ക്ലാസ്സ് മുറിയിൽ തൊട്ടടുത്ത സീറ്റുകളിലായിരുന്നു ലീയും സിയാവോയും ഇരുന്നിരുന്നത്. ലഘുഭക്ഷണം കഴിക്കുന്ന സമയത്ത് ലീ തന്റെ ബാഗിൽ നിന്നും കഴിക്കാനായി പുറത്തെടുത്ത മസാല സ്ട്രിപ്പുകള് അടങ്ങിയ കവർ തുറന്ന് സിയാവോ ഒരു സ്ട്രിപ്പ് വായിൽ വെച്ചതോടെ നിലത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.
സഹപാഠിയുടെ മരണത്തിന് ഉത്തരവാദിയായി കുറ്റം ആരോപിക്കപ്പെട്ട 10 വയസ്സുള്ള കുട്ടിയെ ചൈനീസ് കോടതി നിരപരാധിയായി പ്രഖ്യാപിച്ചു. ലി എന്ന് കുടുംബപ്പേരുള്ള കുട്ടിയെ ആണ് കോടതി കേസിൽ നിന്നും ഒഴിവാക്കിയത്. തന്റെ ഭക്ഷണം പങ്കിട്ട് കഴിച്ചതിന് ശേഷം സഹപാഠി മരണമടഞ്ഞതോടെയാണ് ലിക്കെതിരെ മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പരാതി ഉയർത്തിയത്. സിയാവോ എന്ന കുട്ടിയായിരുന്നു ആ ദാരുണ സംഭവത്തിൽ മരണമടഞ്ഞത്.
2022 മാർച്ച് 26 -ന് ആയിരുന്നു സംഭവം. ക്ലാസ്സ് മുറിയിൽ തൊട്ടടുത്ത സീറ്റുകളിലായിരുന്നു ലീയും സിയാവോയും ഇരുന്നിരുന്നത്. ലഘുഭക്ഷണം കഴിക്കുന്ന സമയത്ത് ലീ തന്റെ ബാഗിൽ നിന്നും കഴിക്കാനായി പുറത്തെടുത്ത മസാല സ്ട്രിപ്പുകള് അടങ്ങിയ കവർ തുറന്ന് സിയാവോ ഒരു സ്ട്രിപ്പ് വായിൽ വെച്ചതോടെ നിലത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഇതുകണ്ട ടീച്ചർ ഉടൻ തന്നെ അടിയന്തിര സേവനത്തിനായി വിളിച്ചെങ്കിലും സെറിബ്രൽ രക്തസ്രാവം മൂലം കുട്ടി മരിക്കുകയായിരുന്നു.
തുടർന്നുള്ള പരിശോധനകളിൽ മസാലകൾ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. കൂടാതെ, സിയാവോ ലഘുഭക്ഷണം കടിക്കുകയോ വിഴുങ്ങുകയോ ചെയ്തുവെന്ന കാര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചു.
എന്നാൽ, തങ്ങളുടെ കുട്ടിയുടെ മരണത്തിന് കാരണം മസാല സ്ട്രിപ്പുകൾ ആണെന്നും ദുരന്തത്തിന് ഉത്തരവാദികൾ ലിയും മാതാപിതാക്കളുമാണെന്നും സിയാവോയുടെ മാതാപിതാക്കൾ ആരോപിക്കുകയായിരുന്നു. തുടർന്ന് സമഗ്രമായ അവലോകനത്തിന് ശേഷം, കോടതി ഈ ആരോപണം നിരസിച്ചു. ഭക്ഷണം ലി പങ്കിട്ടത് "കുട്ടികൾക്കിടയിലുള്ള ദയയോടെയുള്ള പ്രവൃത്തി" ആണെന്നും സിയാവോയുടെ മരണത്തിന് ലിയും കുടുംബവും കാരണക്കാരല്ലെന്നും കോടതി വിധിക്കുകയായിരുന്നു.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
