1925 ഒക്ടോബർ 2-ന് ജോൺ ലോഗി ബെയർഡ് ടെലിവിഷൻ കണ്ടുപിടിച്ചു. പാഴ്വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉപകരണത്തിൽ, വില്യം ടെയ്‌ന്‍റൺ എന്ന ഓഫീസ് ജീവനക്കാരനാണ് ചരിത്രത്തിലാദ്യമായി ഒരു ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 

2025 ഒക്ടോബർ 2 -ന് കൃത്യം നൂറ് വർഷം മുമ്പ്, സോഹോയിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുകളിലുള്ള തിരക്കേറിയ ചൂട് നിറഞ്ഞ പരീക്ഷണശാലയിലേക്ക് ലോകത്തെ മാറ്റിമറിക്കുന്ന ഒരു നിമിഷത്തിൽ പങ്കെടുക്കാനായി ഒരു ഓഫീസ് ജീവനക്കാരനെ അയാളുടെ മേശയിൽ നിന്ന് നിർബന്ധിച്ച് വലിച്ചിഴച്ച് കൊണ്ടുവന്നു. ആ വ്യക്തിയ്ക്ക് അന്ന് 20 വയസായിരുന്നു പ്രായം. പേര് വില്യം ടെയ്‌ന്‍റൺ, ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ മനുഷ്യനായി പിന്നീട് അദ്ദേഹം അറിയപ്പെട്ടു.

പാഴ്വസ്തുക്കൾ വച്ചൊരു പരീക്ഷണം

1925 ഒക്ടോബർ 2-ന് നടന്ന ഈ കണ്ടുപിടിത്തം, നിരന്തരം അസുഖ ബാധിതനായിരുന്നെങ്കിലും അതിലൊന്നും തളരാതെ പരിശ്രമിച്ച് കൊണ്ടേയിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജോൺ ലോഗി ബെയർഡിന്‍റെ വർഷങ്ങളായുള്ള അധ്വാനത്തിന്‍റെ ഫലമായിരുന്നു. ശാസ്ത്രജ്ഞർ വളരെക്കാലമായി 'വയർ' വഴി ചലിക്കുന്ന ചിത്രങ്ങൾ കാണാൻ സ്വപ്നം കണ്ടിരുന്നുവെങ്കിലും ബെയേർഡിന്‍റെ 'ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ' (സൈക്കിൾ വിളക്കുകൾ, ബിസ്കറ്റ് ടിന്നുകൾ, ഒരു പഴയ തേയിലപ്പെട്ടിയുടെ ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള പാഴ്വസ്തുക്കളുടെ ഒരു ശേഖരം വച്ചുണ്ടാക്കിയ ഉപകരണം) ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കി.

വളരെ അധികം ചൂട് അദ്ദേഹത്തിന്‍റെ പുതിയ ഉപകരണം പുറന്തള്ളിയിരുന്നു. ഇത് മനുഷ്യർക്ക് അസഹനീയമായ ഒന്നായിരുന്നു. അതിനാല്‍ ബെയർഡ് ഒരു വെൻട്രിലോക്വിസ്റ്റ് പാവയെയായിരുന്നു തന്‍റെ പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. ഈ പാവയ്ക്ക് അദ്ദേഹം 'സ്റ്റൂക്കി ബിൽ' (Stooky Bill) എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ സ്റ്റൂക്കീ ബില്ലിന് ചലനം സാധ്യമായിരുന്നില്ല. അതിനാല്‍ ചലിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ വച്ച് പരീക്ഷണം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് ആ നിർണ്ണായക ആ നിമിഷം വന്നെത്തിയത്.

"മിസ്റ്റർ ബെയേർഡ് ആവേശഭരിതനായി ഓടിവന്ന് ഓഫീസിൽ നിന്ന് എന്നെ വലിച്ചിഴച്ച് അദ്ദേഹത്തിന്‍റെ ചെറിയ ലബോറട്ടറിയിലേക്ക് കൊണ്ടു പോയി. സംസാരിക്കാൻ പോലും സാധിക്കാത്തവിധം ആവേശത്തിലായിരുന്നു അദ്ദേഹം. എന്നെ എത്രയും പെട്ടന്ന് മുകളിൽ എത്തിയ്ക്കണമെന്ന ഒറ്റ ലക്ഷ്യമാണ് അപ്പോൾ അദ്ദേഹത്തിന് ഉണ്ടായത് "- ടെയ്ന്‍റൺ ആ ദിവസത്തെ ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്. ബെയേർഡിന്‍റെ ലബോറട്ടറിയുടെ അലങ്കോലമായ അവസ്ഥ കണ്ടപ്പോൾ ഉടൻ തന്നെ തിരിച്ച് താഴേക്ക് ഓടാൻ തോന്നിയെന്ന് വില്യം ടെയ്‌ന്‍റൺ കൂട്ടിച്ചേര്‍ക്കുന്നു.

(ആദ്യത്തെ ടെലിവിഷന്‍ ചിത്രം)

ആദ്യത്തെ ടെലിവിഷന്‍ ചിത്രം

തന്നെ ട്രാൻസ്മിറ്റിംഗ് ഉപകരണത്തിന് മുന്നിൽ ഇരുത്തി, എന്നാൽ, വിളക്കുകളിൽ നിന്നുള്ള തീവ്രമായ പ്രകാശവും അസഹ്യമായ ചൂടും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആദ്യം ഭയന്ന് ലെൻസിൽ നിന്ന് പിന്മാറിയെങ്കിലും ബെയേർഡ് ഒരു 'ഹാഫ്-ക്രൗൺ' നാണയം (രണ്ട് ഷില്ലിംഗും ആറ് പെൻസും) തന്‍റെ കൈയ്യിൽ വെച്ചുതന്നു (ഇതിനെ 'ആദ്യത്തെ ടെലിവിഷൻ ഫീസ്' എന്ന് വിളിക്കുന്നു) എന്നിട്ട് വീണ്ടും തൽസ്ഥാനത്ത് ഇരിക്കാന്‍ പ്രേരിപ്പിച്ചു. ചലനങ്ങൾ പകർത്താനായി നാവ് പുറത്തേക്ക് നീട്ടാനും, മുഖത്ത് ഭാവങ്ങൾ ഉണ്ടാക്കാനും ബെയേർഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കൂടുതൽ പരിഭ്രാന്തനായ ടെയ്ന്‍റൺ അസഹ്യമായ ചൂട് കാരണം താൻ ചുട്ടെടുക്കപ്പെടുകയാണെന്ന് അദ്ദേഹത്തോട് വിളിച്ച് പറഞ്ഞു. തനിക്ക് നിൽക്കാൻ കഴിയാതെ വന്നപ്പോൾ അത്യധികം ചൂട് കാരണം താൻ ഫോക്കസിൽ നിന്ന് മാറിപ്പോയി, മിസ്റ്റർ ബെയേർഡ് റിസീവിംഗ് എൻഡിൽ നിന്ന് കൈകൾ മുകളിലേക്ക് ഉയർത്തി ഓടിവന്ന് സന്തോഷത്തോടെ 'ഞാൻ നിങ്ങളെ കണ്ടു, വില്യം, ഞാൻ നിങ്ങളെ കണ്ടു. എനിക്ക് ഒടുവിൽ ടെലിവിഷൻ കിട്ടി, ആദ്യത്തെ യഥാർത്ഥ ടെലിവിഷൻ ചിത്രം.' എന്ന് ആക്രോശിച്ചതും ടെയ്ന്‍റൺ നാല്പത്ത് വര്‍ഷങ്ങൾക്ക് ശേഷം ബിബിസിയ്ക്ക് നല്‍കിയ ഒരു ഇന്‍റവ്യൂവില്‍ ഓർത്തെടുത്തു.

'ടെലിവിഷൻ' എന്ന വാക്ക് കൊണ്ട് ബെയേർഡ് എന്താണെന്ന് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അവിടെ നിന്നും അപ്പോൾ പുറത്തിറങ്ങാന്‍ പറ്റിയതില്‍ താന്‍ സന്തോഷിച്ചതായി അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. പക്ഷേ അവിടെ ഒരു സ്‌ക്രീനിൽ നിഴലും വരകളുമുള്ള ചലിക്കുന്ന തന്‍റെ മുഖം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ബെയേർഡ്, വില്യം ടെയ്‌ന്‍റണിനോട് താന്‍ കണ്ടുപിടിച്ചത് ടെലിവിഷനാണെന്നും അത് ലോകമെമ്പാടുമുള്ള എല്ലാ വീടുകളിലും ഒരിക്കല്‍ സ്ഥാനം പിടിക്കുമെന്നും പറഞ്ഞതായും വില്യം ഓർത്തെടുത്തു. തൊട്ടടുത്ത അടുത്ത വർഷം, 1926 ജനുവരി 26 ന്, ബെയർഡ് ലോകത്തിലെ ആദ്യത്തെ പൊതു ടെലിവിഷന്‍റെ പ്രദർശനം നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചു. കാലം പിന്നീട് ബെയർഡ് സാങ്കേതിക വിദ്യയെ മറികടന്ന് കൂറേ കൂടി മെച്ചപ്പെട്ട ടെലിവിഷന്‍ സെറ്റുകൾ നിര്‍മ്മിച്ചെങ്കിലും ആദ്യത്തെ 'ടെലിവിന്‍' ബെയർഡിന്‍റെതായിരുന്നു.