യുദ്ധമുഖത്തും അപകടങ്ങളിലും രക്തസ്രാവം തടയാൻ സഹായിക്കുന്ന 'ആക്സിയോസ്റ്റാറ്റ്' എന്ന വിപ്ലവകരമായ ഉൽപ്പന്നം വികസിപ്പിച്ച ലിയോ മാവേലിയുടെ കഥയാണിത്. ടൈം മാഗസിൻ്റെ പട്ടികയിൽ ഇടം നേടിയ ഈ മലയാളി സംരംഭകന്റെ കണ്ടുപിടുത്തം ഇന്ന് ലോകമെമ്പാടും ജീവൻ രക്ഷിക്കുന്നു.
ആനമൂത്രത്തിൽ നിന്ന് കുടിവെള്ളമുണ്ടാക്കിയും ആന പിണ്ഡത്തിൽ നിന്ന് അഗര്ബത്തി ഉണ്ടാക്കിയും ലോകം പിടിച്ചടക്കാൻ ഇറങ്ങിയ ജോയി താക്കോൽക്കാരന്റെ കഥ മലയാളികൾ മറന്നിട്ടില്ല, ഇനിയങ്ങോട്ട് കംപ്ലീറ്റ് പെസിറ്റീവാടാ എന്ന് പറഞ്ഞ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന അതെ ജോയി താക്കോൽക്കാരൻ. ജീവിതത്തിൽ ജോയിയെക്കാൾ പൊസിറ്റീവ് വൈബ് ഉള്ള ലോകത്തിന്റെ മുറിവുണക്കാൻ ജീവിതം മാറ്റിവെച്ച മറ്റൊരു തൃശൂർക്കാരനുണ്ട്, ടൈം മാഗസിന്റെ പ്രഥമ ‘ടൈം100 നെക്സ്റ്റ് ഇന്ത്യ’ (TIME100 Next India) പട്ടികയിൽ ഇടംപിടിച്ച ഇരങ്ങാലക്കുടക്കാരൻ ലിയോ സെബാസ്റ്റ്യൻ മാവേലി. ഏഷ്യാനെറ്റ് ന്യൂസിന്റെ അഗോറ കോൺക്ലേവിനായി എത്തിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ്, ഡൽഹിയിലെ കോളേജ് പഠനകാലത്ത് കണ്ട ഒരു വാഹനാപകടമാണ് ലിയോ മാവേലി എന്ന മലയാളിയുടെ ജീവിതഗതി മാറ്റിയെഴുതിയത്. അപകടത്തിൽപ്പെട്ട് രക്തം വാർന്നൊഴുകുന്ന ഒരാളെ സഹായിക്കേണ്ടി വന്ന ആ നിമിഷം, 'ആശുപത്രിയിൽ എത്തുന്നതിന് മുമ്പുള്ള നിർണ്ണായക സമയത്ത് രക്തസ്രാവം തടയാൻ എന്ത് ചെയ്യാൻ കഴിയും?' എന്ന വലിയൊരു ചോദ്യമാണ് അദ്ദേഹത്തിന് മുന്നിലേക്കിട്ടത്. വാഹനാപകടങ്ങളായാലും യുദ്ധമുഖമായാലും മരണകാരണമാകുന്നത് പലപ്പോഴും പരിക്കുകളേക്കാൾ ഉപരി അമിതമായ രക്തസ്രാവമാണ്. ആ ചിന്തയിൽ നിന്നാണ് ചെമ്മീൻ തോടുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ‘കൈറ്റോസാൻ’ എന്ന പോളിമർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ രക്തസ്രാവം തടയുന്ന ‘ആക്സിയോസ്റ്റാറ്റ്’ എന്ന വിപ്ലവകരമായ ഡ്രസ്സിംഗ് പിറവിയെടുക്കുന്നത്. സ്വയം ഒരു 'ആക്സിഡന്റൽ എന്റർപ്രണർ' എന്ന് വിശേഷിപ്പിക്കാനാണ് ലിയോയ്ക്ക് ഇഷ്ടം.
അമേരിക്കയും പറഞ്ഞ് ലിയോയെ, പൊളിച്ചൂട്ടാ..!
ഏകദേശം പത്തു വർഷം മുമ്പ് യാഥാർത്ഥ്യമായ ഈ കണ്ടുപിടുത്തം കാഴ്ചയിൽ സാധാരണ പഞ്ഞിയോ ഗൗസോ പോലെയാണ് തോന്നുകയെങ്കിലും, സാങ്കേതികമായി ഇതൊരു ‘സ്മാർട്ട് ഗൗസ്’ ആണ്. ചെമ്മീൻ തോടുകളിൽ നിന്നെടുക്കുന്ന കാറ്റയോണിക് പോളിമർ ആണ് ഇതിലെ പ്രധാന ഘടകം. ഉയർന്ന സമ്മർദ്ദത്തിലുള്ള രക്തസ്രാവം പോലും നിമിഷങ്ങൾക്കുള്ളിൽ പിടിച്ചുനിർത്താൻ ഇതിന് സാധിക്കും. പരിക്കേറ്റാൽ മറ്റൊരാളുടെയോ ഡോക്ടറുടെയോ സഹായമില്ലാതെ, മുറിവേറ്റ ആൾക്ക് സ്വയം ഇത് മുറിവിൽ അമർത്തിവെച്ച് രക്തം നിർത്താൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ 25 വർഷത്തിനിടെ അമേരിക്കൻ സൈന്യം അംഗീകരിച്ച വെറും രണ്ട് മെറ്റീരിയലുകളിൽ ഒന്നാണ് ലിയോയുടെ കമ്പനി ഉപയോഗിക്കുന്നത് എന്നത് ഈ സാങ്കേതികവിദ്യയുടെ കരുത്ത് തെളിയിക്കുന്നു.
അമേരിക്കൻ സൈന്യത്തിൽ സൈനികർക്കൊപ്പം എപ്പോഴും ഒരു മെഡിക്കൽ വിദഗ്ധൻ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് ഛത്തീസ്ഗഡ് പോലുള്ള മേഖലകളിൽ സൈനികർക്ക് ഒരു വെടിയുണ്ടയേറ്റാൽ പോലും, മെഡിക്കൽ സംഘം എത്തി രക്ഷപ്പെടുത്താൻ വൈകുന്നത് പലപ്പോഴും ജീവഹാനിക്ക് കാരണമാകാറുണ്ട്. രക്തം വാർന്നുപോകുന്നതാണ് ഇതിനെല്ലാം കാരണം. ഈ പ്രശ്നത്തിനുള്ള കൃത്യമായ ഉത്തരമായിരുന്നു ആക്സിയോസ്റ്റാറ്റ്. ഇന്ന് ഇന്ത്യൻ സൈന്യത്തിന് പുറമെ ആഗോളതലത്തിലും ഈ മലയാളി സംരംഭകന്റെ ഉൽപ്പന്നം ജീവൻ രക്ഷിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ വളരെ മുന്നിൽ നിൽക്കുന്ന, ഒരു ഉൽപ്പന്നത്തിന് അംഗീകാരം കിട്ടാൻ ഏറെ പ്രയാസമുള്ള രാജ്യമാണ് യുക്രെയ്ൻ. അവിടെ കുട്ടികളെ രക്ഷിക്കാൻ ദൗത്യമേറ്റെടുത്തിട്ടുള്ള ഒരു യുഎസ് നേവി സീൽ ടീം ഉപയോഗിക്കുന്നത് ലിയോയുടെ ബാൻഡേജുകളാണ്. തങ്ങളുടെ ഉൽപ്പന്നം യുക്രെയ്നിൽ ജീവൻ രക്ഷിക്കുന്നു എന്നറിയുന്നത് വലിയ പോസിറ്റീവ് ഊർജ്ജമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ കൂടുതലായതിനാൽ അമേരിക്കയിലെ സ്കൂളുകളിൽ പോലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഈ സ്മാർട്ട് ഗൗസ് കരുതിവെക്കുന്നുണ്ട്.
നാം ഭക്ഷിക്കുന്ന കടൽവിഭവങ്ങളുടെ പുറന്തോടുകൾ എങ്ങോട്ട് പോകുന്നു എന്നത് വലിയൊരു പാരിസ്ഥിതിക പ്രശ്നമായിരുന്നു. അവ തിരികെ കടലിലേക്ക് തന്നെ വലിച്ചെറിയാൻ കഴിയില്ലല്ലോ. അത്തരം മാലിന്യങ്ങളിൽ നിന്ന് ജീവൻ രക്ഷാ ഉപാധികൾ നിർമ്മിക്കുന്നതിലൂടെ സുസ്ഥിരതയും കൃത്യമായി ഉറപ്പുവരുത്താൻ കമ്പനിക്ക് സാധിക്കുന്നു. നിലവിൽ 12 രാജ്യങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളും ഗുണനിലവാരവും ഓഡിറ്റ് ചെയ്യുന്നുണ്ട്.
ആദ്യം പലർക്കും പുച്ഛം
"ഇന്ത്യ ശരിക്കും ചൈനയ്ക്ക് ഒരു ബദലായി വളരുകയാണ്. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," ലിയോ പറയുന്നു. തുടക്കത്തിൽ ഇന്ത്യൻ ഉൽപ്പന്നം വിൽക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അമേരിക്കയിൽ എഫ്ഡിഎ അംഗീകാരം നേടിയെടുക്കുക പ്രയാസമായിരുന്നു. ആദ്യമൊക്കെ മെയ്ഡ് ഇൻ ഇന്ത്യ എന്ന് പറയുമ്പോൾ ക്വാളിറ്റി കുറവോ ചീപ്പോ ആണെന്ന തോന്നൽ മാർക്കറ്റിൽ ഉണ്ടായിരുന്നു. 'ഇന്ത്യക്കാർക്ക് ഇന്ത്യക്കാരെ വിലയില്ലല്ലോ' എന്നതായിരുന്നു നാട്ടിലെ അവസ്ഥ. ഒരു ഉൽപ്പന്നം കൊണ്ടുചെന്ന് കൊടുത്താൽ ഇന്ത്യൻ ഡോക്ടർമാർ പോലും പുച്ഛിക്കുമായിരുന്നു. ഡോക്ടർമാരും ആ വ്യവസ്ഥിതിയും മാറണമെന്നും, അല്ലെങ്കിൽ നമ്മൾ എപ്പോഴും ഇറക്കുമതിയെ മാത്രം ആശ്രയിച്ച് ഒതുങ്ങിനിൽക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
എന്നാൽ കഴിഞ്ഞ ആറോ ഏഴോ വർഷത്തിനിടെ സ്ഥിതി ഏറെ മാറി. സർജറിയിൽ ഉപയോഗിക്കുന്ന ഇംപ്ലാന്റുകളും സ്റ്റെന്റുകളും ഉൾപ്പെടെയുള്ള ഹൈ റിസ്ക് ഡിവൈസുകളുടെ നിർമ്മാണത്തിൽ ഇന്ത്യ മുൻനിരയിലാണ്. ക്വാളിറ്റിയുടെ കാര്യത്തിൽ ചൈനീസ് നിർമ്മാതാക്കളേക്കാൾ മികച്ചതായി ഇന്ന് ഇന്ത്യൻ നിർമ്മാതാക്കളെ കാണുന്നുണ്ട്. യുഎസ് ആർമിക്ക് വേണ്ടി ഇന്ത്യയിൽ നിന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റുമോ എന്നതുപോലുള്ള പ്രത്യേക കാര്യങ്ങളിൽ ചില ട്രീറ്റികളുടെ ഭാഗമാകേണ്ടതുണ്ട് എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും, കാര്യങ്ങൾ തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ടെന്നും ലിയോ വ്യക്തമാക്കുന്നു.
ക്വാളിറ്റിയും വിലയും
വിലക്കുറവും താങ്ങാനാവുന്ന വിലയും ഒന്നല്ലെന്നും ലിയോ പറയുന്നു. നല്ല ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയില്ല, കാരണം അതിന് കൃത്യമായൊരു നിർമ്മാണച്ചെലവുണ്ട്. ആശുപത്രികളിൽ ഇത്തരം ഉപകരണങ്ങൾക്ക് 90 ശതമാനം വരെ ലാഭവിഹിതം ഈടാക്കുമ്പോൾ നിർമ്മാതാക്കൾക്ക് അതിന്റെ ചെറിയൊരു പങ്കുപോലും ലഭിക്കാറില്ല. ഇന്ത്യയിൽ എപ്പോഴും വില കുറയ്ക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ട്. എന്നാൽ ഇന്ത്യയ്ക്കായി ഒരു ഫാക്ടറിയും വിദേശരാജ്യങ്ങൾക്കായി മറ്റൊരു ഫാക്ടറിയും എന്നത് പ്രായോഗികമല്ലാത്തതിനാൽ, ആഗോള നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ് ഇവിടെയും നൽകുന്നത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം പല പദ്ധതികളും തൽക്കാലം മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.
ഉൽപ്പന്നത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ, തുടക്കത്തിൽ വളരെ താങ്ങാനാവുന്ന വിലയിലാണ് ആരംഭിച്ചതെന്നും ഇപ്പോൾ ഉൽപ്പന്നത്തിനനുസരിച്ച് 500 തൊട്ട് 5000 വരെയാണ് റേഞ്ച് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. മിലിട്ടറിയിലേക്ക് പോകുമ്പോൾ കുറച്ചുകൂടി ലോങ്ങ് ആയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ 2000, 3000 രൂപയൊക്കെയാകും. സർജറിയിൽ ഉപയോഗിക്കുന്ന ഡിവൈസുകൾ 500-1000 യൂണിറ്റ് പ്രൈസിലാണ് വരുന്നത്. ഇത് അത്ര ചെലവേറിയതല്ലെങ്കിലും, നിലവിൽ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം പ്രീമിയം ആയി തോന്നാം. കാരണം ഇത് യുഎസ് എഫ്ഡിഎ അപ്രൂവലുള്ള, കൃത്യമായ ക്വാളിറ്റി പാരാമീറ്ററുകളുള്ള ഉൽപ്പന്നമാണ്.
രത്തൻ ടാറ്റയെപ്പോലുള്ള വലിയ വ്യക്തിത്വങ്ങളുടെ പിന്തുണ കമ്പനിക്ക് വലിയ കരുത്തായി. കഴിഞ്ഞ മൂന്ന് വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി പ്രധാനമായും കയറ്റുമതി കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. നിലവിൽ 50-ൽ അധികം അപ്രൂവലുകളുള്ള കമ്പനി 45-ലധികം രാജ്യങ്ങളിലേക്ക് സ്ഥിരമായി സപ്ലൈ ചെയ്യുന്നുണ്ട്, ഓരോ വർഷവും കൂടുതൽ രാജ്യങ്ങൾ ഇതിലേക്ക് ചേർന്നുകൊണ്ടിരിക്കുന്നു. സ്വന്തമായി ഫാക്ടറി അഹമ്മദാബാദിലാണെങ്കിലും, പാർട്ണർഷിപ്പിൽ ഒരു യുഎസ് ഫാക്ടറിയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ യൂറോപ്പിലും ഒരെണ്ണം സജ്ജമാകും. അത് അവിടുത്തെ സപ്ലൈസിന് വേണ്ടി മാത്രമായിരിക്കും.
കേരളത്തിന് വേണ്ടി...
ആംബുലൻസ് സർവീസുകളിൽ ഈ ഉൽപ്പന്നം ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ലിയോ എടുത്തുപറയുന്നു. പത്തുവർഷം മുമ്പ് കേരളത്തിലും മറ്റ് പല സ്റ്റേറ്റുകളിലും ഈ പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആംബുലൻസ് വേഗത്തിലെത്തി ആശുപത്രിയിലേക്ക് പോകാൻ 10-15 മിനിറ്റ് സമയമുണ്ടെങ്കിൽ, അതിനുള്ളിൽ പേഷ്യന്റിനെ സ്റ്റെബിലൈസ് ചെയ്യാൻ ഈ ഉൽപ്പന്നങ്ങൾ സഹായിക്കും. വളരെ കുറഞ്ഞ ട്രെയിനിംഗിൽ ആംബുലൻസിനുള്ളിൽ ഉപയോഗിക്കാവുന്നതാണിത്. എന്നാൽ ഇപ്പോഴത്തെ സിസ്റ്റത്തിൽ കൺസ്യൂമബിൾ ബജറ്റ് വളരെ കുറവായതിനാലും ഫണ്ടിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉൾപ്പെടാത്തതിനാലും അത് മാറ്റി എഴുതേണ്ടതുണ്ട്.
സർക്കാർ ഇതൊരു ഇനിഷ്യേറ്റീവ് ആയി എടുത്താൽ മികച്ച വിലയിൽ ലഭ്യമാക്കാൻ സാധിക്കും. ആശുപത്രികളേക്കാൾ കൂടുതൽ ആംബുലൻസുകളിലാണ് ഇത് വേണ്ടത്. ലണ്ടൻ ആംബുലൻസിലാണ് അവർ ഇത് തുടങ്ങിയത്. ഇന്ന് ലണ്ടൻ, യുഎസ് ആംബുലൻസുകളിലും സിംഗപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ആംബുലൻസുകളിലും ഇത് നിലവിലുണ്ട്. ഇന്ത്യയിലും ഇത് വരണമെന്നാണ് ആഗ്രഹം.
പിള്ളോര് പൊളിയാണ്!
കോളേജ് കഴിഞ്ഞ് ഒരു പ്രോജക്റ്റുമായി ഇറങ്ങിത്തിരിച്ചപ്പോൾ നാട്ടിലായിരുന്നെങ്കിൽ 'പോയി പഠിക്കാൻ നോക്ക്' എന്നാണ് എല്ലാവരും പറയുക. ഇന്നും അമ്മ മാസ്റ്റേഴ്സ് ചെയ്യാൻ പറയാറുണ്ട്. "നമ്മൾ ആവശ്യത്തിലധികം വിദ്യാഭ്യാസം നേടിയവരാണ്. പിള്ളേരെ ഒന്ന് കയറഴിച്ചു വിടണം. അവർ സ്വന്തമായി കാര്യങ്ങൾ ചെയ്തു നോക്കട്ടെ, ഇപ്പോഴത്തെ പിള്ളേരൊക്കെ പൊളിയല്ലേ, അവർ പിന്നെ ജയിച്ചു വന്നോളും," പുതിയ തലമുറയിൽ ലിയോയ്ക്ക് അത്രമേൽ വിശ്വാസമുണ്ട്. നന്നായി പഠിക്കുന്ന കുട്ടിക്ക് മാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, ഇരുപത് വർഷം മുമ്പ് എവിടെ നിന്നോ അവിടെത്തന്നെ നിൽക്കുന്നതുപോലെയാണ് പലപ്പോഴും തോന്നുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഗാമ സ്റ്റെറിലൈസേഷൻ പോലുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ലാത്തതിനാലാണ് കേരളത്തിൽ നോക്കിയിട്ട് നടക്കില്ലെന്ന് മനസിലാക്കി അഹമ്മദാബാദിലേക്ക് പ്രവർത്തനം മാറ്റേണ്ടി വന്നത്.
എങ്കിലും, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരുപാട് മുന്നിലാണെന്നും ഇവിടെ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ലോ പൊല്യൂട്ടിംഗ് ആയ, ചെറിയ ഏരിയ മതിയാകുന്ന ഇത്തരം ഇൻഡസ്ട്രീസാണ് കേരളത്തിൽ നന്നായി പോകുക. ആവശ്യമായത് ഹൈലി ലിറ്ററേറ്റ് ആയ ഹ്യൂമൻ ക്യാപ്പിറ്റലാണ്, അത് നമുക്ക് ഓൾറെഡി ഉണ്ട്. വലിയ കമ്പനികൾക്കപ്പുറം ചെറിയ പ്രൊപ്രൈറ്റർഷിപ്പുകളെയും പാർട്ണർഷിപ്പുകളെയും വിജയിപ്പിച്ച് ഒരു റെവല്യൂഷൻ കൊണ്ടുവന്നാൽ, ക്ലിനിക്കൽ റിസർച്ച്, റെഗുലേറ്ററി തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഏറ്റവും മികച്ചതിലൊന്നാകാൻ സ്കോപ്പുണ്ട്. ബാംഗ്ലൂരിലെ കമ്പനികളിലൊക്കെ ടോപ്പ് പൊസിഷനിൽ വർക്ക് ചെയ്യുന്നത് നമ്മുടെ കുട്ടികൾ തന്നെയാണ്. ആ അവസരം കേരളം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. 'നമ്മൾ വിചാരിക്കുന്നതിനേക്കാൾ ലോകത്തിന് മുന്നിൽ പ്രശസ്തമാണ് കേരളം. കൊറിയൻ ബാൻഡ് ബിടിഎസിനെപ്പോലെ മലയാള സിനിമകൾക്ക് പുറംലോകത്ത് വലിയ സ്വീകാര്യതയുണ്ട്. കേരളം എന്താണെന്നും എന്തിനൊപ്പമാണ് നിൽക്കുന്നതെന്നും ലോകത്തിന് നന്നായി അറിയാം' ലിയോ മാവേലി പറഞ്ഞുനിർത്തുന്നു.












