ബെംഗളൂരുവില്‍ ഒരു വര്‍ഷം ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ പ്രീ നഴ്സറി ഫീസായി നല്‍കണമെന്നും അന്യായമായ ഇത്തരം രീതികൾ ചോദ്യം ചെയ്യപ്പെടണമെന്നും യുവാവ് എഴുതിയ കുറിപ്പ് വൈറൽ. 

ബെംഗളൂരു നഗരത്തിലെ സ്കൂളുകളിലെ അനിയന്ത്രിതമായ സ്കൂൾ ഫീസിനെ കുറിച്ച് പലതരത്തിലുള്ള ആക്ഷേപങ്ങൾ സമീപ കാലത്ത് ഉയർന്ന് വന്നിട്ടുണ്ട്. ൃ ഇതേ വിഷയത്തിൽ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക ചർച്ചയ്ക്ക് വഴി തുറന്നു. ഒരു സ്കൂൾ നൽകിയ കണക്കനുസരിച്ച്, ഒരു കുട്ടിക്ക് വാർഷിക പ്രീ-നഴ്സറി ക്ലാസ് ഫീസ് ഏകദേശം 1.85 ലക്ഷം രൂപ ചിലവാകുമെന്നാണ് ഉപയോക്താവ് വെളിപ്പെടുത്തിയത്. സ്കൂളുകൾ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ തോന്നുന്ന രീതിയിൽ ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്യേണ്ടതല്ലേ എന്നാണ് അദ്ദേഹം തന്‍റെ കുറിപ്പില്‍ ചോദിച്ചത്.

സ്കൂൾ പങ്കിട്ട എസ്റ്റിമേറ്റിൽ 5,000 രൂപയുടെ രജിസ്ട്രേഷൻ ഫീസും രണ്ട് ഗഡുക്കളായി വിഭജിച്ച 28,240 രൂപയുടെ പഠനോപകരണങ്ങളും ഉൾപ്പെടുന്നു. ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലെ ഫീസ് 91,200 രൂപയും ബാക്കി തുക 60,800 രൂപയുമാണ്. സ്കൂളുകളിൽ ഫീസ് നിരക്ക് കൃത്യമായി നിയന്ത്രിക്കപ്പെടണമെന്നും അല്ലാത്തപക്ഷം അത് കാര്യക്ഷമമല്ലാത്ത ഭരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ ഇല്ലാത്ത ഇത്തരം വിദ്യാഭ്യാസ സമ്പ്രദായങ്ങൾ സമ്പന്നർക്ക് മാത്രമുള്ളതാണെന്നും കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാവധി ഫീസ് ഒരു ലക്ഷം രൂപയായിരിക്കണമെന്നും അതിനപ്പുറമുള്ള ഒന്നും അനുവദിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വളരെ വേഗത്തിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുക്കുകയും പിന്നാലെ വ്യാപക ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു. "എന്‍റെ മുഴുവൻ വിദ്യാഭ്യാസത്തിനുമായി ഇപ്പോൾ ആളുകൾ ഒരു വർഷത്തെ കിന്‍റർഗാർഡന് നൽകുന്നതിനേക്കാൾ കുറവാണ് ഞാൻ ചെലവഴിച്ചത്," എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. മറ്റൊരാൾ അഭിപ്രായപ്പെട്ടത്, എന്‍റെ സഹോദരി എന്‍റെ മരുമകൾക്ക് 4-5 ലക്ഷം രൂപ വരെ നൽകി, അതിനാൽ ഇത് ന്യായമാണെന്ന് ഞാൻ കരുതുന്നത്, പക്ഷേ, ബാംഗ്ലൂരിൽ വിദ്യാഭ്യാസം താങ്ങാനാവാത്തതായി മാറുകയാണെന്നായിരുന്നു. ഇത്രയും പണം നൽകാൻ ആളുകളുള്ളത് കൊണ്ടാണോ ഇത്തരത്തിലുള്ള ഫീസ് നിരക്ക് സ്കൂളുകൾ നടപ്പിലാക്കുന്നതെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.