Asianet News MalayalamAsianet News Malayalam

ബാലസോര്‍; ഉറ്റവരെയും ഉടയവരെയും തേടി അലയുന്ന നിലവിളികള്‍

സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രിമാര്‍ തിരികെ പോയി. അപ്പോഴും മ‍ൃതദേഹമഴുകിയ ഗന്ധവും നിലവിളികളും മാത്രമാണ് ബാലസോറില്‍ നിന്നും ഇന്നും ഉയരുന്നത്. ഇനിയും തിരിച്ചറിയാത്ത നൂറ് കണക്കിന് മൃതദേഹങ്ങള്‍ അപ്പോഴും ഉറ്റവരെക്കാത്ത് കിടക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ട ബാലസോറിലെ കാഴ്ചകള്‍ ധനേഷ് രവീന്ദ്രന്‍ എഴുതുന്നു. 
 

Endless screams in Balasore bkg
Author
First Published Jun 6, 2023, 11:58 AM IST

പകടം നടന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ബാലസോര്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. ട്രെയിന്‍ ഗതാഗത സംവിധാനത്തിലെ ചെറിയൊരു പിഴവ് ഇല്ലാതാക്കിയത് 288 പേരുടെ ജീവനാണ്. ഏതാണ്ട് ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നായി ബാലസോര്‍ ട്രെയിന്‍ അപകടം മാറിക്കഴിഞ്ഞു. ജൂണ്‍ രണ്ടിന് വൈകീട്ടുണ്ടായ അപകടത്തിന് പിന്നാലെ ഉയര്‍ന്ന നിലവിളികള്‍ ഇന്നും അവസാനിച്ചിട്ടില്ല. അപകട സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രിമാര്‍ തിരികെ ദില്ലിയിലെത്തി. എന്നാല്‍, ബന്ധുക്കളുടെ മൃതദേഹാവശിഷ്ടമെങ്കിലും കണ്ടെത്താനായി ദുര്‍ഗന്ധം വമിക്കുന്ന കോള്‍ഡ് സ്റ്റോറേജുകളിലൂടെ അഴുകിയ മൃതദേഹങ്ങള്‍ക്കിടയിലൂടെ കയറിയിറങ്ങുന്ന സാധാരണക്കാരുടെ കാഴ്ചകള്‍ക്ക് മാത്രം അവസാനമില്ല...

ന്യൂസ് ലൈവുകൾ ചെയ്യുമ്പോൾ പകച്ചു പോയ മുൻഗാമികളുടെ കഥകള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ദില്ലിയില്‍ കൊവിഡ് കാലത്തെ മരണവും സംസ്കാരവും റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അസ്വസ്ഥതകള്‍ മാറാന്‍ ആഴ്ചകളെടുത്തു. പക്ഷേ അതിലും ഏറെ ഭീകരമായിരുന്നു ബാലസോര്‍. ജോലിയുടെ ഭാഗമായി ദിവസങ്ങള്‍ നീണ്ട വേദനകള്‍ മാത്രം സമ്മാനിച്ച മറ്റൊരു ലൈവ്.  

 

ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങള്‍ തേടിയെത്തിയ വളരെ സാധാരണക്കാര്‍. കരഞ്ഞ് തളര്‍ന്ന മുഖങ്ങളില്‍ കണ്ണൂനീര്‍ വറ്റിക്കഴിഞ്ഞു. കനം തൂങ്ങിയ നിസ്സഹായത  മാത്രം ബാക്കി. തങ്ങളുടെ നഷ്ടങ്ങള്‍ സ്വയം ഏറ്റുവാങ്ങി പരാതികളില്ലാതെ മടങ്ങാന്‍ വിധിക്കപ്പെട്ട സാധാരണക്കാര്‍. മരിച്ചവർ ഏറെ, കാണാതായവർ എത്രയെന്നതിന് കണക്കുകളില്ല. ദുരന്തിന് കാരണം എന്തെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷേ, ധാര്‍മ്മികതയുടെ പേരില്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രീയ പരാമ്പര്യത്തിന് കോട്ടം തട്ടിത്തുടങ്ങിയെന്ന് ജനം തിരിച്ചറിഞ്ഞു. എന്നാല്‍, അതൊന്നും സാധാരണക്കാരുടെ ജീവിതത്തിന്‍റെ വിഷയമല്ല. അവര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഉറ്റവരുടെ മൃതദേഹമെങ്കിലും ലഭിക്കണം. അവരുടെ ശാന്തിക്കായി ഉദകക്രിയകള്‍ ചെയ്യണം. മറുപടി പറയേണ്ടവര്‍ അധികാര കേന്ദ്രങ്ങളിലേക്ക് തിരികെ പറന്നു പോയി. ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്ന നിസ്സഹായരെ പോലെ തന്നെ നിസ്സഹായരാണ്. 

മൃതദേഹങ്ങൾ താൽകാലികമായി സൂക്ഷിക്കുന്ന ബാലസോറിലെ നോസിയിലെ കൺവൻഷൻ സെന്‍ററില്‍ കരളലിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് കാണാനായത്. മൃതദേഹങ്ങള്‍ അളിഞ്ഞ ഗന്ധമാണ് എവിടെയും. ഉറ്റവരെ തേടിയലയുന്ന ബന്ധുക്കൾ....  

ബാലസോർ സ്വദേശിയായ ഗംഗാധർ ബാരി, തന്‍റെ സഹോദരി മഞ്ജുവിനെ ഭുവനേശ്വറിലേക്ക്  കോറമണ്ഡല്‍ എക്സ്പ്രസിൽ യാത്രയാക്കിയതാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ അറിഞ്ഞത് ട്രെയിൻ അപകടത്തിൽ പെട്ടെന്ന്. അന്ന് മുതൽ സഹോദരിയെ തേടിയുള്ള പാച്ചിലിലായിരുന്നു അദ്ദേഹം. ദിവസം അഞ്ച് കഴിയാറാകുന്നു. പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ അദ്ദേഹം ആദ്യം കയറിയിറങ്ങി. അവസാനം, പ്രതീക്ഷ നഷ്ടപ്പെട്ടാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്ന നോസിയിലെ കേന്ദ്രത്തിൽ എത്തിയത്. തങ്ങള്‍ കാണുമ്പോള്‍ മൃതദേഹങ്ങൾക്കിടയിൽ സഹോദരിയെ തിരിയുകയായിരുന്നു ആ നാൽപതുകാരൻ. 

ഗംഗാധറിനെ പോലെ നിരവധി പേരാണ് പല സംസ്ഥാനങ്ങളിൽ നിന്ന് ഉറ്റവരെ തേടി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങൾ നേരിട്ട് കണ്ടും ചിത്രങ്ങൾ നോക്കിയും തിരിച്ചറിയാനുള്ള അവസാന ശ്രമങ്ങളിലാണ് അവര്‍. താൽകാലികമായി മൃതദേഹങ്ങൾ സൂക്ഷിക്കാൻ സജ്ജമാക്കിയ ഈ കേന്ദ്രത്തിൽ നിറയുന്നത് അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം മാത്രം. ഐസ് കട്ടകള്‍ വച്ച് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂടിന്‍റെ കാഠിന്യത്തില്‍ അവയെല്ലാം പരാജയപ്പെടുന്നു.

 

തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ രണ്ട് ദിവസം കൂടി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി, മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കായി വിട്ട് നല്‍കും. അതിനായി, ഇതുവരെയായും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തവര്‍ പരിശോധനയ്ക്കായി തങ്ങളുടെ ഡിഎന്‍എ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാകും മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇതിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്തു തുടങ്ങി. നിസാരമായി പരിക്കേറ്റവരില്‍ പലരും ലഭ്യമായ ധനസഹായം കൈപ്പറ്റി തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. 

മനസ് മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബാലസോറിലെ നോസിയിലെ കൺവൻഷൻ സെന്‍ററിനുള്ളിൽ കാണാനാവുക. ഒരു വലിയ ഹാളിനുള്ളിൽ ലഭ്യമാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ നിലത്ത് നിരത്തിവച്ചിരിക്കുന്നു. ബന്ധുക്കളെ തേടിയെത്തുന്നവര്‍ ചിന്നഭിന്നമായ മൃതദേഹങ്ങളിലെ വസ്ത്രങ്ങള്‍ നോക്കിയും മറ്റും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. 

 

ബാലസോർ സ്വദേശിയായ ഗംഗാധർ ബാരിയിലേക്ക് തിരികെ വരാം. അദ്ദേഹം വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇതിനകം ഇരുപതിലേറെ മൃതദേഹങ്ങൾ കണ്ടു കഴിഞ്ഞു. തന്‍റെ സഹോദരി മഞ്ജുവിന്‍റെ മൃതദേഹം തേടി അമ്മക്കൊപ്പം ഇതുവരെ കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികള്‍. ഇനിയും മൂന്ന് ആശുപത്രികളില്‍ കൂടി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുണ്ട്. കണ്ടതിൽ പല മൃതദേഹങ്ങളും അഴുകി തുടങ്ങിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഗംഗാധര്‍ പറയുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം ജോലി ആവശ്യത്തിനായി കോറമന്‍റല്‍ എക്സ്പ്രസിൽ സഹോദരിയെ ഭുവനേശ്വറിലേക്ക് യാത്രയാക്കിയതാണ്. പിന്നീട് അറിയുന്നത് ട്രെയിൻ അപകടത്തിൽ പെട്ടെന്ന്. ആ വൈകുന്നേരം തുടങ്ങിയ ഓട്ടമാണ്. ആദ്യം അപകടം നടന്നയിടത്ത്. പിന്നീട് പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍, ഒടുവില്‍‌ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടാണ് അമ്മയോടൊപ്പം മൃതദേഹങ്ങൾ സൂക്ഷിക്കുന്ന നോസിയിലെ കേന്ദ്രത്തിലെത്തിയത്. പക്ഷേ, കൂടെപ്പിറപ്പിനെ കണ്ടെത്താന്‍ ഇതുവരെ ഗംഗാധറിന് കഴിഞ്ഞിട്ടില്ല. കുഞ്ഞുപെങ്ങളെ താനിനിയെവിടെ തേടണമെന്ന് പ്രായമായ അമ്മയെ കെട്ടിപ്പിടിച്ച്  ഗംഗാധര്‍ നിലവിളിക്കുന്നു. സാധാരണക്കാരനായ ആ മനുഷ്യന്‍റെ നിലവിളിക്ക് മുന്നില്‍ നിസ്സഹായരാണ് എല്ലാവരും. ഗംഗാധറിനെ പോലെ നിരവധി പേരുടെ കരച്ചിലുകളാണ് ഇന്ന് ബാലസോറില്‍ അലയടിക്കുന്നത്. 

നോസിയിലെ സെന്‍ററിൽ മരണത്തിന്‍റെ ഗന്ധം നിറഞ്ഞു നിൽക്കുകയാണ്. ഒരു ഭാഗത്ത് ഉറ്റവരെ തേടി എത്തുന്നവർക്ക് മൃതദേഹങ്ങളുടെ ചിത്രങ്ങൾ കാണാനുള്ള സൗകര്യമുണ്ട്. താൽകാലികമായി മൃതദേഹങ്ങൾ സൂക്ഷിക്കാൻ സജ്ജമാക്കിയ ഈ കേന്ദ്രത്തിൽ ഞാനും ക്യാമറാമാന്‍ അനന്ദുപ്രഭയും എത്തുമ്പോൾ മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഐസ് കട്ടകള്‍ വച്ച് സൂക്ഷിക്കാന്‍ ശ്രമിക്കു ന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇവിടെ എത്തിച്ചിരുന്ന 160 പേരുടെ മൃതദേഹങ്ങൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ഭാഗത്ത് മൃതദേഹങ്ങൾ ആംബുലൻസിൽ എത്തിക്കുന്നു. മറുവശത്ത് അത് തന്‍റെ സ്വന്തക്കാരുടെയാണോയെന്ന് പരിശോധിക്കാൻ മരവിച്ച മനസുമായി കാത്തിരിക്കുന്നു കുറെയധികം സാധാരണക്കാർ. അവരുടെ കണ്ണുകളില്‍ ആഴമേറിയ നിസ്സഹായതകള്‍ മാത്രം. ലൈവ് ചെയ്യുന്നതിനിടെ അറിയാതെ കണ്ണീരൊഴുകിയത് പോലെ തോന്നി. ദുരന്തക്കാഴ്ച്ചകൾ പകർത്തുന്ന ആനന്ദുവും പൂര്‍ണ്ണമായും നിശബ്ദനായിരുന്നു. 

 

Follow Us:
Download App:
  • android
  • ios