ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും 5,000 കോടി രൂപയുടെ വിവാഹം ഇന്ത്യയിലെ ഏറ്റവും ചെലവേറിയതായി മാറിയെങ്കിലും, ഇതിനു മുൻപും കോടികൾ ചെലവഴിച്ച നിരവധി ആഡംബര വിവാഹങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. ഇഷാ അംബാനി, സുശാന്തോ റോയ്, ബ്രാഹ്മണി റെഡ്ഡി എന്നിവരുടേത് ഉൾപ്പെടെ രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ചെലവേറിയ 10 ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ചാണ് ഈ ലേഖനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹ മാമാങ്കത്തെപ്പറ്റിയുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. ആഗോള പ്രമുഖരും അന്താരാഷ്ട്ര പോപ്പ് താരങ്ങളും അണിനിരന്ന ഈ വിവാഹത്തിന് ഏകദേശം 5,000 കോടി രൂപയാണ് ചെലവായതായാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹമെന്ന ഖ്യാതി ആനന്ദ് - രാധിക വിവാഹം സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ, അംബാനി കുടുംബം മാത്രമല്ല, ഇതിന് മുൻപും കോടികൾ ഒഴുക്കി ഇന്ത്യയിൽ വൻ ആഡംബര വിവാഹങ്ങൾ നടന്നിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ചെലവേറിയ 10 ഇന്ത്യൻ വിവാഹങ്ങളുടെ പട്ടിക പരിശോധിക്കാം.
അത്യാഡംബര വിവാഹങ്ങൾ
- ആനന്ദ് അംബാനി - രാധിക മർച്ചന്‍റ് (₹5,000 കോടി): മാസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു നടന്നത്. ജാംനഗറിലെ പ്രീ-വെഡ്ഡിങ് ചടങ്ങുകൾ മുതൽ മുംബൈയിലെ പ്രധാന കല്യാണം വരെ നീണ്ട മാമാങ്കം. റിയാന്ന, ജസ്റ്റിൻ ബീബർ തുടങ്ങിയ ആഗോള പോപ്പ് താരങ്ങളുടെ പ്രകടനങ്ങളാണ് ഈ വിവാഹത്തെ ലോകശ്രദ്ധയിൽ എത്തിച്ചത്.
- ഇഷാ അംബാനി - ആനന്ദ് പിരമൽ (₹700 കോടി): 2018-ൽ നടന്ന മുകേഷ് അംബാനിയുടെ മകളുടെ വിവാഹമാണിത്. ഉദയ്പൂർ, ഇറ്റലിയിലെ ലേക്ക് കോമോ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചടങ്ങുകൾ. പ്രശസ്ത താരം ബിയോൺസിന്‍റെ സംഗീതവിരുന്ന് ഇതിന്‍റെ പ്രധാന ആകർഷണമായിരുന്നു.
- സുശാന്തോ റോയ് - സീമന്തോ റോയ് (₹554 കോടി): സഹാറ ഗ്രൂപ്പ് മുൻ ചെയർമാൻ സുബ്രതോ റോയിയുടെ മക്കളുടെ ഇരട്ട വിവാഹമായിരുന്നു ഇത്. 2004-ൽ ലഖ്നൗവിൽ വച്ച് നടന്ന ഈ ആഘോഷത്തിൽ 11,000-ത്തിലധികം അതിഥികൾ പങ്കെടുത്തു. അതിഥികൾക്കായി സ്വകാര്യ ജെറ്റുകളാണ് അന്ന് ഒരുക്കിയത്.
- ബ്രാഹ്മണി റെഡ്ഡി - രാജീവ് റെഡ്ഡി (₹500 കോടി): ഖനന വ്യവസായിയും മുൻ മന്ത്രിയുമായ ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം 2016 -ലായിരുന്നു. രാജ്യത്ത് നോട്ടുനിരോധനം പ്രഖ്യാപിച്ച സമയത്ത് നടന്ന ഈ വിവാഹം വലിയ വിവാദമായിരുന്നു. എൽസിഡി സ്ക്രീനുള്ള സ്വർണ്ണം പൂശിയ ക്ഷണക്കത്തുകളാണ് അന്ന് അതിഥികൾക്ക് നൽകിയത്.
- സൃഷ്ടി മിത്തൽ - ഗുൽരാജ് ബെഹൽ (₹500 കോടി): ഉരുക്ക് വ്യവസായി പ്രമോദ് മിത്തലിന്റെ മകളുടെ വിവാഹം 2013-ൽ സ്പെയിനിലെ ബാഴ്സലോണയിലായിരുന്നു. 60 കിലോഗ്രാം ഭാരമുള്ള വലിയ കേക്കും മിഷേലിൻ സ്റ്റാർ ഷെഫ് ഒരുക്കിയ വിഭവങ്ങളുമായിരുന്നു ഇതിന്റെ പ്രത്യേകത.
- ലളിത് തൻവർ - യോഗിത ജൗനാപുരിയ (₹250 കോടി): 2011-ൽ ഡൽഹിയിൽ നടന്ന ഈ വിവാഹത്തിൽ വരന് ഹെലികോപ്റ്റർ സമ്മാനമായി ലഭിച്ചതും അതിഥികൾക്കെല്ലാം വെള്ളി നാണയങ്ങൾ വിതരണം ചെയ്തതും വലിയ വാർത്തയായിരുന്നു.
- വനിഷ മിത്തൽ - അമിത് ഭാട്ടിയ (₹240 കോടി): പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലിന്റെ മകളുടെ വിവാഹം 2004-ൽ ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ വേഴ്സായ് കൊട്ടാരത്തിലാണ് നടന്നത്. ഈഫൽ ടവറിന് മുന്നിൽ നടന്ന വൻ പടക്കവും കെയ്ലി മിനോഗിന്റെ സ്റ്റേജ് ഷോയും ഇതിന്റെ ഭാഗമായിരുന്നു.
- സോനം വാസ്വാനി - നവീൻ ഫാബിയാനി (₹210 കോടി): സ്റ്റാലിയൻ ഗ്രൂപ്പ് സ്ഥാപകന്റെ മകളുടെ വിവാഹം ഓസ്ട്രിയയിലെ വിയന്നയിലുള്ള ഒരു രാജകീയ കൊട്ടാരത്തിലാണ് നടന്നത്. പോപ്പ് താരം ബ്രൂണോ മാഴ്സിന്റെ പ്രകടനമായിരുന്നു ഇതിന്റെ പ്രധാന ഹൈലൈറ്റ്.
- സഞ്ജയ് ഹിന്ദുജ - അനു മഹ്താനി (₹140 കോടി): 2015-ൽ ഉദയ്പൂരിൽ വച്ചായിരുന്നു ഈ വിവാഹം. ജെന്നിഫർ ലോപ്പസ്, നിക്കോൾ ഷെർസിംഗർ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ ചടങ്ങിൽ അണിനിരന്നു. അതിഥികൾക്കായി നൂറിലധികം ബിഎംഡബ്ല്യു കാറുകളാണ് ഒരുക്കിയിരുന്നത്.
- വിക്രം ചത്വൽ - പ്രിയ സച്ച്ദേവ് (₹100 കോടി): 2006-ൽ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു ഈ വിവാഹം. യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രമുഖർ ചടങ്ങിൽ അതിഥികളായെത്തി.


