര ധാരണത്തെപ്പറ്റി ഉണ്ടായിരിക്കുന്ന മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനും അവര്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍.)

Follow Us:
Download App:
  • android
  • ios