ബാല്ല്യമില്ലാതെ പോകുന്ന എത്ര കുഞ്ഞുങ്ങളുണ്ടാകും ഇന്ത്യയില്‍? ഒരുപാടുണ്ടാകും. പലവിധ കാരണങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ ചുമടുകള്‍ നേരത്തെ വന്ന് ചുമലില്‍ വീണവര്‍. കൃത്യമായ വിദ്യാഭാസത്തിനുള്ള അവസരമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, അന്തിയുറങ്ങാന്‍ കൂരയില്ലാതെ...

എന്നാല്‍, ഇവിടെ കുഞ്ഞുങ്ങള്‍ വെള്ളത്തിനായുള്ള ഓട്ടത്തിലാണ്. സിദ്ധാര്‍ത്ഥ് ധാഗേ എന്ന പത്തു വയസ്സുകാരനെ നോക്കൂ, രണ്ട് പാത്രം വെള്ളത്തിനായി ഈ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സഞ്ചരിക്കുന്നത് 14 കിലോമീറ്ററാണ്. ഔറംഗാബാദ്- ഹൈദ്രാബാദ് പാസഞ്ചറില്‍ സഞ്ചരിച്ചാണ് സിദ്ധാര്‍ത്ഥ് ഈ രണ്ട് പാത്രം വെള്ളവുമായെത്തുന്നത്. ഇത് സിദ്ധാര്‍ത്ഥിന്‍റെ മാത്രം അവസ്ഥയല്ല. അവന്‍റെ പരിസരത്തുള്ള മറ്റ് കുട്ടികളുടെ അവസ്ഥയും ഇതൊക്കെ തന്നെ. 12 വയസ്സുകാരിയായ അയേഷാ ഗരുഡ്, അവളുടെ ഒമ്പത് വയസ്സുള്ള സഹോദരി ഇവരെല്ലാം ഇതേ ട്രെയിനില്‍ വെള്ളവുമായി മടങ്ങുന്നത് കാണാം. 

മരത്വാഡാ ജില്ലയിലെ വരള്‍ച്ചയും ജലക്ഷാമവും എത്ര രൂക്ഷമാണെന്ന് ഈ കുഞ്ഞുങ്ങള്‍ പറയും. ഏഴായിരത്തിനു മുകളില്‍ വരുന്ന ഗ്രാമവാസികള്‍ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വെറും ഒരു ബക്കറ്റ് വെള്ളത്തിനായി പോലും  കിലോമീറ്ററുകള്‍ താണ്ടുന്നു. 

പക്ഷെ, വെള്ളത്തിനായുള്ള സിദ്ധാര്‍ത്ഥിന്‍റെ യാത്രയാണ് അങ്ങേയറ്റം കഠിനം. ഉച്ചയോട് കൂടി അവന്‍ വീട്ടില്‍ നിന്നിറങ്ങും. മുകുന്ദ്വാടി റെയില്‍വേ സ്റ്റേഷനിലെത്തും. ഔറംഗാബാദ് നഗരത്തിലേക്കുള്ള ട്രെയിന്‍ കയറും. അവിടെ സ്റ്റേഷനിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കും. തിരികെ വീട്ടിലെത്തുന്നത് വൈകുന്നേരം അഞ്ചരയോട് കൂടിയാണ്. ഒരു ഭാഗത്തേക്ക് ഏഴ് കിലോമീറ്ററാണ്. രണ്ടുഭാഗവും കൂടി 14 കിലോമീറ്റര്‍. മിക്കപ്പോഴും മൂന്ന് മണിക്കൂര്‍ നേരമൊക്കെയാണ് ട്രെയിന്‍ വൈകിയോടുന്നത്. 

ട്രെയിനിന്‍റെ വരവും കാത്ത് സിദ്ധാര്‍ത്ഥ്, അയേഷ, സാക്ഷി തുടങ്ങി എല്ലാ കുട്ടികളും അവിടെയൊരു മരച്ചുവട്ടിലിരിക്കും. ട്രെയിനെത്തിയാലാകട്ടെ കുറച്ച് മിനിറ്റ് നേരം മാത്രമാണ് ആ സ്റ്റേഷനില്‍ നിര്‍ത്തിയിടുക. ഉടനെ പുറപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ തിരക്കിനിടയില്‍ അപകടവുമുണ്ടാകും മിക്കപ്പോഴും. ഔറംഗാബാദ് സ്റ്റേഷനില്‍ 40 മിനിറ്റ് നേരമാണ് വണ്ടി നിര്‍ത്തിയിടുക. ആ നാല്‍പത് മിനിറ്റില്‍ വെള്ളം ശേഖരിക്കണം. അതിനേക്കാളൊക്കെ കഷ്ടമാണ് തൂവിപ്പോകാതെ ഈ വെള്ളം വീട്ടിലെത്തിക്കുക എന്നുള്ളത്. ഇത്രയേറെ കഠിനമാണ് സിദ്ധാര്‍ത്ഥിന്‍റേയും കൂട്ടുകാരുടെയും കാര്യം. പക്ഷെ, അച്ഛനും അമ്മയും പണിക്ക് പോയില്ലെങ്കില്‍ അന്നന്നത്തെ അന്നം കിട്ടില്ല എന്നതിനാല്‍ത്തന്നെ വെള്ളം ശേഖരിക്കാന്‍ ഈ കുട്ടികള്‍ പോവുകയല്ലാതെ മറ്റു വഴികളില്ല. 

നിര്‍മ്മല ദേവി നഗറെന്ന സമീപ പ്രദേശത്തെ ഗ്രാമത്തിന്‍റെ കാര്യവും മറിച്ചല്ല. അവിടേയും ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ആഴ്ചയില്‍ നാല് ദിവസം ഇവിടെ വെള്ളം വരും. 1150 രൂപ വരെ നല്‍കിയാണ് ഗ്രാമവാസികള്‍ ഈ വെള്ളം വാങ്ങുന്നത്. ചില സമയങ്ങളില്‍ ചില കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടുകയേ ചെയ്യാത്ത സ്ഥിതിയുമുണ്ട്. 

സുമന്‍ബായ് നിര്‍മ്മല ദേവി കഴിഞ്ഞ 20 വര്‍ഷങ്ങളായി നഗറിലെ താമസക്കാരിയാണ്. അവര്‍ക്കും ട്രെയിനില്‍ പോയി വെള്ളം ശേഖരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. 300 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ ഇവര്‍ കുഴിച്ചിട്ടുണ്ട് എങ്കിലും ഏപ്രില്‍ മുതല്‍ അതില്‍ ഒരു തുള്ളി വെള്ളമില്ലാതെയാകും? മിക്കപ്പോഴും വെള്ളത്തിനായി ട്രെയിനില്‍ പോയി വരുന്ന കുട്ടികളുടെ ഗാര്‍ഡിയന്‍ കൂടിയാണ് സുമന്‍ബായ്. 

പക്ഷെ, ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മക്കളുടെ ഈ ദുരിത യാത്രകളെക്കുറിച്ചോര്‍ത്ത് ആധിയുണ്ട്. 'ട്രെയിനിലുള്ള ഈ യാത്ര എത്ര അപകടം പിടിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, കുറച്ച് വെള്ളം കിട്ടണമെങ്കില്‍ ഇതല്ലാതെ നമുക്ക് വേറെ മാര്‍ഗമില്ല' എന്നാണ് അവര്‍ വേദനയോടെ പറയുന്നത്. മക്കളെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ പുസ്തകം വേണം, യൂണിഫോം വേണം. അതിന് പണിക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. 

ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ നന്ദകുമാര്‍ ഗോഥലേ പറയുന്നത്, 'ഇവരുടെ അവസ്ഥ അറിയാഞ്ഞിട്ടല്ല. അതില്‍ വിഷമവും ഉണ്ട്. പക്ഷെ, നമുക്ക് മുന്നില്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ല. പണമടക്കുന്നവര്‍ക്ക് വെള്ളം നല്‍കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാവരേയും സഹായിക്കണമെന്നുണ്ടെങ്കിലും ഞങ്ങളനുഭവിക്കുന്നത് അത്രയും രൂക്ഷമായ ജലക്ഷാമമാണ്' എന്നാണ്. 

ജലക്ഷാമം ആ പ്രദേശത്തെയാകെ തന്നെ വലച്ചിരിക്കുകയാണ്. ടാപ്പിലൂടെ എല്ലാ വീട്ടിലും വെള്ളമെത്തിക്കുന്ന ഒരു പദ്ധതി കഴിഞ്ഞ 11 വര്‍ഷമായി ചര്‍ച്ചയില്‍ മാത്രമൊതുങ്ങുകയാണ്. ഏതായാലും, ജീവിക്കാനായി ഏറ്റവും അത്യാവശ്യമായ ജലത്തിനു വേണ്ടിത്തന്നെ അലഞ്ഞ് ഒരു നാട്ടിലെ അനേകം ബാല്യങ്ങള്‍ ഇല്ലാതാവുകയാണ്.