Asianet News MalayalamAsianet News Malayalam

തൊഴിലാളികൾക്ക് 10 ദിവസത്തെ അവധി നൽകി വജ്ര നിർമ്മാണ കമ്പനി, കാരണം 

ഈ ഭീമൻ വജ്ര സ്ഥാപനത്തിൽ 50,000 -ലധികം ഡയമണ്ട് പോളിഷർമാർ ജോലി ചെയ്യുന്നു, അവരിൽ 40,000 പേർ പ്രകൃതിദത്ത വജ്രങ്ങൾ നിർമ്മിക്കുന്ന വിഭാഗത്തിലും 10,000 പേർ മറ്റ് വിവിധ സെക്ഷനുകളിലും ആയാണ് ജോലി ചെയ്യുന്നത്.

10 days leave for surat diamond firm workers reason
Author
First Published Aug 7, 2024, 2:47 PM IST | Last Updated Aug 7, 2024, 2:47 PM IST

ആഗോള വിപണിയിൽ മിനുക്കിയ വജ്രങ്ങളോടുള്ള താല്പര്യം കുറഞ്ഞതോടെ വജ്ര നിർമ്മാണ തൊഴിലാളികൾക്ക് അവധി നൽകി കമ്പനികൾ. സൂറത്തിൽ സ്ഥിതി ചെയ്യുന്ന വജ്ര നിർമ്മാണ കമ്പനിയായ കിരൺ ജെംസിലെ 50,000 ജീവനക്കാർക്കാണ് ഓഗസ്റ്റ് 17 മുതൽ 27 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  

മിനുക്കിയ വജ്രങ്ങളോടുള്ള ആഗോള വിപണിയുടെ മുൻഗണന കുറയുന്നതിനോടുള്ള പ്രതികരണമായാണ് ഈ അസാധാരണ നീക്കം.  2022 -ലെ റഷ്യ-ഉക്രെയ്ൻ സംഘർഷം മുതൽ വജ്ര നിർമ്മാതാക്കൾ വെല്ലുവിളികൾ നേരിടുകയാണ്. റഷ്യൻ ഉത്ഭവമുള്ള വജ്രങ്ങൾക്ക് യുഎസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജി-7 രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഈ വെല്ലുവിളി കടുത്തത്. ലോകമെമ്പാടുമുള്ള പ്രകൃതിദത്ത വജ്രങ്ങളുടെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് തങ്ങൾ എന്നാണ് കിരൺ ജെംസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

കിരൺ ജെംസിൻ്റെ ചെയർമാൻ വല്ലഭായ് ലഖാനി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് പ്രകാരം വജ്രവ്യാപാരം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നാണ്. മിനുക്കിയ വജ്രങ്ങൾക്ക് ലഭ്യമായിരുന്ന ആഗോള വിപണിയിൽ വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വജ്രങ്ങളുടെ ഉത്പാദനം നിയന്ത്രിക്കാൻ തങ്ങൾ ജീവനക്കാർക്ക് 10 ദിവസത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.  

കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, നിശ്ചിത തുക തടഞ്ഞുവയ്‌ക്കുമെങ്കിലും എല്ലാ തൊഴിലാളികൾക്കും ഈ സമയത്ത് ശമ്പളം ലഭിക്കുമെന്ന്   ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഭീമൻ വജ്ര സ്ഥാപനത്തിൽ 50,000 -ലധികം ഡയമണ്ട് പോളിഷർമാർ ജോലി ചെയ്യുന്നു, അവരിൽ 40,000 പേർ പ്രകൃതിദത്ത വജ്രങ്ങൾ നിർമ്മിക്കുന്ന വിഭാഗത്തിലും 10,000 പേർ മറ്റ് വിവിധ സെക്ഷനുകളിലും ആയാണ് ജോലി ചെയ്യുന്നത്. വജ്ര മേഖല മാന്ദ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷൻ മേധാവി ജഗദീഷ് ഖുന്തും വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios